Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വ്യാപനത്തിന്റെ നിരക്ക് വലിയ തോതിൽ ആയതോടെ കോഴിക്കോടും കാസർകോടും നിരോധനാജ്ഞ; സംസ്ഥാനം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം; 59,295 പേർ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുമെന്ന നിഗമനത്തിൽ അടുത്ത ഘട്ടത്തിലെ തയ്യാറെടുപ്പിലേക്ക് ആരോഗ്യ വകുപ്പ്; 'കേരളത്തിൽ ഇപ്പോൾ പ്രയോഗിക്കുന്നത് പ്ലാൻ എ, അടിയന്തര സാഹചര്യം നേരിടാൻ പ്ലാൻ ബിയും സിയും' റെഡിയെന്ന് മന്ത്രി കെ കെ ഷൈലജ; കടകളിൽ തിരക്ക് കൂടിയാൽ പൊലീസ് എത്തും

കോവിഡ് വ്യാപനത്തിന്റെ നിരക്ക് വലിയ തോതിൽ ആയതോടെ കോഴിക്കോടും കാസർകോടും നിരോധനാജ്ഞ; സംസ്ഥാനം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം; 59,295 പേർ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുമെന്ന നിഗമനത്തിൽ അടുത്ത ഘട്ടത്തിലെ തയ്യാറെടുപ്പിലേക്ക് ആരോഗ്യ വകുപ്പ്; 'കേരളത്തിൽ ഇപ്പോൾ പ്രയോഗിക്കുന്നത് പ്ലാൻ എ, അടിയന്തര സാഹചര്യം നേരിടാൻ പ്ലാൻ ബിയും സിയും' റെഡിയെന്ന് മന്ത്രി കെ കെ ഷൈലജ; കടകളിൽ തിരക്ക് കൂടിയാൽ പൊലീസ് എത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് 19 കേസുകളുടെ കാര്യത്തിൽ രാജ്യത്ത് രണ്ടമാണ് കേരളം. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് 19 ബാധിതർ കേരളത്തിലാണുള്ളത്. കഴിഞ്ഞ ആഴ്‌ച്ചത്തെ കോവിഡ് കേസുകളുടെ കണക്കുമായി തട്ടിച്ചു നോക്കുമ്പോൾ അതിവേഗം കുതിക്കുകാണ് ഇപ്പോഴത്തെ അവസ്ഥ. ഇന്നലെ മാത്രം 15 കോവിഡ് രോഗബാധ റിപ്പോർട്ടു ചെയ്തതോടെ കേരളം അടിയന്തര സാഹചര്യങ്ങളിലേക്കാണ് നീങ്ങുന്നത്. ഇന്നലെ കോഴിക്കോട് ജില്ലയിലും കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നും എത്തിയവരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ കേസുകൾ ഉണ്ടാകുമെന്നാണ് സ്ഥാാനം പ്രതിക്ഷിക്കുന്നത്. ഇതോടെ കേന്ദ്രനിർദേശത്തെ തുടർന്ന് ലോക്ക് ഡൗണിലേക്ക് കേരളം നീങ്ങുകയാണ്.

ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരിൽ ഇവരിൽ 2 പേർ എറണാകുളം ജില്ലക്കാരും 2 പേർ മലപ്പുറം ജില്ലക്കാരും 2 പേർ കോഴിക്കോട് ജില്ലക്കാരും 4 പേർ കണ്ണൂർ ജില്ലക്കാരും 5 പേർ കാസർകോട് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തിൽ 67 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതിൽ 3 പേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു.

കാസർകോട്, കോഴിക്കോട് ജില്ലകളിൽ കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിൽ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 184 ലോക രാജ്യങ്ങളിൽ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 58,981 പേർ വീടുകളിലും 314 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങൾ ഉള്ള 4035 വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2744 പരിശോധനാ ഫലം നെഗറ്റീവ് ആണ്.

കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ അഭ്യർത്ഥിച്ചു. കാസർകോട് ജില്ല പൂർണമായും അടച്ചു. അവശ്യസർവീസുകളായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ തുറക്കാം. ഹോട്ടലുകളും റസ്റ്ററന്റുകളിലും കൂട്ടം കൂടിയിരിക്കാൻ അനുവദിക്കില്ല. സംസ്ഥാന അതിർത്തിയും അടച്ചു. യാത്രാ വാഹനങ്ങൾക്കു പുറത്തേക്കു പോകാനോ അകത്തേക്കു വരാനോ ആകില്ല. ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണമില്ല. ജില്ലാ അതിർത്തികൾ കടന്നു സ്വകാര്യ വാഹനങ്ങൾക്കു പോകാം.

സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങുമോ? ഇന്നറിയാം..

പതിനൊന്ന് ജില്ലകളിൽ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. രോഗം സ്ഥിരീകരിച്ച ജില്ലകൾ അവശ്യസേവനങ്ങൾ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഈ നിയന്ത്രണം കാസർകോട് ജില്ലയിൽ ഏറക്കുറെ നടപ്പാക്കി. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ മാറുംവിധത്തിലാകും. ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

കാസർകോട് ജില്ലയിൽ പൊതുഗതാഗതം പൂർണമായി നിരോധിച്ചു. അഞ്ചുപേരിലധികം ഒന്നിച്ചുചേരുന്നത് തടയണമെന്ന് പൊലീസിനു നിർദ്ദേശം നൽകി. എല്ലാ പൊതു-സ്വകാര്യ പരിപാടികൾക്കും നിരോധനമുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നാണു കേന്ദ്ര നിർദ്ദേശം.

144 പ്രയോഗിക്കാൻ കളക്ടർമാർക്ക് അനുമതി

രോഗവ്യാപനം തടയാൻ 1897-ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശം നൽകി. മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങൾ, ടൂർണമെന്റുകൾ, ഗ്രൂപ്പ് മത്സരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തിയേറ്ററുകൾ, മാളുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും നിയന്ത്രിക്കാനുള്ള നടപടിക്കും നിർദ്ദേശം നൽകി. പകർച്ചവ്യാധി വ്യാപനം തടയാൻ അവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാം.

കടകളിൽ തിരക്ക് കൂടിയാൽ പൊലീസ് വരും

പാർക്കുകൾ, ബീച്ചുകൾ, മാളുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതു തടയാൻ പൊലീസ് പട്രോളിങ് ശക്തമാക്കും. ഉത്സവങ്ങളിൽ ജനക്കൂട്ടം രൂപപ്പെടുന്നതു തടയും. ഹൃദ്രോഗമുള്ളവർ, രക്താർബുദം ബാധിച്ചവർ, ആരുടെയും സഹായമില്ലാതെ വീട്ടിൽ കഴിയുന്നവർ തുടങ്ങിയവരെ ആവശ്യമെങ്കിൽ ഐസലേഷൻ കേന്ദ്രങ്ങളിലേക്കു മാറ്റാൻ നടപടി സ്വീകരിക്കും. അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിനായി തിരക്ക് ഉണ്ടായാൽ കടയുടമകൾ പൊലീസിനെ അറിയിക്കണം.

ലോക്ക് ഡൗണിനെ പിന്തുണച്ച് ചെന്നിത്തലയും

കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കേരളം പൂർണമായി ഷട്ട്ഡൗണിലേക്കു പോകുന്ന കാര്യത്തെപ്പറ്റി ഗൗരവമായി ആലോചിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തു കോവിഡ് രൂക്ഷമായ ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട്ഡൗണിലേക്കു പോകുകയാണ്. ഐഎംഐയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നതു പൂർണമായ ഷട്ട്ഡൗൺ അനിവാര്യമാണെന്നാണ്. അതു വേണ്ടിവരികയാണെങ്കിൽ ഒഴിവാക്കേണ്ടതില്ലെന്നാണ് അഭിപ്രായം. 12 നിർദേശങ്ങൾ അടങ്ങുന്ന കത്ത് മുഖ്യമന്ത്രിക്കു നൽകി.

നിർദേശങ്ങൾ ചുവടെ:

1. പല സംസ്ഥാനങ്ങളിലും കംപ്ലീറ്റ് ഷട്ട്ഡൗണിലേക്കു പോകുന്ന സാഹചര്യത്തിൽ കേരളവും ഷട്ട്ഡൗൺ ചെയ്യണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കണം
2. ബസുകളും ട്രെയിനുകളും നിർത്തിയ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ താമസ സൗകര്യം ഒരുക്കുക.
3. ആശുപത്രികളിൽ കഴിയുന്ന മറ്റു രോഗികൾക്കു പരിചരണം ലഭിക്കുന്നില്ലെന്ന പരാതി ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.
4. ഓഫിസുകളിൽ വരാൻ കഴിയാത്ത ജീവനക്കാർക്കു വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക
5. അവശ്യസാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കു ക്ഷാമമുണ്ടാക്കാത്ത നടപടികൾ സ്വീകരിക്കുക.
6. സാനിറ്റൈസറുകൾ, മാസ്‌കുകൾ, എന്നിവ കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കണം.
7. അന്തർ സംസ്ഥാന ട്രാൻസ്പോർട്ട്, മറ്റു ഗതാഗത മാർഗങ്ങൾ എന്നിവ നിർത്തി വയ്ക്കണം.
8. ജില്ലകൾ അടച്ചിടുന്നെങ്കിൽ അതിനുമുൻപായി എല്ലാ ഒരുക്കങ്ങളും സൗകര്യങ്ങളും ഉറപ്പു വരുത്തണം. ആവശ്യവസ്തുക്കളുടെ ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ നടപടി വേണം.
9. ഐസിഎംആറിന്റെ ഗൈഡ് ലൈൻ പ്രകാരമുള്ള കാറ്റഗറി 'എ' രോഗിയെ ടെസ്റ്റ് ചെയ്യാനുള്ള നടപടികൾ അടിയന്തരമായി നടത്തണം. നിരന്തരമായി ഞാനിത് ആവശ്യപ്പെടുന്നതാണ്. ഇതു ക്വാറന്റീനിൽ ഉള്ള രോഗികൾക്ക് ആവശ്യമുണ്ട്.
10. ദിവസവേതന തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കു ഭക്ഷണ സൗകര്യങ്ങൾ ഏർപ്പെടുത്തുക.
11. ബവ്‌റിജസ് കോർപറേഷനുകളുടെ ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ ഇനിയെങ്കിലും അടയ്ക്കാനുള്ള നിർദ്ദേശം നൽകുക.
12. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് ഉടനടി നടപ്പാക്കുക. ഇതേവരെ നടപടികൾ ആരംഭിച്ചിട്ടില്ല.

ഇപ്പോൾ പ്രയോഗിക്കുന്നത് പ്ലാൻ എ, അടിയന്തര സാഹചര്യം നേരിടാൻ പ്ലാൻ ബിയും സിയും റെഡി

കോവിഡ് 19 കേരളത്തിൽ അതിവേഗം വ്യാപിക്കുമ്പോഴും അത് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് കേരളത്തിന്റെ നിഗമനം. കാസർകോടിന്റെ കാര്യത്തിൽ മാത്രമാണ് ഒരു ആശങ്കയുള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരോഗ്യ വകുപ്പ് നടത്തിയതായി മന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തിയപ്പോൾ തന്നെ ആരോഗ്യ വകുപ്പ് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച 18 കമ്മിറ്റികളിൽ ഇൻഫ്രാസ്ട്രെക്ചർ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റൽ കോ- ഓഡിനേഷൻ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്.

പോസിറ്റീവ് കേസുകളുള്ളവർക്കു പുറമേ വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്കു രോഗലക്ഷണങ്ങളോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിലോ ഐസലേഷൻ മുറികളിൽ മാത്രമേ ചികിത്സിക്കാൻ കഴിയുകയുള്ളൂ. ഇതു മുന്നിൽകണ്ടുള്ള ഒരുക്കങ്ങളാണ് വകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, മരുന്നുകൾ, സുരക്ഷ ഉപകരണങ്ങൾ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്ലാൻ എ

ജനുവരി 30ന് ചൈനയിലെ വുഹാനിൽനിന്നു വന്ന വിദ്യാർത്ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്നെ പ്ലാൻ എയും പ്ലാൻ ബിയും തയാറാക്കുകയും പ്ലാൻ എ നടപ്പിലാക്കുകയും ചെയ്തു. 50 സർക്കാർ ആശുപത്രികളും രണ്ട് സ്വകാര്യ ആശുപത്രികളും ഉൾപ്പടെ 52 സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ എ നടപ്പാക്കിയത്. 974 ഐസലേഷൻ കിടക്കകൾ സജ്ജമാക്കുകയും 242 ഐസലേഷൻ കിടക്കകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്നു പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്കു രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.

പ്ലാൻ ബി

വുഹാനിൽ നിന്നും ആദ്യ കേസ് വന്നപ്പോൾ പ്ലാൻ എയോട് അനുബന്ധമായാണ് പ്ലാൻ ബിയും തയാറാക്കിയത്. 71 സർക്കാർ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 126 സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണു പ്ലാൻ ബി ആവിഷ്‌കരിച്ചത്. 1408 ഐസലേഷൻ കിടക്കകൾ സജ്ജമാക്കുകയും 17 ഐസലേഷൻ കിടക്കകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ പ്ലാൻ എയാണു നടപ്പിലാക്കി വരുന്നത്. പ്ലാൻ എയിൽ ആയിരത്തോളം ഐസലേഷൻ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനാലും പ്ലാൻ ബിയിലേക്കു കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.

പ്ലാൻ സി

ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പർക്കം പുലർത്തിയ അടുത്ത രണ്ട് ബന്ധുക്കൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്ലാൻ സി തയാറാക്കിയത്. ജനങ്ങൾ ജാഗ്രത പുലർത്തി സാമൂഹ്യ അകലം പാലിച്ചു സമ്പർക്കത്തിലേർപ്പെട്ടവർ കൃത്യമായി നിരീക്ഷണത്തിൽ കഴിഞ്ഞാൽ പ്ലാൻ ബിയിൽ തന്നെ നമുക്കു പിടിച്ച് നിൽക്കാനാകും. അതല്ല വലിയ തോതിൽ സമൂഹ വ്യാപനമുണ്ടായി കൂടുതൽ കേസുകൾ ഒന്നിച്ചു വന്നാൽ പ്ലാൻ സിയിലേക്ക് കടക്കും. സർക്കാർ സ്വകാര്യ ആശുപത്രികളുടെ പൂർണ സഹകരണത്തോടെയാണ് നടപ്പാക്കുക.

ഇതിനായി പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തി. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങൾ ഒഴിപ്പിച്ചു രോഗികളുടെ എണ്ണം പരമാവധി കുറച്ചു സൗകര്യമൊരുക്കും. 81 സർക്കാർ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 122 ആശുപത്രികളിലായി 3028 ഐസലേഷൻ കിടക്കകളാണു കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാൻ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കി. ആവശ്യമെങ്കിൽ പ്ലാൻ സിയിൽ കൂടുതൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.

കൊറോണ കെയർ സെന്റർ

വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാർപ്പിക്കാനായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഇവരിലൂടെ മറ്റാർക്കും രോഗപ്പകർച്ച ഉണ്ടാകാതിരിക്കാനാണു സുരക്ഷിതമായി പാർപ്പിക്കുന്നത്. ഇപ്പോൾ കുറച്ച് പേർ മാത്രമാണ് ഈ കെയർ സെന്ററുകളിലുള്ളത്. എന്നാൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപനമുണ്ടായാൽ ഐസലേഷൻ സൗകര്യത്തിനായാണ് പ്ലാൻ സിയുടെ ഭാഗമായി ഇത്രയേറെ കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കിയിട്ടുള്ളത്.

21,866 പേരെ ഒരേസമയം ഈ കെയർ സെന്ററുകളിൽ പാർപ്പിക്കാനാകും. സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ആശുപത്രികളും സഹായവുമായി വന്നിട്ടുണ്ട്. ഇനിയും കൂടുതൽ സ്ഥാപനങ്ങൾ കെയർ സെന്ററുകളാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാർ ഇത്രയേറെ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനങ്ങൾ എല്ലാവരും ഒരേ മനസോടെ ജാഗ്രത പാലിച്ചാൽ മാത്രമേ കൊറോണ വൈറസിനെ ശക്തമായി പ്രതിരോധിക്കാനാകൂ.

എല്ലാവരും സാമൂഹിക അകലം പാലിക്കണം. രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. ഒരു കാരണവശാലും വീടുവിട്ടു പുറത്തിറങ്ങുകയോ മറ്റുള്ളവരോട് ഇടപഴകുകയോ ചെയ്യരുത്. അതു മറ്റുള്ളവരിലേക്കു രോഗം പകരുകയും സമൂഹത്തിലേക്കു വളരെപ്പെട്ടെന്നു പടരുകയും ചെയ്യും. അതിനാൽ തന്നെ എല്ലാവരും ജാഗ്രതയോടെയിരിക്കണം. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.കെ.ഷൈലജ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP