Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ രാജ്യാന്തര വിമാനങ്ങൾക്ക് ഇനി ഒരാഴ്ച വിശ്രമകാലം; ക്യാഷ് കൗണ്ടറുകൾ അടച്ച് ഓൺലൈനായി ബിൽ അടയ്ക്കാൻ നിർദേശിച്ച് കെഎസ്ഇബി; കീമോ തറാപ്പി അടക്കമുള്ളവ ഒരാഴ്‌ച്ചത്തേക്ക് നീട്ടിവെച്ച് ആർസിസി: ഗ്ലൗസുകളും മാസ്‌കും സാനിറ്റൈസറുമായി വേണ്ടത്ര മുൻകരുതലോടെ തുറന്ന് പ്രവർത്തിക്കാൻ ഉറച്ച് രാജ്യത്തെ എല്ലാ ബാങ്കുകളും

പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ രാജ്യാന്തര വിമാനങ്ങൾക്ക് ഇനി ഒരാഴ്ച വിശ്രമകാലം; ക്യാഷ് കൗണ്ടറുകൾ അടച്ച് ഓൺലൈനായി ബിൽ അടയ്ക്കാൻ നിർദേശിച്ച് കെഎസ്ഇബി; കീമോ തറാപ്പി അടക്കമുള്ളവ ഒരാഴ്‌ച്ചത്തേക്ക് നീട്ടിവെച്ച് ആർസിസി: ഗ്ലൗസുകളും മാസ്‌കും സാനിറ്റൈസറുമായി വേണ്ടത്ര മുൻകരുതലോടെ തുറന്ന് പ്രവർത്തിക്കാൻ ഉറച്ച് രാജ്യത്തെ എല്ലാ ബാങ്കുകളും

സ്വന്തം ലേഖകൻ

നെടുമ്പാശേരി: രാജ്യാന്തര വിമാനങ്ങൾക്ക് ഇനി ഒരാഴ്ച വിശ്രമകാലം. അവസാന ദിനമായ ഇന്നലെ വിമാനങ്ങളിലെല്ലാം തിരക്കോട് തിരക്കായിരുന്നു. വരും ദിവസങ്ങളിൽ നാട്ടിലേക്കു വരാനും പോകാനും ടിക്കറ്റു ബുക്ക് ചെയ്തിരുന്ന അത്യാവശ്യക്കാർ ഇന്നലത്തേക്ക് ടിക്കറ്റുകൾ മാറ്റിയെടുക്കുകയായിരുന്നു.

ഇന്നെ ആറ് വിദേശ സർവീസുകൾ മാത്രമാണു കൊച്ചി വിമാനത്താവളത്തിൽ നിന്നുണ്ടായിരുന്നത്. ഇതെല്ലാം വിദേശ വിമാനക്കമ്പനികളുമായിരുന്നു. അവസാനമായി ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം വന്നുപോയി. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സ് വിമാനം പുലർച്ചെ 1.46ന് എത്തി 3.27ന് മടങ്ങി. ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം 02.51ന് എത്തി 3.39ന് മടങ്ങി.

ദുബായിൽ നിന്നുള്ള എമിറേറ്റ്‌സിന്റെ ആദ്യവിമാനം 02.44ന് എത്തി 4.30ന് മടങ്ങി. എത്തിഹാദിന്റെ അബുദാബി വിമാനം 2.32ന് എത്തി 3.59ന് മടങ്ങി. ഗൾഫ് എയറിന്റെ ബഹ്‌റൈൻ വിമാനം 02.56ന് എത്തി 4.13ന് മടങ്ങി. ദുബായിൽ നിന്നുള്ള എമിറേറ്റ്‌സിന്റെ രണ്ടാമത്തെ വിമാനം രാവിലെ 7.37ന് എത്തി 9.08ന് മടങ്ങി.

രാവിലെ 10നു ശേഷം റൺവേ നവീകരണത്തിനായി അടയ്ക്കുമെന്നതിനാൽ സമയത്തിനു മടങ്ങി വരാൻ കഴിയുമോ എന്ന ആശങ്ക മൂലം ഇന്ത്യയിലെ വിമാനക്കമ്പനികളെല്ലാം ശനിയാഴ്ചയോടെ തന്നെ കൊച്ചിയിൽ നിന്നുള്ള വിദേശ സർവീസുകൾ നിർത്തിയിരുന്നു.

കെ.എസ്.ഇ.ബി.യുടെ ക്യാഷ് കൗണ്ടറുകൾ 31 വരെ പ്രവർത്തിക്കില്ല
തിരുവനന്തപുരം: കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കെ.എസ്.ഇ.ബി.യുടെ ക്യാഷ് കൗണ്ടറുകൾ 31 വരെ പ്രവർത്തിക്കില്ല. ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടയ്ക്കാം. മീറ്റർ റീഡിങ്ങും ഒഴിവാക്കിയിട്ടുണ്ട്. 31 വരെയുള്ള ബില്ലുകളുടെ അടവ് തീയതി ഒരു മാസത്തേക്കു നേരത്തെ നീട്ടിയിരുന്നു.

ആർസിസിയിലെ കീമോതെറപ്പി, റേഡിയേഷൻ ഉൾപ്പെടെ ഒരാഴ്ചത്തേക്കു നീട്ടി
തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ ആർസിസിയിലെ കീമോതെറപ്പി, റേഡിയേഷൻ, സർജറി തുടങ്ങിയവ ഒരാഴ്ചത്തേക്കു നീട്ടിവച്ചു. എന്നാൽ അടിയന്തര സ്വഭാവമുള്ളവ തുടരും.

നിലവിൽ നടന്നുവരുന്ന റേഡിയേഷൻ ചികിത്സയ്ക്കു മാറ്റമില്ല. ഇന്നു മുതൽ 28 വരെ ചികിത്സയ്ക്കായി തീയതി നിശ്ചയിക്കപ്പെട്ട രോഗികൾ പുതുക്കിയ തീയതികൾക്കായി രാവിലെ 10നും വൈകിട്ട് 4നും മധ്യേ ഫോണിൽ ബന്ധപ്പെടണം. സർജറി: 8289893454 / 0471252 2902, റേഡിയേഷൻ: 0471-252 2273/ 2442541/ 2445069/ 2445079, കീമോതെറപ്പി: 0471-2442541 / 2445069/2445079.

ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും
കൊച്ചി: രാജ്യത്ത് ഒരു ബാങ്ക് ശാഖ പോലും അടഞ്ഞുകിടക്കില്ല. വേണ്ടത്ര മുൻകരുതലുകളെടുത്തുകൊണ്ട് അവശ്യസേവനമെന്ന രീതിയിൽ രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എല്ലാ ശാഖകളും തുറന്നു പ്രവർത്തിക്കാനാണ് ബാങ്കുകളുടെ തീരുമാനം. ഗ്ലൗസുകളും മാസ്‌കുകളും നൽകി ശാഖകളിലെത്തുന്ന ഉപയോക്താക്കൾക്ക് കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഉറപ്പാക്കി സേവനം തുടരാനാണ് തീരുമാനം.

പ്രമുഖ ബാങ്കുകളുടെ മുംബൈയിലും മറ്റുമുള്ള കോർപറേറ്റ് ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർ, വർക്ക് ഫ്രം ഹോം തുടങ്ങിയ ക്രമീകരണങ്ങൾ ആരംഭിച്ചെങ്കിലും കേരളത്തിൽ കാര്യമായ നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല. എന്നാൽ പണം നിക്ഷേപിക്കലും പിൻവലിക്കലുമുൾപ്പെടെ അത്യാവശ്യ സേവനങ്ങൾക്കു വേണ്ടി മാത്രമേ ശാഖകളിലെത്താവൂ എന്ന ബാങ്കുകളുടെ തീരുമാനം കാർഷിക സ്വർണ വായ്പയുടെ കാര്യത്തിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കും.

അതേസമയം പ്രമുഖ ബാങ്കുകളെല്ലാം ഡിജിറ്റൽ ബാങ്കിങ് ക്യാംപെയ്‌നുകൾ ശക്തമാക്കിയിട്ടുണ്ട്. യോനോ മൊബൈൽ ആപ്പ് വഴി, വായ്പ അടക്കമുള്ള എല്ലാ സേവനങ്ങളും എസ്‌ബിഐ നൽകുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ 3 മാസത്തേക്ക് ഡിജിറ്റൽ ബാങ്കിങ് ചാർജുകൾ ഒഴിവാക്കി. ഡിജിറ്റൽ പണമിടപാടിനു പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ചില ബാങ്കുകൾ പ്രഖ്യാപിച്ചു.

എന്നാൽ അത്യാവശ്യ സേവനങ്ങൾക്ക് മാത്രം ബാങ്കിൽ വന്നാൽ മതിയെന്ന് പറയുമ്പോൾ കഴിഞ്ഞ ഒക്ടോബർ ഒന്നിന് മുൻപ് എടുത്തിട്ടുള്ള സ്വർണപ്പണയ കാർഷിക വായ്പയ്ക്കു പലിശ സബ്‌സിഡി ലഭിക്കാനുള്ള സമയപരിധിയാണ് 31ന് അവസാനിക്കുന്നത്. 31നു മുൻപു പണയം എടുക്കുകയോ വായ്പ പുതുക്കുകയോ ചെയ്തില്ലെങ്കിൽ സർക്കാർ നൽകുന്ന പലിശ സബ്‌സിഡി ലഭിക്കില്ലെന്നു കാണിച്ച് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്കാണ് നോട്ടിസ് ലഭിച്ചിരിക്കുന്നത്.

പലിശ സബ്‌സിഡി ജൂൺ 30 വരെയെങ്കിലും നീട്ടണമെന്നും ഇത്തരം വായ്പകൾക്കും ജനുവരി 31 വരെ മൊറട്ടോറിയം നൽകണമെന്നും കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻകരുതലുകൾ ശക്തം

  • എല്ലാ എടിഎമ്മുകളിലും സാനിറ്റൈസർ
  • ന്മ എടിഎം മെഷീനുകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കാനുള്ള സംവിധാനം
  • പണം സ്വീകരിക്കുന്ന ജീവനക്കാർക്കെല്ലാം ഗ്ലൗസുകൾ, മാസ്‌ക്.
  • ശാഖകളിലെത്തുന്ന ഉപയോക്താക്കൾക്ക് കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും
  • ക്യൂവിൽ അകലം പാലിക്കാനുള്ള നിർദ്ദേശം, കസേരകൾ തമ്മിലുള്ള അകലം വർധിപ്പിച്ചു

ഉപയോക്താക്കളോട്...

  • പാസ്ബുക് പതിപ്പിക്കാൻ ഈ ദിവസങ്ങളിൽ ബാങ്കുകളിൽ പോകേണ്ടതില്ല
  • വായ്പകളെക്കുറിച്ചുള്ള അന്വേഷണം മൊബൈൽ വഴിയാക്കാം. ഇതിന് വെബ്‌സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ നൽകാം.
  • എടിഎം ഉപയോഗ ശേഷം സാനിറ്റൈസർ ഉപയോഗിക്കണം, പണക്കൈമാറ്റത്തിന് ഗ്ലൗസ് ഉപയോഗിക്കണം, പണമയയ്ക്കാൻ ഡിജിറ്റൽ, സിഡിഎം നെഫ്റ്റ്, ആർടിജിഎസ് സേവനങ്ങൾ ഉപയോഗപ്പെടുത്തണം.
  • അക്കൗണ്ട് തുറക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ബാങ്കിന്റെ ഓൺലൈൻ ആപ്പ് ഉപയോഗിക്കണം.
  • കറൻസി കൈമാറ്റം പരമാവധി കുറയ്ക്കുക 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP