Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19: തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി; മലപ്പുറം ജില്ലയിൽ മാത്രം എട്ടുപേർക്കെതിരെ കേസ്; നിർദേശങ്ങൾ ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും

കോവിഡ് 19: തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി; മലപ്പുറം ജില്ലയിൽ മാത്രം എട്ടുപേർക്കെതിരെ കേസ്; നിർദേശങ്ങൾ ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ. മലപ്പുറം ജില്ലയിൽമാത്രം എട്ടുപേർക്കെതിരെ കേസെടുത്തു. നിർദേശങ്ങൾ ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും ലഭിക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിനും മലപ്പുറം ജില്ലയിൽ എട്ടു പേർക്കെതിരെ കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം. ചങ്ങരംകുളം, പെരിന്തൽമണ്ണ, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിൽ രണ്ടു വീതവും പൊന്നാനി, മേലാറ്റൂർ സ്റ്റേഷനുകളിൽ ഓരോ കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക, ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്നു വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളിലാണ് പൊലീസ് കേസെടുക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി പൊതു സമ്പർക്കത്തിലേർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ദ്രുത കർമ്മ സംഘവും ജനമൈത്രി പൊലീസിന് വിവരം നൽകണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അതേ സമയം മലപ്പുറം ജില്ലയിൽ കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച രണ്ടു പേരുടേയും ആരോഗ്യ നില തൃപ്തികരമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികൾ ഊർജ്ജിതമായി തുടരുകയാണ്. വണ്ടൂർ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പർക്കം പുലർത്തിയ 194 പേരെയും അവരുമായി സമ്പർക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനിയുമായി നേരിട്ടു സമ്പർക്കമുണ്ടായ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും ഇതുവരെ കണ്ടെത്തി. ജില്ലാതല കൺട്രോൾ സെൽ ഇവരുമായി ആശയവിനിമയം നടത്തി വീടുകളിൽ സ്വയം നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. വൈറസ്ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇങ്ങനെയുള്ളവർ നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളിലെത്തുകയോ പൊതു സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യാതെ ജില്ലാതല കൺട്രോൾ സെല്ലിൽ ഫോണിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

ജില്ലയിലിപ്പോൾ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലാണ്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 12 പേരും തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രണ്ടുപേരും ഐസൊലേഷൻ വാർഡുകളിലുണ്ട്. 2193 പേർ വീടുകളിലും മൂന്നു പേർ പ്രത്യേക കോവിഡ് കെയർ സെന്ററിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു. 1196 പേർക്കു കൂടി ഇന്നലെ (മാർച്ച് 17) മുതൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 227 സാമ്പിളുകളിൽ 189 പേരുടെ ഫലം ലഭിച്ചു. ഇതിൽ രണ്ടുപേർക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് കെയർ സെന്ററുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്ന് ജില്ലാതല മുഖ്യ സമിതിയുടെ അവലോകന യോഗത്തിൽ ജില്ലാ കലക്ടർ പറഞ്ഞു. ജില്ലയിൽ താമസത്തിനു സൗകര്യങ്ങളില്ലാത്ത സ്വയം നിരീക്ഷണം ആവശ്യമുള്ളവർക്കായാണ് കോവിഡ് കെയർ സെന്ററുകൾ സജ്ജമാക്കിയിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ 10 സംഘങ്ങളാണ് യാത്രക്കാരെ നിരീക്ഷിക്കുന്നത്. തിരൂർ റെയിൽവെ സ്റ്റേഷനിൽ രണ്ട് സംഘങ്ങളും നാടുകാണിയിലെ ജില്ലാ അതിർത്തിയിലും കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള റോഡുകളിലുമായി നാല് സംഘങ്ങളും നിരീക്ഷണത്തിനായുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരെ വന്നെത്തുന്ന സ്ഥലങ്ങളിൽ നിന്നുതന്നെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ എത്തിക്കുന്ന വിധത്തിലാണ് പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും വീടുകളിൽ പ്രത്യേക നിരീക്ഷണം ദ്രുത കർമ്മ സംഘങ്ങൾ മുഖേന ഉറപ്പുവരുത്തുന്നുണ്ട്.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം, എ.ഡി.എം എൻ.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ, ദേശീയ പാത വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ തുടങ്ങിയവർ ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തിൽ പങ്കെടുത്തു.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കാൻ മലപ്പുറം ജില്ലയിൽ നടപടികൾ തുടങ്ങി. കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് മാസ്‌കുകളും സാനിറ്റൈസറുകളും നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയതായി ജില്ലാ കലക്ടർ ജാഫർ മലിക് വ്യക്തമാക്കി. നെഹ്റു യുവകേന്ദ്രയുടെ സഹായത്തോടെയും മാസ്‌കുകളും സാനിറ്റൈസറുകളും നിർമ്മിക്കും.
ആദ്യഘട്ടത്തിൽ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കാണ് ഇവ ലഭ്യമാക്കുക. തുടർന്ന് പൊതുജനങ്ങൾക്ക് ഇവ ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP