Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കെമിസ്ട്രി ലാബിൽ ഹാന്റ് സാനിറ്റൈസർ നിർമ്മിച്ചത് പരീക്ഷയ്ക്ക് എത്തുന്ന കുട്ടികൾക്ക് വിതരണം ചെയ്യാൻ; ക്ഷാമം മനസിലാക്കിയപ്പോൾ കൂടുതൽ നിർമ്മിച്ച് നാട്ടുകാർക്ക് സൗജന്യമായി നൽകി; രണ്ടു കയ്യിലും സാനിറ്റൈസർ ലഭിച്ചപ്പോൾ ഓട്ടോ ഡ്രൈവർക്ക് അത്ഭുതം; പിന്നാലെ ലഭിച്ചത് ബോട്ടിൽ മുഴുവനായി; ഇതേ സന്തോഷം തന്നെ ബസ് ഡ്രൈവർക്കും; കുട്ടികളും നാട്ടുകാരും ഇന്നുപയോഗിച്ചത് വിദ്യാർത്ഥികൾ നിർമ്മിച്ച സാനിറ്റൈസർ; ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനെ പിന്തുണച്ച് ഡിബി കോളേജ്

കെമിസ്ട്രി ലാബിൽ ഹാന്റ് സാനിറ്റൈസർ നിർമ്മിച്ചത് പരീക്ഷയ്ക്ക് എത്തുന്ന കുട്ടികൾക്ക് വിതരണം ചെയ്യാൻ; ക്ഷാമം മനസിലാക്കിയപ്പോൾ കൂടുതൽ നിർമ്മിച്ച് നാട്ടുകാർക്ക് സൗജന്യമായി നൽകി; രണ്ടു കയ്യിലും സാനിറ്റൈസർ ലഭിച്ചപ്പോൾ ഓട്ടോ ഡ്രൈവർക്ക് അത്ഭുതം; പിന്നാലെ ലഭിച്ചത് ബോട്ടിൽ മുഴുവനായി; ഇതേ സന്തോഷം തന്നെ ബസ് ഡ്രൈവർക്കും; കുട്ടികളും നാട്ടുകാരും ഇന്നുപയോഗിച്ചത് വിദ്യാർത്ഥികൾ നിർമ്മിച്ച സാനിറ്റൈസർ; ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനെ പിന്തുണച്ച് ഡിബി കോളേജ്

എം മനോജ് കുമാർ

തലയോലപ്പറമ്പ്: കൊറോണ ഭീതിയെ മറികടക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ തുടങ്ങിയ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിന് മഹനീയ മാതൃകയായി തലയോലപ്പറമ്പ് ഡിബി കോളെജ്. കെമിസ്ട്രി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ കോളെജ് കെമിസ്ട്രി ലാബിൽ നിർമ്മിച്ച ഹാന്റ് സാനിറ്റൈസറാണ് ഇന്നു ആരംഭിച്ച ബിരുദപരീക്ഷകൾക്ക് തൊട്ട് മുൻപായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്. വിദ്യാർത്ഥികളെ കൂടാതെ നാട്ടുകാർക്കും സാനിറ്റൈസർ വിതരണം ചെയ്തു

ഹാന്റ് സാനിറ്റൈസർ എങ്ങനെ ഉപയോഗിക്കണമെന്നും അതുപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് എങ്ങനെയെന്നും അധികൃതർ തന്നെ വിദ്യാർത്ഥികൾക്ക് വിശദമാക്കിക്കൊടുത്തു. പരീക്ഷാ ഹാളിൽ കയറും മുൻപ് തന്നെ മുഴുവൻ വിദ്യാർത്ഥികളുടെയും കൈകൾ കൊറോണ വിമുക്തമാണെന്ന് അധികൃതർ ഉറപ്പുവരുത്തി. ഹാന്റ് സാനിറ്റൈസർ കൈകളിൽ പകർന്നു നൽകി ഇവർ കുട്ടികളെ കൊറോണ ഭീതിയിൽ നിന്നും മോചിപ്പിച്ചു. വെള്ളവും പേനയും കൈമാറരൂത് എന്ന നിർദ്ദേശവും ഒപ്പം നൽകി.

യൂണിവേഴ്‌സിറ്റി നൽകിയ കൊറോണ മുൻകരുതൽ നിർദ്ദേശങ്ങൾ അപ്പടി നടപ്പിൽ വരുത്തുകയും ചെയ്തു. പരീക്ഷയ്ക്ക് ഒരു ബെഞ്ചിൽ രണ്ടു കുട്ടികളെ മാത്രമാണ് ഇരുത്തിയത്. അതേസമയം കാറ്റും വെളിച്ചവും ഉറപ്പു വരുത്തിയ ക്ലാസ് റൂമുകൾ തന്നെ പരീക്ഷയ്ക്ക് നൽകുകയും ചെയ്തു. കുട്ടികൾക്കും നാട്ടുകാർക്കും നൽകാൻ വേണ്ടിയാണ് ലാബിൽ ഹാന്റ് സാനിറ്റൈസർ നിർമ്മിച്ചത്. കുട്ടികൾക്ക് നൽകിയ ശേഷം ബാക്കിയായ സാനിറ്റൈസർ കടകളിലും നാട്ടുകാർക്കും വിതരണം ചെയ്യുകയും ചെയ്യുകയും ചെയ്തു. കോളെജ് പിടിഎ ഫണ്ടുപയോഗിച്ചാണ് കെമിസ്ട്രി വിഭാഗം സാനിറ്റൈസർ ലാബിൽ തന്നെ നിർമ്മിച്ച് കുട്ടികൾക്കും നാട്ടുകാർക്കും വിതരണം ചെയ്തത്. ഡിബി കോളെജ് അധികൃതർ തന്നെ ടൗണിലും ജനങ്ങൾ തങ്ങി നിന്ന സ്ഥലത്തുമൊക്കെ ഹാന്റ് സാനിറ്റൈസർ വിതരണം ചെയ്തപ്പോൾ അത് നാട്ടുകാർക്കും പുതിയ അനുഭവമായി.

കൊറോണ ഭീതി കേരളത്തിൽ പടരുകയും കൊറോണ ഭീതിയെ മറികടക്കാൻ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിന് ആരോഗ്യമന്ത്രി തന്നെ തുടക്കം കുറിക്കുകയും ചെയ്തപ്പോഴാണ് ക്യാമ്പയിന് ഉജ്ജ്വല മാതൃകയായി ഡിബി കോളെജ് സ്വയം മാറിയത്. കൊറോണ ഭീതി വ്യാപിച്ചതിനെ തുടർന്ന് ഹാന്റ് സാനിറ്റൈസർ മെഡിക്കൽ ഷോപ്പുകളിലും കടകളിലും കിട്ടാനില്ല. സംസ്ഥാനത്ത് കടുത്ത ക്ഷാമമാണ് ഹാന്റ് സാനിറ്റൈസറിന്. ഇവ ലഭിക്കാനില്ലാത്തതിനെ തുടർന്ന് ചില കടകളിൽ അധിക വിലയും ഈടാക്കുന്നുണ്ട്.

തീ വിലയും ക്ഷാമവും ഹാന്റ് സാനിറ്റൈസറിന് അനുഭവപ്പെടുമ്പോൾ തന്നെയാണ് സ്വന്തം കെമിസ്ട്രി ലാബിൽ നിന്ന് ഫോർമുലകൾ രൂപപ്പെടുത്തി ഹാന്റ് സാനിറ്റൈസർ ലാബിൽ തന്നെ നിർമ്മിച്ച് അധികൃതർ സൗജന്യ വിതരണവുമായി ഇറങ്ങിയത്.കൊറോണ ഭീതിയെ പുതിയ രീതിയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരിട്ട്‌കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ആരോഗ്യമന്ത്രിക്ക് പിന്തുണയുമായി ഡിബി കോളെജ് രംഗത്തിറങ്ങിയത്. ജാഗ്രതയാണ് കൊറോണ ഭീതി തടയാൻ വേണ്ടത് എന്ന് സംസ്ഥാനം മനസിലാക്കിക്കഴിഞ്ഞു.

ഒരു ചെയിൻ പോലെയാണ് കൊറോണ പടരുന്നത്. കൊറോണ ബാധിതന്റെ ചുമ വഴി, രോഗിയുമായുള്ള സംസർഗം വഴിയാണ് കൊറോണ പടരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ബ്രേക്ക് ദ ചെയ്ൻ മാതൃകയിൽ കൊറോണ തടയാൻ സംസ്ഥാന സർക്കാർ ക്യാമ്പയിനുമായി ഇറങ്ങിയത്. കൈകൾ ഹാന്റ് സാനിറ്റൈസർ വഴിയോ സോപ്പോ വഴി ഇടയ്ക്കിടെ വൃത്തിയാക്കുക, ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടിരിക്കുക എന്ന നിർദ്ദേശമാണ് പൊതുവേ നൽകുന്നത്. ഒപ്പം ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തുക. ഇതാണ് കൊറോണ ബാധ തടയാനുള്ള നിർദ്ദേശങ്ങളിൽ പ്രധാനം.

ഇന്നു ബിരുദ പരീക്ഷകൾ ആരംഭിക്കുമ്പോൾ ഈ മാസം ഒടുവിൽ വരെ പരീക്ഷകൾ നീണ്ടു നിൽക്കുന്നുമുണ്ട്. ഇതോടെയാണ് ഹാന്റ് സാനിറ്റൈസർ കോളേജിൽ തന്നെ നിർമ്മിക്കാം എന്ന് തീരുമാനമായത്. കുട്ടികൾക്ക് ആദ്യ ദിന പരിശീലനമാണ് നൽകുക. തുടർന്നുള്ള ദിവസങ്ങളിൽ എക്‌സാം സെന്ററിന് പുറത്ത് ഹാന്റ് സാനിറ്റൈസർ വയ്ക്കും. ഇത് ഉയോഗിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകും-ഇതാണ് ഡിബി കോളേജിൽ നടപ്പാക്കിയത്. പരീക്ഷയ്ക്ക് രാവിലെ അമ്പതോളം കുട്ടികൾ മാത്രമേ എത്തുകയുള്ളൂ. പക്ഷെ ഉച്ചയ്ക്ക് ശേഷം സ്ഥിതി മാറും. അഞ്ഞൂറിന്നടുത്ത് കുട്ടികൾ പരീക്ഷയ്ക്ക് എത്തും. ആരെങ്കിലും കൊറോണ ബാധിതരാണോ കൊറോണ വാഹകരാണോ എന്ന കാര്യം അറിയുകയുമില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ ഭദ്രമായി പരീക്ഷ എഴുതിക്കാൻ കോളെജ് അധികൃതർ തീരുമാനിച്ചത്. ലാബിൽ നിന്ന് സ്വന്തമായി ഹാന്റ് സാനിറ്റൈസർ നിർമ്മിക്കാൻ സന്നദ്ധരായി കെമിസ്ട്രി വിഭാഗം രംഗത്ത് വരുകയും ചെയ്തു.

കൊറോണ തടയാൻ ശക്തമായ മുൻകരുതലാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്നത്. ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളെ ഭദ്രമായി പരീക്ഷ എഴുതിക്കാൻ ഡിബി കോളെജ് തീരുമാനിച്ചത്. കെമിസ്ട്രി വിഭാഗം ഒരുമിച്ചപ്പോൾ ഇന്നു രാവിലെ തന്നെ ഹാന്റ് സാനിറ്റൈസർ ഞങ്ങൾ റെഡിയാക്കി. ഫണ്ട് നൽകാൻ പിടിഐയും റെഡിയായി. പിന്നെ ഒന്നും നോക്കാതെ ഹാന്റ് സാനിറ്റൈസർ നിർമ്മാണം തുടങ്ങി- കെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോക്ടർ ദീപ മറുനാടനോട് പറഞ്ഞു. ഹാന്റ് സാനിറ്റൈസർ ക്ഷാമം രൂക്ഷമാണ്. ഇതിന്റെ ഫോർമുല ഞങ്ങൾക്ക് അറിയാം. കുട്ടികൾക്ക് ആണെങ്കിൽ പരീക്ഷ ഈ മാസം ഒടുവിൽ വരെ നീണ്ടു നിൽക്കുന്നുമുണ്ട്-ഇതോടെയാണ് കെമിസ്ട്രി വിഭാഗം ഹാന്റ് സാനിറ്റൈസർ നിർമ്മിച്ച് വിതരണം ചെയ്തത്. നാളെയും ഇതുണ്ടാക്കി വിതരണം ചെയ്യും. ഇന്നത്തെ പൊതുവിൽ ലഭിക്കുന്ന പ്രതികരണം നോക്കിയാണ് നാളെ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് തീരുമാനം എടുക്കുക-ദീപ പറയുന്നു.

പിന്തുണ ബ്രെയ്ക്ക് ദ ചെയിൻ ക്യാമ്പയിന്: ഡോക്ടർ ദീപ

ഇന്നാണ് എംജി യൂണിവേഴ്‌സിറ്റി സിക്‌സ്ത് സെമസ്റ്റർ ബിരുദ പരീക്ഷകൾ തുടങ്ങുന്നത്. യൂണിവേഴ്‌സിറ്റി തന്നെ ഈ കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അത് കോളെജ് അക്ഷരം പ്രതി പാലിച്ചിട്ടുണ്ട്. ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ മാത്രം. വെള്ളം, പേന ഷെയർ ചെയ്യാൻ പാടില്ല. വായു സഞ്ചാരമുള്ള റൂമിലാണ് പരീക്ഷ നടത്തേണ്ടത് എന്നുള്ള നിർദ്ദേശങ്ങളാണ് യൂണിവേഴ്‌സിറ്റി നൽകിയത്. ഇതെല്ലാം ഞങ്ങൾ പാലിച്ചു. അപ്പോഴാണ് കൈകൾ അണുമുക്തമാക്കി കുട്ടികളെ പരീക്ഷാ ഹാളിൽ ഇരുത്തേണ്ട കാര്യം കൂടി ആലോചിച്ചത്. ഹാന്റ് സാനിറ്റൈസർ കിട്ടാനില്ല. അപ്പോൾ എന്ത് ചെയ്യും എന്ന ചോദ്യം വന്നപ്പോഴാണ് ലാബിൽ നിർമ്മിക്കാൻ തീരുമാനിച്ചത്. ലാബിൽ ഇവ നിർമ്മിക്കാൻ നേതൃത്വം നൽകിയത് ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആയ രമ ലക്ഷ്മി പൊതുവാളാണ്. മൂന്നു ഗസ്റ്റ് ഫാക്കൽറ്റികൾ, ലാബ് ജീവനക്കാരും മറ്റുള്ളവരും ഞങ്ങളോടു പൂർണമായി സഹകരിക്കുകയും ചെയ്തു. ഡബ്ല്യുഎച്ച്ഒ നിർദ്ദേശ പ്രകാരമാണ് നിർമ്മിതി രൂപപ്പെടുത്തിയത്. ആദ്യം ഒരു ലിറ്റർ ഉണ്ടാക്കി. അതിനു ശേഷം വീണ്ടും ഒരു ലിറ്റർ കൂടിയുണ്ടാക്കി. ഉച്ചയ്ക്ക് ശേഷം വീണ്ടും ഹാന്റ് സാനിറ്റൈസർ നിർമ്മിക്കും. രാവിലെയും ഉച്ചയ്ക്കും ഞങ്ങൾ പൊതുജനങ്ങൾക്ക് ഇവ വിതരണം ചെയ്യും. ടൗണിലെ കടകളിലും നാട്ടുകാർക്കും ഇവ നൽകും. പ്രതികരണം അറിഞ്ഞ ശേഷം നാളെയുള്ള കാര്യങ്ങൾ തീരുമാനിക്കും-ദീപ പറയുന്നു.

ഹാന്റ് സാനിറ്റൈസർ നിർമ്മിതി ഇങ്ങനെ:

750 മില്ലി ഐസൊപ്രൊഫൈൽ ആൽക്കഹോൾ ഇതിനു ഉപയോഗിക്കും. ഐസൊപ്രൊഫൈൽ ആൽക്കഹോളിന്റെ കൂടെ ഹൈഡ്രജൻ പെറോക്‌സൈഡ്, ഗ്ലിസറോൾ. അലോവീര ജെൽ, ഏതെങ്കിലും എസെൻഷ്യൽ ഓയിൽ എന്നിങ്ങനെ മിക്‌സ് ചെയ്യും. ഒപ്പം വെള്ളവും ഉപയോഗിക്കും. മെയിൻ കണ്ടന്റ് ആൽക്കഹോളാണ്. ആൽക്കഹോളിന്റെ പ്രാധാന്യം വൈറസിനെ നശിപ്പിക്കുക എന്നതാണ്. ഹൈഡ്രജൻ പെറോക്‌സൈഡിനും ഇതേ ആക്ഷൻ തന്നെയാണ്. ഐസൊപ്രൊഫൈൽ ആൽക്കഹോൾ നിശ്ചിത അളവിലെടുത്ത്, ഹൈഡ്രജൻ പെറോക്‌സൈഡ് നിശ്ചിത അളവിലെടുത്ത്. ചേർത്ത് അതിൽ ഗ്ലിസറോൾ, വെള്ളം, എസൻസ് മിക്‌സ് ചെയ്ത്, അലോവീര ജെൽ കൂടി ചേർക്കുകയാണ് ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോളെജാണ് തലയോലപ്പറമ്പ് ഡിബി കോളെജ്. 1965-ൽ സ്ഥാപിച്ച പ്രൌഡമായ കലാലയമാണിത്. സാഹിത്യകാരിയായ സന്ധ്യാ.ബി.സതീഷ് കെമിസ്ട്രി വിഭാഗത്തിൽ പഠിപ്പിക്കുന്നുണ്ട്. കേരളത്തിനു ബാധിച്ച കൊറോണ ഭീതിയെയാണ് കോളെജ് അധികൃതർ സ്വന്തം ഇച്ഛാശക്തി കൊണ്ട് നേരിട്ടത്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയ്നുള്ള ശക്തമായ പിന്തുണയായി ഇത് മാറുകയും ചെയ്തു.

മുൻകരുതൽ സ്വീകരിച്ചാൽ കൊറോണ തടയാം എന്ന് കേരളത്തിലെ കൊറോണ വ്യാപനം ആദ്യമായി തിരിച്ചറിഞ്ഞു സർക്കാരിനു റിപ്പോർട്ട് ചെയ്ത ഡോക്ടർ ആനന്ദ് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. കൊറോണ ബാധയാണ് തന്റെ മുന്നിലിരിക്കുന്ന റാന്നി സ്വദേശിക്ക് എന്ന് തിരിച്ചറിഞ്ഞ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആനന്ദ് സ്വന്തമായി മുൻകരുതൽ സ്വീകരിക്കുകയും മറ്റു രോഗികളുമായി ഈ രോഗിയുടെ സഹവാസം തടഞ്ഞു മുൻകരുതൽ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഹോം ക്വാറന്റൈന് വിധേയമായ ഡോക്ടർക്ക് കൊറോണയില്ലെന്ന് വൈറോളജി ഇൻസ്റ്റിട്ട്യുട്ടിലെ പരിശോധനയിൽ നിന്ന് തെളിയുകയും ചെയ്തിരുന്നു. ഇതേ മുൻ കരുതൽ തന്നെയാണ് സ്വന്തമായി ഹാന്റ് സാനിറ്റൈസർ നിർമ്മിച്ച് ഡിബി കോളേജും പിന്തുടർന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയ്ന് തുടക്കം കുറിച്ചത് ആരോഗ്യ വകുപ്പ് കെ.കെ.ശൈലജയാണ്. വ്യക്തി ശുചിത്വം പാലിച്ച് കൊറോണ വൈറസിന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുകയാണ് ക്യാമ്പയ്ന്റെ ലക്ഷ്യം. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഹസ്തദാനം പോലെ സപർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക, ഫലപ്രദമായി കൈ കഴുകുക എന്നിവയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. ഫലപ്രദമായി കൈകഴുകുക എന്നതാണ് പ്രധാനം. ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയ്ൻ സംഘടിപ്പിച്ചത്. സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയോട് ക്യാമ്പയിന്റെ ഭാഗമാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP