Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇ വിസകൾ നിർത്തിവെക്കുന്നു; മാർച്ച് 17 മുതൽ നയതന്ത്ര പാസ്‌പോർട്ട് ഉള്ളവർക്കൊഴികെ വിസ ലഭ്യമാവില്ല; സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും രണ്ടാഴ്ചത്തേക്ക് നിർത്തി; കുവൈതതിൽ വിമാന സർവീസ് നിലച്ചു; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്; ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു; കൊറോണയെ നേരിടാൻ ഒരുക്കങ്ങൾ തകൃതിയാകുമ്പോൾ ഗൾഫ് രാജ്യങ്ങളും സ്തംഭിക്കുന്നു; നാട്ടിലേക്ക് പോകാനും കഴിയുന്നില്ല ഇവിടെ തങ്ങാനും വയ്യ എന്ന അവസ്ഥയിൽ ത്രിശങ്കുവിലായി പ്രവാസികൾ

യുഎഇ വിസകൾ നിർത്തിവെക്കുന്നു; മാർച്ച് 17 മുതൽ നയതന്ത്ര പാസ്‌പോർട്ട് ഉള്ളവർക്കൊഴികെ വിസ ലഭ്യമാവില്ല; സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും രണ്ടാഴ്ചത്തേക്ക് നിർത്തി; കുവൈതതിൽ വിമാന സർവീസ് നിലച്ചു; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്; ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു; കൊറോണയെ നേരിടാൻ ഒരുക്കങ്ങൾ തകൃതിയാകുമ്പോൾ ഗൾഫ് രാജ്യങ്ങളും സ്തംഭിക്കുന്നു; നാട്ടിലേക്ക് പോകാനും കഴിയുന്നില്ല ഇവിടെ തങ്ങാനും വയ്യ എന്ന അവസ്ഥയിൽ ത്രിശങ്കുവിലായി പ്രവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കൊറോണ വൈറസ് ഭീതിയെ നേരിടാൻ ഗൾഫ് രാജ്യങ്ങൾ നടപടികൾ ശക്തമാക്കുമ്പോൾ എങ്ങും സ്തംഭനാവസ്ഥ. സൗദിയും യുഎഇയും കുവൈത്തും അടക്കമുള്ള രാജ്യങ്ങൾ കർശന നടപടികളിലേക്കാണ് കടക്കുന്നത്. യുഎഇയിൽ എല്ലാ വിധ വിസകളും നൽകുന്നത് നിർത്തിവെക്കുകയാണ് ചെയ്യുന്നത്. മാർച്ച് 17 മുതൽ നയതന്ത്ര പാസ്‌പോർട്ട് ഉള്ളവർക്കൊഴികെ വിസ ലഭ്യമാവില്ല. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ യാത്രാ വിലക്കുകൾ കർശനമാക്കുന്നതിന്റെ സൂചനയാണ് ഈ തീരുമാനം.

മാർച്ച് 17ന് മുമ്പ് വിസ ലഭിച്ചവർക്ക് ഈ തീരുമാനം പ്രയാസം സൃഷ്ടിക്കില്ല. ലോക ആരോഗ്യ സംഘടനയുടെ നിർദ്ദേശം പാലിച്ചാണ് ഇത്തരമൊരു മുൻകരുതൽ തീരുമാനമെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. രാജ്യങ്ങൾ യാത്രക്കാർക്ക് ആരോഗ്യപരിശോധന സാധ്യമാക്കുന്നതുവരെ ഈ നടപടി നിലനിൽക്കും എന്നും അഥോറിറ്റി പറയുന്നു. മാരകമായ വൈറസ് വ്യാപനം തടയുക എന്ന ഉത്തരവാദിത്വവും മറ്റു രാജ്യങ്ങളോടുള്ള ഐക്യദാർഢ്യവുമാണ് തീരുമാനം എന്നും വാർത്താകുറിപ്പ് വ്യക്തമാക്കുന്നു. വിവിധ വിമാനക്കമ്പനികൾ ഇതിനകം തന്നെ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾ ഏറെയും ഈ മാസം 28 വരെ റദ്ദാക്കി. അതിനിടെ രാജ്യതലസ്ഥാനമായ അബൂദബിയിലെ ലൂവർ മ്യൂസിയം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിടുവാനും സർക്കാർ തീരുമാനിച്ചു.

അതിനിടെ കൊറോണവൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ അന്താരാഷ്ട്ര സർവീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് സർവീസ് നിർത്തി വെക്കുക. ഇന്ത്യയടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെയോടെയാണ് എല്ലാ അന്തരാഷ്ട്ര സർവീസുകളും നിർത്തിവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. സൗദിയിൽ വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 86 ആയിട്ടുണ്ട്.

അന്തരാഷ്ട്ര സർവീസുകൾ നിർത്തിവെച്ചുള്ള നിയന്ത്രണം ഞായറാഴ്ച രാവിലെ 11 മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. നിയന്ത്രണം ഏർപ്പെടുത്തിയ രണ്ടാഴ്ചക്കിടയിൽ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ അന്താരാഷ്ട്ര സർവീസുകൾ അനുവദിക്കൂ. ഈ കാലയളവിൽ തിരികെ എത്താൻ സാധിക്കാത്തവർക്ക് ഔദ്യോഗിക അവധിയായി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയിലെ സൗദി പൗരന്മാർക്കും സൗദിയിൽ സ്ഥിരംതാമസ വിസയുള്ള ഇന്ത്യക്കാർക്കും സൗദിയിലേക്ക് മടങ്ങാൻ കൂടുതൽ വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.

കുവൈത്തിലേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ വെള്ളിയാഴ്ച രാത്രിയോടെ അവസാനിച്ചു. നേരത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ച സൗദിയിൽ ശനിയാഴ്ച അർധരാത്രിയോടെ വിമാനയാത്രകൾ നിലയ്ക്കും. യാത്രാവിലക്ക് പ്രഖ്യാപിച്ച 72 മണിക്കൂർ കാലാവധി കഴിയുന്നതോടെയായിരിക്കും വിമാനങ്ങൾ നിർത്തുക. അവധിക്കും വിദേശസന്ദർശനത്തിനുമായി രാജ്യത്തുനിന്ന് പുറത്തുപോയവർക്ക് തിരിച്ചുവരാനും പുഃനപ്രവേശനവിസയിൽ നാട്ടിലേക്കു പോകാൻ തയ്യാറെടുത്തവർക്കുംവേണ്ടിയാണ് വ്യാഴാഴ്ച പുലർച്ചെ മുതൽ 72 മണിക്കൂർ സമയം അനുവദിച്ചത്.

അതേസമയം ഒമാനിലെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഒരു മാസത്തെ അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് അവധി തുടങ്ങുകയെന്ന് ഒമാൻ ടി.വി റിപ്പോർട്ട് ചെയ്തു. കോറോണ രോഗ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം. അവധിസമയത്ത് കുട്ടികൾ വീടിനകത്ത് തന്നെ കഴിയുന്നുവെന്ന് രക്ഷകർത്താക്കൾ ഉറപ്പാക്കണമെന്ന് സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. രാജ്യത്ത് ഇതുവരെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം കൊറോണ ഭീതി ഗൾഫിൽ വ്യാപിക്കുമ്പോൾ പ്രവാസികളും കടുത്ത ദുരിതത്തിലാണ്. മലയാളികൾ ഏറെയുള്ള ദുബായ്, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലെല്ലാം കൊറോണ ബാധ റിപ്പോർട്ട് ചെയ്തതോടെ ത്രിശങ്കുവിലായത് ഒട്ടേറെ പേരാണ്. നാട്ടിലേക്കുവരാനും കഴിയുന്നില്ല, വന്നവർക്ക് അവധികഴിഞ്ഞ് പോകാനും കഴിയുന്നില്ല. നൂറുകണക്കിനാളുകൾ ഒരാഴ്ചയ്ക്കിടെ ഗൾഫ് നാടുകളിലേക്കുള്ള യാത്ര റദ്ദാക്കി. പലരുടെയും വിസ കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം. ഖത്തറും കുവൈത്തും സൗദിയുമെല്ലാം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് ഇളവ് പ്രഖ്യാപിച്ചതാണ് ആകെയുള്ള ആശ്വാസം.

വിസ നീട്ടിക്കിട്ടാനും മറ്റും വഴിതെളിഞ്ഞെങ്കിലും പ്രവാസികൾ ആശങ്കപ്പെടുന്നത് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ്. വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുമാണ് മലബാറിലെ പ്രവാസികളിൽ ഏറെയും. പ്രത്യേകിച്ചു റെസ്റ്റോറന്റ്, സൂപ്പർ മാർക്കറ്റ് സ്ഥാപനങ്ങൾ നടത്തുന്നവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP