Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊഴിയൊന്നും നീ തരേണ്ട... നീ പ്രതിയാണ്, ഒപ്പമുണ്ടായിരുന്ന ആളുകൾ ആരെന്നു പറയൂ; ആ പെൺകുട്ടികളുടെ ....യിൽ നീ കയറി പിടിച്ചത് എന്തിന്? പത്ത് മണിക്കുള്ളിൽ എല്ലാം പറഞ്ഞില്ലെങ്കിൽ റിമാൻഡ് ചെയ്യും; സഭാ നവീകരണ പോരാളി സ്റ്റീഫൻ മാത്യുവിനെതിരെ പാലാ സ്റ്റേഷനിലെ പൊലീസുകാരന്റെ ഭീഷണി ഇങ്ങനെ; തനിക്ക് ലഭിക്കേണ്ട നീതി മറ്റാരോ ലേലത്തിൽ പിടിച്ചെന്ന് പരിഹസിച്ച് സ്റ്റീഫനും; തിരോധാനത്തിന് മുമ്പ് ഗാന്ധിജിക്കും എഴുതി ഒരു കത്ത്! സ്റ്റീഫനെ കണ്ടെത്തും വരെ നിയമപോരാട്ടമെന്ന് മറുനാടനോട് പ്രൊഫസർ ഫിലോമിനയും

മൊഴിയൊന്നും നീ തരേണ്ട... നീ പ്രതിയാണ്, ഒപ്പമുണ്ടായിരുന്ന ആളുകൾ ആരെന്നു പറയൂ; ആ പെൺകുട്ടികളുടെ ....യിൽ നീ കയറി പിടിച്ചത് എന്തിന്? പത്ത് മണിക്കുള്ളിൽ എല്ലാം പറഞ്ഞില്ലെങ്കിൽ റിമാൻഡ് ചെയ്യും; സഭാ നവീകരണ പോരാളി സ്റ്റീഫൻ മാത്യുവിനെതിരെ പാലാ സ്റ്റേഷനിലെ പൊലീസുകാരന്റെ ഭീഷണി ഇങ്ങനെ; തനിക്ക് ലഭിക്കേണ്ട നീതി മറ്റാരോ ലേലത്തിൽ പിടിച്ചെന്ന് പരിഹസിച്ച് സ്റ്റീഫനും; തിരോധാനത്തിന് മുമ്പ് ഗാന്ധിജിക്കും എഴുതി ഒരു കത്ത്! സ്റ്റീഫനെ കണ്ടെത്തും വരെ നിയമപോരാട്ടമെന്ന് മറുനാടനോട് പ്രൊഫസർ ഫിലോമിനയും

എം മനോജ് കുമാർ

പാല: പള്ളിയിൽ പോയി പ്രാർത്ഥിക്കാത്ത കടുത്ത ദൈവവിശ്വാസിയായ സ്റ്റീഫൻ മാത്യു എവിടെപ്പോയി. സ്റ്റീഫൻ മാത്യുവിന് അടുപ്പമുള്ള പ്രൊഫസർ ഫിലോമിനയും ബന്ധുക്കളും തമ്മിലുള്ള പ്രശ്‌നത്തെ തുടർന്ന് ഉടലെടുത്ത ഒരു കള്ളപ്പരാതിയിൽ തനിക്ക് നേരെ പൊലീസ് മർദ്ദനം വന്നപ്പോഴാണ് ഖിന്നനായി ഗാന്ധിജിക്ക് കത്തുമെഴുതി സ്റ്റീഫൻ മാത്യു മുങ്ങിയത്. പൊലീസ് രീതികളോടുള്ള കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഗാന്ധിജിക്ക് കത്തെഴുതിയ സ്റ്റീഫൻ മാത്യു അജ്ഞാതമായ ഏതോ സ്ഥലത്ത് നിരാഹാരമിരിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ. അജ്ഞാത വാസത്തിൽ എവിടെയോ നിരാഹരത്തിലാണ് സ്റ്റീഫൻ മാത്യു. കത്ത് കണ്ട സ്റ്റീഫനുമായി അടുപ്പമുള്ളവർക്ക് ഈ കാര്യത്തിൽ ഒരു സംശയവുമില്ല. അഭയ കേസുമായി ബന്ധപ്പെട്ടു എറണാകുളത്തും മത നിയമവുമായി ബന്ധപ്പെട്ട കേസിൽ ജയിലിലായപ്പോൾ സൗദി ജയിലിലും മാത്യു സ്റ്റീഫൻ നിരാഹാരം കിടന്നിട്ടുണ്ട്. സൗദിയിൽ ജോലി ചെയ്യുന്നതിന്നിടയിൽ ഖുറാൻ പഠിച്ച് മതനിയമ പ്രശ്‌നത്തിൽ സൗദി പൊലീസിനെ വെള്ളം കുടിപ്പിച്ച ആളുടെ മേലാണ് വ്യാജപരാതിയുടെ പേരിൽ തങ്ങൾ കൈവെച്ചത് എന്ന് ഈ നിമിഷം വരെ പാലാ പൊലീസിലെ മർദ്ദനവീരന്മാർ അറിഞ്ഞിട്ടുമുണ്ടാവില്ല. കേരളത്തിലെ കത്തോലിക്കാ സഭാ നവീകരണ പോരാട്ടങ്ങളുടെ മുന്നിൽ നിൽക്കുന്ന മുന്നണിപ്പോരാളിയെയാണ് തങ്ങൾ വ്യാജ പരാതിയുടെ പേരിൽ മർദ്ദിച്ച് ഓടിച്ചത് എന്നും പാലാ പൊലീസ് മനസിലാക്കുന്നുണ്ടാവില്ല.

യേശുവിനോടുള്ള കറകളഞ്ഞ ആഭിമുഖ്യമാണ് മാത്യു സ്റ്റീഫനെ വ്യത്യസ്തനാക്കുന്നത്. ദുഃഖവെള്ളി ആചരണത്തിൽ യേശുവിന്റെ വേഷമണിഞ്ഞ് കുരിശുമേന്തി നടക്കുന്ന സ്റ്റീഫൻ മാത്യുവിന്റെ ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇങ്ങിനെ കത്തോലിക്ക സഭാ നവീകരണവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന സ്റ്റീഫൻ മാത്യുവിനെയാണ് കാണാതായിരിക്കുന്നത്. വഴി തർക്കവുമായി ബന്ധപ്പെട്ടു ഫിലോമിനയും ബന്ധുക്കളും തമ്മിൽ ഇടഞ്ഞപ്പോൾ വന്ന വ്യാജ പരാതിയാണ് സ്റ്റീഫൻ മാത്യുവിനെ അജ്ഞാത വാസത്തിൽ നിർത്തുന്നത്. പാലാ പൊലീസിനു സ്റ്റീഫൻ മാത്യുവിനെ അറിയില്ലെങ്കിൽ പ്രബുദ്ധ കേരളത്തിനു സ്റ്റീഫനെ അറിയാം. സിസ്റ്റർ അഭയയും സ്റ്റീഫൻ മാത്യുവും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചതാണ്. സിസ്റ്റർ അഭയയുടെ കൊലയാളികളെ ശിക്ഷിക്കണം എന്നും പുരോഹിതരെ പുറത്താക്കണം എന്നും പറഞ്ഞു എറണാകുളത്ത് സത്യഗ്രഹം കിടന്ന പോരാളികൂടിയാണ് സ്റ്റീഫൻ മാത്യു. അഭയയെ കൊന്ന പുരോഹിതരെ സഭ പുറത്താക്കണം എന്നാവശ്യപ്പെട്ടു ഒറ്റയ്ക്ക് പള്ളി മതിലുകളിൽ പോസ്റ്റർ ഒട്ടിച്ച് ആദ്യം തന്നെ ഈ പ്രശ്‌നത്തിൽ സമരകാഹളം ഉയർത്തിയ വ്യക്തി കൂടിയാണ് മാത്യു സ്റ്റീഫൻ.

അരീക്കര സെന്റ് റോക്കീസ് യുപി സ്‌കൂളിൽ ഒരുമിച്ച് പഠിച്ച സിസ്റ്റർ അഭയയുടെ മുഖം ഓർമ്മയില്ലെങ്കിലും, കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺവെന്റ് കിണറിൽ പത്തൊമ്പതുകാരിയായ സിസ്റ്റർ അഭയയെയുടെ ജഡം പൊന്തിയപ്പോൾ സ്റ്റീഫൻ മാത്യു ചോദിച്ച ഒരു ചോദ്യമുണ്ട്. കന്യാസ്ത്രീകളെ വൈദികർക്ക് വ്യഭിചരിക്കാം എന്ന് പറയുന്ന പഴയ നിയമം ഇപ്പോഴും വേദഗ്രന്ഥമായിരിക്കുന്ന സഭയിൽ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാൻ. ബിഷപ്പ് എന്ന അധികാര സ്ഥാനത്തിരുന്നു ഫ്രാങ്കോ മുളയ്ക്കൽ കയ്യിൽ കിട്ടിയ കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്ത കഥ പുറത്ത് വന്നപ്പോൾ അഭയ കേസ് വന്നപ്പോൾ സ്റ്റീഫൻ മാത്യു ചോദിച്ച ചോദിച്ച ചോദ്യം മലയാളികളായ കത്തോലിക്കാ വിശ്വാസികളുടെ തൊണ്ടയിൽ കുരുങ്ങി നിൽക്കുന്നുണ്ട്. ഇതേ മാത്യു സ്റ്റീഫനെയാണ് വ്യാജ പരാതിയുടെ പേരിൽ മർദ്ദിച്ച് ഭയപ്പെടുത്തി പാലാ പൊലീസ് അജ്ഞാത വാസത്തിലെക്ക് തള്ളി വിട്ടത്.

ഇപ്പോൾ കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്ന ഒരു ചോദ്യമുണ്ട് സ്റ്റീഫൻ മാത്യു എവിടെയാണ്. തനിക്ക് അടുപ്പമുള്ള പ്രൊഫസർ ഫിലോമിനയുടെ മുന്നിൽ വെച്ച് പാലാ പൊലീസ് അസഭ്യം പറയുകയും മർദ്ദനം നടത്തുകയും ചെയ്തപ്പോൾ മനസ് കലങ്ങി ഗാന്ധിജിക്ക് കത്തുമെഴുതി ഫോൺ ഫിലോമിനയെ ഏൽപ്പിച്ച് എങ്ങോട്ടോ മറഞ്ഞതാണ് സ്റ്റീഫൻ മാത്യു. വഴിത്തർക്കത്തിന്റെ പേരിൽ മർദ്ദിച്ച് അജ്ഞാത വാസത്തിലെക്ക് നയിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്നും പാലാ പൊലീസിന് ഒഴിഞ്ഞുമാറാനും കഴിയില്ല. ഇപ്പോഴും സ്റ്റീഫൻ മാത്യുവിനെ കണ്ടു കിട്ടിയില്ല. സ്റ്റീഫൻ മാത്യുവിനെ കാണുന്നില്ലെന്ന കാര്യം പ്രൊഫസർ ഫിലോമിനയാണ് മറുനാടനെ അറിയിച്ചത്.

താനും ബന്ധുക്കളും തമ്മിൽ ഒരു വഴിത്തർക്കം വന്നപ്പോൾ ബന്ധുക്കൾ എന്നെ ആക്രമിച്ചു. അതിൽ യുവതികൾ അടക്കമുള്ളവരുണ്ടായിരുന്നു. ആക്രമണത്തിൽ നിന്നും എന്നെ രക്ഷിക്കാൻ മുൻപന്തിയിൽ നിന്നത് മാത്യു സ്റ്റീഫനാണ്. പക്ഷെ ഈ പ്രശ്‌നം പൊലീസിൽ വന്നപ്പോൾ അവർ ഞങ്ങൾക്കെതിരെ പരാതി നൽകി. മാത്യു സ്റ്റീഫനെതിരെ എന്നെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ പരാതി നൽകി എന്നാണ് പാലാ പൊലീസ് പറഞ്ഞത്. യുവതികളെ ഒന്നും മാത്യു സ്റ്റീഫൻ തൊട്ടിട്ടില്ല. എന്നെ രക്ഷിക്കുകയാണു ചെയ്തത്-പ്രൊഫസർ ഫിലോമിന മറുനാടനോട് പറഞ്ഞു. പക്ഷെ അവർ വ്യാജ പരാതി നൽകി. മാത്യു സ്റ്റീഫൻ അവരെ കടന്നു പിടിച്ചു എന്നാണ് പരാതിയിലുള്ളത് എന്നാണ് മാത്യു സ്റ്റീഫനെ പാലാ പൊലീസ് ചോദ്യം ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് മനസിലായത്. എന്തായാലും മാത്യു സ്റ്റീഫനെ പോലുള്ള ഒരു പോരാളിയുടെ ഉള്ളം കലക്കുന്ന നടപടികളാണ് പാലാ പൊലീസ് കൈക്കൊണ്ടത്-ഫിലോമിന ജോസഫ് പറയുന്നു.

സ്റ്റീഫൻ മാത്യുവിനെ ഓടിച്ചു വിട്ടത് പാലാ പൊലീസ്: പ്രൊഫസർ ഫിലോമിന

കഴിഞ്ഞ ഒരു വർഷമായി മാത്യു സ്റ്റീഫൻ എനിക്ക് ഒപ്പമാണ്. കോട്ടയം കുറവിലങ്ങാട് ഞാൻ ഒരു ചാരിറ്റി സ്ഥാപനം നടത്തുന്നുണ്ട്. പ്രൊഫസർ സിസിലിയാമ്മ ജോസഫ് ഔസേഫ് മെമോറിയൽ ട്രസ്റ്റ്. അതിന്റെ മാനേജിങ് ട്രസ്റ്റിയാണ് ഞാൻ. എന്റെ ചേച്ചി കായികാധ്യാപികയായിരുന്നു. ചേച്ചിയുടെ മെമോറിയൽ ആയി തുടങ്ങിയതാണ് സ്ഥാപനം. ഒരു കായിക അക്കാദമി തുടങ്ങാനായിരുന്നു പദ്ധതി. അത് പാലായിൽ എനിക്ക് നടത്താൻ സാധിച്ചില്ല. സിപിഎം അന്ന് സ്ഥലം അലോട്ട് ചെയ്ത് തന്നെങ്കിലും കെ.എം.മാണിയുടെ എതിർപ്പ് കാരണം അത് നടന്നില്ല. അതിനു ശേഷം അത് മാറ്റി ആരോരുമില്ലാത്തവരെ പാർപ്പിക്കുന്ന ഒരു സ്ഥാപനമാക്കി മാറ്റി. നിബന്ധനകൾക്ക് വിധേയമായാണ് സ്ഥാപനം നടത്തുന്നത്. എനിക്ക് പ്രവിത്താനം കുറച്ച് സ്ഥലമുണ്ട്. എന്റെ ബന്ധുക്കളുമായി അതിൽ വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. ആ റബർ തോട്ടം നോക്കി നടത്തുന്നതുമായി ബന്ധപ്പെട്ടു സ്റ്റീഫനുമായി ഞാൻ പോയിട്ടുണ്ട്. അതിൽ കുറച്ച് പാഴ്‌ത്തടികൾ വെട്ടി വിൽക്കാനുണ്ടായിരുന്നു. എനിക്ക് സ്ഥലത്തേക്ക് കയറിപ്പോകാൻ സ്വതന്ത്ര വഴിയുണ്ട്.

പത്ത് നാൽപ്പതുകൊല്ലം ഞാൻ കൂത്ത്പറമ്പിലായിരുന്നു. അതിനാൽ എന്റെ ശ്രദ്ധ എത്തിയില്ല. ബന്ധുക്കൾ വഴി നശിപ്പിച്ചിരുന്നു. അപ്പോൾ പുതിയ വഴി വെട്ടാൻ തുടങ്ങിയപ്പോൾ എന്റെ സഹോദരന്റെ കുട്ടികളും സ്ത്രീകളും ഇറങ്ങിവന്നു പണി തടഞ്ഞു. ബഹളമായി. എന്നെ കൊള്ളുന്ന അവസ്ഥ വന്നപ്പോൾ മാത്യു സ്റ്റീഫനാണ് രക്ഷിച്ചത്. ഇത് കേസായി. കേസും കൗണ്ടർ കേസുമായി. ഫെബ്രുവരി ഇരുപത്തിയേഴിനാണ് സംഭവം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പാലാ ഡിവൈഎസ്‌പി വിളിച്ചിരുന്നു. സംസാരിക്കാൻ ചെന്നിരുന്നു. ഡിവൈഎസ്‌പി പറഞ്ഞത് എനിക്ക് വഴിവെട്ടാൻ അവകാശമുണ്ടെന്നാണ്. ട്രസ്റ്റ് നടത്താൻ എനിക്ക് അവകാശമില്ല എന്നൊക്കെയാണ് എതിരായി അവർ പറഞ്ഞത്. എനിക്ക് റോഡ് വേണം എന്നേയുള്ളൂ. സ്വത്ത് വിഭജന കേസുകൾ ഹൈക്കോടതിയിലാണ്. ഈ കഴിഞ്ഞ പതിനോനൊന്നിന് എതിർ വിഭാഗം റോഡ് അടച്ചു. ഇതിനൊക്കെ കമ്മിഷൻ റിപ്പോർട്ട് ഉണ്ട്. മാർച്ച് നാലിന് പൊലീസ് എന്റെ മൊഴി എടുത്തു. സാക്ഷികൾ ആരോക്കെയാണ് എന്ന് ചോദിച്ചപ്പോൾ സ്റ്റീഫൻ മാത്യുവുണ്ട് എന്നാണ് ഞാൻ പറഞ്ഞത്. സ്റ്റീഫന്റെ നമ്പറും നൽകും. അപ്പോൾ പാലാ പൊലീസ് സ്റ്റേഷനിൽ നിന്നും അനിൽ മാത്യുവിനെ വിളിച്ചു. മൊഴിയെടുക്കാൻ വരണം എന്നാണ് പറഞ്ഞത്.

ഞങ്ങൾ രണ്ടുപേരും കൂടി പാലാ പൊലീസ് സ്റ്റേഷനിൽ ചെന്നു. മൊഴിയൊന്നും നീ തരേണ്ട... നീ പ്രതിയാണ്. അന്ന് ഒപ്പമുണ്ടായിരുന്ന ആളുകൾ ആരെന്നു നീ പറയുക... എത്ര പൈസ കൊടുത്തെന്നു പറയുക.. ഞാൻ ഇതിൽ ഇടപെട്ടിട്ടില്ല എന്നാണ് മാത്യുസ്റ്റീഫൻ പറഞ്ഞത്. ടീച്ചറിനെ രക്ഷപ്പെടുത്താൻ നോക്കിയിട്ടേയുള്ളൂ. ആ പെൺകുട്ടികളുടെ ....യിൽ നീ കയറി പിടിച്ചത് എന്തിന് എന്നാണ് പൊലീസുകാരൻ അനിൽ ചോദിച്ചത്. നിനക്ക് നോൺ ബേയിലബിൾ ഒഫൻസ് ആണ് ഇട്ടത് എന്നാണ് അനിൽ പറഞ്ഞത്. ഞാൻ അവിവാഹിതനാണ്.. ഞാൻ ഒന്നും ചെയ്തിട്ടില്ല. ടീച്ചറിനെ രക്ഷിക്കുക മാത്രമാണ് ചെയ്തത്... പിന്നെ ഒന്നും ഞാൻ ചെയ്തിട്ടില്ല എന്നുപറഞ്ഞപ്പോൾ അനിൽ മാത്യു സ്റ്റീഫനെ കൂടി ഒരു റൂമിലേക്ക് പോയി. ഒപ്പം ഞാനും പോയി.. മാത്യു സ്റ്റീഫന്റെ ഷർട്ടിൽ പിടിച്ച് തെറിവിളി നടത്തുകയാണ് അനിൽ ചെയ്തത്...... ളീ.. പത്ത് മണിക്കുള്ളിൽ നീ എല്ലാം പറഞ്ഞില്ലെങ്കിൽ നിന്നെ റിമാൻഡ് ചെയ്യും.. പിന്നെ എല്ലാ പൊലീസുകാരും കൂടി ഞങ്ങളെ ഹറാസ് ചെയ്യുകയാണ് ചെയ്തത്. നാളെ പത്തുമണിക്കുള്ളിൽ എന്നാണ് പൊലീസ് പറഞ്ഞത്. അന്ന് വീട്ടിൽ വന്നപ്പോൾ ഭക്ഷണം മാത്യു കഴിച്ചില്ല. ടീച്ചറെ ഈ കേസിൽ ഞാൻ പ്രതിയായില്ലേ... ചെയ്യാത്ത തെറ്റിനാണ് എനിക്ക് പീഡനം ഏൽക്കേണ്ടി വന്നത് എന്നാണ് മാത്യു പറഞ്ഞത്.. സാരമില്ല മാത്യു നമുക്ക് അഭിമുഖീകരിക്കാം എന്നാണ് പറഞ്ഞത്.. പക്ഷെ മാത്യു രാത്രിയിൽ ഇരുന്നു കത്തെഴുതി. പന്ത്രണ്ട് മണി വരെ ഇരുന്നിട്ടും എഴുതിയില്ല. ഞാൻ പിന്നെ പോയി കിടന്നു. രാവിലെ അഞ്ചു മണിക്ക് ഗെറ്റ് തുറന്നു തരണം എന്നാണ് മാത്യു പറഞ്ഞത്. അങ്ങിനെ പറഞ്ഞു രാവിലെ പോയി. എഴേകാൽ ആയപ്പോൾ എനിക്ക് ഫോൺ. ഒരു കത്തും ഫോണും എന്റെ മുറിയിലുണ്ട് എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. മാത്യുവിന്റെ പെങ്ങളെ വിളിച്ചു ഞാൻ പറഞ്ഞു. പിന്നെ മാത്യുവിനെ കാണുന്നില്ല എന്ന് പറഞ്ഞു പതിനാലിന് കോട്ടയം എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. പക്ഷെ ഇതിനു ശേഷം മാത്യുവിനെക്കുറിച്ച് ഒരു വിവരവുമില്ല. നിരാഹാരം കിടക്കാൻ പോയി എന്നാണ് കത്തിൽ പറയുന്നത്- ഫിലോമിന പറയുന്നു.

മാത്യു സ്റ്റീഫൻ ഗാന്ധിജിക്ക് എഴുതി കത്ത് ഇങ്ങനെ:

എന്റെ പ്രിയപ്പെട്ട രാഷ്ട്ര പിതാവേ...

അങ്ങ് സ്വപനം കണ്ട സ്വരാജ് അല്ല ഈ രാജ്യത്ത് നടക്കുന്നത്. നിരാഹാരത്തെ ബഹുമാനിച്ചിരുന്ന ബ്രിട്ടീഷ് രാജ് പോലുമല്ല ഇവിടെ നടക്കുന്നത്.. ഒരു ഭാരത പുത്രി പതിനാലു വർഷക്കാലം നിരാഹാരം അനുഷ്ടിച്ചിട്ടും തിരിഞ്ഞു നോക്കാത്ത ബാസ്റ്റെർഡുകളാണ് ഇന്നത്തെ എക്‌സിക്യൂട്ടീവും ലജിസ്ലെറ്റീവും ജുഡീഷ്യറിയും കയ്യാളുന്നത്. നിയമവും നീതിയും ഇവിടെ ലേലത്തിന് വെച്ചിരിക്കുകയാണ്. കൂടിയ തുകയ്ക്ക് ലേലം പിടിക്കുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നത് മാത്രമാണ് ഇന്നത്തെ പൊലീസിന്റെ ജോലി.

ഫെബ്രുവരി ഇരുപത്തിയെഴിനു പാലാ പൊലീസ് സ്റ്റേഷന്റെ ഭാഗത്ത് നടന്ന ഒരു ലോ ആൻഡ് ഓർഡർ പ്രശ്‌നത്തിനു മാർച്ച് പത്തു വരെ ലേലം വിളി തുടർന്നു. എനിക്ക് ലഭിക്കേണ്ട നീതി മറ്റാരോ ലേലത്തിൽ പിടിച്ചിരിക്കുന്നു.. ചെയ്യാത്ത കുറ്റങ്ങൾ ചെയ്‌തെന്നും അറിയില്ലാത്ത കാര്യങ്ങൾ പറയെടാ എന്നും ആക്രോശിച്ചു കൊണ്ട് പൊലീസ് എന്നെ പീഡിപ്പിക്കുമ്പോൾ അല്ലയോ രാഷ്ട്ര പിതാവേ അങ്ങയുടെ മാർഗത്തിൽ പ്രതിഷേധിച്ച് വീരമൃത്യു വരിക്കാൻപോലും എനിക്ക് നിവൃത്തിയില്ല. അവർ എന്നെ ആശുപത്രിയിലിട്ടു വീണ്ടും പീഡിപ്പിക്കും. അതുകൊണ്ട് ഹതഭാഗ്യനായ ഈ ഭാരതപുത്രൻ ആരംഭിക്കുന്ന അജ്ഞാത നിരാഹാര സമരത്തിനു മഹാത്മാവേ അങ്ങ് സാക്ഷിയായിരിക്കണേ..അവിടുന്ന് അനുഗ്രഹിക്കണമേ...നീതി നിഷേധിക്കപ്പെടുന്ന ഈ രാജ്യത്തെ അനേകരുടെ ഒരു പ്രതിനിധിയായി ഈയുള്ളവനെ ഇരുകയ്യും നീട്ടി അങ്ങ് സ്വീകരിക്കണേ...

ലോക രക്ഷയും എകരക്ഷയും ഗാന്ധി മാർഗം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP