Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ചു രൂപയുടെ മാസ്‌കിനു ഈടാക്കുന്നത് ഇരുന്നൂറു രൂപ; സാനിറ്റൈസറിന് തീ വിലയും പൂഴ്‌ത്തിവയ്‌പ്പും; 80 രൂപയുടെ ഐസൊപ്രൊഫൈൽ ആൽക്കഹോളിനു വില 200 കടന്നു; റെയിഡ് നടന്നത് മുന്നൂറോളം ഷോപ്പുകളിൽ; ചാർജ് ചെയ്തത് പത്തോളം കേസുകൾ; മാസ്‌കും സാനിറ്റൈസറും നിർമ്മിക്കാൻ ഏഴു പേർക്ക് പുതിയ ലൈസൻസ്; ഏപ്രിൽ ഒന്നു മുതൽ ഈ ഉത്പ്പന്നങ്ങൾക്ക് വില നിശ്ചയിക്കുക നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി

അഞ്ചു രൂപയുടെ മാസ്‌കിനു ഈടാക്കുന്നത് ഇരുന്നൂറു രൂപ; സാനിറ്റൈസറിന് തീ വിലയും പൂഴ്‌ത്തിവയ്‌പ്പും; 80 രൂപയുടെ ഐസൊപ്രൊഫൈൽ ആൽക്കഹോളിനു വില 200 കടന്നു; റെയിഡ് നടന്നത്  മുന്നൂറോളം ഷോപ്പുകളിൽ; ചാർജ് ചെയ്തത്  പത്തോളം കേസുകൾ; മാസ്‌കും സാനിറ്റൈസറും നിർമ്മിക്കാൻ ഏഴു പേർക്ക് പുതിയ ലൈസൻസ്; ഏപ്രിൽ ഒന്നു മുതൽ ഈ ഉത്പ്പന്നങ്ങൾക്ക് വില നിശ്ചയിക്കുക നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി

എം മനോജ് കുമാർ

തിരുവനന്തപുരം: മാസ്‌കും സാനിറ്റൈസറും വിലകൂട്ടി കരിച്ചന്തയിൽ വിൽക്കുന്നതിന് പിന്നിൽ സർക്കാരിന്റെ നിസ്സഹായതയും നിയമങ്ങളുടെ അപര്യാപ്തയും. മാസ്‌കിനു ഇതുവരെ വില കേന്ദ്ര സർക്കാർ നിശ്ചയിച്ച് നൽകിയിട്ടില്ല. രണ്ടു രൂപയ്ക്ക് കിട്ടുമായിരുന്ന മാസ്‌കിനു ഇരുന്നൂറു രൂപയിലും മുകളിൽ ഈടാക്കുന്ന സാഹചര്യം ഇതിന്റെ സൃഷ്ടിയാണ്. ഇതേ അവസ്ഥ തന്നെയാണ് സാനിറ്റൈസറിനും വന്നുപെട്ടിരിക്കുന്നത്. ഈ സ്ഥിതി മനസിലാക്കി സത്വര നടപടികൾക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും. മാസ്‌ക്, സാനിറ്റൈസർ ഇനി പൂഴ്‌ത്തിവയ്ച്ചാൽ ഇനി പണി കിട്ടും. കൊറോണ പടർന്നപ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാതെ വിപണിയിൽ കിടന്നിരുന്ന മാസ്‌കും സാനിറ്റൈസറുമാണ് ഇപ്പോൾ വിപണിയിലെ താരങ്ങൾ. ഈ രണ്ടു ഉത്പ്പന്നങ്ങൾക്കും കരിഞ്ചന്തയിൽ തീ വിലയാണ്. അഞ്ചു രൂപയിൽ താഴെ വില വന്നിരുന്ന മാസ്‌കിനു ചില കമ്പനികൾ മുന്നൂറു രൂപ വരെ ഈടാക്കുന്നുണ്ട്. സാനിറ്റൈസറിനും ഇതേ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവ വിതരണം ചെയ്യുന്ന മെഡിക്കൽ ഷോപ്‌സ് ഉടമകൾ ഇവ പൂഴ്‌ത്തിവയ്ക്കുകയും ചെയ്യുന്നുണ്ട്.

ഏപ്രിൽ ഒന്നുമുതൽ മാസ്‌ക്, സാനിറ്റൈസർ എന്നിവയ്ക്ക് വില നിശ്ചയിക്കും. നിലവിൽ കമ്പനികൾ ഇവയ്ക്ക് തോന്നുംപടി വില ഈടാക്കുകയാണ് ചെയ്യുന്നത്. ഇവയുടെ വില നിശ്ചയിച്ച് ഇതുവരെ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി ഉത്തരവിറക്കിയിട്ടില്ല. കൊറോണ വന്നപ്പോൾ സ്ഥിതി മാറിയതിനെ തുടർന്നാണ് ഇപ്പോൾ പുതിയ ഉത്തരവ് ഇറങ്ങാൻ പോകുന്നത്. ഇതോടെ കരിഞ്ചന്തയിലെ പൂഴ്‌ത്തിവയ്‌പ്പും തീവിലയും അവസാനിക്കും. അഥോറിറ്റി നിശ്ചയിച്ച വിലയ്ക്ക് ഇവ വിറ്റഴിക്കേണ്ടി വരും. അതിനാൽ പൂഴ്‌ത്തിവയ്‌പ്പ് അവസാനിപ്പിച്ച് ഉള്ള ഉത്പ്പന്നങ്ങൾ ജനങ്ങൾക്ക് ന്യായവിലയ്ക്ക് നൽകാനാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.

മാസ്‌കും സാനിറ്റൈസർ എന്നിവയ്ക്ക് വില നിശ്ചയിച്ച് ഉത്തരവിറക്കിയാൽ കമ്പോളത്തിലെ കൊള്ള അവസാനിക്കും. അതിനാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ സ്റ്റോക്ക് ഉള്ളത് വിറ്റഴിക്കാനാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്. ഏപ്രിൽ ഒന്നുമുതൽ മാസ്‌ക്, സാനിറ്റൈസർ വില നിലവാരം നിശ്ചയിച്ച് ഉത്തരവ് വരും എന്നാണ് കേരള സർക്കാരിനു നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി നൽകിയിരിക്കുന്ന സൂചനകൾ. ഇതാണ് പൂഴ്‌ത്തിവയ്‌പ്പുകാർക്ക് ഇരുട്ടടിയായി മാറാൻ പോകുന്നത്. മാസ്‌ക്, സാനിറ്റൈസർ പൂഴ്‌ത്തിവയ്‌പ്പ് ഇന്ത്യയിലാകമാനമുള്ള പ്രശ്‌നമാണ്. ഈ സ്ഥിതി മനസിലാക്കിയാണ് പ്രശ്‌നം പരിഹരിക്കാൻ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി ഒരുങ്ങുന്നത്. ഏപ്രിൽ ഒന്ന് മുതൽ മാസ്‌ക്, സാനിറ്റൈസറുകളുടെ വിലനിലവാരം നിശ്ചയിച്ച് അഥോറിറ്റി ഉത്തരവിറക്കും. നിലവിൽ ഈ രണ്ടു ഉത്പന്നങ്ങൾക്കും ഒരു വില നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇവ നിർമ്മിക്കുന്ന കമ്പനികൾ തങ്ങൾക്ക് തോന്നുന്ന വില ഈടാക്കുകയാണ് ചെയ്യുന്നത്.

കൊറോണ വന്നപ്പോൾ പ്രശ്‌നം മനസിലാക്കി കേരള ഡ്രഗ്‌സ് കൺട്രോൾ നിരന്തരം നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റിക്ക് കത്തെഴുതിയിരുന്നു. ഏപ്രിൽ ഒന്ന് മുതൽ വില നിലവാരം നിശ്ചയിക്കപ്പെടും എന്നാണ് കേരള സർക്കാരിനെ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി അറിയിച്ചിട്ടുള്ളത്. മാസ്‌ക്, സാനിറ്റൈസർ എന്നിവയ്ക്ക് നിശ്ചിത വില ഇല്ലാത്തതിനാൽ ഇപ്പോൾ റെയിഡ് നടത്തുന്ന ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിനു പ്രശ്‌നമുണ്ട്. അവശ്യ സാധനമായതിനാൽ പൂഴ്‌ത്തി വയ്ക്കുന്നതിനാൽ ഈ ഉദ്ദേശ്യത്തോടെയാണ് റെയിഡ് നടത്തുന്നത്. എംആർപിയിൽ കൂടുതൽ വില ഈടാക്കുന്നുണ്ടോ എന്നാണ് ആരോഗ്യവകുപ്പും ഡ്രഗ്‌സ് കൺട്രോളും നോക്കുന്നത്. വില നിലവാരം നിശ്ചയിച്ചിട്ടില്ലാത്തതിനാൽ എംആർപിയിൽ കൂടുതൽ വില ഈടക്കുന്നുണ്ടോ എന്നാണ് റെയിഡുകളിൽ പരിശോധിക്കുന്നത്. പൂഴ്‌ത്തിവയ്‌പ്പും കരിഞ്ചന്തയും തടയാൻ ഇപ്പോൾ സംസ്ഥാന വ്യാപകമായി റെയ്ഡുകൾ നടക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസ് മറുനാടനെ അറിയിച്ചു. റെയ്ഡും കേസ് രജിസ്റ്റർ ചെയ്യലും ഇപ്പോൾ നടക്കുന്നുണ്ട്. മാസ്‌ക്, സാനിറ്റൈസർ കാര്യത്തിലുള്ള പൂഴ്‌ത്തിവയ്‌പ്പ് അനുവദിക്കില്ല-മന്ത്രിയുടെ ഓഫീസ് പറയുന്നു.

കേരളത്തിലെ മരുന്ന് കടകൾ വ്യാപാരികൾ തിരുവനന്തപുരം മുതൽ കാസർകോട് വരെ മാസ്‌കും സാനിറ്റൈസറും പൂഴ്‌ത്തിവെച്ചതായാണ് ആരോഗ്യവിഭാഗവും ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും നടത്തിയ പരിശോധനകളിൽ മനസിലായത്. അതുകൊണ്ട് തന്നെ മാസ്‌ക്, സാനിറ്റൈസർ പൂഴ്‌ത്തിവെയ്‌പ്പ് ഉടൻ അവസാനിപ്പിക്കാനാണ് ആരോഗ്യവകുപ്പും ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും ആവശ്യപ്പെടുന്നത്. സംസ്ഥാന തലത്തിലും ജില്ല തലത്തിലും റെയ്ഡ് നടക്കുന്നുണ്ട്. മാക്‌സിമം കേസുകളും എടുക്കുന്നുണ്ട്. മാസ്‌ക്, സാനിട്ടൈസർ എന്നിവയുടെ അൺ എത്തിക്കലായുള്ള നിർമ്മിതികൾ നിർത്തിച്ചിട്ടുണ്ട്-സ്റ്റേറ്റ് ഡ്രഗ്‌സ് കൺട്രോളർ രവി എസ്.മേനോൻ മറുനാടനോട് പറഞ്ഞു. മുന്നൂറോളം കടകളിൽ റെയ്ഡ് നടത്തിയിട്ടുണ്ട്. പത്തോളം കേസുകൾ ചാർജ് ചെയ്തിട്ടുണ്ട് നിയമവിരുദ്ധമായി ഇവ നിർമ്മിച്ചതിന്റെ പേരിൽ-ഡ്രഗ്‌സ് കൺട്രോളർ പറയുന്നു.

മാസ്‌ക്, സാനിറ്റൈസർ നിർമ്മിതികൾക്ക് പുതുതായി ഏഴു പേർക്ക് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ലൈസൻസ് നൽകിയിട്ടുണ്ട്. ഇന്നലെയും മിനിഞ്ഞാന്നുമായാണ് പുതിയ ലൈസൻസ് അനുവദിച്ചത്. റോമെറ്റീരിയൽസ് കിട്ടാനില്ല എന്ന പ്രശ്‌നമാണ് സാനിറ്റൈസർനിർമ്മിതിക്ക് വന്നുപെട്ടിരിക്കുന്നത്. കൊറോണ പെട്ടെന്ന് വന്ന സംഭവമാണ്. അതുകൊണ്ട് തന്നെ സാനിറ്റൈസർ നിർമ്മിതിക്ക് ആവശ്യം വരുന്ന റോ മെറ്റീരിയൽസിന് വില കൂടി. ഇതോടെ സാനിറ്റൈസറിന് ഷോർട്ടേജ് വന്നു. ഇത് പെട്ടെന്ന് വന്ന സംഭവമാണ്. ഇതാണ് കമ്പനികളെ അലട്ടുന്നത്. സാനിറ്റൈസറിന്റെ നിർമ്മാണത്തിനു ഐസൊപ്രൊഫൈൽ ആൽക്കഹോൾ ആണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ ഈതെയിൽ ആൽക്കഹോൾ. ഇത് മദ്യമാണ്. ലഭിക്കാൻ ബുദ്ധിമുട്ടാണ്. എക്‌സൈസിന്റെ പരിധിയിൽ വരുന്ന സാധനമാണ്. അതിനു കൺട്രോളുണ്ട്. എൺപത് രൂപയുണ്ടായിരുന്ന ഐസൊപ്രൊഫൈൽ ആൽക്കഹോളിനു ഇപ്പോൾ വില ഇരുന്നൂറു രൂപയാണ്. ഇതോടെ ഇതിനും ക്ഷാമമായി. എൺപത് രൂപ റോ മെറ്റീരിയൽസിന് വരുമ്പോൾ അഞ്ഞൂറ് മില്ലിക്ക് നൂറ്റമ്പത് രൂപയോളം ഈടാക്കിയാൽ മതിയായിരുന്നു. എന്നാൽ റോ മെറ്റീരിയൽസിന് ഇരുന്നൂറു രൂപയിൽ കൂടുതൽ പോയിരിക്കുകയാണ്. അപ്പോൾ ഉത്പ്പന്നത്തിനു വില കൂടും. ഇതാണ് നിലവിലെ സാഹചര്യം. ഇപ്പോൾ കമ്പനികളെക്കൊണ്ട് നിർബന്ധമായി ഇവ നിർമ്മിക്കാൻ ഡ്രഗ്‌സ് കൺട്രോൾ ആവശ്യപ്പെടുകയാണ്. വേണ്ടാ എന്ന് പറഞ്ഞാൽ പോലും നിർമ്മാണത്തിനു നിർബന്ധിക്കുകയാണ്. സാനിറ്റൈസർ നിർമ്മിതിക്ക് ലാഭമില്ലെങ്കിലും ക്രൈസിസ് മറികടക്കാൻ ആവശ്യപ്പെടുകയാണ്. ഈ അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.

സർക്കാർ ലെവലിലും മാസ്‌ക്, സാനിറ്റൈസർ നിർമ്മിക്കാനുള്ള പരിപാടികൾ നടക്കുന്നുണ്ട്. ജയിലിലും മറ്റും നിർമ്മാണം നടക്കുന്നുണ്ട്. കെഎസ്ഡിപി ഇവ നിർമ്മിച്ച് സർക്കാർ അഥോറിറ്റികൾക്ക് വിതരണം ചെയ്യുന്നുണ്ട്. എട്ടൊൻപത് കമ്പനികൾക്കൊണ്ട് ഇവ നിർമ്മിക്കുന്നുണ്ട്. മൂന്നു ഷിഫ്റ്റും വർക്ക് ചെയ്യിപ്പിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. ജോലിക്കാരെ കിട്ടാനില്ല എന്നതാണ് കമ്പനികൾ പറയുന്നത്. അതിനാൽ നിർമ്മാണത്തിനു പരിമിതിയും വന്നിട്ടുണ്ട്. കൊറോണ പേടികാരണം മാസ്‌ക്, സാനിറ്റൈസർ എന്നിവ ആളുകൾ വെറുതെ വാങ്ങിക്കൂട്ടുകയാണ്. ഒരു കുപ്പി വാങ്ങേണ്ട ആൾ അഞ്ചും ആറും കുപ്പികളാണ് ഒരുമിച്ച് വാങ്ങിക്കുന്നത്. ഇതാണ് ക്ഷാമം സൃഷ്ടിക്കുന്നത്. അഞ്ചു കുപ്പി ഒരുമിച്ച് വാങ്ങിക്കുമ്പോൾ അഞ്ചു കുടുംബങ്ങൾക്ക് സാധനം ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്. ആവശ്യമില്ലാത്ത പരിഭ്രമം ഒഴിവാക്കണം എന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.

ബംഗളൂര്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഇവ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ഇവ കേരളത്തിലേക്ക് കൂടുതലായി ഇവർ എത്തിക്കുന്നില്ല. ചൈനയിലെ നിർമ്മിതി നിന്നപ്പോൾ തന്നെ ഇന്ത്യയ്ക്ക് പ്രശ്‌നമായി. ഇൻഫ്രാ റെഡ് തെർമ്മോമീറ്റർ എല്ലാം ചൈന നിർമ്മിതിയാണ്. ചൈനയിൽ നിന്നുള്ള വരവ് നിന്നപ്പോൾ വില കൂടി. ഇനിയുള്ളത് ബംഗ്ലാദേശാണ്. പക്ഷെ ഇവർക്ക് ഇതിനുള്ള പരിമിതികളുണ്ട്. കോടിക്കണക്കിന് രൂപയ്ക്ക് സാധനങ്ങൾ എത്തിക്കാനുള്ള കപ്പാസിറ്റി കേരളത്തിലെ വ്യാപാരികൾക്കില്ല. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വൻകിട കമ്പനികൾക്ക് മാത്രമാണ്. അവർ സാധനം എത്തിക്കുന്നുണ്ട്. അവർ കോടികൾ ഇറക്കി സാധനം ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. പക്ഷെ ലാഭം മോഹിച്ച് ഇത് പിടിച്ചുവയ്ക്കുന്നുമുണ്ട്. ചിലർ റോ മെറ്റീരിയിൽ എത്തിച്ച് ഇവിടെ നിർമ്മിക്കുകയാണ്. പക്ഷെ പ്രൊഡക്ഷനിലും കൊറോണ കാരണം പ്രശ്‌നങ്ങളുണ്ട്.

അതേസമയം കൊറോണ വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ വില നിശ്ചയിച്ചു സർക്കാർ സർക്കുലർ ഇറക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ അവശ്യ സാധന പട്ടികയിൽ ഇവയെ ഉൾപ്പെടുത്തിയതു കണക്കിലെടുത്ത് ചില്ലറ വിൽപന വില (എംആർപി) നിശ്ചയിക്കണം. മാസ്‌കിനും സാനിറ്റൈസറിനും കൃത്രിമ ക്ഷാമം സൃഷ്ടിച്ചു വില കൂട്ടി വിൽക്കാൻ ശ്രമം ഉണ്ടായാൽ ശക്തമായ നടപടിയെടുക്കണംഇതാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP