Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരണം 14,613 ആയി ഉയർന്നു; രോഗികളുടെ എണ്ണം 336,068; പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ 35 രാജ്യങ്ങൾ സമ്പൂർണ്ണമായി അടച്ചു പൂട്ടി; ഇന്ത്യ അടക്കം ഭൂരിപക്ഷം രാജ്യങ്ങളും ഭാഗികമായ ഒറ്റപ്പെടലിൽ; ആഫ്രിക്കയെ പോലും വെറുതെ വിടാതെ കൊലയാളി: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മാറി കൊറോണ

മരണം 14,613 ആയി ഉയർന്നു; രോഗികളുടെ എണ്ണം 336,068; പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ 35 രാജ്യങ്ങൾ സമ്പൂർണ്ണമായി അടച്ചു പൂട്ടി; ഇന്ത്യ അടക്കം ഭൂരിപക്ഷം രാജ്യങ്ങളും ഭാഗികമായ ഒറ്റപ്പെടലിൽ; ആഫ്രിക്കയെ പോലും വെറുതെ വിടാതെ കൊലയാളി: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മാറി കൊറോണ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊലയാളി വൈറസ് ലോകമെമ്പാടും എത്തിയതോടെ മരണം 14,613 ആയി ഉയർന്നു. കൊറോണ രോഗികളുടെ എണ്ണം 336,068 ആയും ഉയർന്നു. ഇതോടെ ലോകം മുഴുവനും അതീവ ജാഗ്രതയിലായി. കൊലയാളി വൈറസിനെ പിടിച്ചു കെട്ടാൻ എന്തു മാർഗ്ഗം സ്വീകരിക്കണമെന്ന് അറിയാതെ ഓരോ രാജ്യങ്ങളും തങ്ങളാൽ കഴിയും വിധമെല്ലാം ജനങ്ങളെ സമ്പർക്കത്തിന് വിടാതെ വീട്ടിലിരുത്തിയും രോഗികളെന്നു തോന്നുന്നവരെ എല്ലാം ഐസൊലേറ്റ് ചെയ്തും വൈറസിന് കടിഞ്ഞാൺ ഇടാൻ ശ്രമിക്കുകയാണ്. ഇതോടെ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ 35 രാജ്യങ്ങൾ സമ്പൂർണ്ണമായി അടച്ചു പൂട്ടി. ഇതോടെ ഇന്ത്യ അടക്കം ഭൂരിപക്ഷം രാജ്യങ്ങളും ഭാഗികമായ ഒറ്റപ്പെടലിലാണ്.

അതേസമയം മിനറ്റുകൾകൊണ്ട് മരണം വിതച്ച് ഈ മഹാമാരി കൂടുതൽ രാജ്യങ്ങളിലേക്കു പടർന്നു കൊണ്ടിരിക്കുകയാണ്. ആഫ്രിക്കയെ പോലും വെറുതെ വിടാതെ കൊലയാളി വൈറസ് പടയോട്ടം തുടരുകയാണ്. മൊറീഷ്യസിലും കൊളംബിയയിലും ആദ്യ മരണം റിപ്പോർട്ട് ചെയ്തു. റുമാനിയ, ഗസ്സ എന്നിവിടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ ഉഗാണ്ട എന്നിവിടങ്ങളിലും ഇതാദ്യമായി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ ഈ കൊലയാളി വൈറസിന്റെ പിടിയിൽ നിന്നും ലോകത്തെ ഒരു രാജ്യത്തിനും രക്ഷപ്പെടാൻ കഴിഞ്ഞേക്കില്ല എന്ന സൂചനയാണ് പുറത്ത് വരുന്നത്.

ഇറ്റലിയിൽ പിടിച്ചു കെട്ടാനാവാത്ത വിധം ഓരോ ദിവസവും മരണ നിരക്ക് കുതിച്ചുയരുകയാണ്. ഇറ്റലിയിൽ മരണ നിരക്ക് 5,500ന് അടുത്തെത്തി. ഇറ്റലിയിൽ 5476 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 651 പേരാണ് ഇവിടെ ഇന്നലെ മരിച്ചത്. ഞായറാഴ്ച മരണ കണക്ക് 793ൽ എത്തിയിരുന്നു. യൂറോപ്പിലും യുഎസിലും പുതിയ കേസുകൾ ക്രമാതീതമായതോടെ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. സാഹചര്യം നേരിടാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും കൂടുതൽ ആശുപത്രികളും ചികിത്സ സൗകര്യങ്ങളും തയാറായി വരികയാണ്.

യുഎസിൽ വിവിധ സ്റ്റേറ്റുകളിൽ ജനങ്ങളോടു വീടുകളിൽ തന്നെ തുടരാനാണു നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡിനെതിരെ വിജയം നേടുമെന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം അമേരിക്കയിലെ മരണ നിരക്ക് 461ലെത്തി. രാജ്യത്തെ 32,783 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. യുഎസിൽ കലിഫോർണിയ, ന്യൂയോർക്ക്, ഇലിനോയ്, കനക്ടികട്ട് എന്നിവയ്ക്കു പിന്നാലെ ന്യൂജഴ്‌സിയിലും 'സ്റ്റേ അറ്റ് ഹോം' ഉത്തരവ്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് നിയന്ത്രണം വന്നേക്കുമെന്നു സൂചന. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഭാര്യയും പരിശോധന നടത്തി. ഫലം നെഗറ്റീവ്. യുഎസിൽ 30ൽ അധികം സ്‌റേറ്റുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്താകെ 189 രാജ്യങ്ങളിൽ രോഗമെത്തി.

രോഗം ബാധിക്കുന്ന കൂടുതൽ പേരിലും പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ മാത്രമാണു കാണിക്കുന്നത്. പ്രായമായവരിൽ ന്യൂമോണിയ ഉൾപ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. രോഗം ബാധിച്ച ഭൂരിഭാഗം പേരും രക്ഷപ്പെടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവരിൽ രണ്ടാഴ്ച കൊണ്ടും ഗുരുതരമായ പ്രശ്‌നങ്ങളുള്ളവരിൽ ആറാഴ്ച കൊണ്ടുമാണു രോഗം ഭേദപ്പെടുന്നത്. ഇറ്റലിയിൽ കോവിഡ് രൂക്ഷമായ വടക്കൻ മേഖലയിൽ ശക്തമായ നിയന്ത്രണമാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.

അടിയന്തര പ്രാധാന്യമുള്ള സേവനങ്ങളൊഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാനാണു സർക്കാർ നിർദ്ദേശം. ഇറ്റലിയിലേക്കു മെഡിക്കൽ സംഘങ്ങളെ ഉടൻ അയക്കുമെന്നു റഷ്യ അറിയിച്ചു. ചെക് റിപ്പബ്ലിക്കിലേക്കു നൂറിലധികം ടൺ അവശ്യ സാധനങ്ങൾ ചൈന എത്തിച്ചു നൽകി. ചൈനയ്ക്കും ഇറ്റലിക്കും പുറമേ യുഎസിലും സ്‌പെയിനിലുമാണു രോഗം കൂടുതൽ ബാധിച്ചത്. ചിലയിടങ്ങളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണം പരിധിയോട് അടുത്തതായി സ്‌പെയിൻ ആരോഗ്യ വിഭാഗം അറിയിച്ചു. സ്‌പെയിനിൽ അടിയന്തരാവസ്ഥ 15 ദിവസംകൂടി നീട്ടി. മരണ സംഖ്യയിൽ 32% ൽ ഏറെ വർധന ഉണ്ടായതോടെയാണ് അടിയന്തിരാവസ്ഥ നീട്ടിയത്.

മഡ്രിഡിൽ 5,500 കിടക്കകളുള്ള ആശുപത്രി സൈന്യം നിർമ്മിക്കുന്നുണ്ട്. ഹോട്ടലുകളും വൈറസ് രോഗികളെ ചികിത്സിക്കുന്നതിനുള്ള വാർഡുകളാക്കി മാറ്റി. കൊളംബിയയിൽ ശനിയാഴ്ച ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾക്കൊപ്പം പോയ ടാക്‌സി ഡ്രൈവറാണു മരിച്ചത്. പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഇയാൾക്കുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുറത്തുനിന്നുള്ളവർ കൊളംബിയയിൽ പ്രവേശിക്കുന്നതു സർക്കാർ വിലക്കി.

രോഗബാധിതരുടെ എണ്ണത്തിൽ യൂറോപ്പാണ് മുന്നിൽ നിൽക്കുന്നത്. 1.5 ലക്ഷം പേരാണ് യൂറോപ്പിൽ രോഗബാധിതരായുള്ളത്.. ഇറ്റലിയിൽ മാത്രം അരലക്ഷത്തിലേറെ രോഗികൾ. ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണു യഥാർഥ നിലയെന്ന് റിപ്പോർട്ടുകൾ. സൂചിപ്പിക്കുന്നത്. ഇറ്റലിയിലെ നിയന്ത്രണം ഏപ്രിൽ 3 വരെ നീട്ടി. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നും ഇറ്റലിയിലാണ്. ചൈനയിലും ഇറാനിലുമുള്ള ആകെ മരണങ്ങളേക്കാൾ കൂടുതലാണ് ഇറ്റലിയിലേത്. ഇറാനിലും രോഗബാധിതർ നിയന്ത്രണാതീതമായി ഉയരുന്നു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇറാനെ സഹായിക്കാമെന്ന യുഎസിന്റെ വാഗ്ദാനം വിചിത്രമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു.

അതേസമയം ലോകത്തെ അതി സമ്പന്ന രാഷ്ട്രമായ ബ്രിട്ടന്റെ അവസ്ഥ വളരെ മോശമെന്നും ഈ നില തുടർന്നാൽ ആഴ്ചകൾക്കുള്ളിൽ ഇറ്റലിയുടെ നിലയിലെത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. ബ്രിട്ടനിൽ കാര്യങ്ങൾ കൈവിട്ട സാഹചര്യത്തിൽ അവിടേക്കുള്ള അതിർത്തി അടയ്ക്കുമെന്ന് ഫ്രാൻസ്. ജനങ്ങൾ വീടുകളിൽ തന്നെ ഒതുങ്ങുന്നുണ്ടെന്നു നിരീക്ഷിക്കാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും രംഗത്ത്.

ഓസ്‌ട്രേലിയയിലും കർശന നിയന്ത്രണം. പബ്ബുകളും സിനിമാശാലകളും അടച്ചു. ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോ 2 ആഴ്ചത്തേക്ക് അടച്ചുപൂട്ടി. ബൊളീവിയയിലെ ഇടക്കാല സർക്കാർ മെയ്‌ 3നു നടക്കാനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു.
ദക്ഷിണകൊറിയ 8,897 (104)

അംഗല മെർക്കൽ ക്വാറന്റീനിൽ 
ബെർലിൻ: രോഗികളുടെ എണ്ണത്തിൽ വൻവർധനയുണ്ടായ ജർമനിയിൽ ചാൻസലർ അംഗല മെർക്കൽ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. ചികിത്സിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. വസതിയിൽ ക്വാറന്റീനിൽ പ്രവേശിക്കാൻ അംഗല മെർക്കൽ തീരുമാനിക്കുകയായിരുന്നു. ഔദ്യോഗിക കാര്യങ്ങൾ വസതിയിലിരുന്നായിരിക്കും നിർവഹിക്കുക. കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ വെള്ളിയാഴ്ചയാണ് അംഗല മെർക്കലിന് പ്രതിരോധ കുത്തിവയ്‌പ്പ് നൽകാൻ എത്തിയത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP