Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശം മറികടന്ന് ക്ഷേത്രോത്സവം നടത്തിയ സംഭവത്തിൽ അറുപത് പേർക്കെതിരെ കേസ്; കേസെടുത്തത് തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വൻ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് ഉത്സവം നടത്തിയ സംഭവത്തിൽ; ഉത്സവങ്ങൾ ചടങ്ങ് എന്ന നിലയിൽ മാത്രം ചുരുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശവും അവഗണിച്ചു; പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്‌പി

ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശം മറികടന്ന് ക്ഷേത്രോത്സവം നടത്തിയ സംഭവത്തിൽ അറുപത് പേർക്കെതിരെ കേസ്; കേസെടുത്തത് തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വൻ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് ഉത്സവം നടത്തിയ സംഭവത്തിൽ; ഉത്സവങ്ങൾ ചടങ്ങ് എന്ന നിലയിൽ മാത്രം ചുരുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശവും അവഗണിച്ചു; പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്‌പി

ആർ പീയൂഷ്

കണ്ണൂർ: ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശം മറികടന്ന് ക്ഷേത്രോത്സവം നടത്തിയ സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കും കണ്ടാലറിയാവുന്ന അറുപതോളം പേർക്കെതിരെയും കേസെടുത്തു. തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ പൊലീസ് നിർദ്ദേശം അവഗണിച്ച് ജനക്കൂട്ടം കൂടുന്ന സാഹചര്യത്തിൽ ഉത്സവം സംഘടിപ്പിച്ചതിനാണ് കേസെടുത്തത്. കഴിഞ്ഞ 6 ന് ആരംഭിച്ച ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് സമാപനം കുറിക്കുന്ന ചടങ്ങായ കൂടിപ്പിരിയലാണ് ഇന്നലെ നടന്നത്.

സാധാരണയായി സന്ധ്യക്ക് നടക്കുന്ന കൂടിപ്പിരിയൽ പൊലീസ് നിർദേശത്തെ തുടർന്ന് 2.30 ന് ആരംഭിച്ച് 4 മണിയോടെ അവസാനിപ്പിച്ചിരുന്നു. എങ്കിലും ആൾകൂട്ടമുണ്ടായ സാഹചര്യത്തിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന 60 ഓളം പേർക്കെതിരെയാണ് കേസ്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കെസെടുത്തതെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്‌പി പറഞ്ഞു. ഉത്സവങ്ങൾ ചടങ്ങ് എന്ന നിലയിൽ മാത്രം ചുരുക്കണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും പല തവണയായി അഭ്യർത്ഥിച്ചിരുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ടി.ടി.കെ ദേവസ്വത്തിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം.

കൂടിപ്പിരിയൽ ചടങ്ങ് 2ന് ആരംഭിച്ച് 4 ന് ഇടയിൽ അവസാനിപ്പിക്കണമെന്ന് പൊലിസ് നിർദ്ദേശം നൽകിയിരുന്നു.സാധാരണയായി പതിനായിരത്തിലേറെ പേർ പങ്കെടുക്കാറുള്ള കൂടിപ്പിരിയൽ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ക്ഷേത്രഭാരവാഹികൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ അതിന് വിപരീതമായാണ് കാര്യങ്ങൾ പോയത്. ആയിരത്തോളം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്.

തൃച്ചംബരം ക്ഷേത്രം രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശ്രീ കൃഷ്ണനെ ആരാധിക്കുന്ന ക്ഷേത്രമാണ്. കംസവധത്തിനു ശേഷം രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശ്രീകൃഷ്ണനായതിനാൽ ഇവിടുത്തെ പൂജകളിലും രീതികളിലും അതിനനുസരിച്ച് മാറ്റങ്ങളുണ്ട്. നൈവേദ്യത്തിനു ശേഷം അഭിഷേകം നടക്കുന്നതും ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാത്തതും ഒക്കെ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളിൽ ചിലതാണ്.

മലബാറിലെ തന്നെ വിശ്വാസികളുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ് തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവം. കുംഭം 22 മുതൽ മീനം 6 വരെയാണ് തൃച്ചംബരം ഉത്സവം നീണ്ടു നിൽക്കുക. ഉത്സവം കൊടിയേറിയാൽ മഴൂർ ബലഭദ്രസ്വാമി ക്ഷേത്രത്തിൽ അറിയിക്കണമെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ ചെന്ന് മണിയടിച്ചാണ് ഉത്സവ വിവരം അറിയിക്കുന്നത്. അന്നേ ദിവസം തന്നെ രാത്രി ഒരുമണിയോടെ മഴൂരിൽനിന്ന് ബലരാമവിഗ്രഹം എഴുന്നള്ളിച്ച് തൃച്ചംബരത്തേയ്ക്ക് കൊണ്ടുവരും. പിന്നെ ആഘോഷങ്ങൾ പൂക്കോട്ട് നടയിലാണ്. നൃത്തോത്സവം, ബാലലീലോത്സവം, ദേവേത്സവം, മഹോത്സവം തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങൾ.

കൂട്ടത്തിലോട്ടം,ആനന്ദനൃത്തം, കൂടിപ്പിരിയൽ തുടങ്ങിയവയും ഉത്സവത്തിന്റെ ഭാഗമാണ്. കാരാഗ്രഹത്തിൽ പിറന്നയുടനേ അമ്മയിൽ നിന്നും പിരിയേണ്ടി വന്ന ശ്രീകൃഷ്ണന്റെ ബാല്യകാല ലീലകളൊന്നും കാണുവാൻ അമ്മയായ ദേവകിക്ക് കഴിഞ്ഞിരുന്നില്ല. കൃഷ്ണ ലീലകൾ കാണുവാനുള്ള ദേവകിയുടെ ആഗ്രഹത്തിന്റെ സാഫല്യമാണ് ഇവിടെ നടക്കുന്ന കൂട്ടത്തിലോട്ടം. ബലരാമനെത്തുന്ന ദിവസത്തെ തിടമ്പു നൃത്തവും കൂട്ടിത്തിലോട്ടവും, നാലാം ഉത്സവത്തിലെ നാട് വലം വയ്ക്കുന്ന ചടങ്ങ്, ആറാം ഉത്സവത്തിലെ ആറാട്ട്, തുടങ്ങിയവയും നടക്കുന്നുണ്ട്. ഉത്സവം കഴിഞ്ഞ് ബലരാമൻ പോകുന്ന ചടങ്ങാണ് കൂടിപ്പിരിയൽ. ഈ ചടങ്ങിന് എത്തിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP