Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19 ഭീതി വിതയ്ക്കുമ്പോഴും മദ്യശാലകൾ അടച്ചിടാതെ സർക്കാർ; പ്രതിഷേധം പത്രപ്രസ്താവനകളിൽ ഒതുക്കി പ്രതിപക്ഷ സംഘടനകൾ; ബാറുകൾ തുറക്കുന്നതിനെതിരെ സമരം നടത്തുന്നത് തിരിച്ചടിയാകുമോ എന്ന് ഭയന്ന് യൂത്ത് കോൺഗ്രസ്; പ്രതിഷേധം പത്രക്കുറിപ്പിലൊതുക്കി ബിജെപിയും യുവമോർച്ചയും; പേരിനൊരു പ്രതിഷേധം നടത്തി യൂത്ത് ലീഗ്; വിമർശനം ശക്തമായതോടെ ഇന്ന് കോഴിക്കോട് മദ്യശാല ഉപരോധിക്കാൻ മദ്യനിരോധന സമിതി

കോവിഡ് 19 ഭീതി വിതയ്ക്കുമ്പോഴും മദ്യശാലകൾ അടച്ചിടാതെ സർക്കാർ; പ്രതിഷേധം പത്രപ്രസ്താവനകളിൽ ഒതുക്കി പ്രതിപക്ഷ സംഘടനകൾ; ബാറുകൾ തുറക്കുന്നതിനെതിരെ സമരം നടത്തുന്നത് തിരിച്ചടിയാകുമോ എന്ന് ഭയന്ന് യൂത്ത് കോൺഗ്രസ്; പ്രതിഷേധം പത്രക്കുറിപ്പിലൊതുക്കി ബിജെപിയും യുവമോർച്ചയും; പേരിനൊരു പ്രതിഷേധം നടത്തി യൂത്ത് ലീഗ്; വിമർശനം ശക്തമായതോടെ ഇന്ന് കോഴിക്കോട് മദ്യശാല ഉപരോധിക്കാൻ മദ്യനിരോധന സമിതി

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് 19 ഭീതി വിതയ്ക്കുമ്പോഴും മദ്യശാലകൾ അടച്ചിടില്ലെന്ന സർക്കാർ നിലപാടിനെതിരെ കാര്യമായ പ്രതിഷേധങ്ങളൊന്നും ഉയർത്താതെ പ്രതിപക്ഷ സംഘടനകൾ. കനത്ത ജാഗ്രതാ നടപടികളുമായി മുന്നോട്ട് പോകുന്ന കേരള സർക്കാർ സംസ്ഥാനത്തെ ബിവറേജ് ഔട്ട് ലെറ്റുകൾ താത്ക്കാലികമായി അടച്ചിടാത്തതെന്തേ എന്ന ചോദ്യം ഉന്നയിക്കുമ്പോഴും നടപടിക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭവുമായി ആരും രംഗത്ത് വരാത്തത് സർക്കാറിന് സഹായകരമാകുകയാണ്. പ്രക്ഷോഭ സമരത്തിലേക്ക് പോവണമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം ആലോചിച്ചെങ്കിലും എതിർപ്പ് കാരണം പിന്നീട് അതിൽ നിന്ന് പിന്നോക്കം പോവുകയായിരുന്നു. ബിവറേജ് ഔട്ട് ലെറ്റ് പൂട്ടാൻ ആവശ്യപ്പെട്ട് സമരം ആരംഭിച്ചാൽ സംസ്ഥാനത്തെ ബാറുകളും അടച്ചിടണമെന്ന ആവശ്യം ഉന്നയിക്കേണ്ടിവരുമോ എന്നതാണ് യൂത്ത് കോൺഗ്രസിന്റെ ഭയം.

കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ബാറുകൾ അടപ്പിച്ചതിന്റെ തിരിച്ചടി മറന്നോ എന്ന ചില നേതാക്കൾ ഉയർത്തിയ ചോദ്യമാണ് നേതൃത്വത്തെ പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. ബാറുകൾ അടപ്പിച്ചതോടെ ബാറുടമകൾ കോൺഗ്രസിന് സംഭാവനകൾ നൽകാതായി. ഇത് പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ ബാറുടമകളെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് ചില നേതാക്കൾ വ്യക്തമാക്കി. ഇതോടെ പത്രപ്രസ്ഥാവനകളിൽ ആവശ്യം ചുരുക്കാൻ നേതൃത്വം നിർബന്ധിതരാവുകയായിരുന്നു.

കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും പത്രസമ്മേളനത്തിൽ ബിവറേജും ബാറുകളും അടക്കണമെന്ന ആവശ്യം ഉയർത്തിയെങ്കിലും ബിജെപിയോ യുവമോർച്ചയോ പ്രത്യക്ഷ സമരവുമായി ഇതുവരെ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിൽ കൊറോണയുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ ബീവറേജ് ഔട്ട്‌ലറ്റുകൾക്ക് ഉടൻ അവധി പ്രഖ്യാപിക്കണമെന്ന് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെടുക മാത്രമാണ് യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് സിആർ പ്രഫുൽ കൃഷ്ണൻ ചെയ്തത്. സാധാരണ ജനങ്ങൾ യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം സ്ഥലങ്ങളിൽ വന്നെത്തുന്നത്. ആരാധനാലയങ്ങളിലും, പൊതുപരിപാടികൾക്കുമെല്ലാം കർശ്ശന നിബന്ധനകൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്ന ഇത്തരം സ്ഥാപനങ്ങൾക്കും അടിയന്തിര നിയന്ത്രണം ഏർപ്പെടുത്തണമെന്നും പ്രഫുൽ പറഞ്ഞു.

ബിവറേജ് ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് മാത്രമാണ് പ്രത്യക്ഷത്തിൽ ഇതുവരെ രംഗത്ത് വന്നത്. കോഴിക്കോട് മാവൂർ റോഡിലെ മദ്യവിൽപ്പനശാല യൂത്ത് ലീഗ് പ്രവർത്തകർ ഇന്നലെ ഉപരോധിച്ചു. ബിവറേജസിന് മുന്നിൽ യാതൊരു മുൻകരുതലുമില്ലാതെ ക്യൂ നിൽക്കുന്നത് രോഗം പരത്തുമെന്നും എത്രയും വേഗം പൂട്ടണമമെന്നുമാണ് യൂത്ത് ലീഗ് ആവശ്യം. കോഴിക്കോട് സൗത്ത് മണ്ഡലം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിലായിരുന്നു ഉപരോധം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ മദ്യശാലകൾ അടക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും മദ്യനിരോധന സമിതി പോലും ഇക്കാര്യത്തിൽ മുന്നോട്ട് വന്നിരുന്നില്ല. ഇത് വലിയ വിമർശനത്തിനും കാരണമായി. ഈ സാഹചര്യത്തിൽ പ്രത്യക്ഷ സമരവുമായി കോഴിക്കോട്ട് മദ്യനിരോധന സമിതിയും രംഗത്ത് വന്നിട്ടുണ്ട്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് പാവമണി റോഡിലെ ബീവറേജസ് ഔട്ട് ലെറ്റ് ഉപരോധിക്കുമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി എം രവീന്ദ്രൻ അറിയിച്ചു.

ചിലയിടങ്ങളിൽ ഇത്തരത്തിൽ പ്രതിഷേധ സമരങ്ങൾ നടക്കുമ്പോഴും അതൊന്നും സർക്കാറിനെ പ്രയാസത്തിലാക്കുന്നില്ല. കോവിഡ് 19 കാരണം സംസ്ഥാനം വലിയ സാമ്പത്തിക പ്രയാസത്തിലേക്ക് പോകുമ്പോൾ മദ്യശാലകൾ കൂടി അടച്ചിടാൻ സർക്കാറിന് വലിയ താത്പര്യമില്ല. ബിവറേജ് ഔട്ട് ലെറ്റുകൾ ഉൾപ്പെടെ ഒരു വ്യാപാര സ്ഥാപനവും അടയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് എക്‌സൈസ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബീവറേജസ് ഷോപ്പുകളിലെ ജീവനക്കാരുടെ സുരക്ഷ സർക്കാർ ഉറപ്പുവരുത്തുമെന്ന് മാത്രമാണ് സർക്കാറിന് വ്യക്തമാക്കാനുള്ളത്.

സ്‌കൂളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുകയും പൊതുപരിപാടികൾ ഉപേക്ഷിക്കുകയും ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്‌തെങ്കിലും ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും തുറന്നു പ്രവർത്തിക്കുകയാണ്. പല ബിവറേജസ് ഔട്ട് ലെറ്റുകളിലും മദ്യം വാങ്ങാൻ ചെറിയൊരു വഴിയാണുള്ളത്. ഇവിടെയാണ് ആളുകൾ തിങ്ങി നിരങ്ങി ക്യൂ നിൽക്കുന്നത്. ലോക്കൽ ബാറുകളിലെയും മറ്റും അവസ്ഥയും വ്യത്യസ്തമല്ല.

ഒരേ ഗ്ലാസിൽ നിന്നും മദ്യം ഉൾപ്പെടെ കുടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതെല്ലാം കൊറോണ ഉൾപ്പെടെയുള്ള രോഗങ്ങൾ പരക്കാൻ സാഹചര്യമൊരുക്കും. സംസ്ഥാനത്ത് വിവാഹത്തിന് ആളുകൾ കൂടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പൊലീസിനെ വരെ നിയോഗിച്ചിരിക്കുന്ന അവസരത്തിൽ തന്നെയാണ് സർക്കാർ തന്നെ നിയമലംഘനം നടത്തിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസിലൂടെ താരമായ രജിത് കുമാറിനെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ആളുകളെ കുറ്റം പറയുകയും പരിഹസിക്കുകയും ചെയ്യുന്നവരൊന്നും ഇതേ ആളുകൾ കൂട്ടം കൂടി മദ്യപിക്കുന്നതിൽ അപാകത കാണുന്നില്ലെന്നതാണ് വാസ്തവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP