Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കഴിവില്ലായ്മയും മടിയുമോ? അതോ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ബലിയാടോ? എന്താണ് സിവിൽ സർവ്വീസിലെ ഒന്നാം റാങ്കുകാരനായ രാജു നാരായണ സ്വാമിക്ക് സംഭവിക്കുന്നത് ? കേരളത്തിലെ സകലരും ചവിട്ടി മതിച്ച ശേഷം കേന്ദ്രത്തിൽ എത്തിയ സ്വാമി എന്തുകൊണ്ടാണ് പിരിച്ചു വിടുമെന്ന് പറഞ്ഞ് നോട്ടീസ് കൊടുക്കും വരെ ജോലിയിൽ പ്രവേശിക്കാതെ ഒളിച്ചു കളിച്ചത്? ബുദ്ധിമാനായ ഒരു നല്ല മനുഷ്യൻ എന്തുകൊണ്ടാണ് എല്ലാവരാലും വെറുക്കപ്പെട്ടവനായി മാറിയത്?

കഴിവില്ലായ്മയും മടിയുമോ? അതോ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ബലിയാടോ? എന്താണ് സിവിൽ സർവ്വീസിലെ ഒന്നാം റാങ്കുകാരനായ രാജു നാരായണ സ്വാമിക്ക് സംഭവിക്കുന്നത് ? കേരളത്തിലെ സകലരും ചവിട്ടി മതിച്ച ശേഷം കേന്ദ്രത്തിൽ എത്തിയ സ്വാമി എന്തുകൊണ്ടാണ് പിരിച്ചു വിടുമെന്ന് പറഞ്ഞ് നോട്ടീസ് കൊടുക്കും വരെ ജോലിയിൽ പ്രവേശിക്കാതെ ഒളിച്ചു കളിച്ചത്? ബുദ്ധിമാനായ ഒരു നല്ല മനുഷ്യൻ എന്തുകൊണ്ടാണ് എല്ലാവരാലും വെറുക്കപ്പെട്ടവനായി മാറിയത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി. സിവിൽ സർവ്വീസിൽ ഒന്നാം റാങ്കിന്റെ തിളക്കമുള്ള മലയാളി. കടുംപിടിത്തക്കാരനായ അഴിമതിക്കാർക്ക് പേടി സ്വപ്നമായ ഉദ്യോഗസ്ഥൻ. ഈ മികവുകൾക്കിടയിലും രാജുനാരായണ സ്വാമിയെ ഉൾക്കൊള്ളാൻ ഒരു ഭരണ കൂടത്തിനുമാകുന്നില്ല. അഴിമതിക്കെതിരെ പോരടിക്കുന്നതു കൊണ്ടാണ് ഈ ഉദ്യോഗസ്ഥന് ഇതെല്ലാം സംഭവിക്കുന്നതെന്ന് കരുതുന്നവരുണ്ട്. എന്നാൽ എവിടെ പോയാലും പ്രശ്നമാണ്. കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് കേന്ദ്ര സർവ്വീസിൽ എത്തിയപ്പോൾ അവിടേയും പ്രശ്നങ്ങൾ. തിരിച്ച് സംസ്ഥാന സർക്കാരിന്റെ ഭാഗമാകാതെ ഒരു കൊല്ലം ഒളിച്ചു കളി. ഇപ്പോൾ പിരിച്ചു വിടുമെന്നായപ്പോൾ വീണ്ടും സംസ്ഥാന സർവ്വീസിൽ. ഇതോടെ മടി കാരണം ഒളിച്ചു കളിക്കുകയായിരുന്നു രാജു നാരായണ സ്വാമിയെന്ന വിവാദവും ആളികത്തുകയാണ്.

രാജു നാരായണസ്വാമി ഒരുവർഷത്തിനു ശേഷം സംസ്ഥാനസർവീസിൽ തിരിച്ചെത്തുമ്പോൾ ചർച്ചകൾ പലവഴിക്കാണ്. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെതിരേ നൽകിയ കേസിന്റെ വിചാരണ നടക്കുന്ന ചെന്നൈ ഹൈക്കോടതിയിൽ പ്രത്യേക സത്യവാങ്മൂലം നൽകിയ ശേഷമാണ് ചൊവ്വാഴ്ച പൊതുഭരണവകുപ്പിന് കത്ത് നൽകിയത്. സർവീസിൽ ചേരുന്ന കാര്യം കോടതിയെയും അറിയിച്ചിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലുള്ള അദ്ദേഹം കേസ് തീർന്നാലെ സർവ്വീസിൽ എത്തൂവെന്ന നിലപാടിലായിരുന്നു ഇതിന് മുമ്പ്. കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹത്തോട് സർവീസിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണ സംസ്ഥാനസർക്കാർ നോട്ടീസ് നൽകിയിരുന്നു. കേസ് നടക്കുന്നതിനാൽ മടങ്ങിയെത്താൻ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം മറുപടി നൽകിയിരുന്നു. കേസ് വിചാരണ അന്തിമഘട്ടത്തിലാണ്. ഇതോടെ കടുത്ത നിലപാടിലേക്ക് സംസ്ഥാന സർക്കാരെത്തി. പിരിച്ചു വിടുമെന്ന് അറിയിച്ചു. ഇതോടെയാണ് സർവ്വീസിൽ തിരിച്ചെത്താൻ സമ്മതിക്കുന്നത്.

ചെയർമാനായിരിക്കേ നാളികേര വികസന ബോർഡിലെ അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് തന്നെ പുറത്താക്കിയതെന്നും അഴിമതി നടത്തിയവർക്കെതിരേ സിബിഐ. നടപടി തുടങ്ങിയിരുന്നതായും സ്വാമി പറഞ്ഞു. കഴിഞ്ഞവർഷം മാർച്ച് ഏഴിന് ബോർഡിൽനിന്നു പുറത്തായശേഷം ചെന്നെയിൽ കേസ് നടക്കുന്നതിനാലാണ് സംസ്ഥാന സർവീസിൽ പ്രവേശിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ജനുവരി 20-നാണ് ഒടുവിൽ നോട്ടീസ് നൽകിയത്. തിരികെ പ്രവേശിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അന്ത്യശാസനവും നൽകി. ഇതിനിടെ സ്വാമിക്കെതിരേ കടുത്ത നടപടി വേണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകി. അതിനിടെ സ്വാമിയുടെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചതായി കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചു. ഇതോടെ സ്വാമിയെ സ്വയംവിരമിക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായി. അപ്പോഴാണ് നാടകീയമായി സർവ്വീസിൽ തിരിച്ചെത്താൻ രാജു നാരായണ സ്വാമി സമ്മതം അറിയിക്കുന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിയെ സർവീസിൽനിന്നു പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു ശിപാർശ നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കേരളത്തിലെ ഐഎഎസ് ലോബിയുമായി രാജു നാരായണ സ്വാമി നല്ല ബന്ധത്തിൽ അല്ല. ഇതും നീക്കത്തിൽ ചർച്ചയായി. സർവീസിൽ ഒൻപത് വർഷം കൂടി ശേഷിക്കെയാണു പുറത്താക്കാനുള്ള നീക്കം നടന്നത്. സംസ്ഥാന, കേന്ദ്ര സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചെന്നു സമിതി കണ്ടെത്തിയിരുന്നു. സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസിൽ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സർവീസിൽനിന്ന് സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന കാര്യം സർക്കാരിനെ അറിയിച്ചില്ല. ഡൽഹിയിൽ നാളികേര വികസന ബോർഡ് ചെയർമാൻ പദവിയിൽനിന്ന് വിരമിച്ച അദ്ദേഹം എവിടെയാണെന്നു സർക്കാർ രേഖകളിലില്ല എന്നീ ന്യായങ്ങളാണ് സർക്കാർ മുമ്പോട്ട് വച്ചത്. എന്നാൽ മുഖ്യമന്ത്രി ഇടപെട്ട് ഇതെല്ലാം മരവിപ്പിച്ചു.

2018 ഓഗസ്റ്റ് എട്ടിനാണ് കേരളാ സർക്കാരിന്റെ എൻഒസിയുമായി കേന്ദ്ര സർക്കാരിൽ രാജു നാരായണ സ്വാമി പോയത്. ഒരു വർഷത്തേക്കാണ് അത്. അതായത് 2019 വർഷം ഓഗസ്റ്റ് എട്ട് വരെ കേന്ദ്ര സർവ്വീസിൽ തുടരാൻ രാജു നാരായണ സ്വാമിക്ക് അനുമതിയുണ്ടായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ നാളികേര വികസന കോർപ്പറേഷന്റെ ചെയർമാനായി. എന്നാൽ അവിടേയും അഴിമതിക്കാർക്കെതിരെ നടപടി എടുത്തു. ഇതോടെ കേന്ദ്രം കൈവിട്ടു. കാറ്റിലും ഹൈക്കോടതിയിലും എല്ലാം ഇതിലെ നിയമ നടപടികൾ നടക്കുന്നു. മാറ്റിയ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കാറ്റിലെ സാങ്കേതിക പരാമർശങ്ങൾ കാരണം നാളികേര വികസന കോർപ്പേറേഷനിൽ തിരിച്ചു ചേരാനും കഴിയില്ലെന്ന നിലപാടിലായിരുന്നു രാജു നാരായണ സ്വാമി. എന്നാൽ പെട്ടെന്ന് മനം മാറ്റി. ജോലിക്കെത്താൻ സമ്മതിച്ചു. ഇതോടെ മടികാരണമാണ് കേരളത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വൈകിയതെന്നും സൂചനയുണ്ട്. പാറ്റൂർ കേസിലും സിവിൽ സപ്ലൈസ് അഴിമതിയിലും മറ്റും നിർണ്ണായക ഇടപെടൽ നടത്തിയ സ്വാമിയെ കേരളത്തിൽ തിരികെ സജീവമാക്കാൻ പിണറായി സർക്കാരിനും താൽപ്പര്യമില്ലെന്ന വസ്തുതയും ചർച്ചകളിലുണ്ട്.

ഏത് പദവിയിൽ ഇരുന്നാലും രാജു നാരായണ സ്വാമി പതിയെ മാത്രമേ തീരുമാനം എടുക്കൂവെന്ന വാദവും സജീവമാണ്. ഇടത് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മന്ത്രി വി എസ് സുനിൽകുമാർ തന്റെ പ്രത്യേക താൽപ്പര്യ പ്രകാരം രാജു നാരായണ സ്വാമിയെ കൃഷി വകുപ്പ് സെക്രട്ടറിയാക്കി. എന്നാൽ കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകറുമായി നിരന്തരം ഏറ്റുമുട്ടി. ഒടുവിൽ ആ പദവിയും പോയി. അതിന് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗമാകാൻ ശ്രമിച്ചത്.

സ്‌കൂൾ പഠനകാലം മുതൽ ഒന്നാം റാങ്കുകളുടെ കൂട്ടുകാരനായിരുന്നു രാജു നാരായണസ്വാമി. എസ്.എസ്.എൽ.സി, പ്രീഡിഗ്രി, ഗേറ്റ്, ഐ.ഐ.ടി. ഫൈനൽ പരീക്ഷകളിലെ ഒന്നാം റാങ്ക് സിവിൽ സർവീസ് പരീക്ഷയിലും ആവർത്തിച്ചു. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ കലക്ടറായിരുന്നു. മുന്മന്ത്രി ടി.യു. കുരുവിളയുടെ ഭൂമി കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത് രാജു നാരായണസ്വാമിയായിരുന്നു. മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതും സ്വാമിയായിരുന്നു. പാറ്റൂർ ഫ്‌ളാറ്റ് അഴിമതിയിൽ ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷൺ അടക്കമുള്ളവർ ചർച്ചയിലെത്തിയതും രാജു നാരായണ സ്വാമിയുടെ ഇടപെടലായിരുന്നു. കേരളത്തിലെ അഴിമതിക്കാരുടെ കുതന്ത്രങ്ങളിൽ മനംമടുത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് സ്വാമി മാറിയത്. എന്നാൽ അവിടേയും കാത്തിരുന്നത് അഴിമതിക്കാർ തന്നെയായിരുന്നു. സിബിഐയുടെ റിപ്പോർട്ടിൽ രാജു നാരായണ സ്വാമി ചിലരെ പുറത്താക്കി. അവരെ തിരിച്ചെടുക്കാൻ തയ്യാറാകാതിരുന്നതോടെ കേന്ദ്ര സർക്കാർ സ്വാമിയെ പുറത്താക്കുകയായിരുന്നു.

രാജു നാരായണസ്വാമി നാളികേര വികസന ബോർഡ് ചെയർമാനായി ചുമതലയേറ്റയുടൻ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. കർണാടകയിലെ എസ് സി/ എസ് ടി വിഭാഗങ്ങൾക്കുള്ള കേന്ദ്ര വിഹിതത്തിൽ ക്രമക്കേട് നടത്തിയതിന്റെ പേരിൽ ബോർഡിന്റെ ബെംഗളൂരുവിലെ ഡയറക്ടർ ഹേമചന്ദ്രയേയും ടെക്നിക്കൽ ഡയറക്ടർ സിനി തോമസിനേയും രാജു നാരായണസ്വാമി സസ്പെൻഡ് ചെയ്തിരുന്നു. 15 കോടി രൂപയുടെ ക്രമക്കേടായതിനാൽ സിബിഐ. അന്വേഷണത്തിനും രാജു നാരായണസ്വാമി ശുപാർശ ചെയ്തിരുന്നു. പിരിച്ചു വിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ നാളികേര കാർഷികോൽപന്ന കമ്പനികളുടെ കൺസോഷ്യം ഇടപെടൽ നടത്തി. ഇതാണ് രാജു നാരായണ സ്വാമിക്ക് വിനയായത്.

20 വർഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കുണ്ടായിട്ടുള്ളത്. 2001-02 കാലത്ത് കാസർകോട് കലക്ടറായിരിക്കെ കുമ്പളയിലെ ഒരു സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തണമെന്ന ഒരു മന്ത്രിയുടെ ആവശ്യത്തിന് കൂട്ടുനിൽക്കാതിരുന്നതുൾപ്പെടെ തട്ടിപ്പുകൾക്കു കൂട്ടുനിൽക്കാതിരുന്നതോടെ രാജുനാരായണസ്വാമി യുഡിഎഫ് സർക്കാരുകളുടെ നോട്ടപ്പുള്ളിയാകുകയായിരുന്നു. വി എസ് മുഖ്യമന്ത്രിയും സിപിഐ മന്ത്രിയായിരുന്ന കെപി രാജേന്ദ്രൻ റവന്യൂമന്ത്രിയുമായിരുന്ന കാലത്ത് നടന്ന മൂന്നാർ ദൗത്യത്തിന്റെ ചുക്കാൻ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലത്തു നടന്ന മൂന്നാർ ദൗത്യത്തിൽ റവന്യൂ നിയമങ്ങളിൽ രാജുവിനുണ്ടായ അവഗാഹമായിരുന്നു സർക്കാരിന്റെ നടപടികളുടെ ധൈര്യം. പല രാഷ്ട്രീയ കാരണങ്ങളാലും ദൗത്യം പൂർണതയിലെത്തിയില്ലെങ്കിലും നിയമപരമായി തിരിച്ചുപിടിച്ച ഭൂമി സർക്കാരിന് മുതൽക്കൂട്ടായിത്തന്നെ തുടരുന്നു.

ഇതിനു പിന്നാലെയായിരുന്നു ഇടുക്കിജില്ലയിലെ രാജകുമാരി ഭൂമി ഇടപാടിലും ശക്തമായ റിപ്പോർട്ടുമായി രാജു നാരായണസ്വാമി എത്തിയത്. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി കുരുവിളയുടെ മക്കൾ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാൻ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് എബ്രഹാം ഇടപാടിൽ നിന്നും പിന്മാറി. എന്നാൽ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയർത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു.

കേസിൽ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്‌ക്കേണ്ടിവന്നു. രാജുനാരായണസ്വാമിയുടെ റിപ്പോർട്ടുകൾ പിന്നീട് ഇക്കാര്യം അന്വേഷിച്ച നരേന്ദ്രൻ കമ്മീഷൻ പൂർണമായും ശരിവയ്ക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP