Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുരുഷ സുഹൃത്തുമൊത്ത് സിനിമ കണ്ട ശേഷം വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിന്ന നിർഭയ; രാത്രിയിൽ മറ്റ് വണ്ടികളില്ലാത്ത സാഹചര്യം മുതലെടുത്ത നരാധമന്മാർ; റൂട്ട് മാറിയുള്ള ബസ് യാത്രയെ ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരനെ അടിച്ചു വീഴ്‌ത്തി; പിന്നെ ബസിനുള്ളിൽ ക്രൂര പീഡനം; ജീവച്ഛവാക്കി രണ്ട് പേരെയും വലിച്ചെറിഞ്ഞത് ആൾപാർപ്പില്ലാത്താ ഭാഗത്ത്; സിംഗപ്പൂരിലെ മരണം ആളിക്കത്തിച്ചത് പ്രതിഷേധം; ഒടുവിൽ പ്രതികളെ 'ദൈവത്തെ കാണിച്ച് നീതിപീഠം': നിർഭയ കേസിൽ നിറയുന്നത് കുറ്റവാളികളുടെ ക്രൂര മനസ്സ് തന്നെ

പുരുഷ സുഹൃത്തുമൊത്ത് സിനിമ കണ്ട ശേഷം വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിന്ന നിർഭയ; രാത്രിയിൽ മറ്റ് വണ്ടികളില്ലാത്ത സാഹചര്യം മുതലെടുത്ത നരാധമന്മാർ; റൂട്ട് മാറിയുള്ള ബസ് യാത്രയെ ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരനെ അടിച്ചു വീഴ്‌ത്തി; പിന്നെ ബസിനുള്ളിൽ ക്രൂര പീഡനം; ജീവച്ഛവാക്കി രണ്ട് പേരെയും വലിച്ചെറിഞ്ഞത് ആൾപാർപ്പില്ലാത്താ ഭാഗത്ത്; സിംഗപ്പൂരിലെ മരണം ആളിക്കത്തിച്ചത് പ്രതിഷേധം; ഒടുവിൽ പ്രതികളെ 'ദൈവത്തെ കാണിച്ച് നീതിപീഠം': നിർഭയ കേസിൽ നിറയുന്നത് കുറ്റവാളികളുടെ ക്രൂര മനസ്സ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ''നിങ്ങളുടെ കക്ഷികൾക്ക് ദൈവത്തെ കാണാനുള്ള സമയമായി. വെറുതെ സമയം കളയരുത്'' എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കുറ്റവാളികളുടെ ഹർജി തള്ളിയത്. വീണ്ടും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും കുറ്റവാളികളുടെ വാദങ്ങൾ കഴമ്പില്ലാത്തതിനാൽ തള്ളി. അങ്ങനെ നിർഭയയിൽ വിധി നടപ്പായി. അവസാന മണിക്കൂറുകളിൽ പോലും അരങ്ങേറിയ നാടകീയ നിയമയുദ്ധങ്ങൾക്കൊടുവിലാണ് നിർഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റുന്നത്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്. മുകേഷ് കുമാർ സിങ് (32), അക്ഷയ് താക്കൂർ (31), വിനയ് ശർമ (26), പവൻ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലർച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്. പ്രാർത്ഥിക്കാനായി 10 മിനിറ്റ് നൽകുന്നതടക്കം എല്ലാ നടപടിക്രമങ്ങൾക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റി. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുവർണ്ണ നിമിഷമാണ് ഇത്.

രാജ്യം ഒന്നാകെ കുറ്റവാളികൾക്കെതിരെ അണിനിരന്ന കേസിൽ മരണവാറണ്ട് പുറപ്പെടുവിക്കപ്പെട്ടിട്ടും കുറ്റവാളികൾ അവസാന നിമിഷം വരെയും തങ്ങളുടെ അനിവാര്യമായ മരണം വൈകിപ്പിക്കാൻ വേണ്ടി പലതിനും ശ്രമിച്ചു. 2012 ഡിസംബർ 16ന് ഡൽഹിയിലാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്‌ത്തിയ ക്രൂരബലാത്സംഗം നടന്നത്. രാത്രി 12 മണിക്കാണ് മുനിർകാ ബസ് സ്റ്റാൻഡിൽ നിന്ന് പാരാമെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന നിർഭയ പെൺകുട്ടി സുഹൃത്തിനൊപ്പം ബസിൽ കയറിയത്. പിന്നീട് ആ ബസിൽ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളായിരുന്നു. ഒടുവിൽ പെൺകുട്ടിയെയും സുഹൃത്തിനെയും ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് സംഘം കടന്നു കളഞ്ഞു. രാജ്യം മുഴുവൻ നിർഭയയുടെ നീതിക്കായി അണിനിരന്നു. വിചാരണകൾക്കൊടുവിൽ 2013 സെപ്റ്റംബർ 13നാണ് പ്രതികളായ മുകേഷ്, വിനയ്, അക്ഷയ്, പവൻ എന്നിവർക്ക് അഡീഷണൽ സെഷൻസ് ജഡ്ജ് യോഗേഷ് ഖന്ന വധശിക്ഷ വിധിക്കുന്നത്. വിധി നടപ്പാകൽ പിന്നേയും നീണ്ടു.

ഒടുവിൽ ജസ്റ്റിസ് ആർ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ് പ്രതികൾ അവർക്ക് ലഭ്യമായ എല്ലാ നിയമ മാർഗ്ഗങ്ങളും സ്വീകരിച്ചു കഴിഞ്ഞതായി ഇന്നലെ സ്ഥിരീകരിച്ചത്. അതിന് ശേഷവും ഹർജികളുമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കുറ്റവാളികളുടെ അഭിഭാഷകർ എത്തിയെങ്കിലും രാജ്യത്തിന്റെ വേദനയ്‌ക്കൊപ്പം നീതി പീഠങ്ങളും നിന്നു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനും അതിന്മേൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിനും രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ ഏറെ ദുർബലമാണെന്ന ചർച്ചകൾക്ക് തുടക്കമിട്ട നിർഭയ കേസിൽ നീതി നടപ്പാകുമ്പോൾ പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ നിർഭയ കേസിലെ പ്രതികളിൽ ഏറ്റവും അപകടകാരിയായ ആൾ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ടത് ഇപ്പോഴും ചർച്ചാ വിഷയമാണ്.

2012 ഡിസംബർ 16നു സിനിമ കണ്ട് തെക്കൻ ഡൽഹിയിലെ സാകേതിൽനിന്നു താമസ സ്ഥലമായ ദ്വാരകയിലേക്കു മടങ്ങിയ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിയാണ് നിർഭയ. രാത്രിയിൽ മറ്റുവാഹനങ്ങളൊന്നും ലഭിക്കാതെ നിന്നിരുന്ന വിദ്യാർത്ഥിയെയും സുഹൃത്തിനെയും പതിവ് സർവീസ് നടത്തുന്ന ബസാണെന്നു തെറ്റിധരിപ്പിച്ച് മുനീർക്കയിൽനിന്നു ബസ് ജീവനക്കാർ വിളിച്ചു കയറ്റുകയായിരുന്നു. സാധാരണ റൂട്ട് മാറി ബസ് യാത്ര ചെയ്യാൻ തുടങ്ങിയതോടെ എതിർപ്പുമായി എഴുന്നേറ്റ പുരുഷ സുഹൃത്തിനെ അടിച്ചുവീഴ്‌ത്തിയ ആറു പേർ പെൺകുട്ടിയെ കൊല്ലാകൊല ചെയ്തു. 40 മിനിറ്റിലേറെ ഡ്രൈവർ അടക്കമുള്ളവർ പൈശാചികമായ രീതിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് ജീവച്ഛവമായ അവസ്ഥയിൽ ഓടുന്ന ബസിൽനിന്ന് ആൾപ്പാർപ്പില്ലാത്ത ഭാഗത്തേക്കു ഇരുവരെയും വലിച്ചെറിഞ്ഞു.

മരണത്തോടു മല്ലടിച്ച ഇവരെ അർധരാത്രിയോടെ ആളുകൾ കണ്ടെത്തുകയും പൊലീസിനെ വിളിച്ചു വരുത്തി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നെ നിർഭയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലായി രാജ്യം. ജീവൻ രക്ഷിക്കാൻ വിദേശത്തേക്കും ആ പെൺകുട്ടിയെ കൊണ്ടു പോയി. ഡിസംബർ 27നു അതീവ ഗുരുതരാവസ്ഥയിൽ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. 29നു പുലർച്ചെ 2.15നു മരണത്തിനു കീഴടങ്ങി. ഇതോടെ പ്രതിഷേധം പുതു തലത്തിലെത്തി. അമ്മമാർ തെരുവിൽ എത്തി. ജനങ്ങൾ വലിയ പ്രതിഷേധവുമായി ഡൽഹിയിലെ കേന്ദ്ര ഭരണ സിരാകേന്ദ്രങ്ങളിലേക്ക് ഒഴുകി. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പേരും കൊടിയുമൊന്നുമില്ലാതെ സ്ത്രീകൾ ഒരുമിച്ചു.

ഒടുവിൽ നിലവിലുള്ള നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനു സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ജെ.എസ്. വർമയുടെ നേതൃത്വത്തിൽ കമ്മീഷൻ രൂപീകരിക്കുകയും കേസിന്റെ വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിക്കുകയും ചെയ്തു. ബസ് ഡ്രൈവർ രാം സിംഗിനെ ഡൽഹിയിൽനിന്നും സഹോദരൻ മുകേഷ് സിംഗിനെ രാജസ്ഥാനിൽനിന്നും വിനയ് ശർമ, പവൻ ഗുപ്ത എന്നിവരെ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നും സംഭവ സമയത്ത് കൗമാരക്കാരനായിരുന്ന പ്രതിയെ ഡൽഹിയിലെ ആനന്ദ് വിഹാറിൽ നിന്നും അക്ഷയ് ഠാക്കൂറിനെ ഔറംഗാബാദിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

ഇവർ ആറു പേരും ചേർന്ന് ഒരാളുടെ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ചെന്നു കേസ് നൽകിയെങ്കിലും നടപടിയെടുത്തിരുന്നില്ല. ഹൗസ്ഖാസ്, വസന്ത് വിഹാർ പൊലീസ് സ്റ്റേഷൻ അതിർത്തി സംബന്ധിച്ച തർക്കമായിരുന്നു കാരണം.2013 ജനുവരി 17ന് ആരംഭിച്ച അതിവേഗ കോടതിയിലെ വിചാരണ 130 ദിവസം നീണ്ടു. നാലു പ്രതികളെയും തൂക്കിലേറ്റാൻ 2013 സെപ്റ്റംബർ 13നു വിധിച്ചു. അതിനിടെ ബസ് ഡ്രൈവർ രാം സിങ് 2013 മാർച്ച് 11നു തിഹാർ ജയിലിൽ തൂങ്ങിമരിച്ചു. സംഭവസമയത്ത് കൗമാരക്കാരനാണെന്നു കണ്ടെത്തിയ കുട്ടിക്കുറ്റവാളിയെ മൂന്നു വർഷത്തേക്കു ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കാനാണ് ജുവനൈൽ ജസ്റ്റീസ് ബോർഡ് വിധിച്ചത്. കുട്ടിക്കുറ്റവാളിയാണ് നിർഭയയോട് ഏറ്റവും ക്രൂരമായ രീതിയിൽ പെരുമാറിയതെന്ന് ഏറെ പ്രചാരണമുണ്ടായെങ്കിലും അന്നത്തെ ഡൽഹി പൊലീസ് കമ്മീഷണർ നീരജ് കുമാർ അടക്കമുള്ളവർ ഇക്കാര്യം നിഷേധിച്ചിരുന്നു.

അക്രമികളെ കുടുക്കിയത് സിസിടിവി

2012 ഡിസംബർ 16-ന് രാത്രി 10.30-നാണ് നിർഭയയും സുഹൃത്തും ഈ ബസ് സ്റ്റോപ്പിൽ എത്തിയത്. തൊട്ടടുത്തുള്ള മാളിലെ തിയേറ്ററിൽ സിനിമ കണ്ടതിനുശേഷം ദ്വാരകയിലുള്ള വീട്ടിലേക്ക് മടങ്ങാനായി വാഹനം തേടിയെത്തിയതാണ് ഇരുവരും. സമയം വൈകിയതിനാൽ ഓട്ടോറിക്ഷ തിരഞ്ഞെങ്കിലും കിട്ടിയില്ല. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ബസ് വന്നു നിന്നു. വെളുത്ത നിറം പൂശിയ സ്വകാര്യബസ്. ഇരുവരും കയറി. സമയം അപ്പോൾ 10.40. ബസിൽ ജീവനക്കാരല്ലാതെ മറ്റ് യാത്രക്കാരുണ്ടായിരുന്നില്ല.

മുനീർകയിൽനിന്ന് ബസ് ഔട്ടർ റിങ് റോഡിലൂടെ യാത്ര തുടങ്ങുമ്പോഴേക്കും പെൺകുട്ടിക്കും സുഹൃത്തിനും നേരെ ബസ് ജീവനക്കാർ അക്രമം ആരംഭിച്ചിരുന്നു. ബസ് റാവു തുലാറാം മാർഗ് ഫ്‌ളൈ ഓവറിനടുത്ത് എത്തിയപ്പോൾ ഇടത്തേക്ക് തിരിഞ്ഞ് ദേശീയ പാത എട്ടിൽ കയറി. വിമാനത്താവളത്തിലേക്കുള്ള റോഡാണിത്. ഈ റോഡിലൂടെ മഹിപാൽപുർ എന്ന പ്രദേശത്തേക്ക് ബസ് ഓടി. പെൺകുട്ടി ഏറ്റവും കൂടുതൽ പീഡനത്തിന് ഇരയായ യാത്രയും സമയവും ഇവിടെയാണ്.

വിമാനത്താവളത്തിനടുത്ത്, ഹോട്ടലുകളുടെ കേന്ദ്രമായ (ഹോട്ടൽ ഗലി)മഹിപാൽപുരിൽ എത്തിയപ്പോൾ ബസ് യു ടേൺ എടുത്ത് വലത്തോട്ട് കടന്നു. വീണ്ടും ദേശീയപാത എട്ടിലെ വൺവേ റോഡിലൂടെ, പുറപ്പെട്ട സ്ഥലം ലക്ഷ്യമാക്കിയുള്ള യാത്ര. പീഡനത്തിനുള്ള സൗകര്യത്തിനായി അലക്ഷ്യമായുള്ള യാത്രയായിരുന്നു നടത്തിയത്. ഈ റോഡിൽ വലതുഭാഗത്ത് ഒട്ടേറെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും സ്വകാര്യഫാം ഹൗസുകളുമുണ്ടെങ്കിലും രാത്രിയിൽ ആളൊഴിഞ്ഞിരുന്നതിനാൽ അക്രമം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. (എന്നാൽ, ഈ ഫാം ഹൗസുകളിലൊന്നിൽ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി. ക്യാമറയിൽ ബസിന്റെ ദൃശ്യങ്ങൾ പതിഞ്ഞതാണ് അന്വേഷണത്തിന് പിന്നീട് തുമ്പു നൽകിയത്).

ബസ് അല്പദൂരം മുന്നോട്ടുപോയതിനുശേഷം വീണ്ടും മഹിപാൽപുരിലേക്ക് മടങ്ങി. മഹിപാൽപുരിലെത്തി വീണ്ടും യു ടേൺ എടുത്ത് ദ്വാരകദിശയിലേക്ക് തിരിഞ്ഞു. കുറച്ചു ദൂരം പിന്നിട്ട ശേഷം വിജനമായ ഇരുട്ടിലേക്ക് മൃതപ്രായരായ പെൺകുട്ടിയെയും സുഹൃത്തിനെയും തള്ളിയിട്ടു. അക്രമങ്ങൾക്കും കൊടിയ പീഡനങ്ങൾക്കുമിരയായ പെൺകുട്ടിയെയും സുഹൃത്തിനെയും വഴിയിൽ ഉപേക്ഷിച്ച് ബസുമായി അക്രമികൾ ദ്വാരക റോഡ്, ഔട്ടർറിങ് റോഡ് വഴി ആർ.കെ.പുരം സെക്ടർ മൂന്നിലുള്ള രവിദാസ് ക്യാമ്പിലെത്തി. ഈ കോളനിയിലായിരുന്നു അക്രമികൾ താമസിച്ചിരുന്നത്. ബസ് കോളനിക്കുള്ളിൽ ഇട്ട ശേഷം അവർ വീടുകളിലേക്ക് മടങ്ങി. പ്രതികളിലൊരാളെ പൊലീസ് പിടികൂടിയത് ഈ കോളനിയിൽ നിന്നാണ്.

നാലു പ്രതികൾക്കും വധശിക്ഷ വിധിച്ചത് 2014 മാർച്ച് 13നു ഹൈക്കോടതിയും 2017 മെയ്‌ അഞ്ചിനു സുപ്രീംകോടതിയും വിചാരണ കോടതി ഉത്തരവ് ശരിവച്ചു. മൂന്നു പ്രതികൾ നൽകിയ പുനഃപരിശോധന ഹർജികൾ 2018 ജൂലൈ ഒൻപതിനും നാലാമൻ നൽകിയ പുനഃപരിശോധന ഹർജി 2019 നവംബറിലും സുപ്രീംകോടതി തള്ളി. പിന്നേയും വിധി നടപ്പായില്ല. തന്ത്രങ്ങളുമായി പ്രതികൾ മുമ്പോട്ട് പോയി. 2019 നവംബർ എട്ടിനു പ്രതി വിനയ് ശർമ നൽകിയ ദയാഹർജി 2020 ജനുവരി ആറിനു രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. മുകേഷ്, വിനയ് എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി ജനുവരി 14നും അക്ഷയ് നൽകിയ തിരുത്തൽ ഹർജി ജനുവരി 30നും തള്ളി.

മുകേഷ് കുമാർ നൽകിയ ദയാഹർജി ജനുവരി 17നും വിനയ് ശർമയുടെ ദയാഹർജി ഫെബ്രുവരി ഒന്നിനും അക്ഷയ് കുമാറിന്റെ ഹർജി ഫെബ്രുവരി അഞ്ചിനും രാഷ്ട്രപതി തള്ളി.മൂന്നു തവണ ഡൽഹി കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചു, ജനുവരി 22നും ഫെബ്രുവരി ഒന്നിനും മാർച്ച് മൂന്നിനും. പ്രതികൾ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകിയതോടെ മരണവാറണ്ട് സ്റ്റേ ചെയ്തു. ഒടുവിൽ പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജിയും ദയാഹർജിയും അടുത്തിടെ തള്ളിയതോടെയാണ് ശിക്ഷ ഇന്നു നടപ്പിലാക്കുന്നതിനായി പുതിയ മരണവാറണ്ട് ഡൽഹി കോടതി പുറപ്പെടുവിച്ചത്. അത് അട്ടിമറിക്കാൻ ആർക്കും ആയില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP