Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്ലറ പൊളിച്ച ഒരാളെ കിട്ടി... ബിജോയ് തോട്ടപ്പള്ളി അവനെ പിടിച്ച് എന്റെ മുറിയിലേക്ക് കൊണ്ടുവരിക... കുർബാനയ്ക്ക് ശേഷം അച്ചന്റെ അറിയിപ്പ് മുഴങ്ങി; ബലമായി മൊബൈൽ പിടിച്ചുവാങ്ങി കഴുത്തിന് അടിച്ച് മർദ്ദനം തുടങ്ങിയതും അച്ചൻ; ക്രൂരമർദ്ദനത്തിൽ മരിക്കാതെ ജീവൻ രക്ഷിച്ചത് പൊലീസിന്റെ ഇടപെട്ടതിനാൽ; കല്ലറ തകർത്തെ വ്യാജ ആരോപണം ഉന്നയിച്ച് വൈദികൻ മർദ്ദിച്ച വിവരം മറുനാടനോട് വിവരിച്ചു ബിജോയി; വികാരിയെ സ്ഥലംമാറ്റി മുഖം രക്ഷിച്ച് അതിരൂപതയും; പ്രശ്നങ്ങൾ തീരാതെ വാതക്കാട് പള്ളി

കല്ലറ പൊളിച്ച ഒരാളെ കിട്ടി... ബിജോയ് തോട്ടപ്പള്ളി അവനെ പിടിച്ച് എന്റെ മുറിയിലേക്ക് കൊണ്ടുവരിക... കുർബാനയ്ക്ക് ശേഷം അച്ചന്റെ അറിയിപ്പ് മുഴങ്ങി; ബലമായി മൊബൈൽ പിടിച്ചുവാങ്ങി കഴുത്തിന് അടിച്ച് മർദ്ദനം തുടങ്ങിയതും അച്ചൻ; ക്രൂരമർദ്ദനത്തിൽ മരിക്കാതെ ജീവൻ രക്ഷിച്ചത് പൊലീസിന്റെ ഇടപെട്ടതിനാൽ; കല്ലറ തകർത്തെ വ്യാജ ആരോപണം ഉന്നയിച്ച് വൈദികൻ മർദ്ദിച്ച വിവരം മറുനാടനോട് വിവരിച്ചു ബിജോയി; വികാരിയെ സ്ഥലംമാറ്റി മുഖം രക്ഷിച്ച് അതിരൂപതയും; പ്രശ്നങ്ങൾ തീരാതെ വാതക്കാട് പള്ളി

എം മനോജ് കുമാർ

കൊച്ചി: തുറവൂർ വാതക്കാട് പള്ളി വികാരിയായിരുന്ന ഫാദർ ജോഷി ചിറക്കലിനെതിരെ ആലുവ റൂറൽ എസ്‌പിക്ക് പരാതി. പള്ളിയിലെ കല്ലറ തകർത്ത സംഭവവുമായി ബന്ധപ്പെട്ടു തന്നെ പള്ളിയിൽ തടഞ്ഞുവെച്ച് മർദ്ദിച്ചതിനും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനുമാണ് പരാതി വന്നത്. സംഭവത്തിൽ മർദ്ദനമെറ്റ ഇടവകാംഗത്തിന്റെ പരാതി ലഭിച്ചെങ്കിലും സംഭവത്തിൽ മേൽ നടപടികൾ വന്നിട്ടില്ല. പള്ളി പ്രശ്‌നമായതിനാലാണ് പൊലീസ് അനങ്ങാത്തത് എന്നാണ് സൂചന. ഇടവകാംഗത്തിന്റെ വീട് കയറി അക്രമിച്ചതിന് ഫാദർ ജോഷി ചിറക്കലിനു എതിരെ അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമ്പോൾ തന്നെയാണ് വീണ്ടും ഒരു പരാതി ഫാദർ ജോഷി ചിറക്കലിനു നേരെ വരുന്നത്. ജോഷി ചിറക്കലിനു എതിരെ പൊലീസിൽ പരാതി നൽകിയ ജയ്‌സണിന്റെ അമ്മയുടെ കല്ലറ തകർത്തപ്പോൾ അത് കാണാൻ പോയ തന്നെ കല്ലറ തകർത്തയാൾ എന്ന രീതിയിൽ പള്ളിയിൽ തടഞ്ഞുവെച്ച് മർദ്ദിച്ചു എന്നാണ് ബിജോയ് പരാതിയിൽ പറയുന്നത്.

മാർച്ച് ഒന്നിന് കുർബാന കഴിഞ്ഞു കല്ലറ തകർത്തയാളെ കിട്ടി എന്നാണ് ജോഷി ചിറക്കൽ പള്ളിയിൽ വിളിച്ചു പറഞ്ഞത്. ഇത് കേട്ടതോടെ ആളുകൾ എന്നെ പിടിച്ച് അച്ചന്റെ മുറിയിൽ എത്തിച്ചു. അച്ചൻ എന്റെ ഫോൺ പിടിച്ചു വാങ്ങി കഴുത്തിൽ മർദ്ദിച്ചു. എല്ലാവരും എന്നെ തലങ്ങും വിലങ്ങും മർദിച്ചു. ക്രൂരമർദ്ദനത്തിനു ശേഷം ബോധരഹിതനായി വീണ എന്ന അങ്കമാലി പൊലീസ് എത്തിയാണ് രക്ഷിച്ചത്. അങ്കമാലി പൊലീസാണ് എന്നെ സ്റ്റേഷനിൽ എത്തിച്ചശേഷം എന്നെ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷമാണ് ഞാൻ ഡിസ്ചാർജ് ആയത്. തന്നെ പള്ളിയിൽ വെച്ച് ക്രൂര മർദ്ദനത്തിനു വിധേയമാക്കിയ ഫാദർ ജോഷി ചിറക്കൽ, പാപ്പച്ചൻ, സെബാസ്റ്റ്യൻ, ബെന്നി ആന്റണി, നെൽവിൻ വർഗീസ്,ബവറിൻ, ജെറിൻ ജോസ്, വിനു ജോസഫ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് ബിജോയ് പരാതിയിൽ പറയുന്നത്.

കല്ലറ തകർത്തു എന്ന് പറഞ്ഞു പള്ളിയിൽ വെച്ച് ബന്ധനസ്ഥനാക്കിയപ്പോൾ ബിജോയിക്ക് കടുത്ത മർദ്ദനം ഏറ്റിരുന്നു. ക്രൂരമർദ്ദനമാണ് തനിക്ക് ഏൽക്കേണ്ടി വന്നത് എന്നാണ് ബിജോയ് മറുനാടനോട് പറഞ്ഞത്. ഭാര്യ തക്ക സമയത്ത് അച്ചന്റെ മുറിയിലേക്ക് വരുകയും ബിജോയിക്ക് ഒപ്പമുള്ളവർ പൊലീസ് സഹായം തേടിയതുമാണ് ഇയാൾക്ക് തുണയായത്. നിരപരാധിയായ തനിക്കേറ്റ ക്രൂരമായ മർദ്ദനത്തെക്കുറിച്ച് പറയാനാണ് ബിജോയ് മറുനാടൻ മലയാളിയുമായി ബന്ധപ്പെട്ടത്. കല്ലറ തകർത്തത് ഞാനല്ല. ജയ്സണിന്റെ അമ്മയുടെ കല്ലറയാണ് തകർക്കപ്പെട്ടത്. ജയ്‌സണ് ഒപ്പമാണ് ഞാൻ സെമിത്തേരിയിൽ പോയത്. പക്ഷെ കല്ലറ തകർത്തവൻ എന്ന് ചൂണ്ടിക്കാട്ടി ക്രൂരമായ മർദ്ദനമാണ് എനിക്ക് പള്ളിയിൽ നിന്നും ഏൽക്കേണ്ടി വന്നത്-ബിജോയ് പറയുന്നു.

എന്നെ മർദ്ദിച്ചതിന് നേതൃത്വം നൽകിയ ഫാദർ ജോഷി ചിറക്കലിന് അറിയാം ആരാണ് കല്ലറ തകർത്തത് എന്ന്. പക്ഷെ കല്ലറ തകർത്തത് എന്റെയൊപ്പം അന്ന് വന്നവരാണ് എന്ന് പറയണം എന്ന് ചൂണ്ടിക്കാട്ടിയാണ് എന്നെ മർദിച്ചത്. പക്ഷെ കുർബാനയ്ക്ക്‌ശേഷം അച്ചൻ പള്ളിയിൽ അനൗൺസ് ചെയ്തത് കല്ലറ തകർത്തയാളെ പിടികൂടിയിട്ടുണ്ട് എന്നും. ഇതിൽ തന്നെ എവിടെയാണ് പ്രശ്‌നം എന്നറിയാം. കല്ലറ പൊളിച്ച ഒരാളെ കിട്ടി...ബിജോയ് തോട്ടപ്പള്ളി അവനെ പിടിച്ച് എന്റെ മുറിയിലേക്ക് കൊണ്ടുവരിക...എന്നാണ് കുർബാനയ്ക്ക് ശേഷം അച്ചൻ പള്ളിയിൽ വിളിച്ച് പറഞ്ഞത്. ഇതോടെ ആളുകൾ എന്നെ പിടിച്ച് അച്ചന്റെ മുറിയിലേക്ക് കൊണ്ടുവരുകയും ക്രൂരമർദ്ദനം ഏൽപ്പിക്കുകയും ചെയ്തു-ബിജോയ് പറയുന്നു.

പൊലീസ് വന്നതിനാൽ ജീവൻ രക്ഷപ്പെട്ടു: ബിജോയ്

ഇരുപത്തിയെഴിനു ജയ്സന്റെ അമ്മയുടെ കല്ലറ തകർത്തതായി പൊലീസിൽ പരാതി പോയിരുന്നു. പ്രശ്‌നം അറിഞ്ഞു ഇരുപത്തിയെട്ടിനു രാവിലെയാണ് ഓസ്ട്രിയയിൽ നിന്നും ജെയ്‌സൺ എത്തുന്നത്. ജയ്‌സണെ കൂട്ടിവരാൻ ഞങ്ങൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്നു. ജയ്‌സൺ വന്ന ശേഷം ഞങ്ങൾ സെമിത്തേരിയിൽ പോയി. അവിടെ വെച്ച് ഞങ്ങൾ ഫോട്ടോ എടുത്തിരുന്നു. അത് വെള്ളിയാഴ്ചയാണ്. അത് കഴിഞ്ഞു ഞായറാഴ്ചയാണ് പള്ളിയിൽ പോകുന്നത്. ഞായർ കുർബാന കഴിഞ്ഞു ഇടവക വികാരി ഫാദർ ജോഷി ചിറക്കൽ വിളിച്ചു പറഞ്ഞു. കല്ലറ പൊളിച്ചയാളെ കിട്ടിയിട്ടുണ്ട്. ഇതോടെ അച്ചന്റെ ആളുകൾ എന്നെ വളഞ്ഞു. നേരെ പിടിച്ചു തൂക്കി അച്ചന്റെ മുറിയിൽ എത്തിച്ചു. ബൗറിൻ, ജെറിൻ, ബെന്നി, നെൽവിൻ, സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് എന്നെ തൂക്കിയെടുത്ത് അച്ചന്റെ മുറിയിൽ എത്തിച്ചത്. പതിനഞ്ച് മിനിട്ടോളം മണിക്കൂറോളം എന്നെ തടഞ്ഞുവെച്ച് മർദ്ദിച്ചു. അച്ചൻ ബലമായി മൊബൈൽ പിടിച്ചുവാങ്ങി എന്റെ കഴുത്തിന്നിടിച്ചു. ദേഹമാസകലം എനിക്ക് മർദ്ദനമേറ്റു. എന്നെ വെറുതെ വിടാം ജെയ്‌സൺ, ജോബി, പൗലോസ് എന്നിവർ പറഞ്ഞിട്ടാണ് കല്ലറ പൊളിച്ചത് എന്ന് പറയാൻ എന്നോടു പറഞ്ഞു. കല്ലറ പൊളിച്ചത് ഞാൻ അല്ലാത്തതിനാൽ അത് ഞാൻ സമ്മതിച്ചില്ല.

കല്ലറ പൊളിച്ചത് ഇവരാരുമല്ലാ എന്ന് എനിക്ക് അറിയുകയും ചെയ്യാം. അതിനാൽ തല്ലു കിട്ടിയാലും കള്ളം പറയില്ലാ എന്ന് ഞാൻ നിലപാടെടുത്തു. എന്റെ ഭാര്യ സംഭവം അറിഞ്ഞു പള്ളിയിൽ വന്നു ആ റൂമിലേക്ക് ഇടിച്ചു കയറി. ജയ്‌സണും, ജോബിയും ടി.ടി.പൗലോസും പറഞ്ഞിട്ടാണ് കല്ലറ തകർത്തത് എന്ന് പറയാനാണ് ഭാര്യയോടും അച്ചൻ പറഞ്ഞത്. അപ്പോഴേക്കും പൊലീസും വന്നു. എല്ലാവരും കൂക്കി വിളിച്ചാണ് ആ സമയം എന്നെ പൊലീസിനു കൈമാറിയത്. പൊലീസ് എന്നെ കൂട്ടിക്കൊണ്ടു പോകുന്ന സമയം എല്ലാവരും കൂവി വിളിച്ചു. സ്റ്റേഷനിൽ എത്തിച്ചപ്പോൾ സിഐയോട് കല്ലറ പൊളിച്ചത് ഞാനല്ല എന്ന് പറഞ്ഞു. ഇതോടെ സിഐ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പള്ളിയിലേക്ക് പോയി. അങ്കമാലി സിഐയ്ക്ക് കല്ലറ പൊളിച്ചത് ഞാനല്ല എന്ന് മനസിലായി. ഇതോടെയാണ് കല്ലറ പൊളിച്ചതുമായി ബന്ധപ്പെട്ടു എനിക്ക് എതിരെ കേസ് എടുക്കാതിരുന്നത്. സെമിത്തേരിയിൽ അതിക്രമിച്ച് കടന്നു എന്ന് പറഞ്ഞാണ് എനിക്ക് എതിരെ കേസ് ചാർജ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാനാണ് ഉദ്ദേശിച്ചത്. പക്ഷെ സിസിടിവി ദൃശ്യങ്ങൾ തെളിവാണ്. അതിനാൽ എനിക്ക് എതിരെ കേസ് വന്നില്ല. 27 നു കല്ലറ പൊളിച്ച പ്രശ്‌നത്തിൽ പരാതി നൽകിയതാണ്. ഞങ്ങൾ 28 നു രാവിലെയാണ് അവിടം സന്ദർശിക്കുന്നത്. പിന്നെങ്ങിനെ 28 നു ഞങ്ങൾ കല്ലറ പൊളിച്ചു എന്ന് പറയും. ഞങ്ങൾ കല്ലറ പൊളിക്കുമ്പോഴുള്ള സിസിടിവി ദൃശ്യങ്ങൾ കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് അച്ചൻ കല്ലറ പൊളിച്ചത് ഞാനാണെന്ന് പള്ളിയിൽ വിളിച്ച് പറഞ്ഞത്. ഞങ്ങൾ 28 നു സെമിത്തേരിയിൽ കല്ലറ പൊളിച്ച കല്ലറ കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വച്ചാണ് അച്ചൻ കളവായി കല്ലറ പൊളിച്ചു എന്ന് പറഞ്ഞത്. 27 നു മുൻപ് തകർത്ത കല്ലറ എങ്ങിനെ 28 നു വീണ്ടും തകർക്കാൻ കഴിയും. ഒന്നാം തീയതി ഞായറാണ് എനിക്ക് മർദ്ദനമേൽക്കുന്നത്. ആൾ ജാമ്യത്തിലാണ് എന്നെ സ്റ്റേഷനിൽ നിന്നും വിട്ടത്. അതിനു ശേഷം ഞാൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ അഡ്‌മിറ്റ് ആയി. മർദ്ദനമേറ്റതും കഴുത്തിൽ ചതവ് പറ്റിയതും ആശുപത്രിയിൽ നിന്നും നൽകിയ സർട്ടിഫിക്കറ്റിൽ തന്നെ പറയുന്നുമുണ്ട്-ബിജോയ് പറയുന്നു.

ഫാദർ ജോഷി ചിറക്കലിനെ ഈ മാസം ആദ്യ ആഴ്ച തന്നെ അങ്കമാലി-എറണാകുളം അതിരൂപത സ്ഥലം മാറ്റിയിരുന്നു. വിശ്വാസിസമൂഹത്തിലെ പ്രശ്‌നങ്ങളിൽ ഇടവക വികാരി പക്ഷം പിടിക്കുകയും അത് വീട് കയ്യേറ്റവും കല്ലറ തകർക്കലും പൊലീസ് കേസ് ആയി മാറുകയുമൊക്കെ ചെയ്തപ്പോഴാണ് അതിരൂപത ജോഷി ചിറക്കലിനെ സ്ഥലം മാറ്റിയത്. ഇടവകയിലെ പ്രശ്‌നങ്ങളിൽ നിക്ഷപക്ഷ നിലപാട് എടുക്കേണ്ട ഇടവക വികാരി പക്ഷം ചേർന്ന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് സീറോ മലബാർ സഭയ്ക്ക് തന്നെ തലവേദനയായി മാറിയിരുന്നു. പ്രശ്‌നങ്ങൾ കല്ലറ തകർക്കലിൽ എത്തിയപ്പോഴാണ് കരിയൽ പിതാവ് തന്നെ ഇടപെട്ട് ഫാദർ ജോഷി ചിറക്കലിനെ മാറ്റിയത്. ഇടവക പ്രശ്‌നത്തിൽ എതിർ വിഭാഗത്തിൽപ്പെട്ടയാളുടെ ഭാര്യയുടെ കല്ലറ തകർത്തത് ഇടവകവികാരി ജോഷി ചിറക്കലുമായി ബന്ധപ്പെട്ടവരാണ് എന്ന ആരോപണമാണ് എതിർവിഭാഗം ഉയർത്തിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ ആരാണ് കല്ലറ തകർത്തത് എന്ന് കണ്ടുപിടിക്കുക എളുപ്പമാണ് എന്ന് എതിർവിഭാഗം കല്ലറ തകർത്തപ്പോൾ തന്നെ വിശദീകരിച്ചിരുന്നു. ഈ പ്രശ്‌നം ഇടവകയിൽ എരിയുമ്പോൾ തന്നെയാണ് മാർച്ച് ഒന്നിന് ഞായറാഴ്ച കുർബാനയ്ക്ക് ശേഷം എതിർവിഭാഗത്തിൽപ്പെട്ടയാൾ ഇടവകവികാരിയുടെ മുറിയിൽ വെച്ച് മർദ്ദിക്കപ്പെടുന്നത്. കല്ലറ തകർത്തയാൾ എന്ന് ഫാദർ ജോഷി ചിറക്കൽ ചൂണ്ടിക്കാട്ടിയ ആളെയാണ് ഇടവകയിലെ ചിലർ ചേർന്ന് പള്ളിക്കകത്ത് ഇട്ട് മർദ്ദിച്ചത്. ഇടവക വികാരിയുടെ മുറിയിൽ നടന്ന ഈ മർദ്ദനം അതിരൂപതയെ തന്നെ അമ്പരപ്പിച്ചിരുന്നു. കേസ് എടുക്കുക എന്നതിനേക്കാൾ കേസ് ഒതുക്കുകയാണ് രൂപതയ്ക്ക് വെല്ലുവിളിയായി മാറിയത്. ഇടവക അംഗമായ ബിജോയിക്കാണ് തുറവൂർ വാതക്കാട് പള്ളിയിൽ വെച്ച് മർദ്ദനമേറ്റത്.

അമ്മയുടെ കല്ലറ ചിലർ തകർത്ത വിവരമറിഞ്ഞ് ഓസ്ട്രിയയിൽ നിന്നും എത്തിയ ജയ്‌സണിനു ഒപ്പം കല്ലറ കാണാൻ പോയ സംഘത്തിൽ ഈ ബിജോയിയും ഉൾപ്പെട്ടിരുന്നു. ബിജോയിയെയാണ് മാർച്ച് ഒന്നിന് ഇടവക വികാരി ജോഷി ചിറക്കലിന്റെ നേതൃത്വത്തിൽ മർദ്ദിച്ചത്. പ്രതികാരം തീർക്കാൻ നിരപരാധിയെ തിരഞ്ഞു പിടിച്ചു മർദ്ദിച്ചു എന്ന ആരോപണവും ഒപ്പം ഉയർന്നു. പള്ളിക്കുള്ളിൽ തടഞ്ഞുവെച്ച് മർദ്ദിക്കുന്ന വിവരമറിഞ്ഞ് ബിജോയിയുമായി ബന്ധപ്പെട്ടവർ വിളിച്ച് അറിയിച്ചതനുസരിച്ച് പള്ളിയിൽ എത്തിയ അങ്കമാലി പൊലീസാണ് ബിജോയിയെ രക്ഷപ്പെടുത്തിക്കൊണ്ട് പോയത്. ക്രൂരമർദ്ദനം പള്ളിക്കുള്ളിൽ വെച്ച് ബിജോയിക്ക് നേരിടേണ്ടി വരുകയും ചെയ്തു. പക്ഷെ കല്ലറ തകർത്തത് ബിജോയ് അല്ലെന്നു അറിവുള്ളതിനാൽ അങ്കമാലി പൊലീസ് കല്ലറ തകർത്ത സംഭവത്തിൽ ബിജോയ്‌ക്കെതിരെ കേസ് ചാർജ് ചെയ്തില്ല. പകരം സെമിത്തേരിയിലേക്ക് അതിക്രമിച്ച് കയറി എന്ന് പറഞ്ഞു സ്റ്റേഷൻ ജാമ്യത്തിൽ പോകാവുന്ന വകുപ്പ് പ്രകാരമുള്ള കേസുകളാണ് ചാർജ് ചെയ്തത്.

കല്ലറ തകർത്തത് കാണാൻ പോയ സംഘത്തിൽപ്പെട്ടതാണ് ബിജോയ് എന്ന് അങ്കമാലി പൊലീസിനു വ്യക്തമായിരുന്നു. സെമിത്തേരിയിൽ സിസിടിവി ദൃശ്യങ്ങളുണ്ട്. അതിനാൽ തന്നെ ആരോപണം ഉയരുമ്പോൾ സിസിടിവി ദൃശ്യങ്ങൾ വഴി അക്രമികൾ ആരെന്നു കണ്ടെത്താം. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെയാണ് കല്ലറ തകർത്തു എന്ന് ഇടവക വികാരി ജോഷി ചിറക്കൽ ആരോപിച്ചിട്ടും ബിജോയ്ക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്യാതിരുന്നത്. കല്ലറ തകർത്തപ്പോൾ ഫെബ്രുവരി 27 നു തന്നെ പൊലീസിനു പരാതി പോയിരുന്നു. 28 നു രാവിലെയാണ് കല്ലറ തകർക്കപ്പെട്ട സ്ത്രീയുടെ മകൻ ജയ്സൺ പ്രശ്‌നമറിഞ്ഞ് ഓസ്ട്രിയയിൽ നിന്നും എത്തുന്നത്. 28 നാണ് ജയ്സണും ബിജോയിയും അടങ്ങുന്നവർ സെമിത്തേരിയിൽ തകർന്ന കല്ലറ കാണാൻ എത്തുന്നത്. അതിന്റെ സിസിടിവി ദൃശ്യങ്ങളും പള്ളിയിൽ ലഭ്യമാണ്. കുർബാന കഴിഞ്ഞ ശേഷം ബിജോയിയെ ചൂണ്ടി കല്ലറ തകർത്തയാൾ എന്ന് ഫാദർ ജോഷി ചിറക്കൽ അനൗൺസ് ചെയ്യുന്നത് മാർച്ച് ഒന്നിനാണ്. ഇരുപത്തിയെട്ടിനു ഇവർ കല്ലറ തകർത്തു എന്നാണ് ജോഷി ചിറക്കൽ ആരോപിച്ചത്. പക്ഷെ ഇതൊന്നും അതിരൂപത തന്നെ വിശ്വസിച്ചില്ല. സംഭവങ്ങൾ കരിയൽ പിതാവ് അടക്കമുള്ളവർക്കും അറിയാവുന്നതാണ്. ഇപ്പോൾ നിരപരാധിയായ തനിക്ക് മർദ്ദനമേറ്റ വിഷയത്തിൽ ബിജോയ് നീതി തേടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP