Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്ന് കാണിച്ച ധൈര്യത്തിൽനിന്ന് എങ്ങനെ പിന്നാക്കം പോയി? ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ വിശ്വാസത്തെ ഉലക്കുന്നതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്; ഇത്ര ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ കണ്ടിട്ടില്ല: ഒരു തരിമ്പ് പോലും നന്മയില്ലാത്ത ആളാണ് ഗൊഗോയ്; ഇത്രയും നീചനും നികൃഷ്ടനുമായ ഒരാളാണ് ഇന്ത്യൻ പാർലമെന്റിനെ ഇനി അലങ്കരിക്കാൻ പോകുന്നതും; ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് കട്ജുവും നിലപാട് വ്യക്തമാക്കുമ്പോൾ

അന്ന് കാണിച്ച ധൈര്യത്തിൽനിന്ന് എങ്ങനെ പിന്നാക്കം പോയി? ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ വിശ്വാസത്തെ ഉലക്കുന്നതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്; ഇത്ര ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ കണ്ടിട്ടില്ല: ഒരു തരിമ്പ് പോലും നന്മയില്ലാത്ത ആളാണ് ഗൊഗോയ്; ഇത്രയും നീചനും നികൃഷ്ടനുമായ ഒരാളാണ് ഇന്ത്യൻ പാർലമെന്റിനെ ഇനി അലങ്കരിക്കാൻ പോകുന്നതും; ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് കട്ജുവും നിലപാട് വ്യക്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : വിരമിച്ച് നാല് മാസം പിന്നിട്ടപ്പോൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിനെ വിമർശിച്ചു ജസ്റ്റിസ് കുര്യൻ ജോസഫും രംഗത്ത്. ജുഡീഷറിയുടെ സ്വതന്ത്ര്യത്തിന് വലിയ ഭീഷണി'യാണിതെന്ന് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി നാമനിർദ്ദേശം സ്വീകരിച്ചത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സാധാരണക്കാരുടെ വിശ്വാസത്തെ പിടിച്ചുലക്കുന്നതാണെന്നും കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. നേരത്തെ ജസ്റ്റിസ് മദൻ ബി ലോക്കൂറും ഗൊഗോയ് യുടെ രാജ്യസഭാംഗത്വത്തെ വിമർശിച്ചു മുന്നോട്ട് വന്നിരുന്നു.

2018 ൽ സുപ്രീം കോടതിയിലെ നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയോടൊപ്പം കുര്യൻ ജോസഫും മദൻ ബി ലോക്കൂറും ഉണ്ടായിരുന്നു. സുപ്രീം കോടതിയുടെ അധികാരത്തിൽ കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്നും ജഡ്ജിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഞങ്ങൾ രാജ്യത്തോടുള്ള കടമ നിർവഹിക്കുന്നു', 2018 ജനുവരി 12 ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയോടൊപ്പം മറ്റു മൂന്നുപേരും നടത്തിയ പ്രസ്താവനയാണിത്. 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിക്കുന്നതിനായി ഒരിക്കൽ അത്രയേറെ ദൃഢ വിശ്വാസവും ധൈര്യവും പ്രകടിപ്പിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എങ്ങനെയാണ് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംബന്ധിച്ച ഉത്തമ തത്വങ്ങളിൽ പിന്നാക്കം പോയത് എന്ന കാര്യം എന്നെ അത്ഭുതപെടുത്തുന്നു. നമ്മുടെ മഹത്തായ രാഷ്ട്രം ഇന്നും അടിസ്ഥാന ഘടനയിലും ഭരണഘടനാ മൂല്യങ്ങളിലും അടിയുറച്ചു നിൽക്കുന്നു. അതിന് പ്രധാനമായും നന്ദി പറയേണ്ടത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയോടാണ്', കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് ചെലമേശ്വർ , ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് മദൻ ബി ലോകൂർ എന്നിവരോടൊപ്പം അഭൂതപൂർവമായ നീക്കത്തിലൂടെ ഞാൻ പരസ്യമായി രംഗത്തെത്തി. ഈ അടിത്തറയ്ക്ക് (ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്) ഒരു ഭീഷണിയുണ്ടെന്ന് രാജ്യത്തോട് പറയാൻ. ഇപ്പോൾ ആ ഭീഷണി വളരെ വലുതാണെന്ന് എനിക്ക് തോന്നുന്നു. വിരമിച്ച ശേഷം ഒരു തസ്തികയും ഏറ്റെടുക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചതിന്റെ കാരണവും ഇതാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നിലപാട് വ്യക്തമാക്കി.

പരിഹാസവും അതേസമയം ഭരണഘടന നിർവചിച്ച അധികാര വിഭജനത്തെ അപ്രസക്തമാക്കുന്നു എന്ന വിമർശനവും ഉന്നയിച്ചുള്ള ചോദ്യമായിരുന്നു ജസ്റ്റിസ് മദൻ ബി ലോക്കൂറിന്റെത്. 'ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എത് ആദരം നൽകുമെന്നതിനെ കുറിച്ച് കുറച്ചുനാളായി അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് രാജ്യസഭാംഗത്വം നൽകിയതിൽ അത്ഭുതമേയില്ല. പക്ഷെ, അത് ഇത്രവേഗം നടന്നു എന്നതിലാണ് ആശ്ചര്യം. ഈ നിയമനം ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സത്യസന്ധത എന്നിവയെ പുനർനിർവചിക്കുന്നു. അവസാനത്തെ അത്താണിയും വീണുവോ?' ജസ്റ്റിസ് മദൻ ബി ലോക്കൂർ അഭിപ്രായപെട്ടതിങ്ങനെയായിരുന്നു.

അതേസമയം, രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത് അദ്ദേഹത്തിന്റെ തന്നെ വിധിയോട് നീതിപുലർത്തുന്നില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ട്രിബ്യൂണൽ അംഗങ്ങളെ വിരമിച്ചശേഷം പുനർനിയമിക്കുന്ന വിഷയത്തിലാണ് ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധിയുള്ളത്. പുനർനിയമനത്തിന് സാധ്യതയുണ്ടെങ്കിൽ ട്രിബ്യൂണൽ അംഗങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ അത് ബാധിക്കുമെന്നാണ് വിധിയിൽ പറഞ്ഞത്.

ചീഫ് ജസ്റ്റിസായിരിക്കെ അയോധ്യ, റഫാൽ തുടങ്ങിയ കേസുകളിൽ കേന്ദ്രസർക്കാരിന് അനുകൂലമാകുന്ന വിധികളാണ് ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിൽ നിന്നുണ്ടായത്. വിരമിച്ച് അധികം വൈകാതെ തന്നെ അദ്ദേഹത്തിന് രാജ്യസഭാംഗത്വം ലഭിക്കുന്നതാണ് മുൻ ജഡ്ജിമാരിൽ നിന്നുൾപ്പെടെ വിമർശനത്തിന് കാരണമായത്. വിരമിച്ചശേഷം പദവികൾ നൽകുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നാണ് ട്രിബ്യൂണൽ നിയമനവുമായി ബന്ധപ്പെട്ട റോജർ മാത്യു കേസിൽ ജസ്റ്റിസ് ഗൊഗോയിയുടെ ബെഞ്ച് നിരീക്ഷിച്ചത്. അദ്ദേഹം വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ വിധിയെന്നതും ശ്രദ്ധേയമാണ്.

മുമ്പ് ജസ്റ്റിസ് രംഗനാഥ മിശ്ര രാജ്യസഭയിലെത്തിയിട്ടുണ്ടെങ്കിലും അത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചായിരുന്നു. മാത്രവുമല്ല അദ്ദേഹം വിരമിച്ച് ഏഴ് വർഷത്തിന് ശേഷമായിരുന്നു ഈ സ്ഥാനലബ്ധി. ദേശീയ ദുരന്തനിവാരണ കമ്മിഷൻ അധ്യക്ഷൻ, ദേശീയ ഹരിത ട്രിബ്യൂണൽ അധ്യക്ഷൻ, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയ പദവികളിൽ സുപ്രീംകോടതി ജഡ്ജിമാരെത്തുന്നത്, അവരെ മാത്രമേ നിയമിക്കാവൂയെന്ന നിയമമുള്ളതുകൊണ്ടാണ്. എന്നാൽ വിരമിച്ച് നാലുമാസത്തിനകം രാഷ്ട്രീയനിയമനമായി ജസ്റ്റിസ് ഗൊഗോയിയെ നേരിട്ട് നാമനിർദ്ദേശം ചെയ്തതാണ് ചോദ്യംചെയ്യപ്പെടുന്നത്.

എന്നാൽ, മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവും രംഗത്തെത്തിയിരുന്നു ഫേസ്‌ബുക്ക് പോസ്റ്റിലാണ് കട്ജുവിന്റെ വിമർശനം നടത്തിയത്. 20 വർഷം അഭിഭാഷകനായും 20 വർഷം ജഡ്ജിയായും താൻ സേവനം അനുഷ്ഠിച്ചു. നല്ലവരെന്നും മോശം ആളുകളെന്നും പേരെടുത്ത നിരവധി ജഡ്ജിമാരെയും അറിയാം. പക്ഷേ രഞ്ജൻ ഗൊഗോയെ പോലെ ലൈംഗിക വൈകൃതമുള്ള, നാണംകെട്ട ഒരാളെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ കണ്ടിട്ടില്ലെന്നായിരുന്നു കട്ജു കുറിച്ചത്. ഒരു തരിമ്പ് പോലും നന്മയില്ലാത്ത ആളാണ് ഗൊഗോയ്. ഇത്രയും നീചനും നികൃഷ്ടനുമായ ഒരാളാണ് ഇന്ത്യൻ പാർലമെന്റിനെ ഇനി അലങ്കരിക്കാൻ പോകുന്നതെന്നും കുറിപ്പിൽ പറയുന്നു.

അതേസമയം, നിയമന വിഷയത്തിൽ ന്യായികരിച്ച് ഗൊഗോയ് രംഗത്തെത്തി. രാഷ്ട്രനിർമ്മാണത്തിൽ ജുഡീഷ്യറിയും നിയമനിർമ്മാണ സഭയും ഒത്തുചേർന്നു പ്രവർത്തിക്കണമെന്ന ബോധ്യം കാരണമാണ് രാജ്യസഭാംഗത്വം സ്വീകരിക്കാൻ തയാറായതെന്നു മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ജുഡീഷ്യറിയുടെ നിലപാടുകൾ പാർലമെന്റിൽ അവതരിപ്പിക്കാനും മറ്റുള്ളവർക്കു പറയാനുള്ളതു കേൾക്കാനും തനിക്ക് അവസരം ലഭിക്കും. സത്യപ്രതിഞ്ജ ചെയ്ത ശേഷം ഏറെക്കാര്യങ്ങൾ പറയാനുണ്ടെന്നും ഗൊഗോയ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP