Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ പ്ലേഗിനെയും പന്നിപ്പനിയെയും മലമ്പനിയെയും കടത്തിവെട്ടുന്ന മഹാമാരിയോ? മരണ നിരക്ക് ഉയരുമ്പോൾ നടുങ്ങി വിറച്ച് ഇറ്റലിയും ബ്രിട്ടനും; 2021 വസന്തകാലംവരെ ബ്രിട്ടനിലെ കൊറോണ വിളയാട്ടം തുടരുമെന്നാണ് രഹസ്യ റിപ്പോർട്ട്; ജൂണിന് മുമ്പായി രോഗം നിയന്ത്രണ വിധേയമായില്ലെങ്കിൽ കാത്തിരിക്കുന്നത് മഹാ സാമ്പത്തികമാന്ദ്യവും; ജനസംഖ്യ 30 ശതമാനം കുറച്ച 'കറുത്ത മരണക്കാലം' ആവർത്തിക്കുമെന്ന് ഭീതിയിൽ യൂറോപ്പ്; ലോകത്തെ വിറപ്പിച്ച മഹാമാരികളുടെ ചരിത്രം ഇങ്ങനെയാണ്

കൊറോണ പ്ലേഗിനെയും പന്നിപ്പനിയെയും മലമ്പനിയെയും കടത്തിവെട്ടുന്ന മഹാമാരിയോ? മരണ നിരക്ക് ഉയരുമ്പോൾ നടുങ്ങി വിറച്ച് ഇറ്റലിയും ബ്രിട്ടനും; 2021 വസന്തകാലംവരെ ബ്രിട്ടനിലെ കൊറോണ വിളയാട്ടം തുടരുമെന്നാണ് രഹസ്യ റിപ്പോർട്ട്; ജൂണിന് മുമ്പായി രോഗം നിയന്ത്രണ വിധേയമായില്ലെങ്കിൽ കാത്തിരിക്കുന്നത് മഹാ സാമ്പത്തികമാന്ദ്യവും; ജനസംഖ്യ 30 ശതമാനം കുറച്ച 'കറുത്ത മരണക്കാലം' ആവർത്തിക്കുമെന്ന് ഭീതിയിൽ യൂറോപ്പ്; ലോകത്തെ വിറപ്പിച്ച മഹാമാരികളുടെ ചരിത്രം ഇങ്ങനെയാണ്

എം മാധവദാസ്

ലണ്ടൻ: ലോകത്തിൽ എറ്റവും കൂടുതൽപേരെ ബാധിച്ച രോഗം ഏതാണെന്നതിനെകുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ലോകത്തിൽ എറ്റവും കൂടതൽ പേർ മരിച്ചത് ഏത് രോഗം കൊണ്ടാണെന്നതിൽ ആർക്കും തർക്കമില്ല. അതാണ് പ്ലേഗ്. യൂറോപ്പിന്റെ ജനസംഖ്യം നാലിലൊന്നായി കുറച്ച് സാമ്രാജ്യങ്ങളെ നക്കിത്തുടച്ചുകൊണ്ട് നീങ്ങിയ 'ആ കറുത്ത മരണക്കാലം' എന്ന പ്ലേഗുകാലം യൂറോപ്പിൽ ആവർത്തിക്കുമോ? ഇറ്റലിയും, യുകെയിലും, ജർമ്മനിയും, സ്പെയിനിലുമായി കൊവിഡ് 19 നിയന്ത്രണം വിട്ട് പടരുമ്പോൾ യൂറോപ്പ്യൻ ലോകമാധ്യമങ്ങൾ ഇതേ ചോദ്യം ഉന്നയിക്കയാണ്. കോവിഡിനെ എങ്ങനെ നേരിടുമെന്നതിന് യു കെ നാഷണൽ ഹെൽത്ത് സർവീസിന്റെ രഹസ്യ റിപ്പോർട്ട് പുറത്തായതോടെ ജനങ്ങളിൽ ഭീതി വർധിക്കുകയാണ്. 2021 സ്പ്രിങ് സീസൺ വരെ ബ്രിട്ടനിലെ കൊറോണ വിളയാട്ടം തുടരുമെന്നും യുകെയിലെ 80ലക്ഷംപേരെ ബാധിക്കുമെന്നമാണ് ഇതിൽ പറയുന്നത്. ലീക്ക്ഡ് റിപ്പോർട്ട് എന്നപേരിൽ പ്രചരിക്കുന്ന ഇത് പക്ഷേ വ്യാജമാണെന്നും വിമർശനം ഉണ്ട്. കഴിഞ്ഞ അഞ്ചുനുറ്റാണ്ടിനിടെ ഇങ്ങനെ ഒരു മഹാമാരി നേരിട്ടില്ലെന്നും ഇത് പ്ലേഗുകാലത്തെ തന്നെയാണ് ഓർമ്മിപ്പിക്കുന്നതുമെന്നാണ്, ആരോഗ്യ വിദഗ്ധനായ ഡോ വിൽമുർട്ട് കോൾ പറയുന്നത്. പ്ലേഗിനെയും പന്നിപ്പനിയെയും മലമ്പനിയെയും കടത്തിവിട്ടുന്ന മഹാമാരിയായി ഇതു വളരാനുള്ള സാധ്യതയാണ് അദ്ദേഹം കാണുന്നത്.

്കൊറോണയിൽ മരണം വിതച്ച് താണ്ഡവമാടിയ റോമിലെ തെരുവുകളിൽ ഇന്നലെ എത്തിയ മാർപ്പാപ്പയും ഓർത്ത്ത് പ്ലേഗുകാലത്തെ കുറിച്ചായിരുന്നു. ആളുകൾ കഴിയുന്നതും വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശം നിലവിലുള്ളപ്പോൾ തന്നെ, റോമിലെ വിജനമായ തെരുവുകളിലൂടെ മാർപ്പാപ്പ നടന്നെത്തി, രോഗബാധിതയായ നഗരത്തിനുവേണ്ടി പ്രാർത്ഥിക്കാൻ.ആൾത്തിരക്കില്ലാത്ത സെന്റ് പീറ്റേഴ്സ്ബർഗിലെ ബാൽക്കണിയിൽ വന്ന് ആശീർവാദം നൽകിയശേഷമാണ് പോപ്പ് ഫ്രാൻസിസ് വത്തിക്കാൻ വിട്ടിറങ്ങിയത്. ഇറ്റാലിയൻ തലസ്ഥാനത്തെ രണ്ട് പ്രധാന പള്ളികളായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മഗിയോറിലെ സാന്റാ മരിയ ബസലിക്കയാണ് പോപ്പ് ആദ്യം സന്ദർശിച്ചത്.അവിടെ അല്പനേരം പ്രാർത്ഥിച്ചശേഷം അദ്ദേഹം വിയാൽ ഡി കൊർസൊയിലേക്ക് തിരിച്ചു. സെന്റ് മാർസെലൊ അൽ കൊർസൊ ആയിരുന്നു ലക്ഷ്യം. 1522ൽ റോമാ നഗരത്തെയാകെ വിഴുങ്ങിയ പ്ലേഗ് എന്ന മഹാമാരിയിൽ നിന്നും രക്ഷതേടി പ്രാർത്ഥനയോടെ ആയിരങ്ങൾ നടത്തിയ പ്രദക്ഷിണത്തിൽ ഏന്തിയിരുന്ന ക്രൂശിതരൂപം സൂക്ഷിച്ചു വച്ചിരിക്കുന്നത് ഈ പള്ളിയിലാണ്. അവിടെയും കണ്ണീരോടെ പ്രാർത്ഥനാ നിരതനായി പോപ്പ് ഫ്രാൻസിസ്. ഈ ചിത്രം സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവിടെയും ചർച്ച പ്ലേഗുകാലം തന്നെ

യൂറോപ്പിന്റെ ജനസംഖ്യ 30 ശതമാനം കുറച്ച പ്ലേഗ്!

മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരക മഹാമാരികളിൽ ഒന്നായിരുന്നു 1348-നും 1350-നും ഇടയിൽ യൂറോപ്പിൽ മൂർധന്യത്തിലെത്തിയ പ്ലേഗ് ബാധയായ ബ്ലാക്ക് ഡെത്ത് (ആഹമരസ ഉലമവേ). ഏഴരക്കോടിക്കും 20 കോടിക്കും ഇടയിൽ മരണങ്ങൾ ഇതുമൂലമുണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. ഇതിനു മുൻപ് യൂറോപ്പിൽ വ്യാപകമായി പ്ലേഗ് ബാധയുണ്ടായത് 800 വർഷങ്ങൾക്കപ്പുറമായിരുന്നു.ഈ പകർച്ചവ്യാധിയുടെ കാരണം എന്താണെന്നതിനെപ്പറ്റി പല ഊഹങ്ങളുണ്ടായിരുന്നെങ്കിലും ദക്ഷിണ യൂറോപ്പിൽ മരണമടഞ്ഞവരുടെ മൃതശരീരത്തിൽ നിന്നു ശേഖരിച്ച ഡി.എൻ.എ. സമീപകാലത്ത് പരിശോധിച്ചതിൽ നിന്നും ബ്യൂബോണിക് പ്ലേഗ് ഉണ്ടാക്കുന്ന യെർസീനിയ പെസ്റ്റിസ് എന്ന രോഗകാരിയാണ് ഇതിനു കാരണം എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ കണ്ടെത്തപ്പെട്ടിട്ടുള്ള പ്ലേഗ് രോഗകാരികളിൽ നിന്നും വളരെ വ്യത്യസ്തമായവയായിരുന്നു ബ്ലാക്ക് ഡെത്തിനു കാരണമായത്.

ഏഷ്യയിൽ (ചൈനയിലോ മധ്യേഷ്യയിലോ) ആരംഭിച്ച അസുഖം 1348ൽ യൂറോപ്പിലെത്തി. സിൽക്ക് റോഡുവഴിയാവണം 1346-ൽ ഈ അസുഖം ക്രിമിയയിൽ എത്തിയത്. ക്രിമിയയിൽ നിന്ന് രക്ഷപെട്ട ഇറ്റാലിയൻ കച്ചവടക്കാരിലൂടെയാവണം ഇത് യൂറോപ്പിലെത്തിയത്. വ്യാപാരക്കപ്പലുകളിലെ സഞ്ചാരികളായ കറുത്ത എലികളിൽ വസിക്കുന്ന പൗരസ്ത്യ എലിച്ചെള്ളുകൾ വഴിയാവണം ക്രിമിയയിൽ നിന്ന് മെഡിറ്ററേനിയൻ പ്രദേശത്തേയ്ക്ക് അസുഖം പടർന്നത്. യൂറോപ്പിലെ ജനസംഖ്യയുടെ 30 മുതൽ 60 ശതമാനം ഈ അസുഖം മൂലം മരണപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു. ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു. മൊത്തത്തിൽ ആ സമയത്തെ (പതിനാലാം നൂറ്റാണ്ട്) ലോക ജനസംഖ്യയായിരുന്ന 45 കോടി ഈ അസുഖം മൂലം 35 കോടിക്കും 37.5 കോടിക്കും ഇടയിലെത്തി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെ പട്ടണപ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ ജനസംഖ്യയുടെ പകുതി മരണമടഞ്ഞുവെന്നാണ് കണക്ക്.

ബ്ലാക്ക് ഡെത്തിന്റെ മതപരവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ അതിഭീമമായിരുന്നു. ഇത് യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ജനസംഖ്യ പഴയ നിലയിലെത്താൻ 150 വർഷങ്ങളെടുത്തു. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവർത്തനങ്ങൾ ചാക്രികമായി യൂറോപ്പിൽ വന്നുകൊണ്ടിരുന്നു. ഈ സമയത്ത് നൂറിൽ കൂടുതൽ പ്ലേഗ് പകർച്ചവ്യാധികൾ യൂറോപ്പിനെ ബാധിച്ചു. 361 മുതൽ 1480 വരെയുള്ള കാലത്ത് രണ്ടു മുതൽ അഞ്ചു വർഷം വരെ ഇടവേളകളിൽ ഇംഗ്ലണ്ടിൽ പ്ലേഗ് ബാധയുണ്ടാകുമായിരുന്നു. 1370കളോടെ ഇംഗ്ലണ്ടിന്റെ ജനസംഖ്യ ഈ അസുഖം കാരണം 50% കണ്ട് കുറയുകയുണ്ടായി. ലണ്ടനിൽ 1166-1566 കാലത്തുണ്ടായ പ്ലേഗ് ബാധ ഒരു ലക്ഷം ആൾക്കാരുടെ മരണത്തിനിടയാക്കി. ഇത് ലണ്ടനിലെ ജനസംഖ്യയുടെ 20% ആയിരുന്നു. ഇതിനുശേഷവും ചെറുതും വലുതുമായ പ്ലേഗുകൾ യൂറോപ്യൻ ആവർത്തിച്ചു.അതിൽ പ്രധാനപ്പെട്ടതാണ് 1522ൽ ഇറ്റലിയിൽ ഉണ്ടായത്. മഹാമാരികൾ ഒരോ അഞ്ചൂറുവർഷവും കൂടുമ്പോൾ ആവർത്തിക്കുമെന്ന് ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ ഇതും ശരിയല്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. വൈറസുകൾക്ക് അങ്ങനെ കാലഗണനയോ സമയഗണണയോ ഇല്ല.

നൂറുമില്ല്യൺ ജനങ്ങൾ വീട്ടുതടങ്കലിൽ

കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് സ്‌പെയിൻ പൂർണമായും സ്തംഭിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ 25,000 പൗണ്ട്(23 ലക്ഷം രൂപ) പിഴ അടക്കേണ്ടി വരുമെന്നും പൊലീസ് അനൗൺസ് ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത്. പുതിയ റിപ്പോർട്ട് പ്രകാരം സ്പെയിനിലാണ് രോഗം അതിവേഗം പടർന്ന് പിടിക്കുന്നത്. 288 പേരാണ് സ്പെയിനിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ഇറ്റലിക്കുശേഷം കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ യൂറോപ്യൻ രാജ്യമായി സ്പെയിൻ മാറി. 8000 പേർക്കാണ് സ്പെയിനിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 288 പേരാണ് ഇതുവരെ മരിച്ചത്. കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ സ്പെയിൻ നാലാം സ്ഥാനത്തെത്തി.

നൂറുമില്ല്യൺ മനുഷ്യരെ വീട്ടുതടങ്കലിലാക്കി യൂറോപ്പിലാകെ കൊറോണയുടെ വിളയാട്ടം. രാജ്യങ്ങളുടെ അതിർത്തികൾ കൊട്ടിയടക്കപ്പെടുമ്പോൾ പൊതുഗതാഗത സംവിധാനത്തിൽ വരെ കർശന നിയന്ത്രണങ്ങളെത്തുന്നു. ഏതുവിധേനയും ഈ കൊലയാളി വൈറസിനെ തളയ്ക്കുവാനായി രാഷ്ട്രങ്ങൾ കൂടുതൽ കർശന നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഫ്രാൻസിൽ ഇന്നലെ മുതൽ പബ്ലിക് ട്രാൻസ്‌പോർട്ടുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പോളണ്ട് അതിർത്തികൾ കൊട്ടിയടച്ചതോടെ ജർമ്മനിയിലേയും ഉക്രെയിനിലേയും അതിർത്തി നഗരങ്ങളിൽ കനത്ത ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ഓബർ നദിക്ക് കുറുകേയുള്ള പാതയിൽ കർശന പരിശോധനക്ക് ശേഷമാണ് ജർമ്മനിയിൽ നിന്നുള്ള യാത്രക്കാരെ പോളണ്ടിലേക്ക് പ്രവേശിപ്പിക്കുന്നത്. വിദേശികളെ കൊണ്ടുപോകാനെത്തിയ ചില റെസ്‌ക്യൂ ഫ്‌ളൈറ്റുകൾ ഒഴിച്ചാൽ വിമാന സർവ്വീസും പോളണ്ട് പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്.

ഇതിനിടയിൽ സെർബിയയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തികളും കൊട്ടിയടക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 48 കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സെർബിയയിൽ 65 വയസ്സ് കഴിഞ്ഞവരൊക്കെ സ്വയമ് ഐസൊലേഷന് വിധേയമാകണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സോൾവാനിയയും ആശങ്കയിലാണ്. യൂറോപ്പിൽ ഏറ്റവും അധികം വൈറസ് ബാധയുണ്ടായ ഇറ്റലിയിൽ കാര്യങ്ങൾ കൂടുതൽ കുഴപ്പങ്ങളിലേക്കാണ് നീങ്ങുന്നത്. ഇന്നലെ ഒരു ദിവസം മാത്രം 3590 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിൽ വത്തിക്കാനിലും പൊതുചടങ്ങുകൾ ഉപേക്ഷിച്ചിട്ടുണ്ട്.

ഇതിനിടയിൽ രണ്ടാമത്തെ കൊറോണ മരണവും റിപ്പോർട്ട് ചെയ്ത അയർലണ്ടിൽ പ്രമുഖ ദേശീയാഘോഷമായ സെയിന്റ് പാട്രിക് ദിനം പോലും ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. ഇന്നലെ 40 പേർക്കുകൂടി കൊറോണാ ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സർക്കാർ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയത്. മാർച്ച് 29 വരെ രാജ്യത്തെ പബ്ബുകളും ബാറുകളും മറ്റ് പൊതുയിടങ്ങളും അടച്ചിടും.വീടുകളിലും മറ്റ് സ്വകാര്യയിടങ്ങളിലും പാർട്ടികൾ നടത്തുന്നതിനും വിലക്കുണ്ട്.

ജൂണിന് മുമ്പ് പിടിച്ചുകെട്ടിയില്ലെങ്കിൽ ഗ്രേറ്റ് ഡിപ്രഷനും

കോവിഡ്-19 വന്ന പോലെ തിരിച്ച് പോകില്ലെന്നും ഒരു വർഷത്തിലേറെ ഈ മഹാവ്യാധി യുകെയിലും മറ്റിടങ്ങളിലും താണ്ഡവമാടുമെന്നും യുകെയിലെ 80 ശതമാനം പേരെയും ഇത് ബാധിക്കുമെന്നും ്യു കെ നാഷണൽ ഹെൽത്ത് സർവീസിന്റെ രഹസ്യ റിപ്പോർട്ട് പ്രവചിക്കുന്നുണ്ട്. ഇതിനിടെ രാജ്യത്തെ 80 ലക്ഷം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാവുകയും ചെയ്യും. നഴ്സുമാരെയും ഡോക്ടർമാരെയും രക്ഷിക്കാൻ വഴികളേതുമില്ലെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ഇതുവരെ യുകെയിൽ 40,279 പേരാണ് കോവിഡ്-19 ടെസ്റ്റിന് വിധേയരായിരിക്കുന്നതെന്ന് ഇന്നലെ രാവിലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ കടുത്ത സാഹചര്യത്തിൽ രാജ്യത്തെ പ്രായമായവർ നാല് മാസത്തേക്ക് സ്വയം ഐസൊലേഷന് വിധേയരാക്കിയേക്കുമെന്നാണ് ഹാൻകോക്ക് സൂചന നൽകുന്നത്. ഇതുവരെ പരിശോധനക്ക് വിധേയരായവരിൽ 38907 പേരുടെ ഫലം നെഗറ്റീവും 1372 പേരുടെ ഫലം പോസിറ്റീവുമായിരിക്കുകയാണ്.രോഗം പിടിപെട്ട ബ്രിസ്റ്റോളിലെ 59കാരനായ നിക്ക് മാത്യൂസ് മരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ വൈറസ് ഇരയാണ് ഇയാൾ.

ഈ രോഗം 12 മാസങ്ങൾ യുകെയിൽ വിളയാടുമെന്നും ഇതറിഞ്ഞ് ജനം ശരിക്കും പരിഭ്രാന്തിയിലായിട്ടുണ്ടെന്നുമാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ മെഡിസിൻ പ്രഫസറായ പോൾ ഹണ്ടർ പറയുന്നത്. രോഗം മൂർധന്യത്തിലെത്തുന്ന വേളയിൽ ഏത് സമയത്തും എൻഎച്ച്എസ്, പോലുള്ള അവശ്യ സർവീസുകളിൽ നിർണായക സേവനം അനുഷ്ഠിക്കുന്ന അഞ്ച് മില്യൺ പേരിൽ അഞ്ച് ലക്ഷം പേർക്ക് ഏത് നിമിഷവും കൊറോണ പിടിപെടുമെന്നും ഈ രഹസ്യരേഖ മുന്നറിയിപ്പേകുന്നു. ഇത്തരത്തിൽ രോഗബാധിതരാകുന്നതിൽ എൻഎച്ച്എസിലെ ഒരു മില്യൺ പേരും സോഷ്യൽ കെയറിലെ 1.5 മില്യൺ പേരുമുൾപ്പെടും.

യുകെയിലാകമാനം കൊറോണ വൈറസ് നടത്തുന്ന താണ്ഡവം നാൾക്ക് നാൾ രൂക്ഷമാകുന്ന സാഹചര്യത്തിലും എൻഎച്ച്എസ് ജോലിക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ സർക്കാർ മനുഷ്യത്വരഹിതമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന വിമർശനമാണുയർന്നിരുന്നത്. എൻഎച്ച്എസ് ജീവനക്കാർക്ക് ന്യൂമോണിയയോ അസാധാരണമായ ശ്വാസം മുട്ടലോ ഉണ്ടാകാതെ അവരെ കൊറോണ പരിശോധനക്ക് വിധേയമാക്കില്ലെന്ന ക്രൂരമായ നിലപാടാണ് അധികൃതർ പുലർത്തുന്നത്. ഇത് പ്രകാരം ഈ കൊറോണക്കാലത്ത് പനിയും ചുമയും വന്നാൽ പോലും അവർ ജോലി തുടരണമെന്നതാണ് നിഷ്‌കർഷിച്ചിരിക്കുന്നത്.നിത്യേന നൂറു കണക്കിന് രോഗികളെ കൈകാര്യം ചെയ്യുന്ന എൻഎച്ച്എസിലെ നഴ്‌സുമാർക്കും ഡോക്ടർമാർക്കും കെയറർമാർക്കും ഒരു പരിഗണനയും നൽകാതെസർക്കാർ മുന്നോട്ട് പോകാൻ തുടങ്ങിയതോടെ മലയാളി നഴ്‌സുമാർ ആശങ്കയുടെ നടുക്കടലിലായിത്തീർന്നിട്ടുണ്ട്.

വെറും 66 ദിവസങ്ങൾക്ക് മുമ്പ് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട രോഗമാണ് ഇത്രയും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നതെന്ന് മനുഷ്യരാശിക്ക് കടുത്ത ഭീഷണിയുയർത്തുകയും വൈദ്യശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ട് അതിന്റെ സംഹാരതാണ്ഡവം തുടരുകയാണ്. ഭൂമിയിലാകമാനമുള്ള ഒന്നരലക്ഷം പേരിലേക്കാണ് ഇത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പകർന്നിരിക്കുന്നത്. ഇതോടെ രണ്ടാം ലോകമഹായുദ്ധ കാലത്തിന് സമാനമായ രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.അതായത് ആ യുദ്ധകാലത്തേത് പോലെ യൂറോപ്യൻരാജ്യങ്ങളും യുഎസും തങ്ങളുടെ അതിർത്തികൾ അടച്ച് പൂട്ടുന്ന അവസ്ഥയാണുള്ളത്.

പൗരന്മാരോട് കഴിയുന്നതും വീടുകൾക്കുള്ളിൽ തന്നെ ഇരിക്കാൻ നിർദ്ദേശം നൽകിയിട്ടുമുണ്ട്.താരതമ്യേന പ്രതിരോധ ശേഷി കൂടിയവരുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തെ പോലും ഏറ്റവും ഒടുവിൽ കൊറോണ കീഴക്കിയെന്ന ഭീതിദമായ റിപ്പോർട്ടുകളാണ് ഏറ്റവും പുതുതായി പുറത്ത് വന്നിരിക്കുന്നത്.ഇത്തരത്തിൽ വെറും രണ്ട് മാസം കൊണ്ടാണ് ലോകം പേടിപ്പെടുത്തുന്ന രീതിയിൽ മാറി മറിഞ്ഞിരിക്കുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും പേടിപ്പെടുത്തുന്ന നാളുകളാണ് മനുഷ്യരാശിയെ കാത്തിരിക്കുന്നതെന്നാണ് വിവിധ പ്രവചനങ്ങൾ മുന്നറിയിപ്പേകുന്നത്.ജീവനുകൾ കവരുന്നതിന് പുറമെ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ കീഴ്മേൽ മറിക്കാനും കൊറോണ കാരണമായിത്തീരുമെന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെ അനുഭവത്തിൽ വന്നിട്ടുണ്ട്.

ജൂണിന് മുമ്പായി ഈ മഹാരോഗത്തെ പിടിച്ച് കെട്ടാൻ സാധിച്ചില്ലെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പായി ലോകത്തെ ബാധിച്ച മഹാസാമ്പത്തികമാന്ദ്യം ആവർത്തിക്കുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്.കൊറോണയെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങളും സ്ഥാപനങ്ങളും അടച്ച് പൂട്ടേണ്ടി വന്നത് സമ്പദ് വ്യവസ്ഥകളെ സാരമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. ലോകമെമ്പാടും റസ്റ്റോറന്റുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാ തിയേറ്ററുകളും അടച്ച് പൂട്ടാൻ തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി എയർലൈൻ കമ്പനികളും കടുത്ത ഭീഷണിയിലായിട്ടുണ്ട്. മുമ്പ് പ്ലേഗുകാലത്തും ഇങ്ങനെയാണ് ഉണ്ടായത്. അസുഖത്തിന്റെ അനന്തരഫലം സാമ്പത്തിക കുഴപ്പങ്ങളും പട്ടിണിയും ആയിരുന്നു. ഓരോ മഹാമാരിയും അവശേഷിപ്പിക്കുന്ന കൂഴപ്പങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞാലും മാറ്റാൻ കഴിയാറില്ല.

ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരികളുടെ ഇവയാണ്

ഒരു രോഗത്തിന്റെ വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് അത് പകർച്ചവ്യാധിയാണോ, മഹാമാരിയാണോ എന്ന് തീരുമാനിക്കുന്നത്. ഒരു രാജ്യത്തെ അല്ലെങ്കിൽ ഒരു പ്രദേശത്തെ ജനങ്ങളെ ബാധിക്കുന്ന രോഗത്തിനെ പകർച്ചവ്യാധിയെന്നും, എന്നാൽ, അത് രാജ്യാർതിർത്തികളുടെ പുറത്തേയ്ക്ക് വ്യാപിക്കുമ്പോൾ ഒരു മഹാമാരിയെന്നും വിളിക്കുന്നു. കോളറ, ബ്യൂബോണിക് പ്ലേഗ്, വസൂരി, ഇൻഫ്ലുവൻസ എന്നിവയാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ മഹാമാരികൾ. പ്രത്യേകിച്ച് വസൂരി, ചരിത്രത്തിലുടനീളം, 12,000 വർഷത്തിനിടയിൽ 300-500 ദശലക്ഷം ആളുകളെയാണ് അതുകൊന്നൊടുക്കിയത്.

പ്ലേഗ് ഓഫ് ജസ്റ്റിനിയൻ (541-542)

മരണസംഖ്യ: 25 ദശലക്ഷം
കാരണം: ബ്യൂബോണിക് പ്ലേഗ്

യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം പേരെ കൊന്നൊടുക്കിയതായി കരുതപ്പെടുന്ന ജസ്റ്റീനിയൻ പ്ലേഗ്, ബൈസന്റൈൻ സാമ്രാജ്യത്തെയും മെഡിറ്ററേനിയൻ തുറമുഖ നഗരങ്ങളെയും ബാധിച്ച ബ്യൂബോണിക് പ്ലേഗിൽ നിന്നുമാണ് ഉത്ഭവിച്ചത്. ഒരുവർഷം നീണ്ടുനിന്ന ഭീകരതയിൽ 25 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു. ഇതിന്റെ ആക്രമണത്തിൽ കിഴക്കൻ മെഡിറ്ററേനിയൻ ജനസംഖ്യയുടെ നാലിലൊന്ന് വരെ കൊല്ലപ്പെടുകയും കോൺസ്റ്റാന്റിനോപ്പിൾ നഗരം നശിക്കുകയും ചെയ്തു. പ്രതിദിനം 5,000 ആളുകളെ കൊന്നൊടുക്കിയ അത്, ഒടുവിൽ നഗരത്തിലെ ജനസംഖ്യയുടെ 40% പേരെയും ഇല്ലാതാക്കുകയായിരുന്നു.

ഗ്രീക്ക് സംസ്‌കാരം അതിന്റെ ഉന്നതിയിൽ നിൽക്കുമ്പോ, ആഫ്രിക്കയിൽ നിന്ന് വന്നു എന്ന് പറയപ്പെടുന്ന ഒരു ഭീകരവ്യാധിയെ പറ്റി തൂസിഡിഡസ് എന്ന ഗ്രീക്ക് ചരിത്രകാരൻ പറയുന്നുണ്ട്. ആളുകൾ ചുമച്ച്, അപസ്മാരം വന്നു, തൊലി നിറയെ വൃണങ്ങൾ വന്ന്, തെരുവുകളിൽ മരിച്ച് വീഴുകയായിരുന്നു.ഇത് എന്തായിരുന്നെന്നോ എത്ര പേര് മരിച്ചെന്നോ നമുക്ക് ഒരു വിവരോം ഇല്ല. ഒന്ന് മാത്രം അറിയാം. അതോടെ ഗ്രീസ് ഒതുങ്ങി- റോം പൊങ്ങി.റോമാ സാമ്രാജ്യം പടർന്നു പന്തലിച്ചു. പട്ടാളക്കാർ പല ഇടത്തു നിന്നും പലതും കൊണ്ട് വന്നു. എ ഡി 160 നും 180 നും ഇടക്ക്, അന്ന് ഏഷ്യയിലും ആഫ്രിക്കയിലും, തകൃതി ആയി ഓടിക്കൊണ്ടിരുന്ന സ്മാൾ പോക്സ് എന്ന് വിചാരിക്കപ്പെടുന്ന, ഒരു സാധനം റോമിനെ ആക്രമിച്ചു. നാലിൽ ഒന്ന് മനുഷ്യരെകൊന്നു കളഞ്ഞു.അൻപത് ലക്ഷം പേരെ.

പ്ലേഗ് (1346- 1353)

മരണസംഖ്യ: 75 - 200 ദശലക്ഷം
കാരണം: ബ്യൂബോണിക് പ്ലേഗ്

1346 മുതൽ 1353 വരെ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലാണ് പ്ലേഗ് പടർന്നുപിടിച്ചത്. 75 മുതൽ 200 ദശലക്ഷം ആളുകൾ വരെയാണ് ഇതിൽ മരണപ്പെട്ടത്. ഇത് ഏഷ്യയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതുന്നു. ഈച്ചകളിലൂടെ പ്ലേഗ് മിക്കവാറും ഭൂഖണ്ഡങ്ങളിലെയ്ക്ക് വ്യാപിച്ചു. അക്കാലത്ത് പ്രധാന നഗരകേന്ദ്രങ്ങളായ തുറമുഖങ്ങൾ എലികൾക്കും ഈച്ചകൾക്കുമുള്ള മികച്ച പ്രജനന കേന്ദ്രമായിരുന്നു. അതിനാൽ ബാക്ടീരിയ അവിശ്വസനീയമാം വിധം വളർന്ന്, മൂന്ന് ഭൂഖണ്ഡങ്ങളെയും നശിപ്പിച്ചു.

പന്നിപ്പനി

മരണസംഖ്യ: 2 ദശലക്ഷം
കാരണം: എച്ച്വൺഎൻവൺ വൈറസ്

1957 നും 1958 നും ഇടയിൽ പന്നിപ്പനി മൂലം ഏകദേശം രണ്ട് ദശലക്ഷം ആളുകൾ മരിച്ചു, റഷ്യയിലും ഹോങ്കോങ്ങിലും യഥാക്രമം 1889-1890, 1968-1969 വർഷങ്ങളിൽ ഒരു ദശലക്ഷം ആളുകൾ വീതം പനി ബാധിച്ച് മരിച്ചു. 2009 -ലെ പന്നിപ്പനി പകർച്ചവ്യാധി മൂലം 284,500 പേർ മരിച്ചു. ഒ1ച1 ഇൻഫ്ലുവൻസ വൈറസ് മൂലം പകരുന്ന പന്നിപ്പനി സെൻട്രൽ മെക്സിക്കോയിൽ 2009 മാർച്ചിലാണ് ബാധിച്ചത്. ഏപ്രിൽ ആയപ്പോഴേക്കും ഇത് കാലിഫോർണിയയിലെത്തി. തുടർന്ന് ലോകമെമ്പാടും പെട്ടെന്ന് വ്യാപിക്കുകയും ഭയവും വലിയ പരിഭ്രാന്തിയും സൃഷ്ടിക്കുകയും ചെയ്തു.

സ്പാനിഷ് ഫ്ളൂ (1918-1920)

മരണസംഖ്യ: 50 -100 ദശലക്ഷം
കാരണം: വൈറസ്

1918-1920ൽ ഒ1ച1 വൈറസിന്റെ മാരകമായ ഉപവിഭാഗമാണ് സ്പാനിഷ് ഫ്ളൂ. ആധുനിക ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയായി സ്പാനിഷ് ഫ്ലൂ കണക്കാക്കപ്പെടുന്നു. വെറും 18 മാസത്തിനുള്ളിൽ 50 ദശലക്ഷം മുതൽ 100 ദശലക്ഷം ആളുകളാണ് ഇത് മൂലം കൊല്ലപ്പെട്ടത്. ഏകദേശം 500 ദശലക്ഷം പേർക്ക് വൈറസ് ബാധയുണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന മാസങ്ങളിൽ ഈ രോഗം വ്യാപകമായിരുന്നു. ആദ്യം സ്പെയിനിൽ കണ്ടെത്തിയ ഇത്, പിന്നീട് ഇന്ത്യയിൽ പടരുകയും ഒരു കോടിയിലേറെ ആളുകളെ കൊല്ലുകയും ചെയ്തു. പ്രായമായവരെയും കുട്ടികളെയും പ്രധാനമായും ബാധിക്കുന്ന മറ്റ് ഫ്ലൂ വൈറസുകളിൽ നിന്ന് വ്യത്യസ്തമായി, സ്പാനിഷ് ഇൻഫ്ലുവൻസ ചെറുപ്പക്കാരെയും രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകളെയും ബാധിച്ചു.

ഇൻഫ്ളുവൻസ ഫ്ളൂ (1968)

മരണസംഖ്യ: ഒരു ദശലക്ഷം
കാരണം: ഇൻഫ്ളുവൻസ

ഒരു വിഭാഗം 2 ഫ്ലൂ മഹാമാരി 1968 ജൂലൈ 13 -ന് ആദ്യമായി ഹോങ്കോങ്ങിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എച്ച്വൺഎൻടു വിന്റെ മറ്റൊരു വകഭേദമായ ഇത് ഹോങ്കോംഗ് ഫളൂ എന്നും അറിയപ്പെടുന്നു. ഇത് ഇൻഫളുവൻസ എ വൈറസ് മൂലമാണ് പടരുന്നത്. 17 ദിവസംകൊണ്ട് വൈറസ് സിംഗപ്പൂരിലേക്കും വിയറ്റ്നാമിലേക്കും പടർന്നുപിടിച്ചു. മൂന്ന് മാസത്തിനുള്ളിൽ ഫിലിപ്പീൻസ്, ഇന്ത്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, യുണൈറ്റഡ് എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിച്ചു. 1968 -ലെ ഈ മഹാമാരി താരതമ്യേന കുറഞ്ഞ മരണനിരക്കാണ് (.5%) രേഖപ്പെടുത്തിയതെങ്കിലും, ഹോങ്കോങ്ങിലെ 500,000 നിവാസികൾ ഉൾപ്പെടെ ഒരു ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഇത് കാരണമായി. അതായത് അക്കാലത്തെ ജനസംഖ്യയുടെ ഏകദേശം 15%.

എച്ച്ഐവി / എയ്ഡ്സ് പാൻഡെമിക് (20052012)

മരണസംഖ്യ: 36 ദശലക്ഷം
കാരണം: എച്ച്ഐവി / എയ്ഡ്സ്

1976 -ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ആദ്യമായി കണ്ടെത്തിയ എച്ച്ഐവി / എയ്ഡ്സ് പെട്ടെന്നുതന്നെ ഒരു ആഗോള മഹാമാരിയായിത്തീരുകയായിരുന്നു. 1981 മുതൽ 36 ദശലക്ഷത്തിലധികം ആളുകളെയാണ് അതുകൊന്നത്. നിലവിൽ 31 മുതൽ 35 ദശലക്ഷം ആളുകളെയാണ് അത് ബാധിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഉപ-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. അവബോധത്തിലൂടെയും, എച്ച്ഐവി കൂടുതൽ കൈകാര്യം ചെയ്യാൻ കഴിയുന്ന പുതിയ ചികിത്സാരീതികൾ വികസിപ്പിച്ചെടുത്തിലൂടെയും ഇന്ന് രോഗം വളരെയധികം നിയന്ത്രണ വിധേയമായിട്ടുണ്ട്. 2005 -നും 2012 -നും ഇടയിൽ എച്ച്ഐവി / എയ്ഡ്സ് ബാധിച്ച ആഗോള മരണങ്ങൾ 2.2 ദശലക്ഷത്തിൽ നിന്ന് 1.6 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്.

മാരകമായ മറ്റ് പകർച്ചവ്യാധികൾ ഇവയാണ്:

1. മലേറിയ

ഏറ്റവും പഴയ രോഗങ്ങളിലൊന്നാണ് മലേറിയ. ചില ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഈ രോഗത്തിൽ നിന്നാണ് ഈജിപ്ഷ്യൻ ഫറവോ ടുട്ടൻഖാമുൻ മരിച്ചത്. കൊതുക് കടിയാൽ ഉണ്ടാകുന്ന മലേറിയ പ്രതിവർഷം 500 ദശലക്ഷം ആളുകളെ ബാധിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ മലേറിയ പ്രത്യേകിച്ചും സാധാരണമാണ്, മലിനമായ ജലത്തിന്റെ സാന്നിധ്യവും അതിൽ കൊതുകുകളുടെ വ്യാപനവുമാണ് ഇതിന് കാരണം.
രോഗം ബാധിച്ച കൊതുകിന് ശേഷം വൈറസ് മനുഷ്യരക്തത്തിലേക്ക് പ്രവേശിക്കുകയും ചുവന്ന രക്താണുക്കൾക്കുള്ളിൽ സജീവമായി പെരുകുകയും അതുവഴി അവയുടെ നാശത്തിന് കാരണമാവുകയും ചെയ്യുന്നു.

2. വസൂരി

ഇന്നുവരെ, വസൂരി പ്രകൃതിയിൽ ഇല്ലാത്തതിനാൽ മനുഷ്യൻ പൂർണ്ണമായും പരാജയപ്പെടുത്തുന്ന ആദ്യത്തെ രോഗമാണിത്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വസൂരി വൈറസ് അമേരിക്കയിലെ ജനസംഖ്യയിൽ 10-20 മടങ്ങ് കുറവുണ്ടാക്കി. വസൂരി 500 ദശലക്ഷം ആളുകളെ കൊന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. പുരാതന ഈജിപ്തിൽ ആദ്യത്തെ വസൂരി വൈറസ് പ്രത്യക്ഷപ്പെട്ടുവെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ബിസി 1157 ൽ അന്തരിച്ച ഫറവോ റാംസെസ് അഞ്ചാമന്റെ മമ്മി പഠിച്ച ശേഷമാണ് ഇതിനുള്ള തെളിവുകൾ ലഭിച്ചത്.

3. ടൈഫസ്

ടൈഫസിന്റെ നിരവധി പകർച്ചവ്യാധികൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഈ രോഗം 3 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമായി. രണ്ടാം ലോകമഹായുദ്ധസമയത്താണ് ടൈഫോയ്ഡ് വാക്സിൻ കണ്ടുപിടിച്ചത്.

4 ക്ഷയം

ക്ഷയരോഗം ചരിത്രത്തിലുടനീളം ധാരാളം ആളുകളുടെ മരണത്തിന് കാരണമായി. ഗ്രേറ്റ് വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന ഏറ്റവും മോശമായ ക്ഷയരോഗം 1600 കളിൽ യൂറോപ്പിൽ ആരംഭിച്ചു. 200 വർഷത്തിലേറെയായി ഇത് വ്യാപകമാണ്. ഈ രോഗം 15 ദശലക്ഷം ആളുകളുടെ ജീവൻ അപഹരിച്ചു.രോഗത്തെ ഫലപ്രദമായി നേരിടാൻ 1944 ൽ ഒരു ആന്റിബയോട്ടിക് വികസിപ്പിച്ചെടുത്തു. വൈദ്യശാസ്ത്രവും ചികിത്സയും വികസിപ്പിച്ചെടുത്തിട്ടും, ലോകമെമ്പാടും ഏകദേശം 8 ദശലക്ഷം ആളുകൾ ക്ഷയരോഗത്താൽ വലയുന്നു. അതിൽ നാലിലൊന്ന് പേർ മരിക്കുന്നു.

5 കോളറ

1827 മുതൽ 1832 വരെ കോളറ പടർന്നുപിടിച്ചതാണ് ആദ്യത്തെ ആധുനിക പാൻഡെമിക്സിൽ ഒന്ന്. രോഗബാധിതരിൽ മരണനിരക്ക് 70 ശതമാനത്തിൽ എത്തി. ഇത് ഒരു ലക്ഷത്തിലധികം ആളുകൾ മരിച്ചു. ഇന്ത്യയിൽ നിന്ന് മടങ്ങുന്ന ബ്രിട്ടീഷ് കോളനിക്കാരിലൂടെയാണ് ഈ രോഗം യൂറോപ്പിലേക്ക് വന്നത്. വളരെക്കാലമായി കോളറ ഭൂമിയുടെ മുഖത്ത് നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി. എന്നിരുന്നാലും, 1961 ൽ ഇന്തോനേഷ്യയിൽ ഈ രോഗം പൊട്ടിപ്പുറപ്പെടുകയും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയും 4,000 ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.

6 എബോള വൈറസ്

2014 ഫെബ്രുവരിയിലാണ് ഗിനിയയിൽ ആദ്യത്തെ എബോള രോഗങ്ങൾ കണ്ടെത്തിയത്. 2015 ഡിസംബർ വരെ നീണ്ടുനിന്ന പകർച്ചവ്യാധി ആരംഭിച്ച് ലൈബീരിയ, സിയറ ലിയോൺ, സെനഗൽ, യുഎസ്എ, സ്പെയിൻ, മാലി എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 28,616 പേർ എബോള ബാധിച്ചൂ. ഇതിൽ 11,310 പേർ മരിച്ചു. ഈ രോഗത്തിനെതിരായ വാക്സിൻ അമേരിക്കയിൽ കണ്ടെത്തി. പക്ഷേ ഇത് വളരെ ചെലവേറിയതിനാൽ ലോകമെമ്പാടും ഇത് ലഭ്യമല്ല.

7 പക്ഷിപ്പനി

1878-ൽ പക്ഷിപ്പനി സംബന്ധിച്ച ആദ്യത്തെ ഡാറ്റ ഇറ്റലിയിൽ നിന്നുള്ള എഡ്വേർഡോ പെറോൺചിറ്റോ എന്ന മൃഗവൈദ്യനാണ് ലഭിച്ചത്. 1997 ൽ ഹോങ്കോങ്ങിൽ ആദ്യമായി വൈറസ് ബാധ രേഖപ്പെടുത്തി. ഇത് പക്ഷികളിൽ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തി. 18 പേർ രോഗബാധിതരായി, അതിൽ 6 പേർ മരിച്ചു. 2005 ൽ തായ്ലൻഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, കംബോഡിയ എന്നിവിടങ്ങളിൽ ഒരു പുതിയ ബാധ ഉണ്ടായി. 112 പേർ ബാധിതരാവുകയും 64 പേർ മരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP