Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത് ചോദ്യം ചെയ്തതിന് സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കള്ളക്കേസിൽ കുടുക്കി; മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരായ പരാതി അട്ടിമറിച്ചതിന് പിന്നിലും സക്കീർ ഹുസൈൻ; പ്രതിഷേധം രേഖപ്പെടുത്തി മൂന്ന് സിപിഎം പ്രവർത്തകർ രാജിവെച്ചു

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത് ചോദ്യം ചെയ്തതിന് സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കള്ളക്കേസിൽ കുടുക്കി; മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരായ പരാതി അട്ടിമറിച്ചതിന് പിന്നിലും സക്കീർ ഹുസൈൻ; പ്രതിഷേധം രേഖപ്പെടുത്തി മൂന്ന് സിപിഎം പ്രവർത്തകർ രാജിവെച്ചു

ആർ പീയൂഷ്

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത് ചോദ്യം ചെയ്ത സംഭവത്തിൽ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ച് മൂന്ന് സിപിഎം പ്രവർത്തകർ രാജിക്കത്ത് സമർപ്പിച്ചു. ആലുവ എടത്തല പേരകത്ത്ശേരി വീട്ടിൽ പി.എ അൻവർ സാദത്ത്, പി.എ സുഫൈൽ, പി.എ സഹൽ ഷംയൂൺ എന്നിവരാണ് രാജിക്കത്ത് സമർപ്പിച്ചത്. സക്കീർ ഹുസൈന്റെ മേൽനോട്ടമുള്ള ആശുപത്രിക്ക് പേരുദോഷം വരാതിരിക്കാൻ ആശുപത്രിയിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നൽകിയ പരാതി അട്ടിമറിക്കുകയും ആശുപത്രി അധികൃതരുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് രാജി.

മാർച്ച് നാലിന് വൈകിട്ട് അൻവർ സാദത്തിനെ നെഞ്ചു വേദനയുമായി സഹോദരങ്ങളായ സുഫൈലും സഹൽ ഷംയൂണും കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. കാഷ്വാലിറ്റിയിൽ കെ.എസ്.യു പ്രവർത്തകനായ ടിന്റോയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ടിൻേറാ ഈ കോളജിലെ സ്ഥിരം പ്രശ്നക്കാരനാണ് എന്നാണ് പരാതിക്കാർ പറയുന്നത്. വേദനകൊണ്ട് പുളഞ്ഞ അൻവർ സാദത്തിനെ മറ്റ് പെൺകുട്ടികൾക്ക് മുന്നിൽ റാഗ് ചെയ്ത് രസിക്കാനാണ് ടിന്റോ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഫൈലും, ഡിഗ്രി വിദ്യാർത്ഥിയായ ബന്ധു ആസിഫും ഇത് ചോദ്യം ചെയ്തു. ക്ഷുഭിതനായ ടിന്റോ ' നിനക്ക് രോഗമൊന്നുമില്ല, പൊയ്ക്കോ' എന്ന് പറഞ്ഞ് ചികിൽസ നിഷേധിച്ചതായാണ് ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പൊലീസ് ഈ പരാതിയിൽ കേസെടുത്തില്ല എന്നാണ് ഇവർ പറയുന്നത്. അതിന് കാരണം സക്കീർ ഹുസൈന്റെ ഇടപെടലാണ് എന്നും ഇവർ പറയുന്നു.

അതേസമയം പൊലീസ് ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ മൂന്ന് പോർക്കുമെതിരെ പൊലീസ് കേസെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് മൂന്ന് പേരും സിപിഐ.എം ആലുവ ഏരിയ, എടത്തല വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ കീഴ്ഘടകങ്ങളായ നൊച്ചിമ കോമ്പാറ അമ്പലമുക്ക് ബ്രാഞ്ച്, എടത്തല അൽ അമീൻ നഗർ ബ്രാഞ്ച് സെക്രട്ടറിമാർ മുമ്പാകെ രാജിക്കത്ത് സമർപ്പിച്ചത്. കത്തിന്റെ പകർപ്പ് സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി സി.എ മോഹനും നൽകിയിട്ടുണ്ട്. പാർട്ടീ അന്വേഷണത്തിൽ മൂന്ന് പേർക്കും നീതി നിഷേധം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ രാജി സ്വീകരിച്ചിട്ടില്ല. പാർട്ടീ പ്രവർത്തകർക്കിടയിൽ സംഭവത്തിൽ വലിയ അമർഷം ഉയരുന്നുണ്ട്.

രാജിക്കത്തിന്റെ പൂർണ്ണ രൂപം:

സിപിഐ.എം ആലുവ ഏരിയ, എടത്തല വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ കീഴ്ഘടകങ്ങളായ നൊച്ചിമ കോമ്പാറ അമ്പലമുക്ക് ബ്രാഞ്ച്, എടത്തല അൽ അമീൻ നഗർ ബ്രാഞ്ച് സെക്രട്ടറിമാർ മുമ്പാകെ താഴെ പേരെഴുതി ഒപ്പിട്ട പാർട്ടി അംഗങ്ങളായവർ സമർപ്പിക്കുന്ന രാജിക്കത്ത്.


1. പി.എ അൻവർ സാദത്ത്
പേരകത്ത്ശേരി ഹൗസ്
എടത്തല പി.ഒ
ആലുവ.

2. പി.എ സുഫൈൽ
പേരകത്ത്ശേരി ഹൗസ്
എടത്തല പി.ഒ
ആലുവ.

3. പി.എ സഹൽ ഷംയൂൺ
പേരകത്ത്ശേരി ഹൗസ്
എടത്തല പി.ഒ
ആലുവ.

പ്രിയ സഖാക്കളെ,
മേൽ പേരെഴുതി ഒപ്പിട്ട സഹോദരങ്ങളായ ഞങ്ങൾ മൂന്ന്പേർ സിപിഐ.എം എന്ന രാഷ്ട്രീയ പാർട്ടിയിൽ നിന്ന് രാജിവെച്ചതായി ബോധിപ്പിക്കുന്നു. ഈ രാജികത്ത് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മേലിൽ പാർട്ടിയുമായോ പാർട്ടിയുടെ പോഷക സംഘടനകളുമായോ ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും വിനീതമായി അറിയിക്കട്ടെ. ഏതെങ്കിലും വിധത്തിലുള്ള വ്യക്തി വൈരാഗ്യമോ, അനിഷ്ടങ്ങളോ, പരിഭവമോ ഇത്തരം ഒരു പ്രവർത്തിക്ക് ഞങ്ങളെ പ്രേരിപ്പിച്ചിട്ടില്ല എന്ന് ഉത്തമ വിശ്വാസത്തോടെ വ്യക്തമാക്കട്ടെ. ആർക്കെങ്കിലുമെതിരെ ഒരുവിധ പാർട്ടി നടപടിയും ഈ കൂട്ടരാജികൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നുമില്ല. ഇനി ഈ പാർട്ടിയുമായി സഹകരിക്കാൻ വയ്യ എന്ന തിരിച്ചറിവിനെ തുടർന്ന് മാത്രമാണ് ഞങ്ങളുടെ രാജി.

ഭരണം കിട്ടിയശേഷം പുതിയ പിരിവുകാരായി വന്ന് അംഗത്വമെടുത്തവരെന്ന നിലയിൽ ഞങ്ങളെ കാണരുതെന്ന് ഉണർത്തട്ടെ. തൊഴിലാളി വർഗ മുന്നേറ്റത്തിന്റെ ജ്വലിക്കുന്ന അധ്യായമായ 1953-ലെ മട്ടാഞ്ചേരി വെടിവെപ്പ് സമരത്തിലെ മുന്നണി പോരാളിയായിരുന്ന സ: വലിയപറമ്പിൽ ഖാദറിന്റെ പേരക്കുട്ടികളാണ് ഞങ്ങൾ. മട്ടാഞ്ചേരിയിലും വില്ലിങ്ടൺ ഐലന്റിലും പാർട്ടിയും യൂണിയനും കെട്ടിപ്പടുക്കുവാൻ സി.ടി.ടി.യുവിനോട് (പന്തീരായിരം പട) പൊരുതിനിന്ന രണ്ട് അമ്മാവന്മാരുടെ അനന്തിരവന്മാരണ് ഞങ്ങൾ. കുഞ്ഞുന്നാളിലേ മുതൽ ഞങ്ങൾ കണ്ടുവളർന്നത് ചെങ്കൊടി മാത്രമാണ്. അതിനുമപ്പുറം ഒരു രാഷ്ട്രീയം ഞങ്ങളുടെ ഒരു തലമുറയിലും ഒരിക്കലും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഞങ്ങളുടെ കുടുംബം എടുക്കാൻ വ്യക്തമായ ഒരു കാരണം ഉണ്ട്. അത് പാർട്ടി സഖാക്കളിൽ അർപ്പിച്ചിരുന്ന വിശ്വാസം നഷ്ടമായി എന്നതാണ്.

ഞങ്ങളിൽ ഒന്നാം നമ്പർകാരനായ അൻവർ സാദത്തിനെ നെഞ്ചുവേദനയെ തുടർന്ന് കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ 2020 മാർച്ച് നാലിന് വൈകീട്ട് ആറുമണിക്ക്ശേഷം എത്തിച്ചു. അവിടെ കാഷ്വാലിറ്റിയിൽ കെ.എസ്.യു പ്രവർത്തകനായ ടിന്റോയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ടിൻേറാ ഈ കോളജിലെ സ്ഥിരം പ്രശ്നക്കാരനാണ്. വേദനകൊണ്ട് പുളഞ്ഞ അൻവർ സാദത്തിനെ മറ്റ് പെൺകുട്ടികൾക്ക് മുന്നിൽ റാഗ് ചെയ്ത് രസിക്കാനാണ് ടിന്റോ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഫൈലും, ഡിഗ്രി വിദ്യാർത്ഥിയായ ബന്ധു ആസിഫും ഇത് ചോദ്യം ചെയ്തു. ക്ഷുഭിതനായ ടിന്റോ ' നിനക്ക് രോഗമൊന്നുമില്ല, പൊയ്ക്കോ' എന്ന് പറഞ്ഞ് ചികിൽസ നിഷേധിച്ചു. ഇത് ഡോക്ടറാവാൻ പോവുന്ന ഒരാൾക്ക് ഭൂഷണമല്ലെന്ന് പറഞ്ഞതോടെ അദ്ദേഹം ചാടിയെഴുന്നേറ്റ് നീ എന്താ വിരട്ടുകയാണോ എന്ന് ചോദിച്ചു മുന്നിൽ നിൽക്കുകയായിരുന്ന ആസിഫിനെ തള്ളിയിട്ടു. ആസിഫും തിരികെ തള്ളി. ഇത് അവിടെ സ്ഥാപിച്ച സി.സി.ടി.വി പരിശോധിച്ചാൽ വ്യക്തമാവും.

ഇയാൾ എയിഡ്പോസ്റ്റിൽ നിന്ന് വിളിച്ചുവരുത്തിയ പൊലീസിനെക്കൊണ്ട് ഞങ്ങളെ കസ്റ്റഡിയിൽ എടുപ്പിച്ചു. കളമശ്ശേരി പൊലീസിനെക്കൊണ്ട് ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കേസെടുപ്പിച്ച് രോഗിയടക്കം മൂന്ന്പേരെ റിമാന്റിൽ അയച്ചു.
ഹൗസ് സർജന്റെ റാഗിങ്, ചികിൽസ നിഷേധം എന്നിവക്കെതിരെ രോഗിയായ അൻവർ സാദത്ത് നൽകിയ പരാതിയിന്മേൽ കേസ് എടുക്കാൻ സിഐ തയാറായെങ്കിലും കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹൂസൈൻ ഇടപെട്ട് അത് തടഞ്ഞു. അദ്ദേഹത്തിന്റെ ചുമതലയിലുള്ള ആശുപത്രിക്ക് ചീത്തപ്പേരാവുമെന്ന് പറഞ്ഞാണ് അത് തടഞ്ഞത്. ഞങ്ങൾ കൊടുത്ത പരാതിയിൽ എഫ്.ഐ.ആർ ഇട്ടിരുന്നുവെങ്കിൽ ഒരുപക്ഷേ ഞങ്ങൾക്ക് ജാമ്യം കിട്ടുമായിരുന്നു.

തന്നെയുമല്ല, അരുതാത്ത ഒന്നുകൂടി അദ്ദേഹം ചെയ്തു. കസ്റ്റഡിയിലായ ഞങ്ങളെ അറസ്റ്റ് ചെയ്തുവെന്ന് ദേശാഭിമാനി കളമശേരി ലേഖകൻ വേണുവിനെ അറിയിച്ചു. വേണു അത് ദേശാഭിമാനിയിൽ നൽകി. മാതൃഭൂമി ലേഖകനും പങ്കിട്ടു. പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത് പിറ്റേന്ന് അഞ്ചാംതീയതി വ്യാഴാഴ്ച രാവിലെ 11.20നാണ്. എന്നാൽ അന്നത്തെ ദേശാഭിമാനിയിലും മാതൃഭൂമിയിലും അറസ്റ്റ് വാർത്ത വന്നു. അതാവട്ടെ കല്ലുവച്ച നുണയോടെയായിരുന്നു. ആശുപത്രിയിൽ കുഴപ്പമുണ്ടാക്കിയവരെ സെക്യൂരിറ്റിക്കാർ ഓടിച്ചിട്ട് പിടിച്ചുവെന്നാണ് ദേശാഭിമാനി വാർത്ത. ആശുപത്രിയിൽ ചികിൽസ തേടിപ്പോയവർ എങ്ങനെയാണ് ദേശാഭിമാനിക്ക് കുഴപ്പക്കാരായത് ഞങ്ങൾ എവിടേക്കും ഓടിയിരുന്നില്ല. ഈ വാർത്ത അപമാനകരമാണ്. ആ വാർത്ത എന്തിന് വേണ്ടിയായിരുന്നു സക്കീർ ഹുസൈൻ എന്തിനാണ് ഇങ്ങനെ മുൻകൂട്ടി വാർത്ത നൽകിയത്. ഈ ദേശാഭിമാനിക്ക് വേണ്ടി ഞങ്ങൾ എത്രയോ വെയിലും മഴയും കൊണ്ടതാണ്.

സാധാരണ നിലയിൽ പൊലീസ് പത്രങ്ങൾക്ക് വാർത്ത നൽകുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്. അറസ്റ്റ് നടക്കുംമുമ്പ് തലേന്ന് മുൻകൂട്ടി പത്രക്കാർക്ക് പൊലീസ് വാർത്ത നൽകിയ ചരിത്രമില്ല. അതും പാർട്ടി അംഗങ്ങളായ ഞങ്ങളെ കുഴപ്പക്കാരെന്ന് ചാർത്തി നമ്മുടെ പത്രത്തിൽ തന്നെ വാർത്ത നൽകാനുണ്ടായ ചേതോവികാരം എന്തെന്ന് മനസ്സിലാവുന്നില്ല. ഞങ്ങളെ കേസിൽ നിന്നൊഴിവാക്കാൻ ഞങ്ങൾ പാർട്ടിയോട് ആവശ്യപ്പെട്ടില്ല. ഞങ്ങൾ കൊടുത്ത പരാതിയിന്മേൽ ഒരു എഫ്.ഐ.ആർ ഇടണമെന്ന് മാത്രമാണ് പറഞ്ഞത്. കുറ്റവാളികൾക്ക് വരെ മനുഷ്യാവകാശം ഉണ്ടല്ലോ അത് പോലും ഞങ്ങൾക്ക് ഇവിടെ നിഷേധിച്ചില്ലേ. ങ്ങളെ ജയിലിൽ അയക്കാൻ വേണ്ടിയാണോ വെയിൽ കൊണ്ട് ഞങ്ങൾ ഈ സർക്കാറിനെ അധികാരത്തിലേറ്റിയത്
ഉത്തരം ആരും തരേണ്ടതില്ല, ഏതായാലും ഇനിയില്ല,

ലാൽസലാം...

കോപ്പി-

സ: കോടിയേരി ബാലകൃഷ്ണൻ
സംസ്ഥാന സെക്രട്ടറി
സിപിഐ.എം
എ.കെ.ജി ഭവൻ
തിരുവനന്തപുരം

സ: സി.എ. മോഹനൻ
ജില്ലാ സെക്രട്ടറി
സിപിഐ.എം
ലെനിൻ സെന്റർ
എറണാകുളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP