Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനതാ കർഫ്യൂ: ജനനിയന്ത്രണത്തിന് ഏറ്റവും എളുപ്പമുള്ള ദിവസം; പാസഞ്ചർ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ല; കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും സർവീസ് നിർത്തി വെക്കും; ജനതാ കർഫ്യൂവിനോട് സംസ്ഥാന സർക്കാരുകൾ പൂർണമായും സഹകരിക്കുന്നതോടെ ഞായറാഴ്ച ഹർത്താലിന് സമാനമായ സാഹചര്യം; വൈറസിനെതിരായ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് ജനങ്ങൾ

ജനതാ കർഫ്യൂ: ജനനിയന്ത്രണത്തിന് ഏറ്റവും എളുപ്പമുള്ള ദിവസം; പാസഞ്ചർ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ല; കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും സർവീസ് നിർത്തി വെക്കും; ജനതാ കർഫ്യൂവിനോട് സംസ്ഥാന സർക്കാരുകൾ പൂർണമായും സഹകരിക്കുന്നതോടെ ഞായറാഴ്ച ഹർത്താലിന് സമാനമായ സാഹചര്യം; വൈറസിനെതിരായ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് ജനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 22ന് പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനോട് സർക്കാർ പൂർണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ ഞായറാഴ്ച സംസ്ഥാനത്ത് ഹർത്താലിന് സമാനമായ സഹചര്യമുണ്ടാകും. കെഎസ്ആർടി - മെട്രോ സർവ്വീസുകൾ ഉണ്ടാവില്ല. സർക്കാർ നേതൃത്വത്തിലുള്ള ഗതാഗത സംവിധാനങ്ങൾ നിശ്ചലമാകുമെന്ന് ഉറപ്പാണ്. 

ഞായറാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എല്ലാ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. ഞായറാഴ്ച വീടുകൾ ശുചീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ബാറുകളും ബവ്‌റിജസ് ഔട്‌ലെറ്റുകളും ഞായറാഴ്ച പ്രവർത്തിക്കില്ലെന്ന് സർക്കാർ അറിയിച്ചു. എക്‌സൈസ് മന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യസാധനങ്ങൾ മാത്രം ലഭിക്കുന്ന സാഹചര്യമാകും കേരളത്തിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ മുൻകരുതലുകൾ ശക്തമാക്കി. ജനങ്ങൾ യാത്ര ചെയ്യുന്നത് കുറച്ചതോടെ സംസ്ഥാനത്ത് അറുപതിലധികം ട്രെയിനുകൾ റദ്ദാക്കി. ഇന്നു മാത്രം 37 ട്രെയിനുകൾ പൂർണമായോ ഭാഗിഗമായോ റദ്ദാക്കി.

മറ്റ് സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിനോട് സഹകരിക്കുമെന്ന് വ്യക്തമാക്കി. കൊറോണ വൈറസ് സ്ഥിരീകരിച്ച സംസ്ഥനങ്ങളിലാകും ശക്തമായ നിയന്ത്രണങ്ങൾ ഉണ്ടാകുക.അതേസമയം, കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ജനതാ കർഫ്യൂവിന്റെ ഭാഗമായി രാജ്യത്തെ പാസഞ്ചർ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ല. ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച രാത്രി പത്തുവരെ പാസഞ്ചർ തീവണ്ടികൾ ഓടില്ലെന്ന് റെയിൽവെ അറിയിച്ചു. രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചർ തീവണ്ടികളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിയശേഷമെ സർവീസ് അവസാനിപ്പിക്കൂവെന്നും റെയിൽവെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യാത്രക്കാരില്ലാത്ത പാസഞ്ചർ തീവണ്ടികൾ ആവശ്യമെങ്കിൽ പാതിവഴിയിൽ റദ്ദാക്കുമെന്നും റെയിൽവെ അറിയിച്ചു. മെയിൽ, എക്സ്പ്രസ് തീവണ്ടികളിലെ കാറ്ററിങ് സർവീസുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. ഫുഡ് പ്ലാസകൾ, റിഫ്രഷ്മെന്റ് റൂമുകൾ, ജൻ ആഹാർ കേന്ദ്രങ്ങൾ എന്നിവയെല്ലാം അടയ്ക്കുമെന്നും ഐ.ആർസി.ടി.സി വൃത്തങ്ങൾ പറഞ്ഞു.

മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലെ സബർബൻ തീവണ്ടി സർവീസുകൾ ഞായറാഴ്ച വെട്ടിക്കുറയ്ക്കും. അവശ്യ യാത്രകൾ നടത്തേണ്ടിവരുന്നവരെ മാത്രം മുന്നിൽക്കണ്ടാവും ഞായറാഴ്ച സബർബൻ തീവണ്ടികൾ ഓടിക്കുക. മെയിൽ, എക്സ്പ്രസ് തീവണ്ടികളിലെ കാറ്ററിങ് സർവീസുകൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. ഫുഡ് പ്ലാസകൾ, റിഫ്രഷ്മെന്റ് റൂമുകൾ, ജൻ ആഹാർ കേന്ദ്രങ്ങൾ എന്നിവയെല്ലാം അടയ്ക്കുമെന്നും ഐആർസിടിസി വൃത്തങ്ങൾ വ്യക്തമാക്കി.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കർഫ്യൂവിനോട് സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ എന്നിവ സർവീസ് നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനത കർഫ്യൂ ദിവസം വീട്ടിലിരിക്കുന്നവർ വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ സഹായത്തിന് മറ്റാരേയും വിളിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടും പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച് ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന 'ജനതാ കർഫ്യൂ' വിന് പിന്തുണയുമായി സൂപ്പർതാരങ്ങളടക്കം നിരവധി പേർ രംഗത്തെത്തി. ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെയാണ് കർഫ്യൂ. 'പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇതൊരു അസാധാരണമായ സാഹചര്യമാണ്. അതുകൊണ്ടു തന്നെ അസാധാരണമായ മുൻ കരുതലുകൾ സ്വീകരിക്കണം. '- നടൻ കമൽഹാസൻ ട്വീറ്റ് ചെയ്തു. 'വൈറസ് പടർന്ന് പിടിക്കുന്നത് തടയാൻ സാമൂഹികമായ ഇടപെടലുകൾ കുറയ്ക്കാനും പിന്നീട് അതൊരു ശീലമായി മുന്നോട്ട് കൊണ്ടുപോകാനും കർഫ്യൂകൊണ്ട് ഉപകാരപ്പെടുമെന്ന്' ബോളിവുഡ് താരം ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം 22ന് ജനതാ കർഫ്യൂ ആചരിക്കണമെന്നും എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നും ഇന്ത്യക്കാർക്ക് നമസ്‌കാരം പറഞ്ഞു കൊണ്ട് നടൻ അജയ് ദേവ്ഗൺ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനം നമുക്ക് ഒറ്റക്കെട്ടായി നടപ്പിലാക്കാമെന്നും ജനതാ കർഫ്യൂ ആചരിക്കണമെന്നും നടൻ റിതേഷ് ദേഷ്മുഖ്. എല്ലാവരും കഴിയുന്നത്ര വീട്ടിലിരുന്ന് ജോലി ചെയ്യാൻ ശ്രമിക്കണമെന്നും 60ന് മുകളിൽ പ്രായമുള്ളവർ രണ്ടാഴ്ചത്തേക്ക് വീട്ടിൽ തന്നെ തുടരണമെന്നും റിതേഷ് വ്യക്തമാക്കി. അഭിനേതാക്കളായ അനുഷ്‌ക ശർമ, ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഹൃത്വിക് റോഷൻ, അക്ഷയ് കുമാർ,വരുൺധവാൻ, ക്രിക്കറ്റ് താരങ്ങളായ വിരാട് കൊഹ്ലി, ശിഖർ ധവാൻ തുടങ്ങിയവരും കർഫ്യൂവിന് പിന്തുണയുമായി രംഗത്തെത്തി.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ദിനമായ ഞായറാഴ്ച സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിടും. അന്ന് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളും നിർത്തിവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 'ജനതാ കർഫ്യൂ'വിന് പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 ന്റെ സാഹചര്യം കേന്ദ്ര സർക്കാർ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രി യുടെ വാക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പൂർണമായും അനുസരിക്കും. ജനതാ കർഫ്യൂവിനോട് സർക്കാർ പൂർണമായും സഹകരിക്കും. അന്നേദിവസം കെഎസ്ആർടി- മെട്രോ സർവ്വീസുകൾ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം നൽകിയത്. എന്നാൽ തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മന്ത്രി എം.എം മണി പോലും പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ചിരുന്നു. 'മല എലിയെ പ്രസവിച്ചതു പോലെ' എന്നാണ് എംഎം മണി മോദിയുടെ പ്രസംഗത്തെ പരിഹസിച്ചത്.അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗം കോവിഡ് 19 സാഹചര്യത്തെ കേന്ദ്രം ഗൗരവത്തോടെ കാണുന്നു എന്നതിന്റെ തെളിവാണെന്നാണ് മുഖ്യമന്ത്രി ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞത്. കർഫ്യൂവിന് പൂർണ സഹകരണം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് ഞായറാഴ്ച?

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തത്. ജനനിയന്ത്രണത്തിന് ഏറ്റവും എളുപ്പമുള്ള ദിവസം. ആൾക്കൂട്ടത്തിൽ നിന്ന് ഒഴിവാകുക, വീട്ടിൽ തന്നെ കഴിയുക - ഈ സ്വയം നിയന്ത്രണത്തിനുള്ള പരിശീലനമാണ് ഒരു ദിവസത്തെ കർഫ്യൂ നടപടിയിലൂടെ ശ്രമിക്കുന്നത്. വരുന്ന ആഴ്ചകളിൽ സ്ഥിതി വഷളാകാമെന്ന വിലയിരുത്തലിലാണ് ഒതുങ്ങിക്കൂടലിന് ഒറ്റ ദിവസം കൊണ്ട് രാജ്യത്തിനാകെ പരിശീലനമെന്ന ആശയത്തിലേക്ക് എത്തിയതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP