Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭയചകിതരായി സാധനങ്ങൾ വാങ്ങി കൂട്ടുന്നവരുടെ തിരക്കൊഴിഞ്ഞതോടെ ബ്രിട്ടൻ പൂർണമായ വിജനതയിലേക്ക്; ട്രെയിനുകളിലും ബസുകളിലും ആളൊഴിഞ്ഞു; മോട്ടോർവേകളും ശൂന്യം; പള്ളികളിൽ പോലും പോവാതെ വിശ്വാസികൾ; യുദ്ധകാലത്തെ ക്ഷാമത്തെ നേരിടുന്ന പോലെ യുകെയിലെ ജീവിതം

ഭയചകിതരായി സാധനങ്ങൾ വാങ്ങി കൂട്ടുന്നവരുടെ തിരക്കൊഴിഞ്ഞതോടെ ബ്രിട്ടൻ പൂർണമായ വിജനതയിലേക്ക്; ട്രെയിനുകളിലും ബസുകളിലും ആളൊഴിഞ്ഞു; മോട്ടോർവേകളും ശൂന്യം; പള്ളികളിൽ പോലും പോവാതെ വിശ്വാസികൾ; യുദ്ധകാലത്തെ ക്ഷാമത്തെ നേരിടുന്ന പോലെ യുകെയിലെ ജീവിതം

സ്വന്തം ലേഖകൻ

കൊറോണക്കെതിരായ കുരിശുയുദ്ധം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത എല്ലാ സാമൂഹിക ബന്ധങ്ങളും മൂന്ന് മാസത്തേക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിരോധിച്ചതോടെ ബ്രിട്ടൻ അക്ഷരാർത്ഥത്തിൽ പ്രേതഭൂമിയായിത്തീർന്നിരിക്കുകയാണ്. ഭയചകിതരായി സാധനങ്ങൾ വാങ്ങി കൂട്ടുന്നവരുടെ തിരക്കൊഴിഞ്ഞതോടെ ബ്രിട്ടൻ പൂർണമായ വിജനതയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. നിലവിൽ ട്രെയിനുകളിലും ബസുകളിലും ആളൊഴിഞ്ഞ അവസ്ഥയാണുള്ളത്. മോട്ടോർവേകളും ശൂന്യമാണ്.പബുകളിലും ക്ലബുകളിലും തിയേറ്ററുകളിലും ആരുമില്ല. പള്ളികളിൽ പോലും പോവാതെ വിശ്വാസികൾ വീട്ടിൽ കുത്തിയിരിക്കുകയാണ്. യുദ്ധകാലത്തെ ക്ഷാമത്തെ നേരിടുന്ന പോലെ ഇനി നമുക്കും മൂന്ന് മാസം ജീവിക്കാം.

കൊറോണയെ നേരിടുന്നതിനായി രാജ്യത്തെ മൂന്ന് മാസത്തേക്ക് ഇത്തരത്തിൽ ഷട്ട്ഡൗൺ ചെയ്യുന്നുവെന്ന നാടകീയമായ പ്രഖ്യാപനം ഒരു പത്രസമ്മേളനത്തിൽ വച്ച് ബോറിസ് ഇന്നലെ നടത്തിയതിനെ തുടർന്നാണ് ബ്രിട്ടൻ ഇത്തരത്തിൽ വിജനമായിരിക്കുന്നത്.തിങ്കളാഴ്ച രാത്രി മുതൽ തങ്ങൾ യുകെയിലെ തിയേറ്രറുകൾ പൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഗ്രാന്റ്നാഷണൽ, പ്രീമിയർഷിപ്പ് റഗ്‌ബി തുടങ്ങിയ ഹൈ പ്രൊഫൈൽ ഇവന്റുകൾ റദ്ദാക്കിയിട്ടുമുണ്ട്. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാനും യാത്രകൾ ഒഴിവാക്കാനും തുടങ്ങിയതോടെ വാട്ടർലൂ, യൂസ്റ്റൺ, ആളൊഴിഞ്ഞ ഇടങ്ങളായി.

സാധാരണ തിരക്കേറിയ എം11 പോലുള്ള മോട്ടോർവേകളിൽ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. വൈറസ് ബാധ മൂലം ചുരുങ്ങിയത് 500 മില്യൺ പൗണ്ടിന്റെ നഷ്ടമെങ്കിലുമുണ്ടാകുമെന്നാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ കണക്കാക്കുന്നത്.കൊറോണപ്പേടിയാൽ യാത്രക്കാരുടെ എണ്ണം കഴിഞ്ഞയാഴ്ച അഞ്ചിലൊന്നായി ചുരുങ്ങിയെന്നണ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറയുന്നത്. ആളില്ലാത്തതിനാൽ 2021 സ്പ്രിങ് സീസൺ വരെയെങ്കിലും ചില ട്രെയിൻ സർവീസുകൾ നിർത്തി വയ്ക്കേണ്ടി വരുമെന്നാണ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നത്.

ലണ്ടനിലുള്ള നിരവധി യാത്രക്കാർ ഇന്നലെ മുതൽ പൊതുഗതാഗത സംവിധാനത്തോടും ഡിസ്ട്രിക്ട് ലൈൻ ട്യൂബിനോടും വിട്ട് നിൽക്കാൻ തുടങ്ങിയിട്ടുണ്ട്. സാധാരണ ലണ്ടനിൽ ട്രെയിനുകളിൽ ആളുകൾ തിങ്ങിനിറഞ്ഞിരിക്കെ ഇന്നലെ വിരലിൽ എണ്ണാവുന്ന ആളുകളുമായാണ് തലസ്ഥാനത്ത് ട്രെയിനുകളോടിയത്. ബെർമിങ്ഹാം, ഗ്ലാസ്‌കോ, ചെസ്റ്റർ പോലുള്ള രാജ്യത്തെ മറ്റിടങ്ങളിലേക്ക് ട്രെയിൻ സർവീസുള്ള ലണ്ടൻ യൂസ്റ്റണിൽ നിന്നുമുള്ള ട്രെയിനുകളിൽ ഇന്നലെ വളരെ കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വർഷത്തെ ഈ സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ ട്യൂബ് സർവീസ് ഉപയോഗിക്കുന്നതിൽ 19 ശതമാനം പേരുടെയും ബസുകൾ ഉപയോഗിക്കുന്നവരിൽ 10 ശതമാനം പേരുടെയും കുറവുണ്ടായിരിക്കുന്നുവെന്നാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ പറയുന്നത്. 75 ശതമാനം വിമാനങ്ങളും ബ്രിട്ടീഷ് എയർവേസ് റദ്ദാക്കിയ അവസ്ഥയും നിലവിലുണ്ട്.

പേടി കാരണം ആരുമെത്താത്തതിനാൽ ഹൈസ്ട്രീറ്റിലെ ഷോപ്പുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ

കൊറോണ ഭീഷണിയാൽ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉത്തരവിട്ടിരിക്കുന്നതിനാൽ ഹൈ സ്ട്രീറ്റിലെ ആയിരക്കണക്കിന് ഷോപ്പുകളും പബുകളും, റസ്റ്റോറന്റുകളും ആളില്ലാതെ അടച്ച് പൂട്ടൽ ഭീഷണിയിലായിട്ടുണ്ട്. രാജ്യമാകമാനമുള്ള ഇത്തരം സ്ഥാപനങ്ങളുടെയെല്ലാം ഗതി ഇത് തന്നെയാണ്. ബോറിസ് ഇത് സംബന്ധിച്ച നിർണായ പത്രസമ്മേളനം നടത്തി ഒറ്റ രാത്രി കൊണ്ട് ഈ വക സ്ഥാപനങ്ങളിലെത്തുന്നവരുടെ എണ്ണം കുത്തനെ ഇടിയുകയും ഇവയുടെ വരുമാനം ചുരുങ്ങിപ്പോവുകയും ചെയ്തിരിക്കുകയാണ്.

കൊറോണ ഭീഷണി മൂലം ഷോപ്പുകളുടെ വരുമാനം വീക്കെൻഡിൽ തന്നെ മൂന്നിലൊന്നായി ചുരുങ്ങിയ അവസ്ഥയിലാണ് പുതിയ തീരുമാനം ഇരട്ടി പ്രഹരമായിത്തീർന്നിരിക്കുന്നത്. കെന്റിലെ ബ്ലൂവാട്ടർ ഷോപ്പിങ് സെന്ററിൽ സാധാരണ ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ ഇവിടെ പേരിന് മാത്രമായിരുന്നു ആളുകളെത്തിയിരുന്നത്. ഇത്തരത്തിൽ രാജ്യത്തെ പ്രധാന ഷോപ്പിങ് ഏരിയകളിലെല്ലാം കടകൾ ചുമ്മാ തുറന്നിരിക്കുന്ന അവസ്ഥയാണുള്ളത്. ഈ ഗതി തുടർന്നാൽ ഷോപ്പുകളുടെ വാടക, സ്റ്റാഫിന്റെ ശമ്പളം, മെയിന്റനൻസ്ചെലവുകൾ തുടങ്ങിയവക്ക് പോലും വരുമാനമില്ലാതെ ഇവ പൂട്ടേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP