Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നും വാങ്ങിയ ഉണ്ണിയപ്പത്തിൽ പഴകിയ ഉണ്ണിയപ്പം ഉണ്ടായിരുന്നതായി പരാതി; തട്ടാമല സ്വദേശി ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സഹിതം കൊല്ലം ഫുഡ് സേഫ്റ്റി ഓഫീസർക്ക് പരാതി നൽകി; പഴകിയ ഉണ്ണിയപ്പം ശ്രദ്ധയിൽപെട്ടത് 20 പായ്ക്കറ്റ് ഉണ്ണിയപ്പം വാങ്ങി വീട്ടിലെത്തി ബന്ധുക്കൾക്കും അയൽക്കാർക്കും വിതരണം ചെയ്തപ്പോൾ

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നും വാങ്ങിയ ഉണ്ണിയപ്പത്തിൽ പഴകിയ ഉണ്ണിയപ്പം ഉണ്ടായിരുന്നതായി പരാതി; തട്ടാമല സ്വദേശി ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സഹിതം കൊല്ലം ഫുഡ് സേഫ്റ്റി ഓഫീസർക്ക് പരാതി നൽകി; പഴകിയ ഉണ്ണിയപ്പം ശ്രദ്ധയിൽപെട്ടത് 20 പായ്ക്കറ്റ് ഉണ്ണിയപ്പം വാങ്ങി വീട്ടിലെത്തി ബന്ധുക്കൾക്കും അയൽക്കാർക്കും വിതരണം ചെയ്തപ്പോൾ

ആർ പീയൂഷ്

കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിൽ നിന്നും വാങ്ങിയ ഉണ്ണിയപ്പത്തിൽ പഴകിയ ഉണ്ണിയപ്പമുണ്ടായിരുന്നതായി പരാതി. രണ്ട് ദിവസത്തോളം പഴക്കമുള്ള ഉണ്ണിയപ്പവും ഇന്ന് ഉണ്ടാക്കിയ ഉണ്ണിയപ്പവും കലർത്തിയാണ് ഭക്തർക്ക് വിതരണം ചെയ്തതെന്നാണ് പരാതി. തട്ടാമല സ്വദേശിയാണ് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സഹിതം കൊല്ലം ഫുഡ് സേഫ്റ്റി ഓഫീസർക്ക് പരാതി നൽകിയിരിക്കുന്നത്.

ഇന്ന് രാവിലെ എട്ടു മണിക്ക് ശേഷം ഉണ്ണിയപ്പ കൗണ്ടറിൽ നിന്നും വാങ്ങിയ 20 പായ്ക്കറ്റ് ഉണ്ണിയപ്പത്തിലായിരുന്നു പഴകിയ ഉണ്ണിയപ്പമുണ്ടായിരുന്നത്. 30 രൂപ വിലയുള്ള 20 പായ്ക്കറ്റ് 600 രൂപയ്ക്കാണ് വാങ്ങിയത്. നേർച്ച നേർന്നതിനെ തുടർന്നാണ് ഇത്രയധികം ഉണ്ണിയപ്പം ഇവർ വാങ്ങിയത്. വീട്ടിലെത്തി ബന്ധുക്കൾക്കും അയൽക്കാർക്കും വിതരണം ചെയ്തു. ഇത് അവർ വീടുകളിൽ വച്ച് അഴിച്ചു നോക്കിയപ്പോഴാണ് പഴകിയ ഉണ്ണിയപ്പം ശ്രദ്ധയിൽപെട്ടത്. ഈ വിവരം ഫോണിൽ അവർ വിളിച്ചു പറഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ബാക്കിയുണ്ടായിരുന്ന പായ്ക്കറ്റുകളിലും പഴകിയ ഉണ്ണിയപ്പം കണ്ടെത്തിയത്. തുടർന്നാണ് കൊല്ലം ഫുഡ് സേഫ്റ്റി ഓഫീസർക്ക് പരാതി നൽകിയത്.

ഇന്നലെ ഉദയാസ്തമന പൂജയായതിനാൽ ഉണ്ണിയപ്പ വിതരണം ഇല്ലാത്ത ദിവസമായിരുന്നു. അതിനാൽ മിനിഞ്ഞാന്ന് ഉണ്ടാക്കിയവയാകാം ഇവയെന്നാണ് സംശയം. ഭക്തജനങ്ങൾ കൊറോണ ഭീതിയിൽ ക്ഷേത്രത്തിലെത്താതിരിക്കുന്നതിനാൽ ബാക്കി വന്ന ഉണ്ണിയപ്പം ഇന്നുണ്ടാക്കിയവയോടൊപ്പം ചേർത്ത് ഭക്തർക്ക് വിതരണം ചെയ്തതാവാനാണ് സാധ്യത. ഭക്തർ ഭക്തിയോട് നടത്തുന്ന വഴിപാടിൽ പോലും ഇത്തരത്തിൽ പഴകിയ സാധനങ്ങൾ നൽകുന്നത് വിശ്വാസത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇനി ഒരാൾക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകാതിരിക്കാനാണ് പരാതി നൽകുന്നതെന്നും പരാതിക്കാരൻ പറഞ്ഞു.

അമ്പലപ്പുഴ പാൽപായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. ഒരെണ്ണം തിന്നാൽ വീണ്ടും വേണമെന്നു തോന്നും. പ്രത്യേകരുചിക്കൂട്ടിൽ തയ്യാറാക്കി പഞ്ചസാര മേമ്പൊടി തൂവിയെത്തുന്ന ഉണ്ണിയപ്പത്തിലെ ഗണപതികടാക്ഷവും വിശ്വാസികൾക്ക് ഇരട്ടിരുചിയേകുന്നു. പെരുന്തച്ചനാൽ പ്രതിഷ്ഠിക്കപ്പെട്ട ഗണപതി ക്ഷേത്രത്തിൽ ആദ്യമർപ്പിച്ച നൈവേദ്യം ഉണ്ണിയപ്പമായിരുന്നത്രെ. അതിന്റെ തുടർച്ചയാണ് ഇപ്പോഴും തുടരുന്നതെന്നാണ് വിശ്വാസം. കൊട്ടാരക്കരയിലും പരിസരങ്ങളിലും മിക്ക വീടുകളിലെയും വിശേഷങ്ങൾക്ക് ഉണ്ണിയപ്പം ഒഴിച്ചുകൂടാനാവാത്തതാണ്.

പണ്ട് ഉണ്ണിയപ്പം ചുടുമ്പോൾ കിലോമീറ്ററുകൾക്കകലെ വരെ അതിന്റെ വശ്യഗന്ധം എത്തുമായിരുന്നത്രെ. അന്ന് തിരുവല്ലയിൽ നിന്ന് പ്രത്യേകം തയ്യാറാക്കുന്ന പനിയൻ ശർക്കര, വെളിച്ചെണ്ണയും നെയ്യും സമാസമം ചേർത്തായിരുന്നു അപ്പം ചുടുന്നത് ഇപ്പോൾ ശർക്കരയുടെ ഗുണനിലവാരം കുറഞ്ഞത് രുചിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഉണ്ണിയപ്പകീർത്തി കൂടിയിട്ടുണ്ട്. ചേരുവകൾ പുറത്തുപറയാൻ മടിയില്ലെങ്കിലും അളവുകൾ രഹസ്യമാണ്. അരിപ്പൊടി, ശർക്കരപാനി, ചുക്ക്‌പൊടി, ഏലക്കാപൊടി, പാളയൻതോടൻ പഴം, നാളീകേരം, നെയ്യ് എന്നിവയാണ് ചേരുവകൾ. വെളിച്ചെണ്ണയിൽ പാചകം ചെയ്യുന്നു. മേമ്പൊടിയായി പഞ്ചസാര തൂവും. 36 കുഴിയുള്ള എട്ട് കാരയിലായി ഒരു സമയം 288 ഉണ്ണിയപ്പം ചുട്ടെടുക്കാം. ഒരു പാക്കറ്റ്- 10 എണ്ണം-30 രൂപ നിരക്കിലാണ് വിൽപ്പന. രാവിലെ 6.30 മുതൽ 11.15 വരെയും വൈകീട്ട്-5.05 മുതൽ 7.45 വരെയും ഉണ്ണിയപ്പം ലഭിക്കും.

തിങ്കൾ, ബുധൻ ചിലപ്പോൾ വ്യാഴം ദിവസങ്ങളിലുമായി ഉദയാസ്തമപൂജ നടക്കും. ഇഷ്ടകാര്യസിദ്ദിഖായാണ് ഇത്. ഉദയം മുതൽ അസ്തമയം വരെ ഉണ്ണിയപ്പം വാർത്ത് നിവേദിക്കുന്ന ചടങ്ങാണിത്. അതിനു പിന്നിലുമൊരു ഐതിഹ്യമുണ്ട്. കുട്ടികളില്ലാത്ത ദുഃഖം പേറി നടന്ന കൊട്ടാരക്കര തമ്പുരാൻ ഒരു മകനുണ്ടായാൽ ഉണ്ണിഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടാമെന്ന് പെരുന്തച്ചന് വാക്കുകൊടുത്തു. ഉണ്ണി പിറന്നപ്പോൾ ഉണ്ണിയപ്പം എത്ര വാർത്തിട്ടും ഗണപതിയെ മൂടാൻ തികയാതായി. ദുഃഖിതനായ തമ്പുരാൻ ഉദയം മുതൽ അസ്തമയം വരെ ഉണ്ണിയപ്പം ഉണ്ടാക്കി ഗണപതിക്ക് നൈവേദ്യമൊരുക്കാമെന്ന് മനമുരുകി പ്രാർത്ഥിച്ചു. അങ്ങനെയാണ് ഇവിടെ ഉണ്ണിയപ്പ വഴിപാടിന് പ്രസിദ്ധിയാർജ്ജിച്ചത്.

നാടിന്റെ നാനാ ഭാഗത്ത് നിന്നും ഭക്തരെത്തി ഉണ്ണിയപ്പ വഴിപാട് കഴിപ്പിക്കുന്നു. ഇങ്ങനെ ഭക്തിയോടെ പ്രാർത്ഥിച്ച് വാങ്ങുന്ന ഉണ്ണിയപ്പമാണ് പഴകിയ നിലയിൽ കണ്ടെത്തിയത്. വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിക്കുകയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP