Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനതാ കർഫ്യൂവിന് നിരത്തിലിറങ്ങിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പമ്പുകൾ അടച്ചിടുമെന്നും ഉള്ള പ്രചരണം പച്ചക്കള്ളം; പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാകർഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; കോവിഡിനെ ചെറുക്കാൻ കേന്ദ്രത്തിനൊപ്പം ചേർന്ന് നിന്ന് കേരളവും; സോഷ്യൽ മീഡിയയിലെ സാമൂഹിക വിരുദ്ധ നീക്കങ്ങൾ നിരീക്ഷിച്ച് കേരളാ പൊലീസും

ജനതാ കർഫ്യൂവിന് നിരത്തിലിറങ്ങിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പമ്പുകൾ അടച്ചിടുമെന്നും ഉള്ള പ്രചരണം പച്ചക്കള്ളം; പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാകർഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; കോവിഡിനെ ചെറുക്കാൻ കേന്ദ്രത്തിനൊപ്പം ചേർന്ന് നിന്ന് കേരളവും; സോഷ്യൽ മീഡിയയിലെ സാമൂഹിക വിരുദ്ധ നീക്കങ്ങൾ നിരീക്ഷിച്ച് കേരളാ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ജനതാകർഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കേരളാപൊലീസ്. അനുനിമിഷം വർദ്ധിക്കുന്ന കോവിഡ്-19 ബാധിതരുടെ സംഖ്യയിൽ രാജ്യം ആശങ്കയിലാണ്. സ്വയം സംരക്ഷണ കവചം തീർക്കാൻ രാജ്യം ഇന്ന് ജനതാ കർഫ്യൂവിൽ രാജ്യം അണിചേരുന്നത്. രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ വീട്ടിനുള്ളിൽ തന്നെ ഇരിക്കാനാണ് ജനങ്ങളോടു ആഹ്വാനം നൽകിയിരിക്കുന്നത്. കൊറോണ രോഗബാധിതർ മുക്തി നേടുന്നുണ്ടെങ്കിലും മരണ നിരക്കുമായുള്ള കണക്കുകൾ തട്ടിച്ചു നോക്കുമ്പോൾ ഈ സംഖ്യ ആശാവഹമല്ല. കോവിഡിനെ തടയാൻ രാജ്യം ഇതുവരെ ചെയ്തത് നിർദ്ദേശിത നിയന്ത്രണങ്ങളായിരുന്നു. ജനതാ കർഫ്യൂവും അതിന്റെ ഭാഗമാണ്.

ഇതിന്റെ മറവിലാണ് വ്യാജ പ്രചരണങ്ങൾ. ജനതാ കർഫ്യൂവിന് നിരത്തിലിറങ്ങിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പമ്പുകൾ അടച്ചിടുമെന്നും തുടങ്ങി പലവിധ വ്യാജസന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. വ്യാജ പ്രചരണങ്ങൾ ചില സാമൂഹ്യവിരുദ്ധർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേരളാ പൊലീസ് അറിയിച്ചു. കോവിഡ്ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, ജനങ്ങൾ പുറത്തിറങ്ങാതെ പരമാവധി സ്വയം നിരീക്ഷണത്തിൽ ഏർപ്പെടാൻ വേണ്ടിയാണ് സർക്കാർ കർഫ്യുവിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതിന്റെ മറവിൽ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

എന്നാൽ വരും ദിനങ്ങളിൽ നിർബന്ധിത നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു കേന്ദ്രം. രോഗവ്യാപനവും ചികിത്സാ സൗകര്യങ്ങളും സാമൂഹ്യ സാമ്പത്തിക സ്ഥിതികളും സർക്കാർ വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾ കഴിഞ്ഞ ദിവസം അവസാനിച്ചു. കോവിഡ് രോഗബാധ പരിധിക്കപ്പുറത്തേക്കു നീങ്ങിയാൽ രാജ്യത്തെ നിലവിലെ ചികിത്സാ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ പ്രാപ്തിയില്ല. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ ആശുപത്രികളെക്കൂടി ചേർത്തു വച്ചാലും കോവിഡ് രോഗബാധ നിയന്ത്രണ വിധേയമായില്ലെങ്കിൽ രാജ്യത്തെ ആരോഗ്യ മേഖല സമ്പൂർണ്ണ പരാജയമാകും. ഈ ഘട്ടത്തിൽ സർക്കാരിനു മുന്നിലുള്ള ഏക പോംവഴി രോഗവ്യാപനം തടയാൻ ജനങ്ങളെ ഒറ്റപ്പെടുത്തുക അല്ലെങ്കിൽ ക്വാറന്റൈൻ ചെയ്യുക എന്നതു മാത്രമാണ് ഇനിയുള്ള മാർഗ്ഗം. ഈ മാർഗ്ഗം നിർബന്ധിതമാക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരുകളും നീക്കമാരംഭിച്ചുവെന്നാണ് വിവരം. ഇതിന് വേണ്ടിയാണ് ജനതാ കർഫ്യൂ.

അവശ്യ സേവന പരിധിയിൽ വരുന്നവർക്ക് നിയന്ത്രണങ്ങൾ ബാധകമാക്കാതെ പൊതു ജനത്തെ ഒറ്റപ്പെടുത്തി അവരുടെ രക്ഷ ഉറപ്പു വരുത്തുക മാത്രമാണ് സർക്കാർ ലക്ഷ്യമിട്ടേക്കുക. പാൽ പത്രം, പൊലീസ്, ആശുപത്രി, ഫയർ, തുടങ്ങിയ പട്ടിക പട്ടിക ഇന്നത്തെ ട്രയലിനൊടുവിൽ കേന്ദ്രം നിശ്ചയിക്കും. പൊതുജന കൂട്ടങ്ങൾ വ്യാപകമായ സ്‌കൂൾ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയിരുന്നു. സിനിമാ ശാലകളിലെ പ്രദർശനങ്ങൾക്ക് അവധി നൽകി. ഷോപ്പിങ് മാളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. വ്യോമറെയിൽവേ യാത്രാ സംവിധാനങ്ങളിലും കുറവ് വരുത്തി. ട്രാൻസ്പോർട്ട് ബസ് സർവ്വീസുകൾ ഘട്ടംഘട്ടമായി കുറച്ചിരുന്നു.

കോവിഡ് 19 വൈറസ് രാജ്യമാകെ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആഹ്വാനം ചെയ്യപ്പെട്ട ജനതാ കർഫ്യൂവിൽ കേരളവും ഭാഗമാണ്. ഗതാഗത പൊതുഗതാഗത സംവിധാനങ്ങൾ നിശ്ചലമാകും. രാവിലെ ഏഴ് മുതൽ ഒമ്പത് വരെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. എന്നാൽ അതിന് മുമ്പേ കർഫ്യൂ തുടങ്ങി. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ജനതാ കർഫ്യൂ'വിന് സംസ്ഥാനം പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പൂർണമായും അനുസരിക്കും. കെഎസ്ആർടിസി, മെട്രോ സർവ്വീസുകൾ അടക്കം ഉണ്ടാവില്ല. ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണം. എല്ലാവരും വീടുകളിൽ കഴിയുന്നതിനാൽ കുടുംബാംഗങ്ങൾ പരിസര ശുചീകരണം നടത്തണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിടും.

എല്ലാ കച്ചവടക്കാരും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിടുമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്നു കേരള ബസ് ഓപ്പറേറ്റഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റിയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും പെട്രോൾ പമ്പുകൾ അടച്ചിടുമെന്നു ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സും അറിയിച്ചിട്ടുണ്ട്. കോവിഡിനെക്കുറിച്ചു രാജ്യമെങ്ങും ആശങ്കയുള്ള സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവനും വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും പിന്തുണയും ജനതാ കർഫ്യൂവിനുണ്ട്.

അതേസമയം, ആശുപത്രികളുടെ ക്യാന്റീനുകൾ പ്രവർത്തിപ്പിക്കണമെന്ന് വിവിധ ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ ഏഴ് വരെയുള്ള സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി യൂണിറ്റ് അധികാരികൾക്കും സിഎംഡി നിർദ്ദേശം നൽകി. അതസമയം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച് പി സി എൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ഇന്ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ തുറന്നു പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP