Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീച്ചിൽ പോകുന്ന കാര്യം അറിയിച്ചത് ആൺസുഹൃത്തിനെ മാത്രം;ഷാരുവിന്റെ മൃതദേഹം കണ്ടെത്തിയത് സൗത്ത് തുമ്പ ഭാഗത്ത് നിന്നും; അപകട മരണമോ ആത്മഹത്യയോ എന്നറിയാതെ ആശങ്കയിൽ അന്വേഷണ സംഘം; അടിമലത്തുറയിൽ കാണാതായ മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി; കൗമാരക്കാരുടെ മരണത്തിൽ ദുരൂഹത അഴിയാൻ അന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

വിഴിഞ്ഞം: അടിമലത്തുറ കടൽക്കരയിൽ പോയി കാണാതായ മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. സൗത്ത് തുമ്പ ഭാഗത്തെ കടലിൽ ഉച്ചകഴിഞ്ഞ് കണ്ടെത്തിയ മൃതദേഹം കോട്ടുകാൽ പുന്നവിള എസ്എം ഹൗസിൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷമ്മി-മായ ദമ്പതിമാരുടെ മകൾ ഷാരു(17) വിന്റെതാണെന്ന് രാത്രിയോടെ ബന്ധുക്കൾ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.കോട്ടുകാൽ പുന്നവിള വീട്ടിൽ വിജയൻ-ശശികല ദമ്പതിമാരുടെ മകൾ ശരണ്യ(20), കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടിൽ പരേതനായ സുരേന്ദ്രൻ-ഇന്ദു ദമ്പതിമാരുടെ മകൾ നിഷ(20) എന്നിവരാണ് ഷാരുവിനൊപ്പം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അടിമലത്തുറ കടൽക്കര പോയി കാണാതായത്.

ഇവരിൽ നിഷയുടെ മൃതദേഹം സംഭവ ദിവസം രാത്രി ഈ ഭാഗത്തെ കടലിൽ നിന്നു കണ്ടെടുത്തിരുന്നു. ശരണ്യയുടെ മൃതദേഹം അടുത്ത ദിവസവും കണ്ടെത്തി. ഷാരുവിനായി തിരച്ചിൽ തുടരവെയാണ് തുമ്പ ഭാഗത്തെ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. അവർ തന്നെ കരക്കെത്തിച്ചു. പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കോട്ടുകാൽ വിഎച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഷാരു.

ഡിഗ്രി വിദ്യാർത്ഥിനികളാണ് ശരണ്യയും നിഷയും. തമിഴ്‌നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാർത്ഥിനികളാണ് ഇവർ. കോട്ടുകാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഷാരു ഷമ്മി. കോസ്റ്റൽ പൊലീസാണ് മൂന്ന് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കരയ്ക്ക് എത്തിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികൾ നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. പിന്നീട് നിഷയുടെ മൃതദേഹമാണ് വീട്ടുകാർ കണ്ടത്. ഷാരുവിനായുള്ള തിരച്ചിൽ ഊർജിതപ്പെടുത്തിയതായാണ് കോസ്റ്റൽ പൊലീസ് പറഞ്ഞത്. അതേസമയം കേസ് അന്വേഷിക്കുന്ന വിഴിഞ്ഞം പൊലീസ് പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥിനികളുടെ മരണത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കൗമാരക്കാരായ പെൺകുട്ടികൾ ഒരു സ്‌കൂട്ടറിൽ അടിമലത്തുറ ബീച്ചിൽ എത്തിയത്. വളരെ നീളമുള്ള ബീച്ചാണ് അടിമലത്തുറ. സോമതീരം ബീച്ചും അനുബന്ധിച്ചുണ്ട്. സോമതീരം ബീച്ചിലാണ് സന്ദർശകർ എത്താറുള്ളത്. പെൺകുട്ടികൾ പക്ഷെ ഈ വശത്തേക്ക് പോയില്ല. പകരം മീൻപിടുത്തക്കാർ കടലിലേക്ക് പോകുന്ന വഴിയിലാണ് കുട്ടികൾ പോയത്. ഇവിടെ പുറത്തു നിന്നുള്ള ആളുകൾ അധികം വരാത്ത സ്ഥലമാണ്. ഈ സ്ഥലം കുട്ടികൾ എന്തിനു തിരഞ്ഞെടുത്തു എന്നാണ് പൊലീസ് ചുഴിഞ്ഞു നോക്കുന്നത്. അതേസമയം കുട്ടികൾ ബീച്ചിലേക്ക് പോകുന്ന വിവരം വീട്ടുകാർ അറിഞ്ഞില്ലെന്നും സൂചനയുണ്ട്.

ഒരു സ്‌കൂട്ടറിൽ എത്തിയ ഈ മൂന്നു കുട്ടികളും സ്‌കൂട്ടർ ഒരു വശത്ത് പാർക്ക് ചെയ്ത ശേഷം കടലിലേക്ക് നടന്നടുക്കുകയായിരുന്നു. ഇവർ ബീച്ചിലേക്ക് എത്തിയ ശേഷം എന്ത് സംഭവിച്ചു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഒരു കുട്ടി അപകടത്തിൽപ്പെട്ടപ്പോൾ സഹായിക്കാനായി മറ്റു പെൺകുട്ടികൾ ഇറങ്ങിത്തിരിച്ചോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. ഇവർ അപകടത്തിൽപ്പെടുന്നത് കണ്ടവർ ആരും പൊലീസിൽ വിവരവും നൽകിയിട്ടില്ല.

അതുകൊണ്ട് തന്നെ എന്താണ് കുട്ടികൾക്ക് സംഭവിച്ചത് എന്ന കാര്യത്തിലാണ് പൊലീസ് ചുഴിഞ്ഞു നോക്കുന്നത്. ഇവർ ആത്മഹത്യ ചെയ്തോ എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കുട്ടികളുടെ വീട്ടുകാർ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു ആവശ്യമായ വിവരങ്ങൾ നൽകിയിട്ടില്ല. കൂടുതൽ കാര്യങ്ങൾ പൊലീസ് തിരക്കിയിട്ടുമില്ല. മരണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അന്വേഷിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന വിഴിഞ്ഞം പൊലീസ് മറുനാടനോട് പറഞ്ഞു.

ഒരു ആൺ സുഹൃത്തിനെ വിളിച്ച് ബീച്ചിലേക്ക് പോകുന്ന വിവരം പെൺകുട്ടികൾ പറഞ്ഞിരുന്നു. ഇത് പൊലീസ് അന്വേഷണ വിഷയത്തിൽ ഉൾപ്പെടുത്തിയുണ്ട്. എങ്ങിനെയാണ് ഇവർ അപകടത്തിൽപ്പെട്ടത് എന്ന് ആർക്കുമറിയില്ല. വിജനമായ ബീച്ചിന്റെ വശത്തേക്ക് കുട്ടികൾ തനിച്ച് എന്തിനു പോയി എന്ന കാര്യം പൊലീസ് അന്വേഷണ വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസിനു ലഭിച്ച ഫോൺ കോളിൽ നിന്നാണ് നാടിനെ ഞെട്ടിച്ച ദുരന്തത്തിന്റെ തുമ്പു ലഭിക്കുന്നത്. അടിമലത്തുറ ഭാഗത്തെ കടലിൽ പെൺകുട്ടിയുടേതെന്നു തോന്നുന്ന മൃതദേഹം ഒഴുകി നടക്കുന്നുവെന്നായിരുന്നു വിഴിഞ്ഞം പൊലീസിനു ലഭിച്ച വിവരം.

തുടർന്നാണ് കോസ്റ്റൽ പൊലീസ് രാത്രി തന്നെ തിരച്ചിനു ഇറങ്ങിയത്. നിഷയുടെ മൃതദേഹമാണ് കോസ്റ്റൽ പൊലീസ് കണ്ടെടുത്തത്. മൂന്നു വർഷം മുൻപ് നിഷയുടെ അച്ഛൻ സുരേന്ദ്രൻ മരിച്ചിരുന്നു. അതിനു ശേസ്മുള്ള ആഘാതമായി നിഷയുടെ അകാലത്തിലെ വേർപാട്. നേരത്തെ ബാലരാമപുരത്ത് താമസമായിരുന്ന നിഷയുടെ കുടുംബം പിതാവിന്റെ മരണത്തോടെയാണ് ഉച്ചക്കട ഇടിവിഴുന്ന വിള ക്ഷേത്രത്തിനു സമീപത്തേക്കു മാറിയത്. ലാറ്റെക്സ് ജീവനക്കാരിയാണ് നിഷയുടെ മാതാവ്. വർഷയാണ് സഹോദരി.

പൂവാറിൽ മറ്റൊരു മൃതദേഹം

വിഴിഞ്ഞം: തുമ്പയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഏതാണ്ട് അതേ സമയം പൂവാർ ഭാഗത്തെ കടലിൽ വനിതയുടെ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കളിലും പൊലീസിലുമുൾപ്പെടെ ആശയക്കുഴപ്പം സൃഷ്ടിച്ചു. ദിവസങ്ങൾ കഴിഞ്ഞതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഒടുവിൽ അടയാളങ്ങൾ വച്ച് ഷാരുവിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

തമിഴ്‌നാട് കുളച്ചൽ ഭാഗത്തു നിന്നു 11ന് 60 കാരിയെ കാണാനില്ലെന്ന പരാതിയുള്ളതായി അന്വേഷണത്തിലറിയാനായതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു. പൂവാറിൽ കണ്ടെത്തിയ മൃതദേഹം ഇതാവാമെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP