Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്പതു ശതമാനത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ; കൊറോണയുടെ സാമൂഹ്യ വ്യാപനം തടയാൻ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്; റെയിൽവേ ടിക്കറ്റുകൾക്ക് നൽകിയ ഇളവുകൾ റദ്ദാക്കി; ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു; മഹാരാഷ്ട്രയിൽ ജനങ്ങളോട് വീട്ടിലിരിക്കാൻ ആഹ്വാനം ചെയ്തു മുഖ്യമന്ത്രി; എസി ലോക്കൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി

അമ്പതു ശതമാനത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ; കൊറോണയുടെ സാമൂഹ്യ വ്യാപനം തടയാൻ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്; റെയിൽവേ ടിക്കറ്റുകൾക്ക് നൽകിയ ഇളവുകൾ റദ്ദാക്കി; ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു; മഹാരാഷ്ട്രയിൽ ജനങ്ങളോട് വീട്ടിലിരിക്കാൻ ആഹ്വാനം ചെയ്തു മുഖ്യമന്ത്രി; എസി ലോക്കൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാരമായി രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. അമ്പതു ശതമാനം കേന്ദ്രസർക്കാർ ജീവനക്കാരോടും വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരിൽ അമ്പതു ശതമാനം പേർ മാത്രം ഇനി ഓഫീസുകളിൽ ജോലിക്ക് ഹാജരായാൽ മതി. ബാക്കിയുള്ള അമ്പതു ശതമാനം പേരും നിർബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിർദ്ദേശമാണ് പേഴ്സണൽ മന്ത്രാലയം നൽകിയിരിക്കുന്നത്.

ജീവനക്കാരുടെ ജോലി സമയത്തിൽ വ്യത്യാസമുണ്ടായിരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ നേരത്തെതന്നെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്തായാലും രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നൽകിയിരിക്കുന്ന നിർദ്ദേശം.

826 ഓളം സാമ്പിളുകൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി ഐസിഎംആർ ശേഖരിച്ച് പരിശോധിച്ചിരുന്നു. ഇവയെല്ലാം നെഗറ്റീവാണ്. ഈ പശ്ചാത്തലത്തിൽ കൊറോണയുടെ മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തൽ. എന്നാൽ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞാൽ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ് ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്

റെയിൽവേ ടിക്കറ്റ് നിരക്കിലെ ഇളവുകൾ ഒഴിവാക്കി

കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തിൽ റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ നൽകിവന്ന ഇളവുകൾ റദ്ദാക്കി. വിദ്യാർത്ഥികൾക്കും അംഗപരിമിതർക്കും, രോഗികൾക്കും ഇളവ് തുടരും. അനാവശ്യ യാത്രകൾ നിരുത്സാഹപ്പെടുത്താനാണ് നടപടിയെന്നാണ് റെയിൽവേയുടെ വിശദീകരണം. മുതിർന്ന പൗരന്മാർ, കർഷകർ, പട്ടാളക്കാരുടെ വിധവകൾ, വിഐപികൾ, ഡെലിഗേറ്റ്സ് എന്നീ വിഭാഗത്തിൽ പെട്ടവരുടെ യാത്രാനിരക്കുകളിലെ ഇളവുകളാണ് ഒഴിവാക്കിയത്.

റദ്ദാക്കുന്ന ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്ന യാത്രക്കാരുടെ കാൻസലേഷൻ ചാർജ് ഈടാക്കാതെ മുഴുവൻ തുകയും തിരികെ നൽകാനും റെയിൽവേ തീരുമാനമെടുത്തു. രാജ്യത്തുടനീളം 239 ട്രെയിനുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും. ജനങ്ങളുടെ യാത്ര പരമാവധി നിരുത്സാഹപ്പെടുത്തി കൊറോണവ്യാപനത്തെ നിയന്ത്രിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം.

ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു

കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. മാർച്ച് 31 വരെ സ്‌കൂളുകളും കോളജുകളും എൻ.ഐ.ടി പോലുള്ള സ്ഥാപനങ്ങളും ട്യൂഷൻ സന്റെറുകളും അടച്ചിടണമെന്നാണ് നിർദ്ദേശം. ബോർഡ് പരീക്ഷകൾ ഉൾപ്പെടെ 31 വരെ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. അദ്ധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തേണ്ടതില്ല. കഴിയുന്നവർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.

സി.ബി.എസ്.ഇ ബോർഡ് പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. മാർച്ച് 31 വരെയുള്ള യുജിസി പരീക്ഷകളും മാറ്റി. 25 വിദേശ പൗരന്മാർക്ക് ഉൾപ്പെടെ ഇന്ത്യയിൽ 170 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. മഹാരാഷ്ട്രയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടുണ്ട്. മുംബൈയിൽ ഡബ്ബാവാല സർവീസും മാർച്ച് 31 വരെ നിർത്തിവെച്ചു.

അതേസമയം സംസ്ഥാനത്തുകൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. വെള്ളിയാഴ്ച മുതൽ എ സി ലോക്കൽ സർവീസുകൾ റദ്ദാക്കാൻ പശ്ചിമ റെയിൽവേ തീരുമാനിച്ചു. മാർച്ച് 31 വരെയാണ് ഇത് പ്രാബല്യത്തിൽ ഉണ്ടാവുക. അതുവരെ എ സി ലോക്കൽ ട്രെയിനുകൾക്ക് പകരം നോൺ എ സി സബർബൻ ട്രെയിനുകൾ ഓടിക്കുമെന്നും പശ്ചിമ റെയിൽവേ അറിയിച്ചു.

മുംബൈയിൽ സബർബൻ ട്രെയിനുകളെയാണ് മുഖ്യമായി ജനം ആശ്രയിക്കുന്നത്. 85 ലക്ഷത്തോളം ജനങ്ങളാണ് പ്രതിദിനം ഇതിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാൻ പ്ലാറ്റ് ഫോം ടിക്കറ്റുകളുടെ നിരക്ക് അഞ്ചിരട്ടിയായി വർധിപ്പിച്ചിരുന്നു. അതിനിടെ, ജനങ്ങളോട് വീട്ടിൽ ഇരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദ്ദേശിച്ചു. കഴിയുന്നിടത്തോളം സമയത്ത് വീടുകളിൽ ഇരിക്കാനാണ് നിർദ്ദേശം. അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശത്തിൽ പറയുന്നു. മുംബൈയിൽ ഇതുവരെ 49 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP