Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പനിയോ ചുമയോ ജലദോഷമോ വീട്ടിൽ ആർക്കെങ്കിലും ഉണ്ടായാൽ സിക്ക് ലീവ് എടുത്ത് വീട്ടിൽ ഇരിക്കുക; പബുകളും ക്ലബുകളും അടച്ചിടുക;  അത്യാവശ്യമില്ലാതെ ബന്ധുക്കളുമായി ഇടപെടരുത്;  സകല നിയന്ത്രണങ്ങളും വരുന്ന മൂന്ന് മാസം തുടരും;  നിയമലംഘകരെ ഉടനടി അറസ്റ്റ് ചെയ്യാൻ പൊലീസ്;  മരണം 55 കഴിഞ്ഞപ്പോൾ മഹാമാരിക്കെതിരെ സട കുടഞ്ഞെണീറ്റ് ബ്രിട്ടൻ

പനിയോ ചുമയോ ജലദോഷമോ വീട്ടിൽ ആർക്കെങ്കിലും ഉണ്ടായാൽ സിക്ക് ലീവ് എടുത്ത് വീട്ടിൽ ഇരിക്കുക; പബുകളും ക്ലബുകളും അടച്ചിടുക;  അത്യാവശ്യമില്ലാതെ ബന്ധുക്കളുമായി ഇടപെടരുത്;  സകല നിയന്ത്രണങ്ങളും വരുന്ന മൂന്ന് മാസം തുടരും;  നിയമലംഘകരെ ഉടനടി അറസ്റ്റ് ചെയ്യാൻ പൊലീസ്;  മരണം 55 കഴിഞ്ഞപ്പോൾ മഹാമാരിക്കെതിരെ സട കുടഞ്ഞെണീറ്റ് ബ്രിട്ടൻ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് ബ്രിട്ടനിലാകെ പടരുകയും 55 ജീവനുകൾ കവർന്നെടുക്കുകയും ചെയ്ത സാഹര്യത്തിൽ രോഗത്തെ പിടിച്ച് കെട്ടുന്നതിന് കടുത്ത നടപടികൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തി. അത്യാവശ്യമല്ലാത്ത എല്ലാ സാമൂഹിക ഇടപെടലുകളും ഒഴിവാക്കണമെന്നാണ് അദ്ദേഹം ഉത്തരവിട്ടിരിക്കുന്നത്. കൊറോണയ്‌ക്കെതിരായി പ്രഖ്യാപിച്ച ഏറ്റവും പുതിയ നടപടികളുടെ ഭാഗമായി പനിയോ ചുമയോ ജലദോഷമോ വീട്ടിൽ ആർക്കെങ്കിലും ഉണ്ടായാൽ സിക്ക് ലീവ് എടുത്ത് വീട്ടിൽ ഇരിക്കാൻ കടുത്ത നിർദ്ദേശമുണ്ട്.

കൂടാതെ പബുകളും ക്ലബുകളും അടച്ചിടാനും നിർദ്ദേശമുണ്ട്. അത്യാവശ്യമില്ലാതെ ബന്ധുക്കളുമായി ഇടപെടുകയുമരുത്. കൊറോണയ്‌ക്കെതിരെയുള്ള  സകല നിയന്ത്രണങ്ങളും വരുന്ന മൂന്ന് മാസം തുടരുന്നതായിരിക്കും.  നിയമലംഘകരെ ഉടനടി അറസ്റ്റ് ചെയ്യാൻ പൊലീസിനെ സജ്ജമാക്കിയിട്ടുണ്ട്. കൊറോണ യുകെയിൽ മനുഷ്യജീവനുകൾ തട്ടിയെടുത്തുകൊണ്ടു പോകുന്നത് തുടരുന്ന സാഹചര്യത്തിൽ   ഈ മഹാമാരിക്കെതിരെ ഇത്തരത്തിൽ സട കുടഞ്ഞെണീറ്റിരിക്കുകയാണ് ബ്രിട്ടൻ.നിലവിൽ ബ്രിട്ടനിലുടനീളം കൊറോണ അതിവേഗം പടരുന്ന ഘട്ടത്തിലാണെത്തിയിരിക്കുന്നതെന്നും ലണ്ടനിൽ ഇത് കൂടുതൽ അപകടകരമായിത്തീർന്നിരിക്കുന്നുവെന്നും അതിനാൽ കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ബോറിസ് മുന്നറിയിപ്പേകുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി  സിനിമാഹാളുകൾ, പബുകൾ തുടങ്ങിയവ അടച്ചിടുകയും കൂടുതൽ ആളുകൾ ഒന്നിച്ച് കൂടുന്ന വലിയ പരിപാടികളെല്ലാം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.  എന്നാൽ ബാറുകളും റസ്റ്റോറന്റുകളും തുറക്കാമെങ്കിലും  രാത്രി എട്ട് മണിക്ക് നിർബന്ധമായും അടക്കണമെന്ന നിബന്ധനയാണ് മുന്നോട്ട് വച്ചിരിക്കുന്നത് .വളരെ അത്യാവശ്യത്തിന് മാത്രമേ യാത്രകൾ നടത്താവൂ എന്ന് ഉത്തരവ് കർക്കശമാണ്. വീട്ടിൽ ഒരാൾക്ക് പനിയോ , ചുമയോ, ജലദോഷമോ ഉണ്ടായാൽ പോലും ആ വീട്ടിലെ എല്ലാവരും  രണ്ടാഴ്ച ഐസൊലേഷന് വിധേയമാകണമെന്നാണ് നിഷ്‌കർഷിച്ചിരിക്കുന്നത്.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ നിന്നും വീട്ടിലെ മറ്റുള്ളവർ അകന്ന് നിൽക്കുകയും വേണം. അതായത് ഇത്തരം വേളയിൽ വീട്ടിലുള്ളവർ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ പോലും പുറത്ത് പോകരുതെന്നാണ് ബോറിസ്  നിഷ്‌കർഷിക്കുന്നത്. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലെത്തിയിട്ടും രാജ്യത്തെ സ്‌കൂളുകൾ അടക്കാൻ ബോറിസ് തയ്യാറാവുന്നില്ലെന്നതിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. സ്‌കൂളുകൾ അടച്ചാൽ കുട്ടികളെ പരിപാലിക്കുന്നതിനായി എൻഎച്ച്എസ് ജീവനക്കാർ ലീവെടുത്ത് വീട്ടിലിരിക്കേണ്ടി വരുമെന്നും അത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നുമാണ് താൻ വിശ്വസിക്കുന്നതെന്നാണ് ബോറിസ് പറയുന്നത്.

വീട്ടിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സന്ദർഭങ്ങളുണ്ടായാൽ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിന് മറ്റുള്ളവരുടെ സഹായം തേടുകയാണ് ചെയ്യേണ്ടതെന്ന് ഡൗണിങ് സ്ട്രീറ്റിൽ വച്ച് നടത്തിയ നാടകീയമായ ഒരു പത്രസമ്മേളനത്തിൽ ബോറിസ് നിർദ്ദേശിച്ചിട്ടുണ്ട്.  അതു സാധ്യമല്ലെങ്കിൽ സാമൂഹിക ബന്ധങ്ങൾ പരിമിതപ്പെടുത്തുന്നതിന് എന്താണ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുക അത് അനുവർത്തിക്കേണ്ടതുണ്ടെന്നും ബോറിസ് നിർേശിക്കുന്നു. വളരെ അത്യാവശ്യമല്ലാത്ത ഇടപെടലുകൾ ഏവരും ഒഴിവാക്കി വൈറസ് പടരുന്നത് തടയുന്നതിൽ ക്രിയാത്മകമായ പങ്കാളിത്തമാണ് നിലവിൽ ഏവരും വഹിക്കേണ്ടതെന്നും ബോറിസ് ആവശ്യപ്പെടുന്നു.

എല്ലാവരും വീട്ടിൽ നിന്നും ജോലി ചെയ്യണമെന്നും പബുകൾ, ക്ലബുകൾ, തിയേറ്ററുകൾ,മറ്റ് സോഷ്യൽ വെന്യൂകൾ തുടങ്ങിയവയിൽ പോകുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു.ഈ വിധത്തിലുള്ള അസാധാരണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിൽ യുകെയിൽ കൊറോണ മരണസംഖ്യ 2,60,000 കവിയുമെന്ന് മിനിസ്റ്റർമാർ കടുത്ത മുന്നറിയിപ്പേകിയതിനെ തുടർന്നാണ് ബോറിസ് കർക്കശമായ നീക്കങ്ങൾക്ക് നിർബന്ധിതനായിരിക്കുന്നത്. കൊറോണ കണ്ടുപിടിക്കുന്നതിനുള്ള ടെസ്റ്റുകൾ നിരന്തരം നടത്തുകയെന്നത് രോഗത്തിനെതിരെയുള്ള നീക്കത്തിൽ നിർണായകമാണെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചതിനെ തുടർന്ന് യുകെയിൽ കൂടുതൽ ടെസ്റ്റിങ് കപ്പാസിറ്റി വർധിപ്പിക്കാനും ത്വരിതഗതിയിലുള്ള നീക്കമുണ്ട്.

മാറിയ സാഹചര്യത്തിൽ കൂടുതൽ വെന്റിലേറ്ററുകൾ ആശുപത്രികളിൽ ആവശ്യമായി വന്നിരിക്കെ കാർ മാനുഫാക്ചർമാർ അടക്കമുള്ളവരുമായി ബന്ധപ്പെട്ട് ഇവയുടെ ഉൽപാദനം ത്വരിതപ്പെടുത്തുന്നതിന് ബോറിസ് ചർച്ചകൾ നടത്തുന്നുണ്ട്.രോഗം ഇനിയും പിടിവിട്ട് പോകുന്ന സാഹചര്യമുണ്ടായാൽ  യാത്രാ നിരോധനം, കർഫ്യൂകൾ തുടങ്ങിയ ജീവിതത്തെ സ്തംഭിപ്പിക്കുന്ന കടുത്ത നടപടികൾ ബോറിസ് തള്ളിക്കളഞ്ഞിട്ടില്ല.

യുകെയിൽ ഒരു ദിവസം മരിച്ചത് 20 പേർ; 171 പേർക്ക് പുതിയതായി വൈറസ് ബാധ; മൊത്തം മരണം 55 ആയപ്പോൾ കൊറോണ രോഗികൾ 1500

യുകെയിൽ കൊറോണ ബാധിച്ച് ഒറ്റ ദിവസം മരിച്ചിരിക്കുന്നത് 20 പേരാണ്. ഇതോടെയാണ് ആകെ മരണസംഖ്യ 55ലേക്ക് കുതിച്ചുയർന്നിരിക്കുന്നത്. ഇതിന് പുറമെ 171 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യമാകമാനം കൊറോണ ബാധിതരുടെ എണ്ണം 1500 ആയിത്തീർന്നിരിക്കുകയാണ്. ഇംഗ്ലണ്ടിൽ 1196 പേർക്കും സ്‌കോട്ട്‌ലൻഡിൽ 171 പേർക്കും വെയിൽസിൽ 124 പേർക്കും നോർത്തേൺ അയർലണ്ടിൽ 52 പേർക്കും രോഗമുണ്ട്. 56 വയസുകാരനടക്കം 19 മരണങ്ങളാണ് ഇന്നലെ എൻഎച്ച്എസ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചിരിക്കുന്നത്.

വെയിൽസിൽ 68 കാരനായ ഒരാൾ റെക്‌സ്ഹാമിൽ കൊറോണ ബാധിച്ച് ഇന്നലെ മരിച്ചിട്ടുണ്ട്.സ്‌കോട്ട്‌ലൻഡിൽ കഴിഞ്ഞ ആഴ്ചയായിരുന്നു ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചിരുന്നത്. കടുത്ത കൊറോണഭീഷണിയിൽ  ഇംഗ്ലണ്ടിൽ ട്രെയിനുകളിലും ബസുകളിലും ആരുമില്ലാത്ത അവസ്ഥയാണുള്ളത്.മിക്കവർക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യമുണ്ടാക്കിയിരിക്കുന്നതിനാൽ ജോലി ചെയ്യാൻ പോലും ആരും പുറത്തിറങ്ങുന്നില്ല.കടുത്ത സാമ്പത്തിക ആഘാതമാണ് കൊറോണ ബ്രിട്ടന് മേലുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. തൽഫലമായി എഫ്ടിഎസ്ഇ 100 ഒമ്പത് ശതമാനം താഴുകയും ഇതിന്റെ മൂല്യത്തിൽ 117 ബില്യൺ പൗണ്ട് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP