Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതി; തിരക്കുള്ള വണ്ടികളിലെ പട്ടിക തയ്യാറാക്കുമ്പോഴും ബാക്കിയായി നൂറിലധികം ടിക്കറ്റുകൾ; രാജ്യത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ 168 ട്രെയിനുകൾ റദ്ദാക്കി; ആറ് ദിവസത്തിനുള്ളിൽ റദ്ദാക്കിയത് ഒരു ലക്ഷം ട്രെയിൻ ടിക്കറ്റുകളെന്ന് റിപ്പോർട്ട്; സ്‌റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കൂട്ടി; കൊറോണ വൈറസ് ഭീതിക്കിടെ യാത്രക്കാർ ഇല്ലാതെ റെയിൽവേ

കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതി; തിരക്കുള്ള വണ്ടികളിലെ പട്ടിക തയ്യാറാക്കുമ്പോഴും ബാക്കിയായി നൂറിലധികം ടിക്കറ്റുകൾ; രാജ്യത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ 168 ട്രെയിനുകൾ റദ്ദാക്കി; ആറ് ദിവസത്തിനുള്ളിൽ റദ്ദാക്കിയത് ഒരു ലക്ഷം ട്രെയിൻ ടിക്കറ്റുകളെന്ന് റിപ്പോർട്ട്; സ്‌റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കൂട്ടി; കൊറോണ വൈറസ് ഭീതിക്കിടെ യാത്രക്കാർ ഇല്ലാതെ റെയിൽവേ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കൊവിഡ് 19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ട്രെയിനുകൾ റദ്ദാക്കി. 168 ട്രെയിനുകളാണ് ഇത്തരത്തിൽ റദ്ദാക്കിയത്. ഇന്ന് മാത്രം 84 ട്രെയിനുകൾ റദ്ദാക്കിയതായി റിപ്പോർട്ട്. മാർച്ച് 31 വരെയാണ് നടപടി. അതേസമയം, കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത്. തൽക്കാൽ ടിക്കറ്റ് പോലും കിട്ടാത്ത വണ്ടികളിൽ യാത്രക്കാരുടെ പട്ടിക തയാറാക്കുമ്പോഴും നൂറിലധികം ടിക്കറ്റുകൾ ബാക്കിയാണ്. ടിക്കറ്റുകൾ കിട്ടാറില്ലെന്നു സ്ഥിരമായി പരാതി ഉയരാറുള്ള മലബാർ ഭാഗത്തേക്കുള്ള ട്രെയിനുകളിലാണു യാത്രക്കാരെ കിട്ടാനില്ലാത്തത്. മംഗലാപുരം സൂപ്പർഫാസ്റ്റ്, വെസ്റ്റ് കോസ്റ്റ്, എഗ്മൂർ ട്രെയിനുകളിലെല്ലാം ഈയാഴ്ചത്തേയ്ക്കു 117-221 സീറ്റുകൾ നിലവിൽ ബാക്കിയാണ്. മംഗലാപുരം മെയിലിൽ മാത്രമാണ് ഇപ്പോൾ ആർഎസി ടിക്കറ്റുകളുള്ളത്. തിരുവനന്തപുരം മെയിൽ, എക്സ്‌പ്രസ് ട്രെയിനുകളിലും 250 ടിക്കറ്റുകൾ ലഭ്യമാണ്. അനന്തപുരി എക്സ്‌പ്രസിൽ ആർഎസി ഉള്ളത്. ഗുരുവായൂർ എക്സ്‌പ്രസിൽ മാത്രമാണു ടിക്കറ്റുകൾ കിട്ടാനില്ലാത്തത്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി നൽകിയെങ്കിലും കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതും അത്യാവശ്യത്തിനു മാത്രം ഇതര സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്താൽ മതിയെന്നുമുള്ള സർക്കാർ നിർദ്ദേശവുമാണു ട്രെയിനുകൾ കാലിയായി തുടരാനുള്ള കാരണം. അതേസമയം യാത്രക്കാരില്ലെന്ന കാരണത്താൽ ദക്ഷിണ റെയിൽവേ കേരളത്തിലേക്കുള്ള സ്ഥിരം വണ്ടികൾ ഉൾപ്പെടെ ഈ മാസം അവസാനം വരെ വിവിധ ട്രെയിനുകൾ റദ്ദാക്കി. ട്രെയിൻ നമ്പർ 22207 ചെന്നൈ - തിരുവനന്തപുരം എസി ദ്വൈവാര എക്സ്‌പ്രസ് 20, 24, 27, 31 തീയതികളിലും നമ്പർ 22208 തിരുവനന്തപുരം-ചെന്നൈ എസി ദ്വൈവാര എക്സ്‌പ്രസ് 22, 25, 29, ഏപ്രിൽ 1 തീയതികളിലും റദ്ദാക്കി. നമ്പർ 06015 എറണാകുളം ജംക്ഷൻ-പ്രതിവാര സ്‌പെഷൽ 21നും നമ്പർ 06016 വേളാങ്കണ്ണി-എറണാകുളം പ്രതിവാര സ്‌പെഷൽ 22നും റദ്ദാക്കിയതായി സൂചന ലഭിക്കുന്നത്.

കൊവിഡ് 19 ഭീതി മൂലം നിരവധിയാളുകൾ ബസ് മാർഗമുള്ള യാത്രയും ഒഴിവാക്കിയിട്ടുണ്ട്. മിക്ക ബസുകളിലും യാത്രക്കാർ കുറവാണ്. കൂടാതെ, ട്രെയിനൂകളിലും തിരക്ക് നന്നേ കുറവ് രേഖപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കണക്കുകൾ പ്രകാരം ജനറൽ കോച്ചുകളിലെ ദിവസ യാത്രക്കാരുടെ എണ്ണം 61 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്. മാർച്ച് 10 ലെ കണക്കനുസരിച്ച് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത് മാർച്ച് 15 ആയപ്പോഴേക്കും യാത്രക്കാരുടെ എണ്ണം വെറും 80,188 ആയാണ് കുറഞ്ഞത്.

മാർച്ച് 10 ന് ആയിരുന്നു സംസ്ഥാനത്തുകൊറോണയ്‌ക്കെതിരെ അതീവ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് ജനങ്ങൾ സ്വയം സുരക്ഷിതത്വത്തിലേക്ക് നീങ്ങിയത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാമെന്ന് ഔദ്യോഗിക നിർദ്ദേശങ്ങളും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ട്രെയിനുകളിലും യാത്രക്കാർ ഒഴിഞ്ഞത്. കൂടാതെ,
പനി, ചുമ, മൂക്കൊലിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയുള്ള ഒരു ജീവനക്കാരനും ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ജോലി ചെയ്യരുത് എന്നും സോണൽ റെയിൽവേ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി അനുസരിക്കാനും വ്യക്തിഗത ശുചിത്വം പാലിക്കാനും കാറ്ററിങ് യൂണിറ്റുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

യാത്രക്കാർക്ക് വേണ്ടിയുള്ള ഭക്ഷണസേവനങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്ത് എല്ലാ സ്റ്റാഫുകളും ഫെയ്‌സ് മാസ്‌കും കൈയുറകളും ധരിക്കേണ്ടതാണ്. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക ചുമയോ ജലദോഷമോ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക, കണ്ണുകൾ, മൂക്ക് എന്നിവ തൊടുന്നത് ഒഴിവാക്കുക. വായ, കൈയുറകൾ ഇടയ്ക്കിടെ മാറ്റുകയും അടച്ച ഡസ്റ്റ്ബിനിൽ ഉപേക്ഷിക്കുകയും വേണം.കാറ്ററിങ് സ്ഥാപനങ്ങളിൽ വിന്യസിച്ചിരിക്കുന്ന എല്ലാ സൂപ്പർവൈസർമാർക്കും സ്വയം വ്യക്തിഗത ശുചിത്വം പാലിക്കാനും ഇക്കാര്യത്തിൽ അവരുടെ കീഴുദ്യോഗസ്ഥർക്ക് കൗൺസിലിങ് നൽകാനും നിർദ്ദേശം നൽകി.

ഭക്ഷ്യസേവനവിഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും അവരുടെ യൂണിഫോം ദിവസേന കഴുകുകയും ഡ്യൂട്ടിയിൽ വൃത്തിയുള്ള യൂണിഫോം ധരിക്കുകയും വേണം.'ശരിയായ ശുചിത്വം പാലിക്കുക, ബില്ലിങ് മെഷീൻ, പിഒഎസ് മെഷീനുകൾ, കോഫി മെഷീനുകൾ, കൗണ്ടർടോപ്പ്, ഡോർ ഹാൻഡിലുകൾ, ടേബിൾ, കസേര, ഫ്രിഡ്ജ് ഹാൻഡിലുകൾ, സ്റ്റാൾ ഫ്രെയിമുകൾ എന്നിവ പോലുള്ള പതിവായി സ്പർശിക്കുന്ന വസ്തുക്കളിലും ഉപരിതലങ്ങളിലും ലിസോൾ, ഡെറ്റോൾ , കോളിൻ പോലെയുള്ള അണുനാശിനികൾ ഉപയോഗിക്കുക.

എല്ലാ കാറ്ററിങ് യൂണിറ്റുകളിലും ഹാൻഡ് സോപ്പുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത ഉറപ്പാക്കുകയും എല്ലാ കാറ്ററിങ് യൂണിറ്റുകളുടെയും സമഗ്രമായ ശുചീകരണം ദിവസേന നടത്തുകയും വേണം. ഭക്ഷ്യവസ്തുക്കളുടെ ശരിയായ പാക്കേജിങ് ഉറപ്പാക്കണമെന്നും പാക്ക് ചെയ്യാത്ത വസ്തുക്കളുടെ ഉപയോഗം കഴിയുന്നിടത്തോളം ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഭക്ഷ്യകാര്യങ്ങളിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനം കർശനമായി നിരോധിക്കണം. ആരോഗ്യ മന്ത്രാലയം, എഫ്എസ്എസ്എഐ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രാദേശിക ആരോഗ്യ വകുപ്പുകൾ എന്നിവ കാലാകാലങ്ങളിൽ നൽകുന്ന ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും എല്ലാ ഉദ്യോഗസ്ഥരും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.

സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാൻ റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കൂട്ടി

ആളുകൾ കൂട്ടം കൂടുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി എല്ലാ റെയിൽവേ സോണുകൾക്കും പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ 10 മുതൽ 50 രൂപ വരെ ഉയർത്താൻ നിർദ്ദേശം നൽകിയതായി അധികൃതർ പറഞ്ഞു.കൊറോണ വൈറസ് പടരാതിരിക്കാനായി സ്വീകരിച്ച നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഉന്നതതല യോഗം ചേർന്നു. സ്റ്റേഷനുകളിൽ അനാവശ്യമായ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള, താൽക്കാലിക നടപടിയായി എല്ലാ ഡിവിഷണൽ റെയിൽവേ മാനേജർമാരോടും (ഡിആർഎം) പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില 50 രൂപയായി ഉയർത്താൻ അഭ്യർത്ഥിക്കുന്നു. എന്നാൽ ഇത് ഒരു താൽക്കാലിക വർദ്ധനവ് മാത്രമാണ്. സാഹചര്യം അനുകൂലമാകുന്ന സമയത്ത് പഴയ നിരക്കുകൾ പുനഃസ്ഥാപിക്കും റെയിൽവേ അധികൃതർ പ്രതികരിച്ചു. ഓരോ സോണിൽ നിന്നുമുള്ള ഒരു നോഡൽ ഓഫീസർ എല്ലാ കൊവിഡ് 19 പ്രതിരോധ പരിപാടികളുമായും ബന്ധപ്പെടുന്നതും റെയിൽവേ ബോർഡിന്റെ കൊവിഡ്19 ടീമുമായി നിരന്തരം ബന്ധപ്പെടുന്നതുമായിരിക്കും.രാജ്യത്തുടനീളമുള്ള ശ്രമങ്ങളുടെ തത്സമയ നിരീക്ഷണം നടത്താൻ ഓൺലൈൻ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.6 ദിവസത്തിനുള്ളിൽ റദ്ദാക്കിയത് ഒരു ലക്ഷം ട്രെയിൻ ടിക്കറ്റുകൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റദ്ദാക്കിയ ടിക്കറ്റിനേക്കാൾ 67 ശതമാനം കൂടുതലാണ് ഇത്. ആവശ്യം വന്നാൽ ഇനിയും കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിശാഖപട്ടണം-സെക്കന്തരാബാദ്-വിശാഖപട്ടണം സ്പെഷ്യൽ മാർച്ച് 17, 24, 31 തീയതികളിൽ വിശാഖപട്ടണത്തുനിന്നും മാർച്ച് 18, 25, ഏപ്രിൽ 1 തീയതികളിൽ സെക്കന്തരാബാദിൽ നിന്നും റദ്ദാക്കും. വിശാഖപട്ടണം-തിരുപ്പതി വിശാഖപട്ടണം സ്പെഷ്യൽ മാർച്ച് 23, 30 തീയതികളിൽ വിശാഖപട്ടണത്തുനിന്നും മാർച്ച് 24, 31 തീയതികളിൽ തിരുപ്പതിയിൽ നിന്നും റദ്ദാക്കും.

സംബാൽപൂർ-ബനസ്വാടി-സംബാൽപൂർ പ്രത്യേക ട്രെയിൻ മാർച്ച് 18, 25 തീയതികളിൽ സംബാൽപൂരിൽ നിന്നും മാർച്ച് 19, 26 തീയതികളിൽ ബനസ്വാദിയിൽ നിന്നും റദ്ദാക്കും. ഭുവനേശ്വർ -സെക്കന്തരാബാദ്-ഭുവനേശ്വർ സ്‌പെഷ്യൽ മാർച്ച് 19, 26 തീയതികളിൽ ഭുവനേശ്വറിൽ നിന്നും മാർച്ച് 20, 27 തീയതികളിൽ സെക്കന്തരാബാദിൽ നിന്ന് റദ്ദാക്കും. പുരി-സാന്ദ്രഗച്ചി-പുരി സ്പെഷ്യൽ മാർച്ച് 20, 27 തീയതികളിൽ പുരിയിൽ നിന്നും 2020 മാർച്ച് 21, 28 തീയതികളിൽ സാന്ദ്രഗച്ചിയിൽ നിന്നും റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP