Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് കോവിഡ് മരണം ആറായി; ഇന്ന് ബീഹാറിലും മഹാരാഷ്ട്രയിലുമായി മരിച്ചത് രണ്ട് പേർ'; മഹാരാഷ്ട്രയിൽ ചികിത്സയിലിരിക്കെ മരിച്ചത് 63കാരൻ; ബീഹാറിൽ ചികിത്സയിലിരിക്കെ മരിച്ചത് 38 വയസുള്ള യുവാവും; അതീവ ജാഗ്രതയുമായി രാജ്യം; ഇന്ത്യയിൽ കൊറോണ കേസുകൾ ഇന്ന് 324; മഹാരാഷ്ട്രയിൽ 74 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 52 പേരുമായി കേരളം രണ്ടാമത്; രാജസ്ഥാനിൽ 31 വരെ കർഫ്യു; രാജ്യത്തെ റെയില് ഗതാഗതം നിർത്തലാക്കി; ജനതാ കർഫ്യു ഏറ്റെടുത്ത് ഇന്ത്യയിലെ ജനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കൊറോണ വൈറസ് ബാധയെ തുടർന്ന് ബിഹാറിൽ ഒരാൾ മരിച്ചു. ഇതോടെ കൊറോണയെ തുടർന്ന് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച മാത്രം രാജ്യത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ബിഹാറിൽ മരിച്ചത് 38 വയസുള്ള യുവാവാണ്. ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ പട്ന എയിംസിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്. നേരത്തെ മുംബൈയിൽ ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മുംബൈ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ മാർച്ച് 21നാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവിൽ മഹാരാഷ്ട്രയിൽ 74പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഇതിനോടകം 341 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

63 കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചതെന്ന് മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പുറത്തിറക്കിയ വാർതത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തെ അഞ്ചാമത്തെ കൊവിഡ് മരണമാണ് ഇത്. ഇന്നലെയാണ് ഇയാളെ മുംബൈയിലെ എച്ച്.എൻ റിലയൻസ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്.രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 324 ആയി.

ഇവരിൽ 41 പേർ വിദേശികളാണ്. രോഗബാധിതരുടെ എണ്ണം രണ്ടാഴ്ചക്കിടെ ഇരട്ടിയായാണ് വർധിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ ഒരാഴ്ചത്തെ പൂർണ്ണ സമ്പർക്ക വിലക്ക് പ്രഖ്യാപിച്ചു.ഇതോടെ രാജ്യത്ത് 324 പേർക്ക് കൊറോണ സ്ഥീരികരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 41 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥീരികരിച്ച് ഐസൊലേഷനിലുള്ളത്. 24 കേസുകൾ ഡിസ്ചാർജ് ചെയ്തത് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാൻ ജനങ്ങളിൽ അവബോധം ഉണ്ടാക്കാനായി രാജ്യം ജനത കർഫ്യു ആചരിക്കുകയാണ്. രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ആളുകൾ പുറത്തിറങ്ങരുത് എന്നാണ് നിർദ്ദേശം. ലോക്കൽ ട്രെയിനുകൾ, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. കടകമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്.കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം നാളെ ചർച്ച ചെയ്യും. പ്രതിപക്ഷം സമ്മേളനം ചുരുക്കണമെന്ന് ആവശ്യപ്പെടും.ധനബിൽ നാളെ ലോക്‌സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടും ഉണ്ട്. ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹിയിലെ സാധാരണക്കാരും. നഗരത്തിലെ വസ്ത്രങ്ങൾ വൃത്തിയാക്കുന്ന ധോബി വാലകൾ ഇന്ന് തങ്ങളുടെ ജോലി നിർത്തിവെച്ച് കൊവിഡ് 19 ന്റെ പ്രതിരോധ പരിപാടികളുടെ ഭാഗമാകുകയാണ്.

ട്രെയിൻ സർവീസുകൾ റദ്ദാക്കി

മാർച്ച് 25 വരെയുള്ള രാജ്യത്തെ ട്രെയിൻ സർവീസുകളും റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. കൊറോണവൈറസ് വ്യാപകമാകുന്ന സാഹചര്യത്തിലാണിത്.ഞായറാഴ്ച അർദ്ധരാത്രി മുതൽ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക.ഇത് സംബന്ധിച്ച് റെയിൽവെ തലത്തിൽ ഉന്നത ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിലൂടെ ചർച്ചനടത്തിവരുകയാണ്.ഇതിനകം തന്നെ മാർച്ച് 31 വരെയുള്ള നിരവധി ട്രെയിനുകൾ സർവീസ് റദ്ദാക്കിയിരുന്നു.അമ്പതിനുമുകളിൽ പ്രായമുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെതന്നെ അവധിയിൽ പ്രവേശിക്കാമെന്ന് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം. കൊറോണപ്പകർച്ചയുടെ സാഹചര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് തീരുമാനം.

പ്രമേഹം, ശ്വാസകോശസംബന്ധവും വൃക്കസംബന്ധവുമായ അസുഖങ്ങൾ, ജീവനുഭീഷണിയുള്ള മറ്റുരോഗങ്ങൾ തുടങ്ങിയവയുള്ള ജീവനക്കാർക്ക് ഏപ്രിൽ നാലുവരെ അവധിയെടുക്കാം.മുൻകരുതൽ നടപടികളുടെ ഭാഗമായി വീടുകളിൽ കഴിയാൻ ആഗ്രഹിക്കുന്ന എല്ലാ ജീവനക്കാർക്കും അവധി ലഭിക്കുന്ന തരത്തിൽ നടപടികളിൽ അയവുവരുത്താൻ തീരുമാനമായതായി മന്ത്രാലയം അറിയിച്ചു.

ജനതാ കർഫ്യു ഏറ്റെടുത്ത് രാജ്യത്തെ ജനങ്ങൾ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനായി നാല് ലക്ഷത്തിലധികം പേർ പ്രതിജ്ഞയെടുത്തു.മൈ ഗവൺമെന്റ് എന്ന വെബ്സൈറ്റിലൂടെയാണ് ആളുകൾക്ക് ജനതാ കർഫ്യൂ പ്രതിജ്ഞ എടുക്കാനാവുക. ഇതിലൂടെ ആളുകൾക്ക് തങ്ങൾ സ്വമേധയാ നിരീക്ഷണത്തിലാണെന്ന് പ്രതിജ്ഞയെടുക്കാം. ഒരു സർട്ടിഫിക്കറ്റും ഇതുവഴി ലഭിക്കും.നാല് ലക്ഷത്തിലധികം പേർ ഇതിനകം പ്രതിജ്ഞ എടുത്തിട്ടുണ്ട്. പ്രതിജ്ഞ എടുത്തവരുടെ എണ്ണം ഇനിയും വർധിക്കും. പ്രതിജ്ഞ എടുക്കുന്നവരുടെ പ്രായം, ലിഗം, സംസ്ഥാനം എന്നിങ്ങനെ വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

25 മുതൽ 45 വയസ് വരെ പ്രായപരിധിയിലുള്ളവരാണ് 71 ശതമാനവും. 71.6 ശതമാനവും പുരുഷന്മാരാണ്. ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മഹാരാഷ്ടയാണ് പ്രതിജ്ഞ എടുത്തവരുടെ പട്ടികയിൽ മുന്നിൽ. പ്രതിജ്ഞ എടുത്ത ആളുകളിൽ 30.5 ശതമാനവും മഹരാഷ്ട്രയിൽ നിന്നുള്ളവരാണ്. 9.8 ശതമാനമുള്ള തമിഴ്‌നാടാണ് രണ്ടാമത്.

അതേസമയം, ജനതാ കർഫ്യൂവിനോട് രാജ്യത്താകമാനം മികച്ച രീതിയിലാണ് ആളുകൾ പ്രതികരിച്ചിട്ടുള്ളത്. കേരളത്തിലടക്കം കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ജനതാ കർഫ്യൂ രാത്രി ഒമ്പതോടെയാണ് അവസാനിക്കുക.

31 വരെ രാജസ്ഥാനിൽ കർഫ്യു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ അടച്ചിടലിനൊരുങ്ങി രാജസ്ഥാൻ. മാർച്ച് 31 വരെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുമെന്നും കടകളും ഷോപ്പിങ് മാളുകളും അടച്ചിടുമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോത് പ്രസ്താവനയിൽ അറിയിച്ചു. അവശ്യ സർവീസുകൾ മാത്രമാവും പ്രവർത്തിക്കുക. പാലും പച്ചക്കറികളും വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രം തുറന്ന് പ്രവർത്തിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്നവർക്ക് ഗോതമ്പ് വിതരണംചെയ്യും.

വൈറസ് വ്യാപനം നേരിടാൻ എല്ലാവരും വീടുകളിൽതന്നെ കഴിയണമെന്ന് ഗെഹ്ലോത് അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം വൈറസ് ബാധ നിയന്ത്രണാതീതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമ്പൂർണ അടച്ചിടലിന് ഒരുങ്ങുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ.

പഞ്ചാബും അടച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം സമ്പൂർണമായി അടച്ചിടാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. മാർച്ച് 31 വരെ അടച്ചിടാനാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉത്തരവിട്ടത്.

ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സേവന കടകൾ തുറന്ന് പ്രവർത്തിക്കും. അവശ്യ സർക്കാർ സർവീസുകൾക്ക് നിയന്ത്രണമുണ്ടാകില്ലെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. നിലവിൽ 13 പേർക്കാണ് പഞ്ചാബിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു.

നേരത്തെ രാജസ്ഥാനും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര എന്നീ നാല് ജില്ലകളിൽ മാർച്ച് 25 വരെ ഗുജറാത്ത് സർക്കാർ അടച്ചിടൽ പ്രഖ്യാപിച്ചു. വൈറസ് പ്രതിരോധത്തിന് മഹാരാഷ്ട്രയിലും ചില ജില്ലകൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP