Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദു തീവ്രവാദത്തെ പോലെ തന്നെ ഹീനമാണ് ഇസ്ലാമിക തീവ്രവാദം എന്ന് വിശ്വസിക്കുകയും എഴുതുകയും ചെയ്ത വ്യക്തിയാണ് ഞാൻ; ഗൾഫ് എന്നാൽ ഇസ്ലാമികം. ഇസ്ലാമികം എന്നാൽ ഇന്ത്യാവിരുദ്ധം; എത്ര ലക്ഷം പ്രവാസി മലയാളികളെയാണ് ഒറ്റയടിക്ക് മുരളീധരൻ നോട്ടപ്പുള്ളികളാക്കുന്നത്! നമ്മുടെ ആരാധനാലയങ്ങളും ആൾദൈവങ്ങളുമെല്ലാം കൊറോണക്ക് മുമ്പിൽ മുട്ടുത്തി അടച്ചുപൂട്ടി പൊയ്ക്കളഞ്ഞതു കൊണ്ട് അദ്ദേഹത്തിനുവേണ്ടി ആരോടാണ് പ്രാർത്ഥിക്കുക; കേന്ദ്രമന്ത്രി മുരളീധരനെ വിമർശിച്ച് സക്കറിയ

ഹിന്ദു തീവ്രവാദത്തെ പോലെ തന്നെ ഹീനമാണ് ഇസ്ലാമിക തീവ്രവാദം എന്ന് വിശ്വസിക്കുകയും എഴുതുകയും ചെയ്ത വ്യക്തിയാണ് ഞാൻ; ഗൾഫ് എന്നാൽ ഇസ്ലാമികം. ഇസ്ലാമികം എന്നാൽ ഇന്ത്യാവിരുദ്ധം; എത്ര ലക്ഷം പ്രവാസി മലയാളികളെയാണ് ഒറ്റയടിക്ക് മുരളീധരൻ നോട്ടപ്പുള്ളികളാക്കുന്നത്! നമ്മുടെ ആരാധനാലയങ്ങളും ആൾദൈവങ്ങളുമെല്ലാം കൊറോണക്ക് മുമ്പിൽ മുട്ടുത്തി അടച്ചുപൂട്ടി പൊയ്ക്കളഞ്ഞതു കൊണ്ട് അദ്ദേഹത്തിനുവേണ്ടി ആരോടാണ് പ്രാർത്ഥിക്കുക; കേന്ദ്രമന്ത്രി മുരളീധരനെ വിമർശിച്ച് സക്കറിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭൂട്ടാനിലേക്കുള്ള യാത്രയിൽ നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് എഴുതിയതിനെ വിമർശിച്ച കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി എഴുത്തുകാരൻ സക്കറിയ. പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിൽവെച്ച് വർഗീയ വിവേചനത്തോടെ സുരക്ഷാ ഉദ്യോഗസ്ഥൻ പെരുമാറി എന്നായിരുന്നു സക്കറിയ വെളിപ്പെടുത്തിയത്. എന്നാൽ സക്കറിയയുടെ പ്രതികരണം കയ്യടികിട്ടാനുള്ള ശ്രമമാണെന്ന് മുരളീധരൻ വിമർശിച്ചിരുന്നു.

ഈ വിമർശനത്തിന് മറുപടിയുമായാണ് ഇപ്പോൾ സക്കറിയ രംഗത്തെത്തിയിരിക്കുന്നത്. പ്രവാസികളായ മലയാളികളെ ഒറ്റയടിക്ക് നോട്ടപ്പുള്ളികളാക്കുന്ന യുക്തിയാണ് തന്നെ വിമർശിക്കാൻ മുരളീധരൻ പ്രയോഗിക്കുന്നതെന്ന് സ്‌ക്കറിയ പറഞ്ഞു. ലക്ഷോപലക്ഷം മലയാളികളുടെയും അത്രതന്നെ മറ്റിന്ത്യക്കാരുടെയും ജീവിതകേന്ദ്രങ്ങളായ നാടുകളെ ഇന്ത്യാവിരുദ്ധതയുടെ കേന്ദ്രങ്ങളെന്ന് മുരളീധരൻ ചാപ്പ കുത്തുകയാണ്. ഇന്ത്യക്കു നൽകാൻ കഴിയാത്ത ഒരു അതിജീവനത്തിനായി അവിടേക്കു പോകുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരവ്യക്തികളെ അദ്ദേഹം സംശയത്തിന്റെ നിഴലിലാക്കുന്നുവെന്നും സക്കറിയ പറഞ്ഞു.

സക്കറിയയുടെ മറുപടി-പൂർണരൂപം:

ബാഗ്ദോഗ്ര വിമാനത്താവളത്തിൽ കണ്ടുമുട്ടിയ വർഗീയതാ ബാധിതനായപൊലീസുകാരനെ പറ്റി ഞാൻ കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റിനോട് വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്റെ പ്രതികരണം (മാതൃഭൂമി മാർച്ച് 14, 2020) വായിച്ചപ്പോൾ അദ്ദേഹത്തിന് ചില തെറ്റിദ്ധാരണകൾ ഉള്ളതായി തോന്നി. ഒരു സഹപൗരൻ എന്ന നിലയിൽ അവ ദൂരീകരിക്കുക എന്റെ ചുമതലയാണ്--ചില ആപത്തുകൾ ചൂണ്ടിക്കാണിക്കുകയും.

1. കയ്യടി നേടാനാണ് ഞാൻ ഈ പോസ്റ്റ് ഇട്ടതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും പൊതുവിൽ രാഷ്ട്രീയപ്രവർത്തകരുടെ കുത്തകയാണ്. വളരെ മലീമസമായ ഒരു മേഖലയാണത്. അവിടെ കൈവയ്ക്കാൻ അതുകൊണ്ട് ഉദരപൂരണം നടത്തേണ്ട ആവശ്യമില്ലാത്ത ആരും മടിക്കും. എഴുത്തുകാരനായ എനിക്ക് എന്റെ വായനക്കാരുടെ കയ്യടി നേടാൻ മോഹം ഉണ്ടായേക്കാം. പക്ഷെ അതിനു പൊലീസുകാരുടെ ചരിത്രം പറയുകയല്ല മാർഗം. നല്ല രചനകൾ സൃഷ്ടിക്കുകയാണ്. ഞാൻ ആ കുറിപ്പ് എഴുതിയത് എവിടേക്കാണ് ജനാധിപത്യ-മതേതര ഇന്ത്യ പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്. അതിനു കയ്യടി കിട്ടിയാൽ സന്തോഷം.

2. ഇസ്ലാമിക തീവ്രവാദത്തിന് വെള്ളപൂശാനാണ് എന്റെ ശ്രമം എന്ന് അദ്ദേഹം പറയുന്നു. ഇത് കുറെ കടന്ന കയ്യായി പോയി. ഹിന്ദു തീവ്രവാദത്തെ പോലെ തന്നെ ഹീനമാണ് ഇസ്ലാമിക തീവ്രവാദം എന്ന് വിശ്വസിക്കുകയും എഴുതുകയും പറയുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. മന്ത്രിയായിരിക്കുന്നതിന്റെയും മറ്റും തിരക്കിൽ അത് അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഹിന്ദു തീവ്രവാദത്തെ ഞാൻ കൂടുതൽ വിമർശിക്കാറുണ്ട് എന്നത് ശരി തന്നെ. കാരണം അത് ഭൂരിപക്ഷത്തിന്റെ പേര് ഉപയോഗിച്ച്, അല്ലെങ്കിൽ ആ പേര് കയ്യേറി, വളരാൻ ശ്രമിക്കുന്ന തീവ്രവാദമാണ്. ഇസ്ലാമികതീവ്രവാദത്തിന്റെ ആത്മഹത്യാപരമായ നീക്കങ്ങളും ബുദ്ധിശൂന്യതയും അതിനു ലഭിക്കുന്ന ശുഷ്‌ക്കമായ പിന്തുണയും വച്ച് നോക്കുമ്പോൾ ഇവ തമ്മിൽ അവഗണിക്കാനാവാത്ത അന്തരമുണ്ട്.

ഹിന്ദു തീവ്രവാദം ഉന്നം വയ്ക്കുന്നത് ഹിന്ദുനാമവും മുസ്ലിംവൈരവും ഉപയോഗിച്ച് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ മേലും ബഹുസ്വരമായ സംസ്‌കാരത്തിന്റെ മേലും പിടിമുറുക്കാനും ഇന്ത്യൻ ജനാധിപത്യത്തെ തകർത്ത് ഒരു മതസർവ്വാധിപത്യം നടപ്പിലാക്കാനും ഒരു കൂട്ടം സാമ്പത്തിക ശക്തികൾക്ക് ഇന്ത്യയെ കൈവശപ്പെടുത്തി കൊടുക്കാനുമാണ്. ഇസ്ലാമിക തീവ്രവാദം അറിഞ്ഞോ അറിയാതെയോ അതിനെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒപ്പം സ്വന്തം സമുദായത്തെ അപകടപെടുത്തുകയും. ഇന്ത്യ പിടിച്ചെടുക്കാം എന്ന മൂഢചിന്ത ബിൻലാദനെ പോലെ ഒരു ഭ്രാന്തന് പോലും ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. ഇന്ത്യൻ ക്രിസ്ത്യാനികൾക്ക് ഇത്തരമൊരു തീവ്രവാദം ഉള്ളതായി കാണുന്നില്ല. ഉണ്ടെങ്കിൽ അതും ഇന്ത്യയുടെ ശത്രുവാണ് എന്നതിൽ സംശയമെന്ത്? വെള്ളപൂശൽ ഒരു തൊഴിലാണ് -- രാഷ്ട്രീയ പാർട്ടികൾക്ക് അത്യന്താപേക്ഷിതമായ ഒരു തൊഴിൽ. അതിനാലായിരിക്കണം അദ്ദേഹത്തിന് അത് പെട്ടെന്നു തന്നെ ഓർമ്മ വന്നത്. എന്റെ തൊഴിൽ വേറെയാണ്.

3. ദേശസുരക്ഷ മുൻനിർത്തി പരിശോധന കർക്കശമാക്കുന്നതു സ്വാഭാവികമല്ലേ എന്നദ്ദേഹം ചോദിക്കുന്നു. 'കർക്കശം' എന്ന വാക്കും 'കാര്യക്ഷമം' എന്നതും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന് അറിഞ്ഞുകൂടെന്നുണ്ടോ? ഒരു ജനാധിപത്യത്തിൽ ഒരു പൗരവ്യക്തിയോടും കർക്കശമായി പെരുമാറാൻ ഒരു ഉദ്യോഗസ്ഥനും ഒരു മന്ത്രിക്കും ഒരു മുഖ്യമന്ത്രിക്കും ഒരു പ്രധാനമന്ത്രിക്കും അനുവാദമില്ല, അവകാശമില്ല. 'മര്യാദ' (courtesy) എന്നാണ്സംസ്‌കാരസമ്പന്നങ്ങളായ രാഷ്ട്രങ്ങളിൽ പൗരവ്യക്തികളോടുള്ള മന്ത്രിമാരടക്കമുള്ള ഉദ്യോഗസ്ഥരുടെ ശരിയായ പെരുമാറ്റത്തെ വിളിക്കുന്നത്. ഏതായാലും ബാഗ്ദോഗ്രയിലെ പൊലീസുകാരൻ കർക്കശനായിരുന്നില്ല, അയാളെ തളച്ചിട്ട പ്രത്യയശാസ്ത്രത്തിന്റെ അന്ധകൂപത്തിൽ ഉഴറുന്നവൻ മാത്രമായിരുന്നു. അതുകൊണ്ടാണ് അയാൾക്ക് ശമ്പളം കൊടുക്കാൻ സഹകരിക്കുന്ന 100 കോടിയിലേറെ ഇന്ത്യക്കാരിലൊരാൾ എന്ന നിലയിൽ എനിക്ക് അയാളോട് സഹതാപം മാത്രം തോന്നിയത്. പക്ഷെ അയാൾ പ്രതിനിധീകരിച്ച വിഷമയമായ വർഗീയമനഃശാസ്ത്രം ഇന്ത്യക്ക് ആപത്താണ്.

4. ഞാൻ (ഈ ലേഖകൻ) സുരക്ഷാ പരിശോധന നേരിടുന്ന ആദ്യ വ്യക്തിയല്ല എന്നദ്ദേഹം പറയുന്നു. അദ്ദേഹം ഉദ്ദേശിക്കുന്നത് സുരക്ഷാ പരിശോധനയെ ഞാൻ ഒരു അഹന്താ പ്രശ്നമായോ പുതുമയായോ എടുത്തു എന്നാണെന്നു തോന്നുന്നു. ഇത് അതീവ ബാലിശമായ ഒരു പ്രസ്താവനയാകയാൽ സുരക്ഷാ പരിശോധനകളുമായുള്ള എന്റെ ബന്ധം വ്യക്തമാക്കാനായി എന്റെ സ്വന്തമായ കുറച്ചു വിഴുപ്പലക്കാൻ ഞാൻ നിർബന്ധിതനാകുകയാണ്. കാരണം ഞാൻ വിദേശരാജ്യങ്ങളിലുള്ള മലയാളികളായ വായനക്കാരുടെ വിശാലമനസ്‌ക്കതയാലും സ്നേഹത്താലും അൻപതോളം രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അവയിൽ പലതും പല തവണ സന്ദർശിച്ചിട്ടുണ്ട്. ആഗോളയാത്ര ചെയ്യുന്നപതിനായിരക്കണക്കിന് മലയാളികളിൽ ഒരുവൻ മാത്രമാണ് ഞാൻ എന്നും എനിക്കറിയാം.

രണ്ടു തവണ ഞാൻ അന്താരാഷ്ട്ര അതിർത്തികളിൽ പിടിച്ചു വയ്ക്കപെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയൻ തകർന്നു കൊണ്ടിരുന്ന 88ൽ ഓസ്ലോയിലേക്കുള്ള എന്റെ യാത്രമോസ്‌കോ വിമാനത്താവളത്തിൽ തടയപ്പെടുന്നതിന്റെ വക്കിൽ വരെ എത്തി. മൂന്ന് വർഷംമുമ്പ് ജോർജിയയിലെ റ്റിബ്ലിസി എയർപോർട്ടിൽ വിമാനം പുറപ്പെടുന്നതിനു മിനിറ്റുകൾ മുമ്പ് വരെ മസ്‌ക്കറ്റിലേക്കുള്ള എന്റെ യാത്ര വച്ചു താമസിക്കപ്പെട്ടു. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇവയൊന്നും മേൽപ്പറഞ്ഞ 'ഉത്തരേന്ത്യൻ' രീതിയിലുള്ള സംശയങ്ങൾ മൂലമായിരുന്നില്ല. ടിക്കറ്റിലും വിസയിലും വന്നു ചേർന്ന സാങ്കേതിക സ്ഖലിതങ്ങളും ചിലയിടങ്ങളിൽ കറകളഞ്ഞ അഴിമതിയും മൂലമായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സുരക്ഷാപരിശോധനകളെ പറ്റിയും അവയുടെ പ്രാധാന്യത്തെ പറ്റിയും ഒരു രാജ്യത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള ഇമിഗ്രേഷൻ ചടങ്ങുകളെക്കുറിച്ചും അവയ്ക്ക് കൃത്യമായി വഴങ്ങേണ്ടതിനെ കുറിച്ചും ഞാൻ അത്യാവശ്യം ബോധവാനാണ്.

എനിക്ക് അഹന്ത ഉണ്ട്. അത് ഒരു മതേതര ജനാധിപത്യത്തിലെ പൗരൻ എന്ന അഹന്തയാണ്. ആ രാഷ്ട്രത്തിലെ നിയമങ്ങളെ ലംഘിക്കുകയോ അവയിൽ നിന്ന് ഒഴിഞ്ഞു മാറുകയോ ചെയ്യുന്നത് ആ അഹന്തയെ തരം താഴ്‌ത്തുകയാണ്. ഒരു ഇന്ത്യൻ പൗരനായ ഞാൻ യാത്ര ചെയ്ത രാജ്യങ്ങളുടെ മതം നോക്കി ബാഗ്ദോഗ്രയിൽ നടത്തിയ profiling എന്റെ ഇന്ത്യൻ പൗരത്വത്തോടും ഇന്ത്യൻ ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. ശരിയാണ് ഞാൻ സുരക്ഷാ പരിശോധന നേരിടുന്ന ആദ്യത്തെ വ്യക്തിയല്ല, പക്ഷെ ഇത്തരം പൗരത്വാവകാശലംഘനങ്ങളെ കണ്ടില്ലെന്നു നടിക്കാൻ കഴിയാത്ത ഒരു രാജ്യസ്‌നേഹിയുമാണ്.

5. സക്കറിയ എന്ന എഴുത്തുകാരൻ ഉത്തരേന്ത്യയിൽ സുപരിചിതനായിരിക്കണമെന്നില്ല എന്നദ്ദേഹം പറയുന്നു. ഇനിയഥവാ ഞാൻ സുപരിചിതനായിരുന്നെങ്കിൽ എനിക്ക് പ്രത്യേക പരിഗണന ലഭിക്കുമായിരുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കിൽ അത് പദവിപൂജാമനഃശാസ്ത്രത്തിന് അടിമയായ ഒരാളുടെ പ്രസ്താവനയാണ്.എഴുത്തുകാരൻ അഥവാ എഴുത്തുകാരി എന്ന പൊയ്ക്കാൽഉപയോഗിച്ച് എഴുത്തുകാർ സമൂഹത്തിലെ മറ്റു പൗരവ്യക്തികൾക്കില്ലാത്ത പരിഗണനകൾ തേടുന്നത് സംസ്‌ക്കാരരഹിതവും മ്ലേച്ഛവും ആണെന്ന് വിശ്വസിക്കുകയും അങ്ങനെ തന്നെ ജീവിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ എന്ന് ശ്രീ മുരളീധരനെ അറിയിച്ചുകൊള്ളട്ടെ. സമൂഹം നൽകിയ പദവികൾ - എന്റെ കാര്യത്തിൽ എഴുത്തുകാരൻ എന്ന പേര് - ഉപയോഗിച്ച് മുൻഗണന തേടുന്നവർ മന്ത്രി ആയാലും തന്ത്രി ആയാലും ആൾദൈവമായാലും മഹാകവിയായാലും തരംതാണ മനുഷ്യരാണെന്നതിൽഎന്ത് സംശയം?

6. 'സക്കറിയ പല തവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചതിൽ ഉത്തരേന്ത്യക്കാരനായ ഉദ്യോഗസ്ഥന് സംശയം തോന്നുന്നതിൽ തെറ്റ് പറയാനില്ല' എന്ന് അദ്ദേഹം പറയുന്നു. ഇത് ഒരു കേന്ദ്രമന്ത്രിയിൽ നിന്ന് വരുമ്പോൾ അവിശ്വസനീയമായി തോന്നുന്നു. ഒരു ദക്ഷിണേന്ത്യക്കാരൻപല തവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചാൽ അത് ഒരു ഉത്തരേന്ത്യക്കാരൻ ഉദ്യോഗസ്ഥനിൽ സംശയമുണർത്തുന്നത് ശരിയാണ് എന്നാണ്അദ്ദേഹം പ്രസ്താവിക്കുന്നത്. കേരളക്കാരനായ ഒരു ഇന്ത്യൻ പൗരൻ - അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇന്ത്യൻ പൗരൻ - പല തവണ ഗൾഫിലെ മുസ്ലിം രാജ്യങ്ങൾ സന്ദർശിക്കുന്നത് സംശയാസ്പദമാണെന്നു തീരുമാനിക്കാൻ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് ഏതു ഇന്ത്യൻ നിയമമാണ് അനുമതി നൽകുന്നത്? അതോ ഉത്തരേന്ത്യയ്ക്കുംദക്ഷിണേന്ത്യക്കും വെവ്വേറെ നിയമങ്ങൾ ആയിക്കഴിഞ്ഞോ? അതെന്തായാലും ഫണ്ട് പിരിക്കാനും പണം പൂഴ്‌ത്തിവയ്ക്കാനും മറ്റും മറ്റുമായി ഗൾഫിലേക്ക് പാഞ്ഞു പൊയ്‌ക്കൊണ്ടേയിരിക്കുന്ന ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ പാസ്സ്പോർട്ടുകൾ കണ്ടാൽ ഈ ഉത്തരേന്ത്യക്കാരൻ എന്ത് പറയുമായിരുന്നു? ഗൾഫിലെ സ്ഥിരം സന്ദർശകരായ ആർഎസ്എസ് പ്രചാരകരുടെയും മറ്റു ഭാരവാഹികളുടെയും പാസ്സ്പോർട്ടുകൾ കണ്ടാലോ?

ഏറ്റവും നിർഭാഗ്യകരമെന്തെന്നാൽ മന്ത്രി ആ ഉദ്യോഗസ്ഥനെ ഒരു ഉത്തരേന്ത്യക്കാരൻ എന്ന് വിവരിച്ചു എന്നതാണ്. അതൊരു വംശീയ (racist) profiling ആണ്. ഉത്തരേന്ത്യക്കാർ ഇങ്ങനെ ആയിരിക്കും എന്നൊരു racist മുൻവിധി അതിൽ ഉണ്ട്. (അയാൾ എവിടുത്തുകാരനാണ് എന്ന് ആർക്കറിയാം? ഒരുപക്ഷെ മലയാളി തന്നെ ആയിരിക്കാം. മലയാളികൾ പല തരമല്ലേ?). ഞാൻ രണ്ട് ദശകത്തോളംഡൽഹിയിൽ ജീവിച്ചിട്ടുണ്ട്, ഉത്തരേന്ത്യയിൽ സഞ്ചരിച്ചിട്ടുണ്ട്. വർഗീയ വിഷം കുത്തിവയ്ക്കപെട്ടിട്ടില്ലാത്ത ഉത്തരേന്ത്യക്കാർ (അവരാണ് ഭൂരിപക്ഷം) പൊതുവിൽ സന്മനസ്‌ക്കരും സംസ്‌കാരസമ്പന്നരുമാണ്. ഹിന്ദു-മുസ്ലിം സംസ്‌കാരങ്ങളുടെ ഒരു സൗമ്യസമന്വയമാണ് അവരെ അങ്ങനെ ആക്കുന്നത്. മന്ത്രിയുടെ പരിചയവലയങ്ങളുടെ പ്രശ്നമാവാം അദ്ദേഹത്തെക്കൊണ്ട്ഇങ്ങനെ ചിന്തിപ്പിച്ചത്.

7. കേരളത്തിൽ വർധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധ പ്രക്ഷോഭണവും ഉത്തരേന്ത്യയിൽ ചർച്ചയാകുന്നു എന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധ പ്രക്ഷോഭണവും വർധിച്ചു വരുന്നു എന്നത് അദ്ദേഹത്തിന്റെ പാർട്ടിക്കു പ്രിയപ്പെട്ട വായ്ത്താരികളിൽ ഒന്നാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ ഇസ്ലാമിക തീവ്രവാദവും കേരളത്തിൽ ഉണ്ട് എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്? രണ്ടും ശ്രീ മുരളീധരന്റെ പാർട്ടി ആവശ്യപ്പെടുന്നതു പോലെ വർധിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ഏതായാലും അദ്ദേഹം സൂചിപ്പിക്കുന്നത് 'ഉത്തരേന്ത്യയിൽ' നടക്കുന്ന കേരളത്തെ പറ്റിയുള്ള ഇത്തരം ചർച്ചകൾ മൂലമാണ് ആ പൊലീസുകാരൻ എന്നെ സംശയദൃഷ്ട്യാ വീക്ഷിച്ചത് എന്നാണ്. ഇത് അപകടകരമായ ഒരു നിലപാടാണ്. രാഷ്ട്രീയ പാർട്ടികളുടെ അവസരവാദപരമായ ചർച്ചാവിഷയങ്ങളാണോ ഉദ്യോഗസ്ഥർ നിയമം നടപ്പിലാക്കുന്നതിന്റെ അളവുകോലുകൾ? ഡൽഹിയിൽ ഇപ്പോൾ നടന്ന മുസ്ലിംവിരുദ്ധ കലാപങ്ങൾ കേരളത്തിലെ ഭരണകക്ഷിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ചർച്ചാവിഷയമാണ്. അതിന്റെ പേരിൽ ഇവിടെ ഓരോ കാരണങ്ങളാൽ എത്തിച്ചേരുന്ന ഡൽഹിക്കാരായ ഹിന്ദുക്കളെ, ബിജെപിക്കാരെത്തന്നെ, ഇവിടെ കലാപം സൃഷ്ടിക്കാൻവന്നവരാണെന്ന്പറഞ്ഞു പൊലീസ് ചോദ്യം ചെയ്തു തുടങ്ങിയാൽ എന്ത് ചെയ്യും?

8. അദ്ദേഹം ചോദിക്കുന്നു: 'പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടർച്ചയായ ഗൾഫ് യാത്രകൾ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടതാണെന്നു സംശയം തോന്നിയതിനെ എന്തിനാണ് വർഗീയ വിഷം എന്ന് വിളിക്കുന്നത്?' ഇതാണ് ശ്രീ മുരളീധരന്റെ ഏറ്റവും ശ്രദ്ധേയമായ ചോദ്യം. എല്ലാ ഗൾഫ് പ്രവാസികളും അതീവ ശ്രദ്ധയോടെ പഠിക്കേണ്ട ഒരു ചോദ്യം. ശ്രീ മുരളീധരന്റെ ചോദ്യത്തിന്റെ അർത്ഥം വളരെ ലളിതമാണ്: നിങ്ങൾ ഇന്നത്തെ കേന്ദ്രഭരണകൂടത്തിനു അഭിമതമല്ലാത്ത ഒരു ജനാധിപത്യപ്രക്ഷോഭത്തെ പിന്തുണച്ചാൽ നിങ്ങളുടെ ഗൾഫ് യാത്രകളെ ഞങ്ങൾ ഇസ്ലാമിക ഭീകരതയുമായി ബന്ധപ്പെടുത്തിൽ അത്വർഗീയ വിഷമാണെന്ന് പറയരുത്. ഇന്ത്യയുടെ വിദേശകാര്യസഹമന്ത്രിയാണ് ഇത് പറയുന്നത്. അദ്ദേഹത്തിലെ പരിശീലിത തലച്ചോർ കൃത്യമായ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുന്നു. ഭരണഘടനയെയും നിയമവാഴ്ചയെയും ഒറ്റയടിക്ക് അദ്ദേഹം ചവറ്റുകൊട്ടയിൽ തള്ളുന്നു. പക്ഷെ എന്നെ അദ്ഭുതപെടുത്തിയത് ഇതാണ്: ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി എന്ന നിലക്ക് അദ്ദേഹം ഗൾഫ് രാഷ്ട്രങ്ങളുടെ മേൽ ഒരു മതബദ്ധ profiling നടത്തുകയാണ് ഇവിടെ ചെയ്യുന്നത്.

ഒന്നോ രണ്ടോ രാഷ്ട്രങ്ങളെ മാറ്റി നിർത്തിയാൽ ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വിമോചിത ഇസ്ലാമിക രാഷ്ട്രങ്ങളായ അവയെ--ഇന്ത്യയും ഇന്ത്യക്കാരുമായും ശ്രീ നരേന്ദ്ര മോദിയുടെ ഭരണകൂടവുമായും ഏറ്റവും സൗഹൃദം പുലർത്തുന്ന അവയെ--'ഇന്ത്യാ വിരുദ്ധങ്ങൾ' എന്ന് മുദ്രകുത്തപ്പെട്ട പൗരപ്രക്ഷോഭങ്ങളുമായി ബന്ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഫലത്തിൽ ലക്ഷോപലക്ഷം മലയാളികളുടെയും അത്രതന്നെ മറ്റിന്ത്യക്കാരുടെയും ജീവിതകേന്ദ്രങ്ങളായ നാടുകളെ ഇന്ത്യാവിരുദ്ധതയുടെ കേന്ദ്രങ്ങളെന്ന് അദ്ദേഹം ചാപ്പ കുത്തുകയാണ്. ഇന്ത്യക്കു നൽകാൻ കഴിയാത്ത ഒരു അതിജീവനത്തിനായി അവിടേക്കു പോകുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരവ്യക്തികളെ അദ്ദേഹം സംശയത്തിന്റെ നിഴലിലാക്കുന്നു. ഈ രാജ്യങ്ങൾ പൗരത്വ പ്രക്ഷോഭത്തെ സഹായിക്കുന്നുവെന്ന് ശ്രീ മുരളീധരൻ വിശ്വസിക്കുന്നതായി തോന്നുന്നു. പൗരത്വ പ്രക്ഷോഭത്തെ പിന്തുണച്ചവരുടെ മറ്റൊരു രാജ്യത്തേക്കുമുള്ള യാത്രകളെ അദ്ദേഹം പ്രശ്നവൽക്കരിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

ഏതായാലും ബാഗ്ദോഗ്രയിലെ പൊലീസുകാരന്റെ യുക്തി തന്നെയാണ് നാം ഇവിടെ കാണുന്നത്. ഗൾഫ് എന്നാൽ ഇസ്ലാമികം. ഇസ്ലാമികം എന്നാൽ ഇന്ത്യാവിരുദ്ധം. എത്ര ലക്ഷം ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമായ പ്രവാസി മലയാളികളെയാണ് ഒറ്റയടിക്ക് ശ്രീ മുരളീധരൻ നോട്ടപ്പുള്ളികളാക്കുന്നത്! നമ്മുടെ ആരാധനാലയങ്ങളും ആൾദൈവങ്ങളുമെല്ലാം കൊറോണക്ക് മുമ്പിൽ മുട്ടുത്തി അടച്ചുപൂട്ടി പൊയ്ക്കളഞ്ഞതു കൊണ്ട് അദ്ദേഹത്തിനുവേണ്ടി ആരോടാണ് പ്രാർത്ഥിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP