Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിപ്പൂരിൽ ഇറങ്ങിയ വൈറസ് ബാധിതൻ കറങ്ങി നടന്നത് കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ; ജില്ലയിലെ സ്ഥിതി വിചിത്രമെന്ന് തുറന്ന് പറഞ്ഞ മുഖ്യമന്ത്രി വെളിപ്പെടുത്തിയത് കൊവിഡ്19 പ്രതിരോധത്തിനായി ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങളും; അഞ്ച് ദിവസം കൊണ്ട് നാട്ടിലാകെ കറങ്ങിയ കൊറോണ ബാധിതൻ അവതാളത്തിലാക്കിയത് കേരളത്തിന്റെ പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളെ; ഓഫീസുകളും ആരാധനാലയങ്ങളും അടച്ചിട്ട് സർക്കാർ പരിശ്രമിക്കുന്നത് സ്ഥിതി നിയന്ത്രണ വിധേയമാക്കാനും

കരിപ്പൂരിൽ ഇറങ്ങിയ വൈറസ് ബാധിതൻ കറങ്ങി നടന്നത് കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ; ജില്ലയിലെ സ്ഥിതി വിചിത്രമെന്ന് തുറന്ന് പറഞ്ഞ മുഖ്യമന്ത്രി വെളിപ്പെടുത്തിയത്  കൊവിഡ്19 പ്രതിരോധത്തിനായി ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങളും; അഞ്ച് ദിവസം കൊണ്ട് നാട്ടിലാകെ കറങ്ങിയ കൊറോണ ബാധിതൻ അവതാളത്തിലാക്കിയത് കേരളത്തിന്റെ പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളെ; ഓഫീസുകളും ആരാധനാലയങ്ങളും അടച്ചിട്ട് സർക്കാർ പരിശ്രമിക്കുന്നത് സ്ഥിതി നിയന്ത്രണ വിധേയമാക്കാനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സൂചന നൽകുന്നത് കാസർകോട് ജില്ലയിൽ അതീവ ജാഗ്രത എന്ന്. ആദ്യം കൊറോണ ബാധിതനായ വ്യക്തി ഒരുപാട് അലുകളുമായി സമ്പർക്കം പുലർത്തിയിരുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കർശനമായ മുൻകരുതലുകളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. കാസർകോട്ടെ സ്ഥിതി വിചിത്രമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്്. കാസർകോട് ജില്ലയിൽ മാത്രം ഇന്ന് ആറ് പേർക്കാർ കൊവിഡ്19 സ്ഥിരീകരിച്ചത്.

കാസർകോട് ജില്ലയിലെ സ്ഥിതിവിശേഷത്തെ കൂടുതൽ ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസർകോട്ടെ കാര്യം വിചിത്രമാണ്. കോവിഡ് ബാധിച്ചയാൾ കരിപ്പൂർ ഇറങ്ങി. ഇദ്ദേഹം പലയിടത്തും സന്ദർശനം നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. പൊതുപരിപാടികളിൽ എല്ലാം പങ്കെടുത്തു. ഇഷ്ടം പോലെ സഞ്ചരിച്ചിരിക്കുകയാണ്. കോവിഡ് ജാഗ്രതാനിർദ്ദേശങ്ങൾ പൊതുവേ സമൂഹം പാലിച്ചുവരികയാണ്. എന്നാൽ ചിലർ ചെയ്യുന്ന കാര്യങ്ങൾ നാടിന് തന്നെ വിനയായിരിക്കുകയാണ്. ഇതുമൂലം ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫീസുകൾ അടച്ചിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് ആദ്യം രോഗബാധ സ്ഥിരീകരിച്ചയാൾ നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. പല പരിപാടികളിൽ ഇയാൾ പങ്കെടുത്തു. അതിനാൽ തന്നെ രോഗവ്യാപനത്തിന്റെ സാധ്യത കൂടുതലാണ്. ജില്ലയിൽ എല്ലാ സർക്കാർ ഓഫീസുകളും ഒരാഴ്ചത്തേക്ക് അടച്ചിടണം. എല്ലാ ആരാധനാലയങ്ങളും ക്ലബ്ബുകളും രണ്ടാഴ്ച അടച്ചിടണം. കടകൾ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ തുറക്കാൻ പാടുള്ളൂ. നിയന്ത്രണങ്ങൾ ഉത്തരവായി പുറത്തിറങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയിൽ സ്ഥിരീകരിച്ച വിദേശ ടൂറിസ്റ്റുകൾക്ക് പുറമേ കാസർകോട് ആറു പേർ്ക്കും പാലക്കാട് ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. കാസർകോട്ടെ സ്ഥിതിവിശേഷം കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 44165 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 225 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷൻ വാർഡുകളിൽ കഴിയുകയാണ്. ഇന്നുമാത്രം 56 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് അയച്ച 3436 സാമ്പിളുകളിൽ 2393 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട്ടെ വൈറസ് ബാധിതൻ നിയമസംഭാംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി അടുത്തിടപഴകിയിരുന്നു. അഞ്ചുദിവസത്തിനിടെ വിവാഹച്ചടങ്ങുകളിൽ ഉൾപ്പെടെ വൈറസ് ബാധിതൻ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ട്. കൊറോണ ബാധ സംശയിച്ച് കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ എന്നിവരും നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച കാസർകോട് വൈറസ് ബാധ സ്ഥിരീകരിച്ച ആളുകളുമായി ഇവർ സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു.

മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് എംഎൽഎമാരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. കല്യാണങ്ങളിലും പൊതു പരിപാടികളിലുമാണ് എംഎൽഎമാർ രോഗബാധ സ്ഥിരീകരിച്ച ആളുമായി ഒരുമിച്ച് പങ്കെടുത്തത്. എം.സി ഖമറുദ്ദീനുമായി ഹസ്തദാനം നൽകുകയും ചെയ്തിരുന്നതായാണ് സൂചന.

കൊറോണ ബാധിതൻ അഞ്ച് ദിവസം കൊണ്ട് സന്ദർശിച്ചത് ഒട്ടേറെപ്പേരെ

ദുബായിൽ നിന്ന് മാർച്ച് 11ന് പുലർച്ചെ എട്ടുമണിയോടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ട ആൾ എത്തിയത്. തുടർന്ന് കോഴിക്കോട് ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. അടുത്ത ദിവസം രാവിലെ മാവേലി എക്സ്പ്രസിന്റെ എസ് 9 സ്ലീപ്പർ കോച്ചിലാണ് ഇയാൾ കോഴിക്കോടുനിന്ന് കാസർകോടേയ്ക്ക് പുറപ്പെട്ടത്. ഇതിനു ശേഷം അഞ്ച് ദിവസം കാസർകോട് നിരവധി സ്ഥലങ്ങളിൽ പോവുകയും നിരവധി പേരുമായി ഇടപെടുകയും ചെയ്തിട്ടുണ്ട്.

പിന്നീട് 16-ാം തീയതി കാസർകോട് ഒരു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇയാൾ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കുകയും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. മഞ്ചേശ്വരം, കാസർകോട് എംഎൽഎമാർ അടക്കം നിരവധി പേരുമായി ഇടപെട്ടിരുന്നു. ആരൊക്കെയായാണ് ഇടപെട്ടതെന്ന് കണ്ടെത്താനാണ് ശ്രമം.

ഈ മാസം 12-ന് രാവിലെ മാവേലി എക്സ്പ്രസിലാണ് കൊറോണ ബാധിച്ച കുഡ്‌ലു സ്വദേശി കാസർകോട്ടെത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അന്നു പുലർച്ചെ 3.40-നാണ് മാവേലി എത്തിയത്. ഈ സമയം ഇദ്ദേഹം കയറിയ എസ് 9 കോച്ചിലുണ്ടായിരുന്നത് 42 പേർ. കൊയിലാണ്ടിയിൽ 4.15-നും വടകരയിൽ 4.35-നും എത്തി. ഈ രണ്ടു സ്റ്റേഷനുകളിലും എസ് 9-ൽ ആരും കയറുകയോ അതിൽനിന്ന് ഇറങ്ങുകയോ ചെയ്തിട്ടില്ല.

മാഹിയിൽ 4.45-ന് എത്തി. അവിടെനിന്ന് എതാനും ചിലർ കയറി. ആരും ഇറങ്ങിയിട്ടില്ല. തലശ്ശേരിയിൽ പുലർച്ചെ അഞ്ചുമണിക്കെത്തി. കുറച്ചുപേർ കയറി. ആരും ഇറങ്ങിയില്ല. ഇവർ ജനറൽ കമ്പാർട്ടുമെന്റിലെ ടിക്കറ്റെടുത്തവരായിരുന്നു. അവർ ടി.ടി.ആറിനോട് പറഞ്ഞ് സ്ലീപ്പർ ടിക്കറ്റിന്റെ പണം കൊടുത്ത് അതേ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്തു. കണ്ണൂരിൽ പുലർച്ചെ 5.23-ന് എത്തി. കുറേപ്പേർ ഇറങ്ങുകയും ഏതാനും ചിലർ കയറുകയും ചെയ്തു. പഴയങ്ങാടിയിൽ 5.47-ന് എത്തി. ആരും കയറുകയോ ഇറങ്ങുകയോ ചെയ്തില്ല. ആറുമണിക്ക് പയ്യന്നൂരിൽ. ഒന്നോരണ്ടോ പേർ കയറി. ആരും ഇറങ്ങിയില്ല.

ചെറുവത്തൂരിലെത്തിയപ്പോൾ ആരും കയറുകയോ ഇറങ്ങുകയോ ചെയ്തില്ല. നീലേശ്വരത്ത് 6.33-ന് എത്തി. രണ്ടുപേർ കയറി. ജനറൽ കമ്പാർട്ട്‌മെന്റ് ടിക്കറ്റായതിനാൽ ഇവരെ അതിലേക്ക് മാറ്റി. 6.44-ന് കാഞ്ഞങ്ങാട്ടെത്തി. ഇവിടെയും കുറച്ചുപേർ ഇറങ്ങി. എ.സി. കമ്പാർട്ടുമെന്റിൽ കയറേണ്ട ഒരാൾ എസ് 9-ലേക്ക് മാറിക്കയറി. കാസർകോട്ട് 7.04-ന് എത്തി. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ കുറച്ചുപേർ ഇറങ്ങുകയും ഒന്നിലേറെപ്പേർ കയറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP