Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറസ്റ്റ് ചെയ്ത ശേഷം നടുറോഡിലൂടെ നടത്തിച്ചു; സിപിഎം നേതാക്കൾ മൊബൈലിൽ ഷൂട്ട് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ചു; നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചത് ഡ്രൈവറുടെ ഓട്ടോയിൽ നിന്നെങ്കിലും കൈയാമം വച്ചത് കോൺഗ്രസ് നേതാവിനെ; എഫ്‌ഐആറിൽ കേസുമായി ഒരുബന്ധവുമില്ലാത്ത ജുവനൈൽ ജസ്‌റേറിസ് ആക്റ്റ് ചേർത്തത് ജാമ്യം കിട്ടാതിരിക്കാൻ കരുതിക്കൂട്ടി; കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരിന്റെ അറസ്റ്റ് രാഷ്ട്രീയവിരോധം തീർക്കാനോ? കള്ളക്കേസെന്ന് മുഖ്യമന്ത്രിക്ക് പരാതി

അറസ്റ്റ് ചെയ്ത ശേഷം നടുറോഡിലൂടെ നടത്തിച്ചു; സിപിഎം നേതാക്കൾ മൊബൈലിൽ ഷൂട്ട് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ചു; നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചത് ഡ്രൈവറുടെ ഓട്ടോയിൽ നിന്നെങ്കിലും കൈയാമം വച്ചത് കോൺഗ്രസ് നേതാവിനെ; എഫ്‌ഐആറിൽ കേസുമായി ഒരുബന്ധവുമില്ലാത്ത ജുവനൈൽ ജസ്‌റേറിസ് ആക്റ്റ് ചേർത്തത് ജാമ്യം കിട്ടാതിരിക്കാൻ കരുതിക്കൂട്ടി; കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരിന്റെ അറസ്റ്റ് രാഷ്ട്രീയവിരോധം തീർക്കാനോ? കള്ളക്കേസെന്ന് മുഖ്യമന്ത്രിക്ക് പരാതി

എം മനോജ് കുമാർ

കൊല്ലം: നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ച കേസിൽ അറസ്റ്റ് ചെയ്ത ഇരവിപുരം പൊലീസ് കൊല്ലത്തെ കോൺഗ്രസ് നേതാവിനോട് വ്യക്തിവിരോധം തീർക്കുകയായിരുന്നോ? ഈ കേസുമായി ബന്ധപ്പെട്ടു കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാവായ ബിനോയ് ഷാനൂറിനെ പൊലീസ് അറസ്റ്റ് ചെയ്ത രീതിയും ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തിയതും കൊടും കുറ്റവാളിയെപ്പോലെ പബ്ലിക് റോഡിൽ പൊതുജനങ്ങൾ കാൺകെ നടത്തിച്ചതുമാണ് ഇത്തരം സംശയങ്ങൾ ഉയർത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരവിപുരത്ത് ഒരു പക്ഷെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ തന്നെ സാധ്യതയുണ്ടായിരുന്ന ബിനോയ്യുടെ രാഷ്ട്രീയ ഭാവി തകർക്കൽ ആയിരുന്നു ഈ നീക്കത്തിന്റെ പിന്നിൽ എന്നാണ് ലഭിക്കുന്ന സൂചനകൾ.

അറസ്റ്റിന് പിന്നാലെ പൊലീസിൽ നിന്നും മർദ്ദനമേറ്റശേഷം റിമാൻഡ് ചെയ്യപ്പെട്ട ബിനോയ് ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും ബിനോയ് പരാതി നൽകിയിട്ടുണ്ട്. കള്ളക്കേസ് എടുത്തു പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ ബിനോയ് ആരോപിക്കുന്നത്. ബിനോയുടെ ഭാവി മാത്രമല്ല നടിയായ ബിനോയ്യുടെ ഭാര്യയുടെ ഭാവി കൂടി തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

സിപിഎമ്മിന്റെ രാഷ്ട്രീയ വിരോധമാണ് ബിനോയിയെ അറസ്റ്റ് ചെയ്ത് ഇരവിപുരം പൊലീസ് തീർത്തത് എന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ലോക്കൽ സിപിഎം നേതൃത്വവും ബിനോയിയും തമ്മില ചില്ലറ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഈ പ്രശ്‌നങ്ങൾ തീർക്കാനുള്ള ആയുധമാക്കുകയായിരുന്നു പുകയില ഉത്പ്പനങ്ങൾ പിടിച്ച കേസ് എന്നാണ് ആക്ഷേപം ഉയരുന്നത്. നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ച കേസിൽ 77 ജുവനെയിൽ ജസ്റ്റിസ് ആക്റ്റ് പൊലീസ് എഴുതി ചേർത്താണ് ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം ബിനോയിയെ അറസ്റ്റ് ചെയ്യുന്നത്. നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചാൽ എങ്ങനെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ഉൾപ്പെടുത്തും.

ജുവനൈൽ ജസ്റ്റിസ് ആക്റ്റ് ഉൾപ്പെടുത്തിയില്ലെങ്കിൽ ജാമ്യം ലഭിക്കും. അപ്പോൾ പബ്ലിക് റോഡിൽ ജനങ്ങൾ കാണും വിധം നടത്താനോ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ മർദ്ദിക്കാനോ റിമാൻഡ് ചെയ്യാനോ പൊലീസിനു കഴിയില്ലായിരുന്നു. ബിനോയിയോടുള്ള രാഷ്ട്രീയം വിരോധം തീർക്കാൻ സിപിഎം ഇരവിപുരം പൊലീസിനെ ഉപയോഗിക്കുകയായിരുന്നു. ഇതിന്റെ ഭാഗമാണ് പുകയില ഉത്പ്പന്നങ്ങൾ പിടിച്ച കേസിൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എഴുതി ചേർത്തത് എന്നാണ് ഉയരുന്ന ആക്ഷേപം. സംഭവം ജില്ലാ കോൺഗ്രസിൽ പുകയുന്നുമുണ്ട്. ആദ്യം ബിനോയ്ക്ക് പിന്തുണ പ്രഖ്യാപിക്കാത്ത നേതാക്കൾ കാര്യങ്ങൾ അറിഞ്ഞ ശേഷം ബിനോയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ട്.

ബിനോയിൽ നിന്നല്ല പൊലീസ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. ബിനോയ്യുടെ ഡ്രൈവർ ഷുഹൈബിന്റെ ഓട്ടോയിൽ നിന്നാണ്. കോൺഗ്രസ് നേതാവിന്റെ വീട്ടിന്റെ തൊട്ടടുത്ത് ഷുഹൈബ് പാർക്ക് ചെയ്ത ഓട്ടോയിൽ നിന്നാണ് നിരോധിത പുകയിൽ ഉത്പന്നങ്ങൾ പൊലീസ് പിടിച്ചത്. ഇരുപത്തിനാല് ചാക്കുകളിലായി 60000 കവർ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചു എന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ബിനോയുടെ ഗോഡൗണിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടിച്ചതായി പൊലീസ് പ്രചരിപ്പിച്ചു. ഇതും നാടകമായിരുന്നു എന്നാണ് സൂചന. ഡ്രൈവറുടെ ഓട്ടോയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്.

ഗോഡൗണിൽ നിന്നും ഒന്നും കണ്ടുകിട്ടിയില്ല. രാവിലെ നടന്ന പിടികൂടലിനു ശേഷം ഉച്ചയ്ക്ക് എത്തിയാണ് ഗോഡൗണിൽ നിന്നും കുറച്ച് പാക്കറ്റുകൾ പിടികൂടിയതായി പൊലീസ് അറിയിക്കുന്നത്. ബിനോയിയെ കുരുക്കാനുള്ള പൊലീസിന്റെ അടവിന്റെ ഭാഗമായിരുന്നു ഈ ഗോഡൗൺ റെയിഡ് എന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ ഓട്ടോയിലെ സാധനങ്ങൾ മുഴുവൻ ഗോഡൗണിൽ തന്നെ വയ്ക്കാമായിരുന്നില്ലേ എന്നാണ് ചില കോൺഗ്രസ് നേതാക്കൾ മറുനാടനോട് പറഞ്ഞത്. പുകയില ഉത്പന്നങ്ങൾ പിടിച്ചപ്പോൾ കിട്ടിയത് ബിനോയ്യുടെ ഡ്രൈവറെ. പക്ഷെ കേസ് തിരിച്ചപ്പോൾ ഒന്നാം പ്രതി ബിനോയ് ആയി മാറി.

ഷുഹൈബ് ബിനോയ്യുടെ ഡ്രൈവർ ആണ്. ആവശ്യം വരുന്ന സമയം ഷുഹൈബിനെയാണ് ബിനോയ് വിളിക്കാറ്. ഈ ബന്ധത്തിന്റെ പേരിലാണ് തൊട്ടടുത്ത വീട്ടിൽ ഓട്ടോ പാർക്ക് ചെയ്യാനുള്ള അവസരം ബിനോയ് ഷുഹൈബിനു ഒരുക്കി നൽകിയത്. ഡ്രൈവറുടെ ഓട്ടോയിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവം ഷുഹൈബ് സമ്മതിച്ചിട്ടുണ്ട്. ബിനോയിയുടെതാണ് ഈ ഉത്പ്പന്നങ്ങൾ എന്ന് ഡ്രൈവർ മൊഴി നൽകിയിട്ടില്ല. ഇതിന്റെ ഉത്തരവാദിത്തം സ്വയം എല്ക്കാം എന്നാണ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. പിന്നെ എന്തുകൊണ്ട് ബിനോയ് എന്ന കോൺഗ്രസ് നേതാവിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തത് എന്നാണ് ഉയരുന്ന ചോദ്യം.

പുകയില ഉത്പ്പന്നങ്ങൾ പിടിച്ച കേസിൽ പലപ്പോഴും പൊലീസ് പിഴ ചുമത്തി വിടുകയാണ് ചെയ്യുന്നത്. ഇതിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ ഉൾപ്പെടുത്താറില്ല. അല്ലെങ്കിൽ ഈ ഉത്പന്നങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ വേണ്ടി കൊണ്ട്വന്നതാണ് എന്ന് തെളിയിക്കേണ്ടി വരും. ഇതൊന്നും തെളിയിക്കാൻ തത്ക്കാലം പൊലീസിനു സാധ്യമല്ലാ എന്നാണ് ലഭിക്കുന്ന വിവരം. അതുമല്ല ജുവനൈൽ ജസ്റ്റിസ് ആക്റ്റ് ചുമത്തിയത് മേൽക്കോടതിയിൽ നിലനിൽക്കാനും സാധ്യതയില്ല. പിന്നെ എന്തുകൊണ്ട് ജുവനൈൽ ജസ്റ്റിസ് ആക്റ്റ് ചുമത്തി എന്ന് ചോദിക്കുമ്പോൾ ഈ കോൺഗ്രസ് നേതാവിന്റെ ഭാവി നശിപ്പിക്കുക എന്നതിന്റെ സാധ്യതകളിലെക്കാണ് വിരൽ ചൂണ്ടൽ വരുന്നത്. ഫെബ്രുവരി 19 നാണ് സംഭവം നടക്കുന്നത്. എന്നാൽ മാർച്ച് ആറിനാണ് ബിനോയിയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത് നടുറോഡിൽ നടത്തിച്ച ശേഷമാണ് പൊലീസ് സ്റ്റെഷനിലേക്ക് മാറ്റിയത്. ഇതിന്നിടയിൽ ബിനോയ്ക്ക് മർദ്ദനമേൽക്കുകയും ചെയ്തു. മാർച്ച് പതിനൊന്നിനാണ് ജാമ്യം ലഭിക്കുന്നത്. മാർച്ച് ആറിനു പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് നടന്നത് എല്ലാം ആസൂത്രണം ചെയ്ത നാടകങ്ങളായിരുന്നു എന്നാണ് പരാതിയിൽ ബിനോയ് പറയുന്നത്.

മാർച്ച് ആറിനു അറസ്റ്റ് ചെയ്ത ശേഷം നടുറോഡിലൂടെ നടത്തിക്കുന്നത് സിപിഎം നേതാക്കൾ മൊബൈൽ ക്യാമറയിൽ ഷൂട്ട് ചെയ്ത് വ്യാപകമായി പ്രചരിച്ചു. മുഖത്ത് ഇടിച്ചതിനാൽ കണ്ണിനു പരുക്കുപറ്റി. പൊലീസ് മനഃപൂർവം ചികിത്സ വൈകിപ്പിച്ചു. ഒടുവിൽ എന്റെ ചെലവിൽ ആംബുലൻസ് വിളിച്ചാണ് പൊലീസ് ചികിത്സ നൽകിയത്. മർദ്ദനമെറ്റ കാര്യം കോടതിയിൽ പറഞ്ഞില്ല. കൂടുതൽ കാലം റിമാൻഡിൽ തുടരേണ്ടി വരുമെന്ന് പൊലീസ് ഭീഷണി മുഴക്കി. അതിനാൽ ഒന്നും കോടതിയിൽ പറഞ്ഞില്ല. റെയ്ഡ് എന്ന രീതിയിൽ പൊലീസ് വീട്ടിൽ വന്നു സാധനങ്ങൾ വാരി വലിച്ച് ഇട്ടു. 72 വയസുള്ള നൂർജഹാൻ എന്ന വൃദ്ധ മാതാവിനെ പൊലീസ് പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തു. റെയിഡിന്നിടയിൽ 35000 രൂപയോളം വീട്ടിൽ നിന്നും കാണാതായി-പരാതിയിൽ ബിനോയ് പറയുന്നു. എന്തായാലും പുകയില ഉത്പന്നങ്ങൾ പിടിച്ച സംഭവവും ബിനോയ്ക്ക് മേൽ സിപിഎം രാഷ്ട്രീയ വിരോധം തീർത്ത സംഭവവും കൊല്ലം കോൺഗ്രസിൽ പുകയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP