Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ 65 ലക്ഷം പേർക്ക് കോവിഡ് ബാധ ഉണ്ടായേക്കാം; 15 ശതമാനം പേർക്ക് ആശുപത്രിവാസവും 25 ശതമാനം പേർക്ക് ഐസിയുവും വേണ്ടി വരും; 37,021 കിടക്കകൾ ഉള്ള കേരളത്തിൽ സ്റ്റേഡിയങ്ങളിലും സ്‌കൂളുകളിലുമൊക്കെ താത്ക്കാലിക സൗകര്യങ്ങൾ ഒരുക്കണം; ഐഎംഎയുടെ പേരിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ട് തള്ളി ഐഎംഎ നേതൃത്വം; പരിഭ്രാന്തി പരത്തിയ കത്തു നൽകിയ രാജീവ് ജയദേവനെതിരെ എതിർപ്പും ശക്തം; അവസാനമാകുന്നതുകൊറോണയുടെ പേരിൽ ഐഎംഎയെ ഉൾപ്പെടുത്തി നടന്ന വ്യാജ പ്രചാരണം

കേരളത്തിൽ 65 ലക്ഷം പേർക്ക് കോവിഡ് ബാധ ഉണ്ടായേക്കാം; 15 ശതമാനം പേർക്ക് ആശുപത്രിവാസവും 25 ശതമാനം പേർക്ക് ഐസിയുവും വേണ്ടി വരും; 37,021 കിടക്കകൾ ഉള്ള കേരളത്തിൽ സ്റ്റേഡിയങ്ങളിലും സ്‌കൂളുകളിലുമൊക്കെ താത്ക്കാലിക സൗകര്യങ്ങൾ ഒരുക്കണം; ഐഎംഎയുടെ പേരിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ട് തള്ളി ഐഎംഎ നേതൃത്വം; പരിഭ്രാന്തി പരത്തിയ കത്തു നൽകിയ രാജീവ് ജയദേവനെതിരെ എതിർപ്പും ശക്തം; അവസാനമാകുന്നതുകൊറോണയുടെ പേരിൽ ഐഎംഎയെ ഉൾപ്പെടുത്തി നടന്ന വ്യാജ പ്രചാരണം

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ അറുപത്തിയഞ്ചു ലക്ഷം പേർക്ക് കൊറോണ വരാൻ സാധ്യതയുണ്ടെന്ന സോഷ്യൽ മീഡിയാപ്രചരണങ്ങൾ വ്യാജം. കൊറോണ കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം ആശങ്കയുണർത്തി ഐഎംഎയുടെ പേരിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് വ്യാജമാണെന്നാണ് ഇപ്പോൾ തെളിയുന്നത്. ഈ രീതിയിൽ ഒരു റിപ്പോർട്ട് ഐഎംഎ ഘടകം ഹൈക്കോടതി ചീഫ് ജസ്റ്റിന് നൽകിയിട്ടില്ല. ഐഎംഎ അധികൃതർ തന്നെ ഈ വിശദീകരണവുമായി രംഗത്ത് വന്നപ്പോഴാണ് സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ വ്യാജമെന്ന് തെളിഞ്ഞത്. ഐഎംഎയുടെ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് രാജീവ് ജയദേവൻ സ്വന്തം നിലയിൽ സമർപ്പിച്ച റിപ്പോർട്ട് ആണ് പരിഭ്രാന്തി പരത്തിയത്. ജയദേവന്റെ നിഗമനങ്ങൾ സ്വന്തം നിഗമനങ്ങൾ ആയിരുന്നു. കൊച്ചി ഐഎംഎ പ്രസിഡന്റ് എന്ന രീതിയിൽ ഐഎംഎ ലെറ്റർ ഹെഡിൽ കത്ത് നൽകിയതോടെ കത്ത് ഐഎംഎയുടെ കണ്ടെത്തലായി വ്യാഖ്യാനിക്കപ്പെട്ടു.

അർജന്റ് ലെറ്റർ ടു  ദ ചീഫ് ജസ്റ്റിസ്, സമർപ്പിക്കുന്നത് രാജീവ് ജയദേവൻ, കൊച്ചി ഐഎംഎ പ്രസിഡന്റ് എന്നാണ് കത്തിലുള്ളത്. ഐഎംഎയുടെ ലെറ്റർ ഹെഡിലുള്ള ലെറ്റർ ആണ് സമർപ്പിക്കപ്പെട്ടത്. റിപ്പോർട്ടിലെ കാര്യങ്ങൾ എല്ലാം ഐഎംഎയുടെ നിഗമനം എന്ന രീതിയിലാണ് വന്നത്. ഇതോടെയാണ് ആശങ്ക അധികരിച്ചത്. ഇതിന്റെ അപകടം തിരിച്ചറിഞ്ഞതോടെയാണ് കേരളത്തിലെ ഐഎംഎ നേതൃത്വം റിപ്പോർട്ട് തള്ളി മുന്നോട്ടു വന്നത്. ഇത് ഐഎംഎയുടെ റിപ്പോർട്ട് അല്ല. ഇത് ജയദേവന്റെ വ്യക്തിപരമായ നിഗമനങ്ങളാണ് എന്ന് പറഞ്ഞാണ് ഐഎംഎ നേതൃത്വം റിപ്പോർട്ട് തള്ളിക്കളഞ്ഞത്. ആശങ്ക പരത്തുന്ന ഒരു റിപ്പോർട്ട് ചീഫ് ജസ്റ്റിസിന് ഐഎംഎയുടെ പേരിൽ നല്കപ്പെട്ടത്തിൽ കേരള ഘടകത്തിൽ ഐഎംഎയിൽ അഭിപ്രായവ്യത്യാസം രൂക്ഷവുമാണ്.

കേരളത്തെ അപ്പാടെ പരിഭ്രാന്തരാക്കുന്നതും കൊറോണബാധയുമായി ബന്ധപ്പെട്ടു ആശങ്കാകുലമായ കാര്യങ്ങളുമായിരുന്നു റിപ്പോർട്ടിൽ മുഴുനീളം ഉണ്ടായിരുന്നത്. എല്ലാത്തരം മുൻകരുതൽ സ്വീകരിച്ചിട്ടും ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ ഉണ്ടായിരുന്ന മൂവായിരത്തി എഴുനൂറു യാത്രക്കാരിൽ എഴുന്നൂറ് പേർക്ക് കൊറോണ ബാധിച്ചു. കേരളത്തിൽ പത്തൊമ്പത് ശതമാനം പേർക്ക് കൊറോണ ബാധ വരാൻ സാധ്യതയുണ്ട്. 3.4 കോടി ജനങ്ങൾ അധിവസിക്കുന്ന കേരളത്തിൽ അറുപത്തിയഞ്ചു ലക്ഷം പേർക്ക് രോഗമുണ്ടായേക്കാം. ഇതിൽ പതിനഞ്ചു ശതമാനം പേർക്ക് ആശുപത്രി വാസവും 25 ശതമാനം പേർക്ക് ഐസിയു സംവിധാനവും വേണ്ടി വരും. ഇന്ത്യയിൽ ആകെ എഴുപതിനായിരം ഐസിയു കിടക്കകളെയുള്ളൂ.

2013 ലെ കണക്ക് പ്രകാരം 37,021 കിടക്കകളുള്ള കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ഈ അവസ്ഥ നേരിടാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാൽ വരുന്ന ആഴ്ചകളിൽ കൂടുതൽ രോഗികൾ വരുന്നത് മുന്നിൽക്കണ്ട് സ്റ്റെഡിയങ്ങളിലും സ്‌കൂളുകളിലുമൊക്കെ താത്കാലിക സൗകര്യങ്ങൾ ഒരുക്കണം. കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യണം. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഇത്തരം പരിശോധനകൾക്ക് സംവിധാനമൊരുക്കണം. ഐഎംഎ രേഖാമൂലം സമർപ്പിച്ച റിപ്പോർട്ട് ആയാണ് ഈ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. ഐഎംഎ നേതൃത്വം ഈ റിപ്പോർട്ട് തള്ളിയതോടെയാണ് ആശങ്കയ്ക്ക് അവസാനമായത്.

ഐഎംഎ നൽകിയിട്ടില്ലാത്ത ഒരു റിപ്പോർട്ട് ഐഎംഎയുടെ പേരിൽ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടതിലാണ് ഐഎംഎയിൽ അതൃപ്തി പുകയുന്നത്. കൊറോണയെ പോലെ ലോകത്തെ പിടിച്ചു കുലുക്കിയ ഒരു മഹാവ്യാധി കേരളത്തെ ഗ്രസിക്കുമ്പോൾ ഊതിപ്പെരുപ്പിച്ച ഒരു റിപ്പോർട്ട് ഐഎംഎയെപ്പോലെ വിശ്വാസ്യതയുള്ള എജൻസിയുടെ പേരിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കപ്പെട്ടതിലാണ് അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നത്. ഐഎംഎയുടെ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ രാജീവ് ജയദീപ് വ്യക്തിപരമായി സമർപ്പിച്ച റിപ്പോർട്ട് ഐഎംഎ സമർപ്പിച്ച മട്ടിൽ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വ്യാപമായി ചർച്ച ചെയ്യപ്പെടുകയായിരുന്നു.

കൊറോണയുമായി ബന്ധപ്പെട്ടു ഐഎംഎയുടെ വിദഗ്ദ ഡോക്ടർമാരുടെ പാനൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നിരന്തരം സമ്പർക്കം നടത്തുന്നുണ്ട്. ദിനം പ്രതി സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തിൽ ഐഎംഎ തന്നെ ഇത്തരം ഒരു കത്ത് ചീഫ് ജസ്റ്റിന് നൽകുമോ എന്നാണ് ചോദ്യം ഉയർന്നത്. 'കത്തിന് ഐഎംഎയുമായി ഒരു ബന്ധവുമില്ല. കത്ത് ഐഎംഎ നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു ഐഎഎ ഡോക്ടർ വ്യക്തിപരമായി നൽകിയ കത്ത് എങ്ങിനെ ഐഎംഎയുടെ കത്തായി മാറും. ഡോക്ടർ രാജീവ് ജയദേവന്റെ നിരീക്ഷണങ്ങൾ പൂർണമായി തള്ളിക്കളഞ്ഞുകൊണ്ട് ഐഎംഎ വൈസ് പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു മറുനാടനോട് പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ടു ഐഎംഎ കത്ത് നൽകിയിട്ടില്ല. ഐഎംഎയിലെ ഒരു അംഗം വ്യക്തിപരമായി നൽകിയ കത്താണിത്. ഐഎംഎ നേതൃത്വം ഇന്നലെ തന്നെ കത്ത് തങ്ങളുടെ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതല്ലെന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ പത്തൊമ്പത് ശതമാനം പേർക്ക് കൊറോണ വരാനുള്ള സാഹചര്യം ഐഎംഎ വിലയിരുത്തലിൽ ഇല്ല. ഇത്രയും പേർക്ക് കൊറോണ വരാനുള്ള സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നില്ല. 3.4 കോടി ജനങ്ങൾ അധിവസിക്കുന്ന കേരളത്തിൽ അറുപത്തിയഞ്ചു ലക്ഷം പേർക്ക് രോഗമുണ്ടായേക്കാം. ഇതിൽ പതിനഞ്ചു ശതമാനം പേർക്ക് ആശുപത്രി വാസവും 25 ശതമാനം പേർക്ക് ഐസിയു സംവിധാനവും വേണ്ടി വരും എന്നുള്ളത് ഒരു എക്‌സ്ട്രീം കാൽക്കുലെഷനാണ്. ഇതെല്ലാം വെറും സാധ്യതകൾ മാത്രമാണ്.

നിഗമനങ്ങളിൽ നിന്നും ഉരുത്തിരിയുന്ന സാധ്യതകളാണ് ആ റിപ്പോർട്ടിലുള്ളത്. കൊറോണ കേരളത്തിൽ പടർന്നാൽ ഇതുവരെ പോകാം എന്ന് പറയുന്ന കണക്കാണിത്. ഇത് വെറും ഊഹമാണ്. മുഖ്യമന്ത്രി തന്നെ എല്ലാം വിശദമായി പറയുന്നുണ്ട്. എംഎഎയുടെ എക്‌സ്‌പെർട്ട് കമ്മറ്റി മുഖ്യമന്ത്രിയുമായി ദിവസവും കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. എംഎയ്ക്ക് മൂന്നു കമ്മറ്റികളുണ്ട്. സ്റ്റേറ്റ് കമ്മറ്റി നിലവിലുണ്ട്. കൊറോണയ്ക്കായുള്ള എക്‌സ്‌പെർട്ട് കമ്മറ്റി വേറെയുമുണ്ട്. കൊറോണ കൺട്രോൾ സെൽ ആണിത്. ഏറ്റവും മുതിർന്ന എക്‌സ്‌പെർട്ട് ആണ് ഇതിലുള്ളത്. ഗവേഷണ വിഭാഗം വേറെയുമുണ്ട്. ഈ കമ്മറ്റികൾ ഒന്നും തന്നെ ഈ രീതിയിൽ റിപ്പോർട്ട് നൽകിയിട്ടില്ല-ഡോക്ടർ സുൽഫി നൂഹ പറയുന്നു.

കൊറോണയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കും എന്ന് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയത് ഐഎംഎ തന്നെയായിരുന്നു. അതേ ഐഎംഎ ഇത്തരം ഒരു റിപ്പോർട്ട് നൽകുമോ എന്നാണ് ചോദ്യം ഉയർന്നത്.വൈറസ് ബാധിച്ചവരെ സംബന്ധിച്ച നിത്യേനയുള്ള വിവരങ്ങൾ ആളുകളിൽ ഭീതി ഉടലെടുക്കാൻ കാരണമാകുന്നതായാണ് ഐഎംഎയുടെ നിരീക്ഷണം വന്നത്. ഇത്തരം അനാവശ്യ ഭീതി ഒഴിവാക്കാൻ പുറത്ത് വിടുന്ന വിവരങ്ങൾ വർഗീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ വിവരങ്ങൾ പൊതുജനത്തിന് ലഭിക്കുന്നത് കാരണം ഭീതിയിലേക്ക് ആളുകൾ എത്തിച്ചേരുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ജാഗ്രത പുലർത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ഈ നിലപാടാണ് ഉചിതമെന്നും ഐഎംഎ നിരീക്ഷിച്ചിരുന്നു. എന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ ആവശ്യമായ കാര്യങ്ങൾ കൃത്യമായി അറിയണമെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു. പതിനൊന്നിനു ഐഎംഎ തന്നെ ഈ നിലപാട് വ്യക്തമാക്കിയിരിക്കെയാണ് പതിനാറിന് ഐഎംഎയുടെ കൊച്ചി ചാപ്റ്റർ പ്രസിഡന്റ് ഊതിപ്പെരുപ്പിച്ച കണക്കുകൾ നിരത്തി ചീഫ് ജസ്റ്റിസിന് ഐഎംഎയുടെ പേരിൽ കത്ത് നൽകിയിരിക്കുന്നത്. ഇതാണ് രാജീവ് ജയദേവനെതിരെയുള്ള ഐഎംഎയിലെ അതൃപ്തി രൂക്ഷമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP