Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ്- 19 പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രതയോടെ നേതൃത്വം നൽകണം; ഓഖിയും പ്രളയങ്ങളും നിപ്പയും നേരിട്ടത് ഒരുമയോടെ ആണെന്ന് ഓർക്കണം; മന്ത്രി രാമകൃഷ്ണൻ

കോവിഡ്- 19 പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രതയോടെ നേതൃത്വം നൽകണം; ഓഖിയും പ്രളയങ്ങളും നിപ്പയും നേരിട്ടത് ഒരുമയോടെ ആണെന്ന് ഓർക്കണം;  മന്ത്രി രാമകൃഷ്ണൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ്- 19 ബാധ പ്രതിരോധിക്കുന്നതിനായി ജനപ്രതിനികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പവർത്തിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് ജാഗ്രതയോടെ നേതൃത്വം നൽകണമെന്നും തൊഴിൽ- എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി സിവിൽ സ്റ്റേഷനിലെ പ്ലാനിങ് സെക്രട്ടറിയേറ്റ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓഖി, 2018 ലെയും 19 ലെയും പ്രളയങ്ങൾ, നിപ്പ തുടങ്ങിയ ദുരന്തങ്ങളെ കോഴിക്കോട് അതിജീവിച്ചത് ഒത്തൊരുമയോടെയാണ്. ജാഗ്രതയോടെയുള്ള ഈ കൂട്ടായ പ്രവർത്തനം ഉറപ്പാക്കാനായാൽ കൊറോണ ഭീഷണിയെയും നേരിടാനാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും വഴി ഇതിനായി സ്വീകരിക്കേണ്ട നടപടികൾ ആവിഷ്‌ക്കരിക്കുകയും നടപ്പാക്കി വരികയും ചെയ്യുന്നുണ്ട്.

എല്ലാ വിവരങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും താഴെ തട്ടിൽ വരെ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഏകോപനം സാധ്യമാക്കേണ്ടതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്ത്വമാണ്. പഞ്ചായത്ത്- നഗരസഭാ- കോർപറേഷൻ അധ്യക്ഷന്മാർ ഇതിന് നേതൃത്വം നൽകണമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വാർഡുകളിലും ദ്രുത കർമ്മ സേനകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് അധ്യക്ഷന്മാർ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തണം. ജനങ്ങൾ കൂടിച്ചേരുന്നത് പരമാവധി ഒഴിവാക്കണം. ഇതിന് നിയമപരമായ സമ്മർദ്ദം ചെലുത്തുന്നതിനു പകരം അതത് സ്ഥലങ്ങളിൽ കൂടിയാലേചനയിലൂടെ പൊതുപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കാൻ അധ്യക്ഷന്മാർ മുൻകയ്യെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ ഇതുവരെ കോവിഡ്- 19 ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതേസമയം 927 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ നാല് പേരും ബീച്ച് ജനറൽ ആശുപത്രിയിൽ മൂന്ന് പേരുമാണ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംഎ‍ൽഎമാരായ എ. പ്രദീപ്കുമാർ, എം.കെ. മുനീർ, കെ. ദാസൻ, പുരുഷൻ കടലുണ്ടി, പാറക്കൽ അബ്ദുല്ല, ഇ.കെ വിജയൻ, പി.ടി.എ റഹീം, വി.കെ.സി മമ്മദ് കോയ, സി.കെ നാണു, കാരാട്ട് റസാഖ്, ജില്ലയിലെ നഗരസഭാ- പഞ്ചായത്ത് അധ്യക്ഷന്മാർ, ജില്ലാ കലക്ടർ സാംബശിവ റാവു, എ.ഡി.എം റോഷ്നി നാരായണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP