Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉമ്മൻ ചാണ്ടിയെന്ന സോഷ്യൽ ഫാസിസ്റ്റ്‌

ഉമ്മൻ ചാണ്ടിയെന്ന സോഷ്യൽ ഫാസിസ്റ്റ്‌

എം മാധവദാസ്

മരുമക്കളോടുള്ള വൈരാഗ്യംമൂലം തറവാടിന് തീകൊളുത്തിയ പഴയ നായർതറവാട്ടിലെ കാരണവരെയാണ് ഉമ്മൻ ചാണ്ടിയുടെ മദ്യനയം ഓർമ്മിപ്പിക്കുന്നത്. കേരളത്തിലെ 75ശതമാനത്തോളം ജനങ്ങളെ ബാധിക്കുന്ന ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച രീതി അമ്പരപ്പിക്കുന്നതാണ്.

മദ്യമേ വിഷമദ്യമേ.....
രാഷ്ട്രീയത്തിൽ എങ്ങനെയാണ് ഫാസിസ്റ്റുകൾ കടന്നുവരികയെന്നത് വലിയ ഗവേഷണം നടക്കുന്ന വിഷയമാണ്. ജനാധിപത്യ ഭരണകൂടത്തിൽ ഫാസിസത്തിന് കടന്നുവരാൻ കഴിയില്ലെന്നത് നമ്മൾ മൂന്നാംലോകത്തിന്റെ പൈങ്കിളി ധാരണമാത്രമാണ്. റിജിഡ് ഫാസിസ്റ്റുകളേക്കാൾ, ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്നുവെന്ന് വരുത്തിത്തീർക്കുന്ന സോഷ്യൽ ഫാസിസ്റ്റുകളാണ് അപകടം. ഹിറ്റ്‌ലർതൊട്ട് ബെൻയാമിൻ നെതനാഹ്യുവരെയും നമ്മുടെ നാട്ടിലെ 'സംഘികൾ' തൊട്ട് 'സുടാപ്പികൾവരെ' നീളുന്ന റിജിഡ് ഫാസിസിറ്റുകളെ എതിർക്കാൻ എളുപ്പമാണ്. അവർ അവരുടെ അജണ്ട യാതൊരു മറയുമില്ലാതെ പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ അവരറിയാതെ പുറത്തുവരും. എന്നാൽ സോഷ്യൽ ഫാസിസിറ്റുകൾ ചിരിച്ചുകൊണ്ട് കഴുത്തറക്കും. ഒറ്റവ്യക്തിയുടെ ഈഗോയുടെ പുറത്തുണ്ടായ തീരുമാനം, അതെത്ര അബദ്ധമാണെന്ന് അവർക്കുതന്നെ ബോധ്യമുണ്ടെങ്കിലും, അത് ഒരു ജനതയുടെമേൽ അടിച്ചേല്പിക്കും. മാത്രമല്ല, അത് ജന നന്മക്കായുള്ള ഒന്നാന്തരം പ്രവർത്തിയാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കയുംചെയ്യും. ആ രീതിയിൽ ഒന്നായിരുന്നു നമ്മുടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പുതിയ മദ്യനയം.

മദ്യനയത്തേക്കാൾ ഈ ലേഖകനെയൊക്കെ ഞെട്ടിച്ചത് അത് കൊണ്ടുവന്നതിലെ ഫാസിസ്റ്റ് തിയറിയാണ്. കേരളത്തിലെ 75ശതമാനത്തോളം ജനങ്ങളെ ബാധിക്കുന്ന ഒരു തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് വേണ്ടി വന്നത് എതാനും നിമിഷങ്ങൾമാത്രം. ഒരു പഠന റിപ്പോർട്ടിന്റെയോ, വിദഗ്ധ സമിതിയുടെയോ ശിപാർശ വേണ്ട. ടൈപ്പ് ചെയ്ത ഒരു തുണ്ടുകടലാസ് യു.ഡി.എഫ് യോഗത്തിൽ വായിക്കുന്നു; അമ്പരന്ന് കണ്ണുതള്ളിപ്പോയ എല്ലാവരും അത് അംഗീകരിക്കുന്നു. മദ്യം ഇല്ലാതാക്കണമെന്ന ആത്മാർഥമായ ആഗ്രഹത്തിന്റെ പുറത്താണെങ്കിൽ അത് പോട്ടേന്ന് വെക്കാം. ഇത് സുധീരനും, മാണിയും, ലീഗും കൂടി കൂറുമുന്നണിയുണ്ടാക്കുമെന്ന് ചീപ്പ് ഈഗോയുടെ പുറത്ത് സ്വന്തം നിലനില്പ് ഭദ്രമാക്കാനുള്ള നടപടി. അതും ശമ്പളവും പെൻഷനും കഴിഞ്ഞാൽ അരിക്കാശ് പോലും ബാക്കിയില്ലാത്ത രീതിയിൽ ഖജനാവ് കാലിയാവുന്ന കാലത്താണ് പതിനായിരത്തോളംകോടി രൂപ പുല്ലുപോലെ വേണ്ടെന്നുവച്ചത്. മരുമക്കളോടുള്ള വൈരാഗ്യംമൂലം തറവാടിന് തീകൊളുത്തിയ പഴയ നായർ തറവാട്ടിലെ കാരണവന്മ്മാരെയാണ് ഉമ്മൻ ചാണ്ടിയുടെ നടപടി ഓർമ്മിപ്പിക്കുന്നത്. (നഷ്ടമാവുന്ന വരുമാനം നികത്താൻ എന്തെങ്കിലും പോംവഴി നിർദേശിച്ചിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയെ അംഗീകരിക്കാമായിരുന്നു) ഇതിനെ കേരളത്തിലെ മാദ്ധ്യമങ്ങൾ വാഴ്‌ത്തുമ്പോൾ പേടിതോന്നുന്നു. ഇത്രക്ക് വാശിയും താൻപോരിമയും ഇമേജ് നിലനിർത്താനായി എന്തുംചെയ്യാമെന്ന സ്വാർഥതയും പ്രകടിപ്പിക്കുന്ന ഒരാൾ കേരളത്തെ ഭാവിയിൽ എങ്ങോട്ടാണ് നയിക്കുക.

ആദർശലഹരിയിൽ അവർ

മദ്യ നിരോധനമെന്ന ആശയം അപ്രായോഗികമാണെന്ന്, താഴത്തങ്ങാടി ചന്തയിൽനിന്ന് രാഷ്ട്രീയം പഠിച്ച ഉമ്മൻ ചാണ്ടിക്കെന്നല്ല,കേരളത്തിലെ ഓരോ ഖദർധാരിക്കും നന്നായറിയാം. എന്നാൽ മത മേലധ്യക്ഷന്മാരും മീഡിയയും ഉണ്ടാക്കുന്ന പൊതുബോധത്തിൽ നിന്ന് മാറിച്ചിന്തിക്കാനുള്ള ധൈര്യം അവർക്കില്ല. നമ്മളേക്കാൾ എത്രയോ ശക്തവും സുസംഘടിതവുമായ പൊലീസ് സംവിധാനവും സിവിൽ ഭരണകൂടവുമുള്ള അമേരിക്കയിൽ 1920 ൽ ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന മദ്യ നിരോധനം പീന്നീട് എടുത്തുകളയേണ്ടിവന്നു. അപ്പോളെക്കും ഒരു ഗുണമുണ്ടായി. രാജ്യം ഇറ്റലിയിലെ സിസിലിയിൽ നിന്ന് കുടിയേറിയ മാഫിയകളുടെ കൈയിലായി. മാഫിയ എന്ന വാക്കുതന്നെ പ്രശസ്തമാവുന്നത് അമേരിക്കൻ മദ്യനിരോധന കാലത്താണ്. ലോകത്തിലെ ആദ്യത്തെ അധോലോക രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന ( മാഫിയയുടെ ഭാഷയിൽ ബോസ് ഓഫ് ദി ബോസസ്) ലക്കി ലൂസിയാനൊ ഉണ്ടാകുന്നത് ഇക്കാലത്താണ്. പിന്നീട് ലോകത്തെ വിറപ്പിച്ച കപ്പോണും ( 'ഗോഡ്ഫാദർ' സിനമയിൽകാണുന്നത് ഇദ്ദേഹത്തിന്റെ ജീവിതമാണ്) മദ്യംകടത്തി കോടികൾ സമ്പാദിച്ചാണ് മറ്റ് അധോലാക പ്രവർത്തനങ്ങളിലേക്ക് തിരയുന്നത്. ഇന്ത്യയിൽതന്നെ മുംബെയിലെ മദ്യനിരോധത്തിന് ചുവടുപിടിച്ചാണ് ആദ്യകാല അധോലോക നേതാക്കളായ ഹാജിമസ്താൻ തൊട്ട് വരദരാജ മുതലിയാർവരെ പിടിച്ചുനിന്നത്. ഈ മസ്താനാണ് അന്ന് കൊച്ചു ഖില്ലാടിയായിരുന്നു ദാവൂദ് ഇബ്രാഹീമിന്റെ കൈയിൽ ആദ്യമായി ഒരു തോക്ക് വച്ചുകൊടുക്കുന്നത് എന്നതുകൂടി നോക്കുമ്പോൾ മദ്യനിരോധത്തിന്റെ പാർശ്വഫലങ്ങൾ വ്യക്തമാണ്.
ഗാന്ധിജിയുടെയും മോദിജിയുടെയും നാടായ മദ്യ നിരോധിത ഗുജറാത്തിൽ പെട്ടിക്കടകളില്പോലും ലഹരി സുലഭം. പിന്നെയാണോ മംഗലശ്ശേരി നീലകണ്ഠന്റെ പോലെ, വിലക്കുന്നത് ചെയ്യാനുള്ള ത്വര ജന്മനായുള്ള സമൂഹമായ മലയാളികളുടെ കാര്യം. കേരളത്തിൽ തന്നെ 1967ൽ മലബാറിലടക്കം ഉണ്ടായിരുന്ന മദ്യ നിരോധം പിൻവലിച്ചത് അത് പ്രായോഗികമല്ലെന്ന് വ്യക്തമായി ബോധ്യമായതിനാലാണ്. മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിൽ ഇപ്പോഴും അത് സുലഭമാണ്.

സർക്കാറിന് കോടികൾ പോയിക്കിട്ടിയെന്ന് മാത്രമല്ല കേരളത്തെ മാഫിയാരാജിലേക്ക് തള്ളിവിടുന്നതുമാണ് ഈ തീരുമാനമെന്ന് ഉമ്മൻ ചാണ്ടിക്ക് നന്നായറിയാം. സുധീരനെപ്പോലെ ആദർശം തലക്കുപിടിച്ചവർക്കുമറിയാം. (ലഹരിയേക്കാൾ മാരകമായ ആദർശഭ്രമം, ആൾദൈവ സംസ്‌ക്കാരം എന്നിവ നിരോധിക്കാൻ വകുപ്പുണ്ടാവുമോ?)എന്നിട്ടും അവർ ജനങ്ങളെ പറ്റിക്കുന്നു. സുധീരനു വേണ്ടിയിരുന്നത് അടുത്ത മുഖ്യമന്ത്രിപദത്തിലത്തൊൻ ഉമ്മൻ ചാണ്ടിയെ കുരുക്കയായിരുന്നു. പക്ഷേ കുതന്ത്രങ്ങളുടെ മാർപ്പാപ്പയായ ഉമ്മൻ ചാണ്ടി സകല ബാറുകളും പൂട്ടാൻ ഉത്തരവിട്ട് ഏവരെയും കടത്തിവെട്ടി. നിരോധനത്തിന്റെ നായകനെന്ന രീതിയിൽ ഉമ്മൻ ചാണ്ടിക്ക് പൂച്ചെണ്ട്; മദ്യദുരന്തവും മാഫിയാരാജുമുണ്ടായാൽ പഴി സുധീരന്. ഇത് ചെന്നിത്തലക്കും ലീഗിനുമൊക്കെയുള്ള മുന്നറിയിപ്പാണ്. എന്റെ സമ്മതത്തോടെയോ, മൗനാനുവാദത്തോടെയോ നിങ്ങൾ എന്ത് അഴിമതിയോ, തോന്നിവാസമോ നടത്തിക്കോളൂ, ഞാൻ കൂട്ടുണ്ടാവും. (ഗണേഷ്‌കുമാറിന് തല്ലുകിട്ടിയതുതൊട്ട് പ്‌ളസ്ടു അഴിമതിവരെ ന്യായീകരിച്ചയാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന് ഓർക്കണം) പക്ഷേ എന്റെ മുകളിൽ കയറിക്കളിച്ചാൽ ഈ വള്ളം ഞാൻ മുക്കും. ഇനി അടുത്തകാലത്തൊന്നും ഉമ്മൻ ചാണ്ടിയോട് മുട്ടാൽ കെല്പില്ലാതെ എതിരാളികൾ നിസ്‌തേജരായെന്ന് ചുരുക്കം. യു.ഡി.എഫ് യോഗം കഴിഞ്ഞ് ചോരവാർന്നുപോയ രീതിയിൽ ഇറങ്ങിവരുന്നു സുധീരന്റെയും മാണിയുടെയും മുഖങ്ങൾ നൽകുന്ന സൂചന അതാണ്.

കുംഭകോണങ്ങളുടെ തമ്പുരാൻ

നെയ്മർ കേരളത്തിലേക്കെന്ന വ്യാജവാർത്തകേട്ടപ്പോൾ ഒരു വിരുതൻ ഫേസ്‌ബുക്കിൽ കമന്റ് ചെയ്തതോർക്കുന്നു. 'ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ കേരളമുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത് നട്ടെല്ലിന്റെ ചികിൽസക്കായിരിക്കില്ല, ചിലപ്പോൾ നട്ടെല്ലില്ലാതെയും എങ്ങനെ ജീവിക്കാം എന്ന് പഠിക്കുന്നതിനായിരിക്കാം.'

കേരളത്തിലെ ഒരുമുഖ്യമന്ത്രിയും നേരിടാത്തത്ര നാണംകെട്ട ആരോപണങ്ങളുണ്ടായിട്ടും, ആസനത്തിൽ ആൽമുളച്ചവനെപ്പോലെ പിടിച്ചുനിലക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ 'മിടുക്ക്' സോഷ്യാപൊളിറ്റിക്കൽ വിദ്യാർത്ഥികളൊക്കെ ഗവേഷണം ചെയ്യേണ്ടതാണ്. മന്ത്രിസഭയിലെ അംഗങ്ങൾക്കുനേരെ ലൈംഗിക ആരോപണം വന്ന സോളാർ കേസൊക്കെ ഒതുക്കിയ പ്രൊഫഷണൽ 'മിടുക്ക്' നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിൽ ഈ നാട് എന്നേ രക്ഷപ്പെട്ടേനെ. ശ്രീധരൻനായരുടെ മൊഴിയെത്തുടർന്ന് ആപ്പിലായപ്പോൾ ഇപ്പോൾ രാജിവെക്കുമെന്നു കരുതിയവരെയെല്ലാം അമ്പരപ്പിച്ച് എങ്ങനെ വീണാലും നാലുകാലിൽ നിൽക്കാനറിയാമെന്ന് അദ്ദേഹം തെളിയിച്ചു. ഈ രാഷ്ട്രീയ ഉളുപ്പില്ലായ്മയെ മുഖമടച്ച് വിമർശിക്കുന്നതിനുപകരം 'തന്ത്രം' എന്ന് പേരിട്ടാണ് മീഡിയ പുറം ചൊറിഞ്ഞു കൊടുക്കുന്നത്. രാഷ്ട്രീയസാംസ്‌ക്കാരിക നിരൂപകനായ അഡ്വക്കേറ്റ് ജയശങ്കർ ചൂണ്ടിക്കാട്ടിയപോലെ, ഉമ്മൻ ചാണ്ടിയേയും കുടുംബത്തെക്കുറിച്ചുമൊക്കെ നാട്ടുകാർ ചായക്കടയിൽ നിന്ന് പറയുന്നതൊക്കെ കേട്ടാൽ നാണിച്ചുപോകും. മുഖ്യമന്ത്രിയുടെ കൂടെ പെട്ടിപ്പിടിച്ചു നടക്കുന്ന പാവം പയ്യൻ കുരുവിള ഉൾപ്പെടെയുള്ളവർ എങ്ങനെയാണ് കോടീശ്വരന്മ്മാരായത്. ജോപ്പനും കോപ്പനും ജിക്കുമോനുമൊക്കെ എത്രപേരെ പറഞ്ഞുപറ്റിച്ച് തെരുവാധാരമാക്കി. മുത്തൂറ്റ് അടക്കമുള്ളവർക്ക് ഉമ്മൻ ചാണ്ടി കുടുംബവുമായുള്ള ബന്ധംതൊട്ട് സലീംരാജ് എങ്ങനെയാണ് അദ്ദേഹത്തെ ബ്‌ളാക്ക്‌മെയിൽചെയ്യുന്നത് എന്നതുവരെ അങ്ങാടിപ്പാട്ടാണ്. (കടകംപള്ളി ഭൂമി തട്ടിപ്പൊക്കെ പഠിച്ചുനോക്കിയാൽ നടുങ്ങിപ്പോവും. വർഷങ്ങളായി ഒരു പ്രദേശത്തുതാമസിക്കുന്നവരോട് ഒരു സുപ്രഭാതത്തിൽ അധികൃതർ പറയുന്നു, ഇതിന് കരമടക്കാൻ കഴിയില്ല ഇത് തർക്ക ഭൂമിയാണെന്ന്. സലീംരാജിന് ആ ഭൂമിയിൽ കണ്ണുവെന്നതോടെ അത് തർക്കഭൂമിയാവുന്നു. സനിമയിൽ മാത്രമേ മുമ്പ് ഇത്തരം മാഫിയകളെ കേരളം കണ്ടിട്ടുള്ളൂ) മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന കടുത്ത പരാമർശമല്ല, നാളെ ഉമ്മൻ ചാണ്ടിതന്നെയാണോ, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് ചോദിച്ചാലും അദ്ദേഹത്തിന് കുലുക്കമുണ്ടാവില്ല. ഇതിന് തൊലിക്കട്ടിയെന്നല്ല പറയുക.
ഇതിന്റെ മറ്റൊരു രൂപമാണ് ഈഗൊ. എന്നെ കുടുക്കാൻ ശ്രമിച്ചാൽ എല്ലാറ്റിനേയും കൊണ്ടേ ഞാൻപോവൂ എന്ന വാശി. ഇനി നാളെ അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്‌കൂളുകളെപ്പറ്റി ഇതുപോലൊരു തർക്കമുണ്ടാവുകയാണെന്ന് കരുതുക. മാതൃഭാഷയായ മലയാളത്തെ സംരക്ഷിക്കുന്ന കേരളാ സിലബസാണ് നമുക്കുവേണ്ടതെന്ന് വി എം സുധീരൻ നിലപാടെക്കും. സ്വാഭാവികമായി പത്രങ്ങളും ചാനലുകളും അതേറ്റ് പിടിക്കും. കോൺഗ്രസിലും യു.ഡി.എഫിലും വലിയ തർക്കമാവുന്നു. ഉമ്മൻ ചാണ്ടിയും കൂട്ടരും സി.ബി.എസ്.ഇക്കാരിൽ നിന്ന് പണം വാങ്ങിയെന്ന് സുധീരനുംകൂട്ടരും പറഞ്ഞു പരത്തുന്നു. ഭാഷാ സ്‌നേഹികളും ഭാഷാദ്രോഹികളും എന്ന നിലയിലേക്ക് തർക്കം വളരുന്നു. അപ്പോൾ ചാണക്യനായ ഉമ്മൻ ചാണ്ടി എന്തുചെയ്യും. കേരളസിലബസിൽ അടക്കംപ്പെടുന്ന മുഴുവൻ ഇംഗ്‌ളീഷ് മീഡയം സ്‌കൂളുകളുടെയും അംഗീകാരം റദ്ദാക്കിക്കൊണ്ടുള്ള കുറുപ്പടി പോക്കറ്റിൽ നിന്നെടുത്ത് വായിച്ച്, മൊത്തം യു.ഡി.എഫ് നേതാക്കളെയും ബ്‌ളീച്ചാക്കും.! ഇത് കേരളമെന്ന വെള്ളരിക്കാപ്പട്ടണമാണ്. എന്തും സംഭവിക്കാം.

വാൽക്കഷ്ണം: പത്തുപതിനഞ്ച് വർഷങ്ങൾക്കുമുമ്പ് മലബാറിലുണ്ടായ ഒരു വാഹനാപകടത്തിൽ ബസിന്റെ മുൻസീറ്റുകളിൽ യാത്രചെയ്യുകയായിരുന്നു നിരവധി സ്ത്രീകൾ മരിച്ചു. ഇതോടെ സർക്കാർ പുതിയ ഉത്തവരിറക്കി. ഇനി മുതൽ സ്ത്രീകൾ ബസിന്റെ പിൻവാതിലിലൂടെ കയറണമെന്ന്. പ്രൈവറ്റ് ബസുകളിൽ വനിതാ സംവരണസീറ്റുകൾ മുന്നിൽനിന്ന് പിന്നിലേക്ക് മാറ്റി. ഇത് വലിയ അസൗകര്യമാണെന്ന് ആരൊക്കെ പറഞ്ഞിട്ടും അധികൃതർ കേട്ടില്ല. അപ്പോഴതാ മറ്റൊരപകടത്തിൽ ഒരു ലോറി ബസിന് പിന്നിലിടിച്ച് നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. അതോടെ ബസുകളിലെ സീറ്റ് പഴയപോലെ മുൻഭാഗത്തേക്കാക്കി ഉത്തരവായി! സർക്കാർ കാര്യം മുറപോലെയെന്ന് പറയുന്നത് ഇതിനാണ്. മദ്യനിരോധവും എന്താവുമെന്ന് നമുക്ക് കാത്തിരുന്ന് കാണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP