Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയിലിലേക്കാണ് എന്ന് പറഞ്ഞ് മഹാരാഷ്ട്രയിലേക്ക് പോയത് ഗൾഫിലേക്ക് മുങ്ങാൻ; ലക്ഷ്യമിട്ടത് ദുബായിലേക്ക് പറക്കാൻ; കോവിഡ് പേടിയിൽ വിമാനങ്ങൾ റദ്ദാക്കിയപ്പോൾ പദ്ധതി പൊളിഞ്ഞു; പനി പിടിച്ചതോടെ പേടിച്ച് വിരണ്ട് എത്തിയത് കൂത്തുപറമ്പിലെ വീട്ടിലും; സിപിഎമ്മുകാരനായ പ്രതിയെ പിടികൂടി ജയിലിൽ എത്തിച്ചപ്പോൾ അടച്ചത് സാധാരണ സെല്ലിലും; തിരിച്ചെത്തിയ വിപിൻ അണ്ണേരിയുടെ ഒളിസങ്കേതം തിരിച്ചറിഞ്ഞ കൊടുംക്രിമിനലുകളും അലറിവിളിച്ചു; കണ്ണൂർ സെൻട്രൽ ജയിലിനെ കോവിഡ് വിറപ്പിച്ചപ്പോൾ

ജയിലിലേക്കാണ് എന്ന് പറഞ്ഞ് മഹാരാഷ്ട്രയിലേക്ക് പോയത് ഗൾഫിലേക്ക് മുങ്ങാൻ; ലക്ഷ്യമിട്ടത് ദുബായിലേക്ക് പറക്കാൻ; കോവിഡ് പേടിയിൽ വിമാനങ്ങൾ റദ്ദാക്കിയപ്പോൾ പദ്ധതി പൊളിഞ്ഞു; പനി പിടിച്ചതോടെ പേടിച്ച് വിരണ്ട് എത്തിയത് കൂത്തുപറമ്പിലെ വീട്ടിലും; സിപിഎമ്മുകാരനായ പ്രതിയെ പിടികൂടി ജയിലിൽ എത്തിച്ചപ്പോൾ അടച്ചത് സാധാരണ സെല്ലിലും; തിരിച്ചെത്തിയ വിപിൻ അണ്ണേരിയുടെ ഒളിസങ്കേതം തിരിച്ചറിഞ്ഞ കൊടുംക്രിമിനലുകളും അലറിവിളിച്ചു; കണ്ണൂർ സെൻട്രൽ ജയിലിനെ കോവിഡ് വിറപ്പിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൂത്തുപറമ്പ്: പരോളിലിറങ്ങി മുങ്ങിയ സിപിഎമ്മുകാരൻ പ്രതിയെ കീഴടങ്ങാൻ പ്രേരിപ്പിച്ചത് കോവിഡ് ഭീതി തന്നെ. കൊറോണ പനി തനിക്കുണ്ടെന്ന ഭയമാണ് ഇയാളെ പിടികൂടാൻ പൊലീസിന് സഹായകമായത്. എന്നാൽ പനിയുള്ള പ്രതിയെ മറ്റ് കുറ്റവാളികൾക്കൊപ്പം അടച്ച് കണ്ണൂർ ജയിൽ അധികൃതരും മണ്ടത്തരം കാട്ടി. പിന്നീട് ഗൗരവം തിരിച്ചറിഞ്ഞ് ഇയാളെ ജയിലിലെ പ്രത്യേക നിരീക്ഷണമുറിയിലാക്കുകയായിരുന്നു.

2007-ൽ മൂര്യാട്ട് ബിജെപി. പ്രവർത്തകനായ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മൂര്യാട് അയോധ്യ നഗറിലെ സിപിഎം. പ്രവർത്തകൻ വിപിൻ അണ്ണേരിയെ(34)യാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പ്രത്യേക നിരീക്ഷണമുറിയിലാക്കിയത്. പരോളിൽ ഇറങ്ങി മുങ്ങിയ പ്രതിയെ പിടികൂടാൻ പൊലീസ് ഊർജിതശ്രമം നടത്തുന്നതിനിടെയാണ് പനി ബാധിച്ച വിപിൻ വെള്ളിയാഴ്ച രാത്രി കൂത്തുപറമ്പിലെത്തിയത്.

കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ശനിയാഴ്ച രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് വിപിൻ പൊലീസിന് മൊഴി നൽകി. പനിയുള്ള അണ്ണേരിയെ ജയിൽ അധികൃതർ കൊണ്ടു പോയത് സെല്ലിലേക്കാണ്. ഇതാണ് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നത്.

കൊറോണ വൈറസ് പടരുന്ന മഹാരാഷ്ട്രയിൽനിന്നാണ് വിപിൻ വരുന്നതെന്നറിഞ്ഞ സഹതടവുകാർ പരിഭ്രാന്തരായി. തുടർന്ന് ഇവരുടെ ആവശ്യപ്രകാരം ഇയാളെ ജയിലിലെ പ്രത്യേക നിരീക്ഷണമുറിയിലാക്കി. അണ്ണേരി മഹാരാഷ്ട്രയിലായിരുന്നു ഒളിവിൽ താമസിച്ചത്. ഇവിടെ കൊറോണ പടർന്നു പിടിച്ചു. ഇതിനിടെ അണ്ണേരിക്കും പനിയായി. ഇതോടെ ഭയന്ന് വിറച്ച് അണ്ണേരി നാട്ടിലെത്തുകയായിരുന്നു. വീട്ടുകാർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും സൂചനയുണ്ട്.

നേരിയ പനി മാത്രമേ വിപിനുള്ളൂവെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജയിൽ സൂപ്രണ്ട് ടി.ബാബുരാജ് പറഞ്ഞു. കൊറോണ റിപ്പോർട്ട് ചെയ്ത സ്ഥലത്തുനിന്ന് വന്നതാണെന്ന തടവുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിലാക്കി. അടുത്തദിവസങ്ങളിൽ നടത്തുന്ന പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. കൊറോണ സ്ഥിരീകരിച്ചാൽ അത് വലിയ പ്രശ്‌നമായി മാറുകയും ചെയ്യും.

മാർച്ച് 16-ന് ഉച്ചയോടെയാണ് വിപിനെ കാണാതായത്. ജനുവരി 30-ന് പരോളിലിറങ്ങിയ വിപിൻ കാലാവധി കഴിഞ്ഞ് 16-ന് വൈകുന്നേരം 5.30-ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തേണ്ടതായിരുന്നു. ഇതേത്തുടർന്ന് ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരും വിപിനെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

വിപിന്റെ മൊഴി ജയിൽ അധികൃതർ പൂർണമായും വിശ്വസിച്ചിട്ടില്ല. ഇയാൾ നാലുദിവസം എവിടെയായിരുന്നുവെന്ന് ചോദ്യംചെയ്യലിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജയിൽ അധികൃതർ. ഗൾഫിലേക്ക് മുങ്ങാനാണ് ഇയാൾ മഹാരാഷ്ട്രയിലേക്ക് പോയതെന്നും സൂചനയുണ്ട്. കോവിഡ് ഭീതിയിൽ വിമാനങ്ങൾ റദ്ദാക്കിയതാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്നും വിലയിരുത്തലുണ്ട്. ഇതെല്ലാം പൊലീസ് അന്വേഷിക്കും.

ബിജെപി പ്രവർത്തകനായ മൂര്യാട്ടെ കുമ്പളപ്രവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുകയും ഒരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകർക്ക് തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. മൂര്യാട് സ്വദേശികളുമായ സി പി എം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം മണ്ടാംപറമ്പത്ത് കുന്നപ്പാടി മനോഹരൻ (51), മാണ്ടിയപറമ്പത്ത് നാനോത്ത് പവിത്രൻ (56), പാറക്കാട്ടിൽ അണ്ണേരി പവിത്രൻ (58), ചാലിമാളയിൽ പാട്ടാരി ദിനേശൻ (50), അഭിഭാഷകനായ കുട്ടിമാക്കൂലിൽ കുളത്തുംകണ്ടി ധനേഷ് (32), ജാനകി നിലയത്തിൽ കേളോത്ത് ഷാജി (36) , കെട്ടിടൽ വീട്ടിൽ അണ്ണേരി വിപിൻ (28), ചാമാളയിൽ പാട്ടാരി സുരേഷ്ബാബു (41), കിഴക്കെയിൽ പാലേരി റിജേഷ് (30), ഷമിൽ നിവാസിൽ വാളോത്ത് ശശി (50), എന്നിവരെയാണ് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടക്കാനും നാലാം അഡീഷനൽ ജില്ലാസെഷൻസ് ജഡ്ജ് വിജയകുമാർ ശിക്ഷിച്ചത്.

വിചാരണക്കിടയിൽ പ്രതിയായ മൂര്യാട്ടെ ചോതയിൽ താറ്റ്യോട്ട് ബാലകൃഷ്ണൻ (60) മരണമടഞ്ഞിരുന്നു. 2007 ഓഗസ്റ്റ് 16ന് രാവിലെ ഏഴുമണിയോടെ കൂത്തുപറമ്പ് മൂര്യാട് ചുള്ളിക്കുന്നിൽ കശുമാവിൻതോട്ടത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രമോദും കൂട്ടുകാരനും ജോലിക്ക് പോകുമ്പോഴാണ് ഇവർക്ക് നേരെ അക്രമമുണ്ടായത്. പ്രമോദിന്റെ കൂടെ ഉണ്ടായിരുന്ന മൂര്യാട്ടെ ആലക്കാടൻ പ്രകാശ(51)ന് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP