Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്യാണത്തിനും പ്രാർത്ഥനയ്ക്കും പത്തുപേരിൽ കൂടുതൽ വേണ്ട; ആലപ്പുഴയിൽ കർശന നിർദ്ദേശം, ലംഘിച്ച് വിവാഹം നടത്തിയതിന് എതിരെ ക്രിമിനൽ കേസെടുത്തു; കൊച്ചി മെട്രോ സർവീസുകൾക്ക് തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണം; കൊടുങ്ങല്ലൂർ താലൂക്കിൽ നാളെ മുതൽ നിരോധന നിരോധനാജ്ഞ; കാസർകോട് അതീവ ജാഗ്രത തുടരുന്നു; 11 കടയുടമകൾക്കെതിരെ കേസെടുത്തു; കണ്ണൂരിലെയും വയനാട്ടിലെയും സലൂണുകളും ബ്യൂട്ടി പാർലറുകളും അടച്ചിടാൻ നിർദ്ദേശം: കൊവീഡ് ഭീതിയിൽ കർശന നടപടികളിലേക്ക് കേരളം

കല്യാണത്തിനും പ്രാർത്ഥനയ്ക്കും പത്തുപേരിൽ കൂടുതൽ വേണ്ട; ആലപ്പുഴയിൽ കർശന നിർദ്ദേശം, ലംഘിച്ച് വിവാഹം നടത്തിയതിന് എതിരെ ക്രിമിനൽ കേസെടുത്തു; കൊച്ചി മെട്രോ സർവീസുകൾക്ക് തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണം; കൊടുങ്ങല്ലൂർ താലൂക്കിൽ നാളെ മുതൽ നിരോധന നിരോധനാജ്ഞ; കാസർകോട് അതീവ ജാഗ്രത തുടരുന്നു; 11 കടയുടമകൾക്കെതിരെ കേസെടുത്തു; കണ്ണൂരിലെയും വയനാട്ടിലെയും സലൂണുകളും ബ്യൂട്ടി പാർലറുകളും അടച്ചിടാൻ നിർദ്ദേശം: കൊവീഡ് ഭീതിയിൽ കർശന നടപടികളിലേക്ക് കേരളം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കോഡിവ് 19 ഭീതിയിൽ കേരളം കർശന നടപടികളിലേക്ക് നീങ്ങുന്നു. കോവിഡ് വ്യാപന സാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങളിലേക്കാണ് സർക്കാർ കടക്കുന്നത. സർക്കാർ മുന്നറിയിപ്പ് അവഗണിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങി പൊലീസും. ആലപ്പുഴയിൽ പത്തുപേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. കല്യാണത്തിനും പ്രാർത്ഥനയ്ക്കും പത്തുപേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നാണ് ഉത്തരവ്. കോവിഡ് ജാഗ്രത നിർദ്ദേശം ലംഘിച്ച് വിവാഹം നടത്തിയ ആലപ്പുഴ സ്വദേശിക്ക് എതിരെ കേസെടുത്തു. വധുവിന്റെ അച്ഛന് എതിരെയാണ് ക്രിമിനൽ കേസെടുത്തത്. കഴിഞ്ഞ പതിനഞ്ചിനാണ് ആലപ്പുഴ പവർ ഹൗസ് വാർഡിലെ ആറാട്ടുവഴിയിലുള്ള ഷമീർ അഹമ്മദിന്റെ മകളുടെ വിവാഹം നടത്തിയത്. ആലപ്പുഴ ടൗൺ ഹാളിൽ വച്ചായിരുന്നു വിവാഹം.

വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് ആൾക്കൂട്ടം ഒഴിവാക്കണെം എന്ന് ആരോഗ്യ വകുപ്പ് കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. തഹസിൽദാർ നേരിട്ടെത്തിയാണ് കുടുംബത്തിന് നോട്ടീസ് നൽകിയത്. എന്നാൽ നിർദേശങ്ങൾ പാലിച്ചില്ല. ഇതേത്തുടർന്ന് തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ അനുവദിയോടു കൂടി ആലപ്പുഴ പൊലീസ് കേസെടുത്തത്.

അതേസമം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോ സർവീസുകൾക്കും നിയന്ത്രണം. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ രാവിലെ ആറു മുതൽ പത്തുവരെയും വൈകീട്ട് നാലു മുതൽ രാത്രി പത്തുവരെയും 20 മിനിട്ട് ഇടവിട്ടാവും മെട്രോ തീവണ്ടികൾ സർവീസ് നടത്തുക. രാവിലെ പത്ത് മുതൽ വൈകീട്ട് നാലുവരെ ഒരു മണിക്കൂർ ഇടവിട്ട് മാത്രമെ മെട്രോ തീവണ്ടികൾ ഓടൂ. ഒഴിവാക്കാനാവാത്ത യാത്രകൾ ഉള്ളവർ മാത്രമെ മെട്രോ തീവണ്ടികളിൽ സഞ്ചരിക്കാവൂ എന്നും യാത്രക്കാർ തമ്മിൽ പരമാവധി അകലം പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

തീവണ്ടി യാത്രകൾ പരമാവധി ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവെ അധികൃതർ നേരത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. കൊറോണ വൈറസ് ബാധിതരായ 12 പേരെങ്കിലും വിവിധ തീവണ്ടികളിൽ യാത്രചെയ്തിട്ടുള്ളതിനാൽ ട്രെയിൻ യാത്ര അപകടം നിറഞ്ഞതാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് 19 വൈറസ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ താലൂക്കിൽ നാളെ മുതൽ നിരോധന നിരോധനാജ്ഞ ഏർപ്പെടുത്തി. എല്ലാ ആരാധനാലയങ്ങൾക്കും നിരോധനാജ്ഞ ബാധകമാണെന്ന് തൃശൂർ ജില്ല കലക്ടർ അറിയിച്ചു. ഞായറാഴ്ച മുതൽ ഈ മാസം 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഭരണി മഹോത്സവം നടക്കുകയാണ്. പ്രധാന ചടങ്ങുകളിലൊന്നായ കോഴിക്കല്ല് മൂടൽ ഇന്നലെ നടന്നിരുന്നു.

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായ കോഴിക്കല്ല് മൂടൽ ചടങ്ങ്. കോവിഡ് വൈറസ് വ്യാപനത്തിനെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു. ഭൂരിപക്ഷവും തദ്ദേശീയരായിരുന്നു. 27നാണ് പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടൽ. കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ, വയനാട് ജില്ലകളിലെ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടച്ചിടാൻ നിർദ്ദേശം. വയനാട്ടിലെ ബ്യൂട്ടി പാർലറുകളുടെയും ബാർബർ ഷോപ്പുകളുടെയും പ്രവർത്തനം നിർത്തിവെക്കണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

കണ്ണൂരിൽ, കലക്ടറേറ്റിൽ ചേർന്ന ജില്ലയിലെ വ്യാപാരികളുടെയും ബാർബർ ഷോപ്, ബ്യൂട്ടി പാർലർ ഉടമകളുടെയും യോഗത്തിലാണ് തീരുമാനമായത്. വ്യാപാര സ്ഥാപനങ്ങളിലും ബ്യൂട്ടി പാർലറുകളിലും തൊഴിലാളികളുടെ എണ്ണം കുറക്കാനും നിർദേശമുണ്ട്. ഉപഭോക്താക്കളോട് അവരുടെ സ്ഥലമുൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണമെന്നും മറ്റ് രാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ മടങ്ങിയെത്തിയവരെ സുരക്ഷ മുൻനിർത്തി തിരിച്ചയക്കുന്നതാണ് ഉചിതമെന്നും യോഗത്തിൽ നിർദേശമുയർന്നു. ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ് എന്നിവിടങ്ങളിലെ എ.സിയുടെ ഉപയോഗം കുറച്ച് പരമാവധി വായുസഞ്ചാരം ഉറപ്പുള്ള മുറികൾ ക്രമീകരിക്കണം. ജീവനക്കാർ ഇടക്കിടെ സാനിറ്റൈസർ ഉപയോഗിക്കുകയോ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുകയും വേണം. ഉപഭോക്താവിരുന്ന കസേര, ഉപയോഗിച്ച മറ്റുവസ്തുക്കൾ എന്നിവ ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് യഥാസമയം തന്നെ വൃത്തിയാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.

അതീവ ജാഗ്രതയിൽ കാസർകോട്

കാസർകോട് ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. രണ്ട് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ എട്ട് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വിദേശത്തുനിന്നും നാട്ടിലെത്തിയിട്ടും നിർദേശങ്ങൾ പാലിക്കാതെ കറങ്ങിനടന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് രാവിലെ തുറന്ന കടകൾ നിർബന്ധപൂർവം അടപ്പിച്ചു. 11 കട ഉടമകൾക്കെതിരെ കേസെടുത്തു. കലക്ടർ നേരിട്ടെത്തിയാണ് പരിശോധനകൾ കർശനമാക്കിയത്. ഇനി നിർദേശമില്ലെന്നും കർശന നടപടിയായിരിക്കും സ്വീകരിക്കുകയെന്നും കലക്ടർ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമായി കടകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിരുന്നു.

ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫീസുകൾ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും ജില്ലയിലെ മുഴുവൻ ക്ലബുകളും അടക്കും. കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച 47കാരനുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെ പരിശോധന ഫലം ലഭിക്കുന്നതോടെ കൂടുതൽ പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയിലാണ് ജില്ല. കോവിഡ് 19 സ്ഥിരീകരിച്ചതിൽ മൂന്ന് പേർ, മാർച്ച് 17ന് കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് സ്ത്രീകൾക്കും രണ്ട് വയസ്സുള്ള കുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

കളനാട് സ്വദേശിയോടൊപ്പം കാറിൽ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം 17ന് ഷാർജയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ 52കാരനും 17ന് ദുബൈയിൽ നിന്നും മംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ 27കാരനുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ രണ്ട് പേരെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP