Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ പ്രാർത്ഥനയ്ക്ക് എത്തിയ ബിഷപ്പ് പറഞ്ഞത് സഭയ്ക്ക് കീഴിലെ സ്‌കൂളിൽ അദ്ധ്യാപക നിയമനം നൽകാമെന്ന്; അഭിമുഖ വേളയിൽ ആവശ്യപ്പെട്ടത് ജോലി ലഭിക്കാൻ മുപ്പത്തിയഞ്ചു ലക്ഷം; അകാലത്തിൽ മരിച്ച ഭർത്താവിന്റെ പേരിലുള്ള ഇൻഷൂറൻസ് തുകയിൽ നിന്ന് യുവതി നൽകിയത് മുപ്പത് ലക്ഷവും; ഹൈസ്‌ക്കൂളിലെ അദ്ധ്യാപികയ്ക്ക് പ്രമോഷൻ നൽകി ബിഷപ്പ് അടച്ചത് യുവതിയുടെ സാധ്യതകൾ; മലബാർ സ്വതന്ത്ര സുറിയാനി സഭാ പരമാധ്യക്ഷൻ ബിഷപ്പ് സിറിൽ മാർ ബസേലിയോസ് നിയമന തട്ടിപ്പ് കുരുക്കിൽ

വീട്ടിൽ പ്രാർത്ഥനയ്ക്ക് എത്തിയ ബിഷപ്പ് പറഞ്ഞത് സഭയ്ക്ക് കീഴിലെ സ്‌കൂളിൽ അദ്ധ്യാപക നിയമനം നൽകാമെന്ന്; അഭിമുഖ വേളയിൽ ആവശ്യപ്പെട്ടത് ജോലി ലഭിക്കാൻ മുപ്പത്തിയഞ്ചു ലക്ഷം; അകാലത്തിൽ മരിച്ച ഭർത്താവിന്റെ പേരിലുള്ള ഇൻഷൂറൻസ് തുകയിൽ നിന്ന് യുവതി നൽകിയത് മുപ്പത് ലക്ഷവും; ഹൈസ്‌ക്കൂളിലെ അദ്ധ്യാപികയ്ക്ക് പ്രമോഷൻ നൽകി ബിഷപ്പ് അടച്ചത് യുവതിയുടെ സാധ്യതകൾ; മലബാർ സ്വതന്ത്ര സുറിയാനി സഭാ പരമാധ്യക്ഷൻ ബിഷപ്പ് സിറിൽ മാർ ബസേലിയോസ് നിയമന തട്ടിപ്പ് കുരുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായ ബിഷപ്പ് സിറിൽ മാർ ബസേലിയോസ് നിയമന തട്ടിപ്പ് കേസിൽ ഒന്നാം പ്രതി. പണം വാങ്ങി നിയമന തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി ഗുരുവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സഭയ്ക്ക് കീഴിലുള്ള പോഴിയൂരിലെ സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്‌കൂളിൽ അദ്ധ്യാപക ജോലി വാഗ്ദാനം ചെയ്ത് വിധവയും കാൻസർ രോഗിയുമായ യുവതിയിൽ നിന്നും ഇരുപത്തിയഞ്ചു ലക്ഷം രൂപ തട്ടിയെന്ന പരാതിയെ തുടർന്നാണ് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായ ബിഷപ്പ് സിറിൽ മാർ ബസേലിയോസിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബിഷപ്പ് ഒന്നാം പ്രതിയും സഭയുടെ കീഴിലുള്ള എഡ്യുക്കേഷൻ ട്രസ്റ്റിന്റെ സെക്രട്ടറിയും ട്രസ്റ്റിയുമായിരുന്ന വിൽസൺ സിപിയും ജോൺസൺ സൈമണുമാണ് രണ്ടും മൂന്നും പ്രതികൾ. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ബിഷപ്പിനെ തൊടുന്ന ഒരു നടപടിയും പൊലീസ് കൈക്കൊണ്ടിട്ടില്ല. അറസ്റ്റ് പേടിച്ച് രണ്ടും മൂന്നും പ്രതികളായ വിൽസൺ സിപിയും ജോൺസണും മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.

അകാലത്തിൽ മരിച്ച ഭർത്താവിന്റെ ഇൻഷൂറൻസ് തുകയായി ലഭിച്ച മുപ്പത് ലക്ഷമാണ് അദ്ധ്യാപക ജോലിയിൽ മനസുടക്കി ജിജി.പി.ചേറപ്പൻ ബിഷപ്പ് സിറിൽ മാർ ബസേലിയോസിന് നേരിട്ട് നൽകിയത്. 2015-ൽ അഭിമുഖം നടന്നപ്പോൾ തന്നെ നിയമനത്തിനായി 35 ലക്ഷം നൽകുമെന്ന് അഭിമുഖ വേളയിൽ ജിജിയുടെ കയ്യിൽ നിന്ന് ബിഷപ്പ് എഴുതി വാങ്ങിയിരുന്നു. ബിഷപ്പ് കൂടി സന്നിഹിതനായ ഇന്റർവ്യൂ ബോർഡ് ജിജിക്ക് ഹയർസെക്കൻഡറി മലയാളം അദ്ധ്യാപികയായി നിയമനം ഉറപ്പ് നൽകിയിരുന്നു. ഇതോടെയാണ് മൂന്നു ഘട്ടമായി ഇരുപത്തിയഞ്ചു ലക്ഷം രൂപ ജിജി നൽകിയത്. ഒന്നും പേടിക്കേണ്ടതില്ല നിയമനം ഉറപ്പ് എന്ന ബിഷപ്പിന്റെ വാക്കിൽ വിശ്വസിച്ചാണ് പണം നൽകിയത്. മൂന്നു ഘട്ടമായി മുപ്പത് ലക്ഷം രൂപയാണ് ബിഷപ്പിന് നൽകിയത്. 2015 മുതൽ ഈ ഹയർസെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായി ജിജി ജോലി ചെയ്യുന്നുമുണ്ട്. പക്ഷെ ഹയർസെക്കൻഡറി സ്‌കൂളിൽ പോസ്റ്റ് ക്രിയേറ്റ് ചെയ്യാൻ കഴിഞ്ഞ വർഷം സർക്കാർ അനുമതി നൽകിയതോടെ ബിഷപ്പ് ജോലി വാഗ്ദാനത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

ഹൈസ്‌ക്കൂൾ അദ്ധ്യാപികയായി വിരമിക്കാൻ ഒരു വർഷം മാത്രമുള്ള അദ്ധ്യാപികയെ ഹയർ സെക്കണ്ടറി വിഭാഗത്തിലേക്ക് പ്രമോഷൻ നൽകിയാണ് ജിജിയുടെ മുൻപിൽ ബിഷപ്പ് വഴിയടച്ചത്. ബിഷപ്പിന് ആദ്യമെ ഇരുപത്തിയഞ്ചു ലക്ഷം രൂപ നൽകിയതിനാൽ ഈ അദ്ധ്യാപികയ്ക്ക് വേണമെങ്കിൽ ഒരു വർഷത്തെ ശമ്പളം നൽകാൻ കൂടി ജിജി ഒരുക്കമായിരുന്നു. എന്നാൽ ഹയർസെക്കൻഡറി വിഭാഗത്തിലേക്ക് പ്രമോഷൻ തനിക്ക് ആവശ്യമില്ല എന്ന് എഴുതി നൽകാൻ ഈ ടീച്ചർ വിസമ്മതിച്ചു. ഇങ്ങനെ ഒരു ലെറ്റർ നൽകരുത് എന്ന് ബിഷപ്പ് തന്നെ തന്നോടു പറഞ്ഞു എന്നാണ് ജിജിയോട് ഈ ടീച്ചർ പറഞ്ഞത്. എന്നാൽ ഇവർ ഈ രീതിയിൽ ഒരു ലെറ്റർ നൽകുമോ എന്ന് അന്വേഷിക്കാനാണ് ജിജിയോടു ബിഷപ്പ് ആവശ്യപ്പെട്ടത്. ഇതോടെയാണ് ബിഷപ്പ് കളിക്കുന്ന ഡബിൾ കളികൾ ജിജി മനസിലാക്കുന്നത്. ഇതോടെയാണ് ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ ജിജി പരാതി നൽകുന്നത്. പരാതിയിൽ അന്വേഷണം നടത്താൻ ഗുരുവായൂർ പൊലീസ് തയ്യാറായില്ല. ഇരുപത്തിയഞ്ചു ലക്ഷം നൽകിയതിനു തെളിവുണ്ടോ എന്നാണ് പൊലീസ് ചോദിച്ചത്. നിയമനത്തിനു നൽകുന്ന പണത്തിനു രസീതി നൽകാൻ ബിഷപ്പ് തയ്യാറായിരുന്നില്ല.

ജിജിയുടെ പരാതി കിട്ടിയപ്പോൾ പൊലീസ് വിളിച്ച് അന്വേഷിച്ചപ്പോൾ ബിഷപ്പ് പറഞ്ഞത് ജിജിയെ അറിയുകകൂടിയില്ലാ എന്നാണ്. പ്രാർത്ഥനയ്ക്കായി വീടുകളിൽ പോകാറുണ്ട്. ആ രീതിയിൽ ഉള്ള ഏതെങ്കിലും വീടാകും. പരാതി വ്യാജമാണ്. എല്ലാം താത്കാലിക നിയമനമാണ്. അതിനു ഗസ്റ്റ് അദ്ധ്യാപികയ്ക്ക് നൽകുന്ന ശമ്പളം സർക്കാർ നൽകുകയും ചെയ്തിട്ടുണ്ട്. ജിജിയുടെ വീടുമായും സഹോദരനുമായി അടുത്ത ബന്ധം പുലർത്തവേ തന്നെയാണ് ജിജിയെ അറിയില്ല എന്ന് ബിഷപ്പ് പൊലീസ് സമക്ഷം പറയുന്നത്. പക്ഷെ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ട്രസ്റ്റിയും സെക്രട്ടറിയും പണം വാങ്ങിയ കാര്യവും ജിജിക്ക് ജോലി നൽകാം എന്ന് വാഗ്ദാനം നൽകിയ കാര്യം പൊലീസിനു മുന്നിൽ സമ്മതിക്കുകയുമായിരുന്നു. ലീഗൽ നോട്ടീസ് അയച്ചപ്പോൾ ട്രസ്റ്റിയും സെക്രട്ടറിയും ഈ രീതിയിൽ പണം വാങ്ങിയ കാര്യം സമ്മതിച്ച് മറുപടിയും നൽകി. ഇതോടെയാണ് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. രണ്ടും മൂന്നും പ്രതികൾ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയപ്പോൾ ഒന്നാം പ്രതിയായ ബിഷപ്പ് ജാമ്യത്തിനു അപേക്ഷിച്ചതേയില്ല. തന്നെ പൊലീസ് അറസ്റ്റ് ചെയ്യില്ല എന്ന ഉത്തമബോധ്യം കാരണമാണ് ബിഷപ്പ് ജാമ്യത്തിനു ശ്രമിക്കാത്തത് എന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ നവംബർ പതിനാലിന് ഗുരുവായൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ഇതുവരെ ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടുമില്ല. ബിഷപ്പിന്റെ തട്ടിപ്പിന്റെ നീറുന്ന കഥയാണ് ജിജി മറുനാടനോട് പറഞ്ഞത്. തട്ടിപ്പിന്റെ കഥ ജിജി പറഞ്ഞത് ഇങ്ങനെ:

ബിഷപ്പിന്റെതുകൊടും ചതി; തട്ടിയെടുത്തത് ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ഇൻഷൂറൻസ് തുക: ജിജി

എന്റെ സഹോദരന് ബിഷപ്പുമായി മുൻപേ തന്നെ ബന്ധമുണ്ട്. ചെന്നൈയിലായിരുന്നു എന്റെ സഹോദരൻ. അന്ന് അച്ചൻ ബിഷപ്പ് ആയിരുന്നില്ല. സന്യസ്ഥൻ ആയിരുന്നു. അന്ന് മുതൽക്കേ സഹോദരന് അറിയാം. മദ്രാസ് പള്ളിയിലെ അച്ചനായിരുന്നു ആ ഘട്ടത്തിൽ. പിന്നീടാണ് ബിഷപ്പായത്. എന്റെ വീട്ടിൽ വരും പ്രാർത്ഥനയ്ക്ക് വരുമായിരുന്നു ബിഷപ്പ്. എന്ത് പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ ബിഷപ്പിനോട് പറയുമായിരുന്നു. അത്രയ്ക്ക് ബന്ധം ബിഷപ്പുമായിട്ടുണ്ടായിരുന്നു. എന്റെ വീട്ടുകാർക്കും ഭർത്താവിന്റെ വീട്ടുകാർക്കും ബിഷപ്പിനെ അറിയാം. എന്റെ ഭർത്താവ് മരിച്ചു പോയി. അതിന്നിടയിൽ ഞാൻ കാൻസർ ബാധിതയുമായി. ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ഇൻഷൂറൻസ് തുകയാണ് ഹയർസെക്കൻഡറി ടീച്ചർ പോസ്റ്റിനായി ബിഷപ്പിന് നൽകിയത്. വീട്ടിൽ വന്നു പ്രാർത്ഥനയ്ക്ക് വരുന്ന ബിഷപ്പ് തന്നെയാണ് തന്റെ സ്‌കൂളിലെ ഹയർ സെക്കണ്ടറി അദ്ധ്യാപക ജോലിയിൽ ഇനി വരാൻ പോകുന്ന പോസ്റ്റിനെക്കുറിച്ച് പറഞ്ഞത്. ഹയർസെക്കൻഡറി സ്‌കൂളിനു ലഭിച്ചിട്ടുണ്ട്. അദ്ധ്യാപകരെ ആവശ്യമുണ്ട്. ലാസ്റ്റ് ഡേറ്റ് കഴിയാറായി. ഇപ്പോൾ തന്നെ ബയോഡാറ്റ കൊണ്ട് വന്നു നൽകാനാണ് ബിഷപ്പ് പറഞ്ഞത്.

ഇതോടെ എന്റെ എട്ടന്മാർ വന്നു. ബയോഡാറ്റ തയ്യാറാക്കി. പള്ളിയിൽ പോയി ബിഷപ്പിനെ കണ്ടു. ഞാനും കൂടി പോയിരുന്നു. എന്തായാലും കൊടുക്ക്.. കുറേപ്പേർ അപേക്ഷിച്ചിട്ടുണ്ട്. ഒരു പ്രശ്‌നവും വരില്ല. കുറച്ച് പൈസ നൽകേണ്ടി വരും. ഒന്നുകൊണ്ടും പേടിക്കേണ്ട.. എന്ന് പറഞ്ഞു അത്രയും ഉറപ്പ് തന്നു. സ്‌കൂളിൽ അഭിമുഖത്തിനു വിളിച്ചു. കരിക്കാട് പള്ളിയിൽ വരാൻ പറഞ്ഞു. ഒരു പാട് പേർ അഭിമുഖത്തിനു വന്നിട്ടുണ്ട്. പുതിയ ഹയർസെക്കൻഡറി സ്റ്റാർട്ടിങ് ആണ്. ഏറ്റവും അവസാനമാണ് എന്നെ വിളിച്ചത്. ബിഷപ്പ് ഇന്റർവ്യൂ ബോർഡിലുണ്ട്. എന്റെ സഹോദരനോടു തിരുമേനിയുടെ ഫോണിൽ വിളിക്കാൻ പറഞ്ഞു. എല്ലാവരും 34 വരെ എഴുതി വച്ചിട്ടുണ്ട്. നീ മുപ്പത്തിയഞ്ചു പുസ്തകം എഴുതാൻ പറഞ്ഞു. മുപ്പത്തിയഞ്ചു പുസ്തകം എന്ന് പറഞ്ഞാൽ മുപ്പത്തിയഞ്ചു ലക്ഷം. താത്ക്കാലം മുപ്പത്തിയഞ്ചു എന്നെഴുതാൻ പറഞ്ഞു. പിന്നീട് കുറയ്ക്കാം എന്നാണ് പറഞ്ഞത്. അന്ന് മുപ്പത്തിയഞ്ചു കയ്യിലില്ല. കൗൺസിലിന്റെ എട്ടുപേരുണ്ട് അഭിമുഖ വേളയിൽ. കെട്ടിടം പണിയണം, ലാബ് വേണം. ടോയ്‌ലെറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. അതിനു പണം വേണം. എല്ലാവരിൽ നിന്നും ഞങ്ങൾ കാശ് വാങ്ങിക്കുന്നുണ്ട്. ഘട്ടം ഘട്ടമായി കാശ് നൽകിയാൽ മതി എന്നാണ് ബിഷപ്പ് പറഞ്ഞത്. ഈ കാശ് അതിനാണ് എന്നാണ് ബിഷപ്പ് പറഞ്ഞത്.

രണ്ടു വർഷത്തിനു ശേഷം സ്‌കൂളിൽ പോസ്റ്റ് അനുവദിക്കും. ഒന്നും പേടിക്കേണ്ട എന്നാണ് ബിഷപ്പ് പറഞ്ഞത്. 2015 മെയ്‌-ജൂണിലാണ് ഈ കാര്യങ്ങൾ നടന്നത്. ജൂലൈയിലാണ് ക്ലാസുകൾ സ്റ്റാർട്ട് ചെയ്യുന്നത്. അന്ന് മുതൽ ജോയി ചെയ്യാൻ പറഞ്ഞു. ഞാനും കമ്പ്യൂട്ടർ അപ്പ്‌ളിക്കേഷനിലെ ടീച്ചറുമാണ് അന്ന് ജോയിൻ ചെയ്തത്. ഇവർ ചോദിച്ച ലക്ഷങ്ങൾ കേട്ടപ്പോൾ പല അദ്ധ്യാപകരും പോസ്റ്റ് വേണ്ടെന്നു വെച്ച് മടങ്ങി. ഞങ്ങൾ ആണ് പെർമനന്റ്‌റ് പോസ്റ്റിൽ തുടർന്നത്. എല്ലാവരും ഗസ്റ്റ് ലക്ചർ പദവിയിൽ വന്നു. ആർക്കും ഉത്തരവാദിത്തമില്ല. ഞങ്ങൾ നാല് വർഷത്തോളം കഷ്ടപ്പെട്ടു. ഞാൻ മലയാളം ടീച്ചർ ആയിരുന്നു. 2016-ൽ സ്‌കൂൾ അധികൃതർ വീണ്ടും ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ നടത്തി. പതിമൂന്നു പേരോളം പിന്നെ കാശ് വാങ്ങി നിയമിച്ചു. 2019-ൽ യഥാർത്ഥ പോസ്റ്റിനു അനുമതി ലഭിച്ചു,. 2019 ഫെബ്രുവരിയിലാണ് പോസ്റ്റ് ക്രിയേഷൻ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചത്. സർക്കാർ ശമ്പളം ലഭിക്കാൻ വീണ്ടും നടപടിക്രമങ്ങളുണ്ട്. പോസ്റ്റ് ക്രിയേഷന് അനുമതി ലഭിച്ചതോടെ എന്റെ കാര്യത്തിൽ അവർ മെല്ലെപ്പോക്ക് നയം തുടങ്ങി. 2019 ജൂൺ ആറിനു അക്കാദമിക് ഇയറിൽ ഒപ്പ് വയ്ക്കാൻ പോയപ്പോൾ പ്രിൻസിപ്പാൾ പറഞ്ഞു ജിജി ടീച്ചർ ഒപ്പിടേണ്ട എന്ന് പറഞ്ഞു. ഹൈസ്‌കൂളിൽ നിന്ന് പ്രമോഷൻ ആയിട്ട് ഒരു ടീച്ചർ ഹയർ സെക്കണ്ടറിക്ക് വരുന്നുണ്ടെന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്. ഞാൻ അവിടെയുള്ളപ്പോൾ ജോലി ചെയ്യുന്ന ടീച്ചർ തന്നെയാണിത്. അതുവരെ ഈ കാര്യം എന്നോടു പറഞ്ഞില്ല. ഓർക്കാപ്പുറത്ത് പുതിയ ആളിന് അവർ നിയമനം നൽകി. ഈ കാര്യങ്ങൾ എല്ലാം തന്നെ ഒളിച്ചുവെച്ചു.

ഈ ടീച്ചർ ഒരു ലെറ്റർ തന്നാൽ എനിക്ക് നിയമനം ലഭിക്കും. ആ ഒരു കത്തിന് ഞാൻ ടീച്ചറെ കണ്ടു ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല. ആ ടീച്ചർ അടുത്ത വർഷം വിരമിക്കുകയാണ്. ഈ ശമ്പളം തന്നെ ഈ ടീച്ചർക്ക് ലഭിക്കുന്നുമുണ്ട്. ഹയർസെക്കണ്ടറിക്ക് വരാൻ താത്പര്യമില്ലാ എന്നാണ് പറഞ്ഞു കേട്ടിരുന്നത്. ഇതെല്ലാം അവസാനഘട്ടത്തിലാണ് സ്‌കൂളുകാർ പറയുന്നത്. എനിക്ക് ഇനി ഒരു അവസരം ലഭിക്കാൻ സാധ്യതയില്ല. ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് നൽകിയത്. ഭർത്താവ് മരിച്ചപ്പോൾ ലഭിച്ച ഇൻഷൂറൻസ് തുകയായിരുന്നു ഇത്. കടം വാങ്ങിയാണ് ഈ തുക മുഴുവനാക്കിയത്. സ്ഥിര നിയമനം ലഭിച്ചാൽ പത്ത് ലക്ഷം കൂടി എവിടെനിന്നെങ്കിലും അറേഞ്ച് ചെയ്തു നൽകാനായിരുന്നു ഞാൻ തീരുമാനിച്ചത്. പക്ഷെ വലിയ ചതിയാണ് പറ്റിയത്. ടീച്ചറിന്റെ അടുക്കൽ വീട്ടുകാർ വരെ പോയി സംസാരിച്ചിരുന്നു. പക്ഷെ ടീച്ചർ ഒന്നിനും വഴങ്ങിയില്ല. പോസ്റ്റ് നിരസിച്ച് കത്ത് നൽകരുത് എന്ന് എന്നോടു പറഞ്ഞിട്ടുണ്ട് എന്നാണ് ടീച്ചർ പറഞ്ഞത്. പക്ഷെ ബിഷപ്പ് നേരെ തിരിച്ചും പറയും. പക്ഷെ ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം.

ബിഷപ്പ് പിന്നെ പറഞ്ഞത് എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ്. കൗൺസിൽ അല്ലേ ഏല്ലാം ചെയ്യുന്നത്. എല്ലാം കൗൺസിൽ തീരുമാനം. ബാക്കി എല്ലാവരെയും പിരിച്ചുവിടും. ട്രസ്റ്റി, സെക്രട്ടറി അവർ ഒന്നും ഏൽപ്പിച്ചിട്ടില്ല. എല്ലാവരെയും ഞങ്ങൾ പിരിച്ചു വിടും. അഞ്ചരക്കോടിയോളം പതിമൂന്നു പേരിൽ നിന്നായി കളക്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയപ്പോൾ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നെ അറിയിയുകയേ ഇല്ലാ എന്നാണ് ചോദ്യം ചെയ്യൽ വേളയിൽ ബിഷപ്പ് പറഞ്ഞത്. പ്രാർത്ഥനയ്ക്ക് എത്രയോ പേർ എത്തുന്നതാണ്. അതുകൊണ്ട് തന്നെ ഓർമ്മയില്ല എന്നാണ് പറഞ്ഞത്. തെളിവില്ലാ എന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. ഈ കുട്ടിയെ അഭിമുഖത്തിനു സെലക്റ്റ് ചെയ്തിരുന്നു എന്നാണ് കൗൺസിൽ മെമ്പർമാർ പൊലീസിനോട് പറഞ്ഞത്. ഞങ്ങൾ വക്കീൽ നോട്ടീസ് അയച്ചപ്പോൾ ട്രസ്റ്റിലെ ട്രസ്റ്റിയും സെക്രട്ടറിയും നൽകിയ മറുപടി ഇരുപത്തിയഞ്ചു ലക്ഷം വാങ്ങിയിട്ടുണ്ട്. മൂന്നു ഘട്ടമായി ഇരുപത്തിയഞ്ചു ലക്ഷം വാങ്ങിച്ചിട്ടുണ്ട് എന്നാണ് മറുപടി നൽകിയത്. അത് പള്ളിയിലെ കണക്കിൽ വരവ് വെച്ചിരുന്നു എന്നായിരുന്നു മറുപടി. പക്ഷെ ബിഷപ്പ് പറയുന്നത് ഒന്നും അറിയില്ല വ്യാജമായ പരാതിയാണ് എന്നാണ്. ഗസ്റ്റ് സാലറി നൽകിയിട്ടുണ്ട്. താത്കാലിക നിയമനമാണ് നടത്തിയത് എന്നാണ് ബിഷപ്പ് പറഞ്ഞത്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടു പേർക്ക് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ബിഷപ്പ് ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ല. സാഹചര്യം വന്നാൽ ജാമ്യം എടുക്കാം എന്നാണ് ബിഷപ്പിന്റെ നിലപാട്-ജിജി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP