Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞനന്തന്റെ ജാമ്യം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ; ടിപിയുടെ കൊലയാളിക്ക് അനുകൂലമായി മെഡിക്കൽ റിപ്പോർട്ടിൽ ഇടപെടൽ ഉണ്ടായി; പിണറായി ഭരണത്തിൽ ഇരകൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല; ജയിലിൽ അവശത അനുഭവിക്കുന്ന എത്രപേരുണ്ട്; ജയിലിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കേ കുഞ്ഞനന്തന് മാത്രം എങ്ങനെ ചികിത്സയുടെ പേരിൽ ഇളവ് കിട്ടുന്നതെന്ന് പരിശോധിക്കണം; നിയമപരമല്ലാത്ത ഇടപെടലുകളിലൂടെ നേടിയ വിധി വേദന ഉണ്ടാക്കുന്നു: കെ കെ രമ മറുനാടനോട്

കുഞ്ഞനന്തന്റെ ജാമ്യം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ; ടിപിയുടെ കൊലയാളിക്ക് അനുകൂലമായി മെഡിക്കൽ റിപ്പോർട്ടിൽ ഇടപെടൽ ഉണ്ടായി; പിണറായി ഭരണത്തിൽ ഇരകൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല; ജയിലിൽ അവശത അനുഭവിക്കുന്ന എത്രപേരുണ്ട്; ജയിലിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കേ കുഞ്ഞനന്തന് മാത്രം എങ്ങനെ ചികിത്സയുടെ പേരിൽ ഇളവ് കിട്ടുന്നതെന്ന് പരിശോധിക്കണം; നിയമപരമല്ലാത്ത ഇടപെടലുകളിലൂടെ നേടിയ വിധി വേദന ഉണ്ടാക്കുന്നു: കെ കെ രമ മറുനാടനോട്

ജാസിം മൊയ്തീൻ

കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തന് ജാമ്യം ലഭിച്ചതിനെതിരെ ആഞ്ഞടിച്ച് കെ കെ രമ. കുഞ്ഞനന്തന് ലഭിക്കുന്ന രീതിയിൽ സർക്കാർ റിപ്പോർട്ട് നൽകിയത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ ആണെന്ന് ആർഎംപി നേതാവ് കെകെ രമ മറുനാടൻ മലയാളിയോട് പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയൻ സർക്കാറിന്റേത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ സർക്കാറിന്റെ ഇടപെടലുണ്ടായിട്ടുണ്ട്. രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹമെന്നും അവർ പറഞ്ഞു.

എന്നാൽ ജയിലിലെ രോഗികളായ മറ്റു അന്തേവാസികൾക്കില്ലാത്ത പരിഗണന കുഞ്ഞനന്തന് മാത്രം ലഭിക്കാൻ കാരണം അയാൾ പിണറായി വിജയന്റെ വിശ്വസ്തനാണ് എന്നതുകൊണ്ടാണ്. ജയിലിൽ കുറെയേറെ രോഗികളുണ്ട്. അതിൽ കുഞ്ഞനന്തനേക്കാളേറെ അവശത അനുഭവിക്കുന്നവരുണ്ട്. അവർക്കൊന്നുമില്ലാത്ത പരിഗണനയാണ് കുഞ്ഞനന്തനടക്കമുള്ള ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ലഭിക്കുന്നത്. ജയിലിൽ മികച്ച ചികിത്സാ സൗകര്യങ്ങളുണ്ടെന്നിരിക്കെ കുഞ്ഞനൻ മാത്രം എങ്ങനെയാണ് ചികിത്സയുടെ പേരിൽ ഇളവ് കിട്ടുന്നതെന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഈ ശിക്ഷാ കാലയളവിൽ നിരവധി തവണ അദ്ദേഹത്തിന് പരോളനുവദിച്ചിട്ടുണ്ട്. അകത്ത് കിടന്നതിനേക്കാളേറെ അദ്ദേഹം ജാമ്യവും പരോളുമായി പുറത്തുണ്ടായിരുന്നു. ഇത്രയേറെ സൗകര്യങ്ങൾ ലഭിച്ച ഒരു കൊലക്കേസ് പ്രതിയും കേരള ചരിത്രത്തിലുണ്ടാകില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് നേടിയ വിധിയാണിത്. കുഞ്ഞനന്തന് പുറത്തിറങ്ങാൻ പാകത്തിൽ റിപ്പോർട്ട് ഉണ്ടാക്കുന്നതിന് വേണ്ടി മെഡിക്കൽ ബോർഡിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. ടിപി വധക്കേസിൽ ഉന്നതരായ സിപിഎം നേതാക്കൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഇത്തരം നിയമപരമല്ലാത്ത ഇടപെടലുകൾ. വിധി വല്ലാത്ത വേദനയുണ്ടാക്കുന്നതാണ്.

ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത വിധിയാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഈ ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമില്ല. സർക്കാർ കൊലയാളികൾക്കൊപ്പമാണ്. വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അതിന് പൊതു സമൂഹത്തിന്റെ പിന്തുണ വേണമെന്നും കെകെ രമ മറുനാടനോട് പറഞ്ഞു.

ഇന്നലെയാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ 13ാം പ്രതിയും സിപിഎം നേതാവുമായ പി.കെ. കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു മാസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മതിയായ ചികിത്സ ലഭിക്കേണ്ടതുണ്ടെന്നുമാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടത്.

2012ലാണ് പി.കെ. കുഞ്ഞനന്തന് വിചാരണ കോടതി തടവുശിക്ഷ വിധിച്ചത്. തടവുശിക്ഷക്കിടെ ശസ്ത്രക്രിയക്ക് വിധേയനായെന്നും നട്ടെല്ലിൽ കഴുത്തിനോട് ചേർന്ന ഭാഗത്തെ ഡിസ്‌കിനെ തേയ്മാനം ഉണ്ടെന്നും പ്രായം 72 ആയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപ്രകാരം വിശദ റിപ്പോർട്ടിനായി മെഡിക്കൽ ബോർഡിനെ ഹൈക്കോടതി നിയോഗിച്ചു. തുടർന്ന് മെഡിക്കൽ ബോർഡ് കുഞ്ഞനന്തന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP