Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കോവിഡ്-19; മലപ്പുറത്ത് രണ്ടുപേർക്കും കാസർകോഡ് സ്വദേശിക്കും വൈറസ് ബാധ; കോവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയർന്നു; 12,740 പേർ നിരീക്ഷണത്തിൽ; 270 പേർ ആശുപത്രിയിൽ; 2297 സാമ്പിളുകൾ അയച്ചതിൽ 1693 എണ്ണം നെഗറ്റീവ്; മാരക വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കാൻ സർവകക്ഷിയോഗത്തിൽ ധാരണയായതായി മുഖ്യമന്ത്രി; വ്യാപാര- തൊഴിൽ മേഖലകളിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും പിണറായി വിജയൻ

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കോവിഡ്-19; മലപ്പുറത്ത് രണ്ടുപേർക്കും കാസർകോഡ് സ്വദേശിക്കും വൈറസ് ബാധ; കോവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയർന്നു; 12,740 പേർ നിരീക്ഷണത്തിൽ; 270 പേർ ആശുപത്രിയിൽ; 2297 സാമ്പിളുകൾ അയച്ചതിൽ 1693 എണ്ണം നെഗറ്റീവ്; മാരക വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കാൻ സർവകക്ഷിയോഗത്തിൽ ധാരണയായതായി മുഖ്യമന്ത്രി; വ്യാപാര- തൊഴിൽ മേഖലകളിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ടുപേർക്കും കാസർകോഡ് ഒരാൾക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

12,740 ആളുകൾ ഇപ്പോൾ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഇതിൽ 270 പേർ ആശുപത്രിയിലാണുള്ളത്. ഇന്നു മാത്രം 72 പേരെ വീടുകളിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. 2297 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1693 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച ചേർന്ന സർവ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തിൽ എല്ലാവരും ഒരുമിച്ചു നിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അവസാനത്തോടെയാണ് കൊവിഡ് 19 വൈറസ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. നല്ല രീതിയിൽ തന്നെ ആദ്യാവസാനം ആരോഗ്യവകുപ്പ് വൈറസ് ബാധയെ നേരിട്ടുണ്ട്.

വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചില നിയന്ത്രണങ്ങൾ സർക്കാരിന് ഏർപ്പെടുത്തേണ്ടി വന്നു. സ്വയം നിയന്ത്രണം പാലിക്കാൻ ജനങ്ങളും തയ്യാറായി. എന്നാൽ നിയന്ത്രണങ്ങളുടെ ഭാഗമായി ചില പ്രതിസന്ധികളും രൂപപ്പെട്ടു. വ്യാപാരമേഖലയിലും തൊഴിൽ മേഖലയിലും ഒരു സ്തംഭനാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ സർക്കാർ ഗൗരവമായാണ് കാണുന്നത്. സാമൂഹിക ജീവിതം അതേ രീതിയിൽ തുടർന്നു കൊണ്ടു തന്നെ കൊവിഡ് വൈറസിനെതിരെയുള്ള ജാഗ്രത തുടരണം എന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബസ്, ഓട്ടോ, വിമാനത്താവളങ്ങൾ അടക്കമുള്ള യാത്രസംവിധാനങ്ങളെല്ലാം യാത്രാക്കാരില്ലാതെ പ്രതിസന്ധിയിലാണ്. കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ പോലും കോടികളുടെ കുറവുണ്ടായി. സ്വകാര്യബസ് മേഖലയ്ക്കും വലിയ നഷ്ടം വന്നു. ഇതു കണക്കിലെടുത്ത് മോട്ടോർ വാഹന ടാക്‌സ അടയ്ക്കുന്നതിൽ ബസുടമകൾക്ക് ഇളവ് നൽകിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിനോദസഞ്ചാരമേഖലയിൽ സർക്കാർ ചില നിയന്ത്രങ്ങൾ കൊണ്ടുവന്നിരുന്നു. ആ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് വരുമാനം ഇല്ലാതാവാൻ ഇതു കാരണമായി. ഇതൊക്കെ ഗൗരവതരമായ സ്ഥിതിവിശേഷമാണ് ഇതിൽ എന്തു ചെയ്യാൻ സാധിക്കുമെന്ന് സർക്കാർ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കോവിഡ് - 19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ നാലു വിമാനത്താളങ്ങളിലെയും മേധവികളുമായും വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താളമേധാവികൾ പങ്കെടുത്തു. വീഡിയോ കോൺഫറൻസിൽ ഉണ്ടായ ധാരണകൾ:

1.ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കണം.

2.വിദേശത്തേക്ക് പോകുന്നവരെയും സ്‌ക്രീൻ ചെയ്യണം.

3.വിദേശത്തുനിന്ന് വരുന്നവർക്ക് പുറത്തുകടക്കാൻ ധൃതിയുണ്ടാകും. ഇതു കണക്കിലെടുത്ത് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണം.

4.പരിശോധനയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ ഏർപ്പെടുത്തേണ്ടിവരും. കൂടുതൽ പരിശോധനാ സംഘത്തെയും വേണ്ടിവരും. ഇതിനാവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകും.

5.കൂടുതൽ എമിഗ്രേഷൻ കൗണ്ടറുകൾ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കണം.

6.കസ്റ്റംസ് പരിശോധനയ്ക്കും കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകണം. വിമാനത്താവളത്തിൽ ഒരുതരത്തിലുള്ള തിക്കും തിരക്കും ഉണ്ടാകരുത്.

7.രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ആംബുലൻസിൽ അപ്പോൾതന്നെ ആശുപത്രിയിലേക്ക് മാറ്റണം. രോഗ ലക്ഷണങ്ങൾ ഇല്ലാത്ത വിദേശയാത്രക്കാരെ, വീടുകളിൽ ഐസോലേഷനിൽ ആക്കണം. പൊലീസിന്റെ മേൽനോട്ടത്തിൽ അവരെ വീടുകളിൽ എത്തിക്കണം.

8.വീടുകളിൽ ഐസോലേഷനിൽ പോകാൻ നിർദേശിക്കപ്പെട്ടവരുടെ വിവരങ്ങൾ അപ്പപ്പോൾ ആരോഗ്യ വകുപ്പിന്റെ സെല്ലിൽ അറിയിക്കണം.

9.വിമാനത്താവളങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിന് കർശനമായ നടപടികൾ വേണം. യാത്രയയ്ക്കാനും സ്വീകരിക്കാനും ഒരുപാട് പേർ എത്തുന്നത് തടയണം.

10.വിദേശത്തുനിന്ന് വന്ന് ഹോം ക്വാറന്റൈനിൽ പോകുന്നവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ വിമാനത്താവളത്തിൽ നിന്നു തന്നെ നൽകണം.

11.വിമാനത്താവളങ്ങളിൽ കൂടുതൽ ആംബുലൻ ലഭ്യമാക്കും. ഐ.എം.എ ഇക്കാര്യത്തിൽ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP