Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ ക്രൂഡ് ഓയിൽ ലഭിക്കുന്നത് ലീറ്ററിന് 16.28 രൂപയ്ക്ക്; പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ ഇനത്തിൽ പെട്രോളിനു 3.55 രൂപയും ഡീസലിന് 2.49 രൂപയും നൽകും; കേന്ദ്ര നികുതി ചേർത്ത് പെട്രോൾ 55.01 രൂപയ്ക്കും ഡീസൽ 53.4 രൂപയ്ക്കും സംസ്ഥാനങ്ങൾക്കു നൽകും; വാറ്റ് കൂടി ചേരുമ്പോൾ ബാധ്യത വീണ്ടും കൂടും; കേരളത്തിലെ നിരക്കനുസരിച്ചു പെട്രോളിന് 16.503 രൂപയും ഡീസലിന് 12.28 രൂപയും സംസ്ഥാന ഖജനാവിലും എത്തും; 'നമ്മുടെ പ്രതിഭ' എക്‌സൈസ് തീരുവ കൂട്ടിയെന്ന രാഹുൽ ഗാന്ധിയുടെ പരിഹാസം വൈറലാകുമ്പോൾ

ഇന്ത്യയിൽ ക്രൂഡ് ഓയിൽ ലഭിക്കുന്നത് ലീറ്ററിന് 16.28 രൂപയ്ക്ക്; പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ ഇനത്തിൽ പെട്രോളിനു 3.55 രൂപയും ഡീസലിന് 2.49 രൂപയും നൽകും; കേന്ദ്ര നികുതി ചേർത്ത് പെട്രോൾ 55.01 രൂപയ്ക്കും ഡീസൽ 53.4 രൂപയ്ക്കും സംസ്ഥാനങ്ങൾക്കു നൽകും; വാറ്റ് കൂടി ചേരുമ്പോൾ ബാധ്യത വീണ്ടും കൂടും; കേരളത്തിലെ നിരക്കനുസരിച്ചു പെട്രോളിന് 16.503 രൂപയും ഡീസലിന് 12.28 രൂപയും സംസ്ഥാന ഖജനാവിലും എത്തും; 'നമ്മുടെ പ്രതിഭ' എക്‌സൈസ് തീരുവ കൂട്ടിയെന്ന രാഹുൽ ഗാന്ധിയുടെ പരിഹാസം വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ക്രൂഡ് ഓയിലിന്റെ നിലവിലെ വിലയനുസരിച്ച് ഇന്ത്യയിൽ ക്രൂഡ് ഓയിൽ ലഭിക്കുന്നത് ലീറ്ററിന് 16.28 രൂപയ്ക്ക്. ഇത് വിൽക്കുന്നത് 70ലേറെ രൂപയ്ക്കും. നാല് മടങ്ങ് വില. എണ്ണക്കമ്പനികളും കേന്ദ്ര, സംസ്ഥാന സർക്കാരുകളും സാധാരണക്കാരന്റെ കീശയിൽ കയ്യിട്ടു കൊള്ളലാഭം കൊയ്യുമ്പോൾ തെരുവുകളിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം പോലുമില്ല. വിമർശനങ്ങൾ വാക്കുകളിൽ മാത്രം ഒതുങ്ങും. സിഎഎയ്ക്കും എൻആർസിക്കും പ്രമേയം പാസാക്കുന്ന കേരളാ നിയമസഭയും ഈ വിഷയം ചർച്ച ചെയ്യില്ല. എക്‌സൈസ് ഡ്യൂട്ടി ലഭിക്കുമ്പോൾ അതിന്റെ ലാഭം സംസ്ഥാന ഖജനാവിൽ എത്തുമെന്നതാണഅ ഇതിന് കാരണം. അതുകൊണ്ട് തന്നെ ധനമന്ത്രി തോമസ് ഐസക്കിനും ഈ കേന്ദ്ര തീരുമാനത്തെ വിമർശിക്കാൻ താൽപ്പര്യമില്ല.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയാണ് ഇന്ധനവില നിശ്ചയിക്കാൻ എണ്ണക്കമ്പനികൾ പ്രധാന മാനദണ്ഡമാക്കുന്നത്. രണ്ടാമതായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതിയും, പെട്രോളും ഡീസലും ഇപ്പോഴും ജിഎസ്ടിക്കു പുറത്താണ്. ഇന്ധനം ഉപയോക്താക്കളിൽ എത്തുമ്പോൾ ഡീലർമാരുടെ കമ്മിഷനും മൂല്യവർധിത നികുതിയും കൂടി നൽകണം. കേന്ദ്ര, സംസ്ഥാന നികുതികൾ വളരെ കൂടുതലായതിനാലാണ് വില ആനുപാതികമായി കുറയാത്തത്. ഇന്ധനനികുതിയാണ് സർക്കാരുകളുടെ പ്രധാന വരുമാന സ്രോതസ്സ്. 100 ശതമാനത്തിനു മുകളിലുള്ള നിലവിലെ നികുതി വീണ്ടും ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വില കൂട്ടില്ലെങ്കിലും വിലയിടിവിന്റെ പ്രയോജനം ജനങ്ങളിലെത്താനുള്ള സാധ്യത കുറയ്ക്കും. എക്‌സൈസ് തീരുവ കൂട്ടുന്നതോടെ, രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വലിയ ഇടിവിന്റെ നേട്ടം ഉപയോക്താക്കളിലേക്ക് എത്തില്ല. ഇതേസമയം, തീരുവ വർധിപ്പിക്കൽ കൊണ്ട് ഇപ്പോൾ വിലക്കയറ്റവും ഉണ്ടാകില്ല. എണ്ണവില 30 ശതമാനത്തിലേറെ ഇടിഞ്ഞതു മൂലം ഇന്ധനത്തിനു വില കുറയ്‌ക്കേണ്ടതായിരുന്നു. ഇതാണ് കൂട്ടിയ എക്‌സൈസ് തീരുവയായി കേന്ദ്രസർക്കാർ എടുക്കുക.

പെട്രോളിനും ഡീസലിനും മേലുള്ള എക്‌സൈസ് തീരുവ കൂട്ടിയ നടപടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ നേട്ടം ജനങ്ങൾക്കു നൽകണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ, 'നമ്മുടെ പ്രതിഭ' എക്‌സൈസ് തീരുവ കൂട്ടിയെന്നു രാഹുൽ പരിഹസിച്ചു. ഇന്ധനവില കുറയാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നു ധനമന്ത്രി നിർമല സീതാരാമൻ ഒഴിഞ്ഞുമാറുന്ന വിഡിയോയും ട്വീറ്റിനൊപ്പം പങ്കുവച്ചു. മധ്യപ്രദേശ് സർക്കാരിനെ വീഴ്‌ത്താനുള്ള ശ്രമങ്ങൾക്കിടെ പ്രധാനമന്ത്രി എണ്ണ വില കുറയുന്നതു കാണാതെ പോയെന്നു ട്വീറ്റ് ചെയ്തതിനു പിന്നാലെയാണിത്. എന്നാൽ ഈ പ്രതിഷേധം ആളിക്കത്തിക്കാൻ കോൺഗ്രസും ഒന്നും ചെയ്യില്ല. കാരണം അവർ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സമ്മർദ്ദമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ പൗരത്വ നിമയത്തിന് സമാനമായ പ്രതിഷേധമൊന്നും ഈ വിഷയത്തിൽ കേന്ദ്രത്തിനെതിരെ ഉണ്ടാവുകയുമില്ല.

കോവിഡ് ഭീതിയിലാണ് രാജ്യം. അതുകൊണ്ട് പൊതു പ്രകടനവും മറ്റ് പരിപാടികളും രാജ്യമാകെ നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ ആരും പ്രതിഷേധിക്കാൻ പോലും ഇറങ്ങില്ല. ഇത് മനസ്സിലാക്കിയാണ് ഇപ്പോഴത്തെ ഇന്ധന വില വർദ്ധനവ്. ക്രുഡ് ഓയിലിനു വില കുറയുമ്പോൾ നികുതി കൂട്ടുക, വില കൂടുമ്പോൾ നികുതി കുറയ്ക്കാതിരിക്കുക- ഇന്ധന വിലയുടെ കാര്യത്തിൽ കേന്ദ്രം ആവർത്തിക്കുന്നതു പതിവുതന്ത്രം. ശുദ്ധീകരണ ചെലവ്, ഇന്ത്യയിലേക്കുള്ള പ്രവേശന നികുതി, ചരക്കുഗതാഗത ചെലവ്, ഇറക്കുമതിയിൽ എണ്ണ ഉൽപാദക കമ്പനികൾക്കു നൽകേണ്ടി വരുന്ന വ്യത്യാസം എന്നിവയ്ക്കായി ഒരു ലീറ്റർ പെട്രോളിന് 12.2 രൂപയും ഡീസലിന് 15.8 രൂപയുമാണ് ചെലവ്. ഇതു കൂടി ചേരുന്ന തുകയ്ക്കു മുകളിലാണ് കേന്ദ്രം എക്‌സൈസ് തീരുവ ചുമത്തുക. 3 രൂപ വീതം വർധിച്ചതോടെ എക്‌സൈസ് തീരുവയും റോഡ് നികുതിയും ചേർത്ത് പെട്രോളിന് 22.98 രൂപയും ഡീസലിന് 18.83 രൂപയുമായി കൂടി.

പമ്പ് ഉടമകൾക്കുള്ള കമ്മിഷൻ ഇനത്തിൽ പെട്രോളിനു 3.55 രൂപയും ഡീസലിന് 2.49 രൂപയും നൽകണം. ഇതടക്കം പെട്രോൾ 55.01 രൂപയ്ക്കും ഡീസൽ 53.4 രൂപയ്ക്കുമാണ് സംസ്ഥാനങ്ങൾക്കു നൽകുക. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ മൂല്യവർധിത നികുതി (വാറ്റ്) കൂടി ചേരുന്നതോടെ വില സാധാരണക്കാരന്റെ ബാധ്യതയാകും. വാറ്റ് നിരക്കിലെ വ്യത്യാസമാണ് സംസ്ഥാനം തോറും ഇന്ധനവിലയിലെ മാറ്റത്തിനു കാരണം. 16 - 39 % ആണു വിവിധ സംസ്ഥാനങ്ങളിലെ 'വാറ്റ്'. കേരളത്തിലെ നിരക്കനുസരിച്ചു പെട്രോളിന് 16.503 രൂപയും ഡീസലിന് 12.28 രൂപയും സംസ്ഥാന ഖജനാവിലെത്തും. അതുകൊണ്ട് തന്നെ തോമസ് ഐസക്കും ഇതിനെ എതിർക്കില്ല. സർക്കാരിന് സുരക്ഷിതമായ വരുമാന മാർഗ്ഗമാണ് ഇത്. എന്നാൽ ഇത്തവണത്തെ കേന്ദ്ര ഇടപെടലിൽ വലിയ ലാഭം കേരളത്തിന് ഉണ്ടാവുകയുമില്ല. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 33 ഡോളർ എന്ന നിലവാരത്തിലെത്തിയിട്ടും ഉപയോക്താക്കൾക്ക് പ്രയോജനം ലഭിച്ചിട്ടില്ല.

അസംസ്‌കൃത എണ്ണവിലയിലുണ്ടായ കാര്യമായ ഇടിവിന്റെ തോതനുസരിച്ച് എണ്ണവില 10- 15 രൂപ കുറയേണ്ടതാണ്. എന്നാൽ പെട്രോൾവില കുറഞ്ഞത് 74 പൈസ. ഡീസൽ വില കുറഞ്ഞത് 72 പൈസ. ജനുവരി ഒന്നിന് പെട്രോളിന് 77.19 രൂപയായിരുന്നു വില. ഡീസലിന് 71.79 പൈസയും. രണ്ടര മാസത്തിനുള്ളിൽ അസംസ്‌കൃത എണ്ണവിലയിൽ 45 ശതമാനത്തോളം ഇടിവുണ്ടായിട്ടും പെട്രോൾ വിലയിൽ ഇതുവരെ കുറഞ്ഞത് 5.39 രൂപ. ഡീസൽ വിലയിൽ 5.69 രൂപയും. ബിഎസ് 6 ഇന്ധനം ഉൽപാദിപ്പിക്കുന്നതിനായി റിഫൈനറികൾ പരിഷ്‌ക്കരിക്കുന്നതിന് കമ്പനികൾക്ക് 35,000 കോടി ചെലവു വന്നിരുന്നു. ഇതും എണ്ണവിലക്കുറവിന്റെ നേട്ടം ജനങ്ങളിലെത്താതിരിക്കാൻ കാരണമാണ്.

ഇത്തവണ എക്‌സൈസ് നികുതി കൂട്ടിയെങ്കിലും അവ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ പ്രതിഫലിക്കാത്തതിനാൽ നേട്ടം കേന്ദ്ര സർക്കാരിനു മാത്രമായി മാറുകയും ചെയ്യും.
ലോക വിപണിയിൽ ക്രൂഡ് ഓയിലിന് 20 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക് ആയിരിക്കെയാണ് ഇന്ധന തീരുവ കുത്തനെ കൂട്ടിയത്. പെട്രോളിയം കമ്പനികൾക്ക് വിലനിയന്ത്രണാധികാരം നൽകിയതിനെത്തുടർന്ന് ഓരോ ആഴ്ചയിലും വില വർധിപ്പിക്കുന്നതിനിടെയാണ് തീരുവയുടെ പേരിൽ അധികഭാരം. ആഗോളതലത്തിൽ ക്രൂഡ് ഓയിലിനുണ്ടായ വിലക്കുറവ് ജനങ്ങൾക്കു നൽകാതെ ഖജനാവ് വീർപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവും വ്യവസായമേഖലയുടെ തകർച്ചയുമെല്ലാം ജനജീവിതം അതീവ ദുസ്സഹമാക്കിയിരിക്കുകയാണ്. ഇപ്പോൾ കോവിഡ്---19 ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയും. ഇതിനെല്ലാമിടയിലാണ് ഇപ്പോഴത്തെ ഇന്ധനതീരുവയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP