Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലഡാക്കിൽ ഡ്യൂട്ടി ചെയ്യുന്ന ഇന്ത്യൻ സൈനികന് കൊറോണ സ്ഥിരീകരിച്ചു; ലേയിലെ ഛുഹോത്ത് ഗ്രാമത്തിലെ 34കാരനായ സൈനികന് വൈറസ് ബാധയേറ്റത് ഇറാനിൽ തീർത്ഥാടനത്തിന് പോയി മടങ്ങിവന്ന പിതാവിൽ നിന്നും; രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ളത് മഹാരാഷ്ട്രയിൽ; ഇവിടെ രോഗബാധിതരുടെ എണ്ണം 42 ആയി; മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും കോവിഡ് നിരീക്ഷണത്തിൽ; രാജസ്ഥാനിൽ കൊറോണ ബാധിതരിൽ പരീക്ഷിച്ചത് മലേറിയ, പന്നിപ്പനി മരുന്നുകൾ

ലഡാക്കിൽ ഡ്യൂട്ടി ചെയ്യുന്ന ഇന്ത്യൻ സൈനികന് കൊറോണ സ്ഥിരീകരിച്ചു; ലേയിലെ ഛുഹോത്ത് ഗ്രാമത്തിലെ 34കാരനായ സൈനികന് വൈറസ് ബാധയേറ്റത് ഇറാനിൽ തീർത്ഥാടനത്തിന് പോയി മടങ്ങിവന്ന പിതാവിൽ നിന്നും; രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ളത് മഹാരാഷ്ട്രയിൽ; ഇവിടെ രോഗബാധിതരുടെ എണ്ണം 42 ആയി; മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും കോവിഡ് നിരീക്ഷണത്തിൽ; രാജസ്ഥാനിൽ കൊറോണ ബാധിതരിൽ പരീക്ഷിച്ചത് മലേറിയ, പന്നിപ്പനി മരുന്നുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിലും ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ചു. കരസേനയിലെ ഒരു സൈനികനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൈന്യത്തിലേക്കും കോവിഡ് 19 ഭീഷണി ഉയർന്നിരിക്കയാണ്. ലഡാക്ക് സ്‌കൗട്സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തീർത്ഥാടനത്തിനായി ഇറാനിൽ പോയി തിരിച്ചെത്തിയ പിതാവിൽനിന്നാണ് ഇയാൾക്ക് വൈറസ് ബാധിച്ചത്. അവധിക്ക് വീട്ടിൽ പോയപ്പോഴാണ് പിതാവിൽനിന്ന് സൈനികന് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി 20ന് എയർ ഇന്ത്യ വിമാനത്തിൽ മടങ്ങിയെത്തിയ പിതാവ് കോവിഡ്19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ലഡാക്ക് ഹാർട്ട് ഫൗണ്ടേഷനിൽ ഫെബ്രുവരി 27 മുതൽ ക്വാറന്റീനിലാണ്. ഇതിനു മുൻപ് ഇയാൾ സൈനികനും മറ്റു കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. ഫെബ്രുവരി 25 മുതൽ അവധിയിലായിരുന്ന സൈനികൻ മാർച്ച് 2നാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. 7ാം തീയതി മുതൽ ക്വാറന്റീനിലായി. 16ന് പോസിറ്റീവ് ആണെന്നു തെളിഞ്ഞു. സൈനികന്റെ സഹോദരനും കോവിഡ്19 പോസിറ്റീവ് ആണെന്നു വ്യക്തമായിട്ടുണ്ട്. സൈനികനെ സോനം നുർബൂ മെമോറിയൽ (എസ്എൻഎം) ആശുപത്രിയിൽ ഐസലേറ്റ് ചെയ്തിരിക്കുകയാണ്. സൈനികനുമായി സമ്പർക്കം പുലർത്തിയ മറ്റു സൈനികരെ ക്വാറന്റീൻ ചെയ്തിട്ടുണ്ടെന്ന് സേനയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ 42, കേരളത്തിൽ 24 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനങ്ങൾ. മൂന്നു പേരാണ് വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. നെതർലൻഡിൽനിന്നും തിരിച്ചെത്തിയ 28കാരിക്കാണ് പൂണെയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവർ ഫ്രാൻസിൽനിന്നുമാണ് നെതർലൻഡിൽ എത്തിയത്. മാർച്ച് 15ന് ഇന്ത്യയിൽ തിരികെയെത്തിയ ശേഷം 17ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കോവിഡ് ബാധയുടെ സാഹചര്യത്തിൽ കർണാടക നിയമസഭ കെട്ടിടമായ ബംഗളൂരുവിലെ വിധാൻ സഭ അണുവിമുക്തമാക്കി. ബിജെപി എംപി സുരേഷ് പ്രഭു സ്വയം വീട്ടുനിരീക്ഷണത്തിലാണ്. മാർച്ച് പത്തിന് സുരേഷ് പ്രഭു സൗദി അറേബ്യയിൽനിന്നും തിരിച്ചെത്തിയ ശേഷമാണ് വീട്ടുനിരീക്ഷണത്തിൽ കഴിയുന്നത്. പതിനാല് ദിവസം സുരേഷ് പ്രഭു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിയ സുരേഷ് പ്രഭുവിന്റെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും മുൻകരുതലിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയാൻ സുരേഷ് പ്രഭു തീരുമാനിക്കുകയായിരുന്നു. ജി20 ഷെർപ്പ യോഗത്തിൽ പങ്കെടുക്കാനാണ് സുരേഷ് പ്രഭു സൗദി അറേബ്യയിൽ പോയത്. മാർച്ച് 10നായിരുന്നു സമ്മേളനം

രാജ്യത്തുകൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബിജെപി. ഒരു മാസത്തേക്ക് പൊതുയോഗവും പ്രചാരണ പ്രവർത്തനങ്ങളും വേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു. പ്രതിഷേധങ്ങൾ നിർത്തിവെക്കാനും നിർദ്ദേശമുണ്ട്. ഒരു മാസത്തേക്ക് പാർട്ടി പൊതുയോഗങ്ങൾ സംഘടിപ്പിക്കുയില്ല. എന്തെങ്കിലും അറിയിക്കേണ്ടി വന്നാൽ മുതിർന്ന നേതാക്കൾ മെമോറാണ്ടങ്ങളിലൂടെ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ബിജെപിയുടെ എല്ലാ ഘടകങ്ങൾക്കും ബാധകമാണ്. എല്ലാ പ്രവർത്തകർക്കും കൊറോണ വൈറസ് ബാധയെ കുറിച്ച് അവബോധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഇന്ത്യയും തങ്ങളുടെ വഴികൾ തേടുന്നുണ്ട്. അമേരിക്ക, ജർമനി അടക്കമുള്ള ലോകരാജ്യങ്ങൾ വാക്‌സിൻ കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനിടെ വ്യത്യസ്തമായൊരു രീതിയിൽ കൊറോണയെ പ്രതിരോധിക്കുകയാണ് ജയ്പൂർ സവായ് മാൻസിങ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ. മലേറിയ, പന്നിപ്പനി, എച്ച്ഐവി പോസിറ്റീവ് രോഗികൾക്ക് നൽകാറുള്ള മരുന്നുകൾ ഉപയോഗിച്ചുള്ള പരീക്ഷണ ചികിത്സയാണ് നടത്തിയത്.

രണ്ട് വിദേശികൾക്കും രണ്ട് സ്വദേശികൾക്കും അടക്കം രാജസ്ഥാനിൽ നാല് പേർക്കാണ് ഇതുവരെ കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേരിൽ ഈ മരുന്നുകൾ പരീക്ഷിച്ചു. ഏറ്റവും ഒടുവിൽ നടത്തിയ പരിശോധനയിൽ ഇവരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതായി ഡോക്ടർമാരെ ഉദ്ധരിച്ച ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇറ്റലിയിൽനിന്നുള്ള ടൂറിസ്റ്റ് സംഘത്തിനൊപ്പമെത്തിയ ദമ്പതിമാർക്കും ദുബായിൽനിന്ന് തിരിച്ചെത്തിയ ജയ്പൂർ രാജ പാർക്കിന് സമീപമുള്ള എൺപത്തിയഞ്ചുകാരനിലുമാണ് ചികിത്സയുടെ ഭാഗമായി ഈ മരുന്നുകൾ പരീക്ഷിച്ചത്. മൂന്ന് പേരുടെയും ഏറ്റവും ഒടുവിൽ വന്ന കൊറോണ പരിശോധന ഫലം നെഗറ്റീവുകയും ചെയ്തു. കൊറോണ വൈറസ് ഭേദമായെങ്കിലും മറ്റ് അസുഖങ്ങൾ കണക്കിലെടുത്ത് ഇറ്റാലിയൻ ദമ്പതിമാരെ രാജസ്ഥാൻ ഹെൽത്ത് സയൻസ് യൂണിവേഴ്സറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ വിവരങ്ങൾ ധരിപ്പിച്ചുകൊണ്ടായിരുന്നു ഈ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ എന്നാണ് റിപ്പോർട്ട്. അതേസമയം കൊറോണ ഭേദമാക്കിയ ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോഖ് ഗെഹ് ലോത്ത് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP