Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടിമലത്തുറയിൽ ശരണ്യയുടെ മൃതദേഹം കണ്ടെടുത്തു കോസ്റ്റൽ പൊലീസ്; ഇനി കണ്ടെത്താനുള്ളത് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഷാരു ഷമ്മിയെ; കൗമാരക്കാരുടെ മരണങ്ങളിൽ പതിയിരിക്കുന്നത് അടിമുടി ദുരൂഹത; സന്ദർശകർ പോകുന്ന സോമതീരം ബീച്ച് ഒഴിവാക്കി പെൺകുട്ടികൾ പോയത് മീൻപിടുത്തക്കാർ കടലിലേക്ക് പോകുന്ന വഴിയിലേക്ക്; ബീച്ചിൽ പോകുന്ന കാര്യം പെൺകുട്ടികൾ വിളിച്ചറിയിച്ചത് ആൺ സുഹൃത്തിനെ മാത്രം; അപകടമരണമോ ആത്മഹത്യയോ എന്ന കാര്യത്തിലും സംശയം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസും

അടിമലത്തുറയിൽ ശരണ്യയുടെ മൃതദേഹം കണ്ടെടുത്തു കോസ്റ്റൽ പൊലീസ്; ഇനി കണ്ടെത്താനുള്ളത് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഷാരു ഷമ്മിയെ; കൗമാരക്കാരുടെ മരണങ്ങളിൽ പതിയിരിക്കുന്നത് അടിമുടി ദുരൂഹത; സന്ദർശകർ പോകുന്ന സോമതീരം ബീച്ച് ഒഴിവാക്കി പെൺകുട്ടികൾ പോയത് മീൻപിടുത്തക്കാർ കടലിലേക്ക് പോകുന്ന വഴിയിലേക്ക്; ബീച്ചിൽ പോകുന്ന കാര്യം പെൺകുട്ടികൾ വിളിച്ചറിയിച്ചത് ആൺ സുഹൃത്തിനെ മാത്രം; അപകടമരണമോ ആത്മഹത്യയോ എന്ന കാര്യത്തിലും സംശയം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസും

എം മനോജ് കുമാർ

തിരുവനന്തപുരം: അടിമലത്തുറ ബീച്ചിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളിൽ രണ്ടാമത്തെ പെൺകുട്ടിയുടെയും മൃതദേഹം കണ്ടെടുത്തു. കാണാതായ പെൺകുട്ടികളിൽ രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. അടിമലത്തുറ കടലിൽ നിന്നാണ് ശരണ്യ (20)യുടെ മൃതദേഹം കോസ്റ്റൽ പൊലീസ് കണ്ടെടുത്തത്. കാണാതായ പെൺകുട്ടികളിൽ സുരേന്ദ്രൻ-ഇന്ദു ദമ്പതികളുടെ മകൾ നിഷ(20)യുടെ മൃതദേഹം ഇന്നലെ കോസ്റ്റൽ പൊലീസ് സംഘം കണ്ടെടുത്തിരുന്നു. ഇന്നുച്ചയ്ക്ക്മൂന്നരയോടെയാണ് ശരണ്യയുടെ മൃതദേഹം കണ്ടെടുത്തത്. ഇനി ഷാരു ഷമ്മി (17)യുടെ മൃതദേഹമാണ് കണ്ടുകിട്ടാനുള്ളത്.

ഡിഗ്രി വിദ്യാർത്ഥിനികളാണ് ശരണ്യയും നിഷയും. തമിഴ്‌നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാർത്ഥിനികളാണ് ഇവർ. കോട്ടുകാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഷാരു ഷമ്മി. ഈ വിദ്യാർത്ഥിനിയുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കോസ്റ്റൽ പൊലീസാണ് രണ്ടു വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കരയ്ക്ക് എത്തിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികൾ നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. പിന്നീട് നിഷയുടെ മൃതദേഹമാണ് വീട്ടുകാർ കണ്ടത്. ഷാരുവിനായുള്ള തിരച്ചിൽ ഊർജിതപ്പെടുത്തിയതായാണ് കോസ്റ്റൽ പൊലീസ് പറഞ്ഞത്. അതേസമയം കേസ് അന്വേഷിക്കുന്ന വിഴിഞ്ഞം പൊലീസ് പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥിനികളുടെ മരണത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കൗമാരക്കാരായ പെൺകുട്ടികൾ ഒരു സ്‌കൂട്ടറിൽ അടിമലത്തുറ ബീച്ചിൽ എത്തിയത്. വളരെ നീളമുള്ള ബീച്ചാണ് അടിമലത്തുറ. സോമതീരം ബീച്ചും അനുബന്ധിച്ചുണ്ട്. സോമതീരം ബീച്ചിലാണ് സന്ദർശകർ എത്താറുള്ളത്. പെൺകുട്ടികൾ പക്ഷെ ഈ വശത്തേക്ക് പോയില്ല. പകരം മീൻപിടുത്തക്കാർ കടലിലേക്ക് പോകുന്ന വഴിയിലാണ് കുട്ടികൾ പോയത്. ഇവിടെ പുറത്തു നിന്നുള്ള ആളുകൾ അധികം വരാത്ത സ്ഥലമാണ്. ഈ സ്ഥലം കുട്ടികൾ എന്തിനു തിരഞ്ഞെടുത്തു എന്നാണ് പൊലീസ് ചുഴിഞ്ഞു നോക്കുന്നത്. അതേസമയം കുട്ടികൾ ബീച്ചിലേക്ക് പോകുന്ന വിവരം വീട്ടുകാർ അറിഞ്ഞില്ലെന്നും സൂചനയുണ്ട്.

ഒരു സ്‌കൂട്ടറിൽ എത്തിയ ഈ മൂന്നു കുട്ടികളും സ്‌കൂട്ടർ ഒരു വശത്ത് പാർക്ക് ചെയ്ത ശേഷം കടലിലേക്ക് നടന്നടുക്കുകയായിരുന്നു. ഇവർ ബീച്ചിലേക്ക് എത്തിയ ശേഷം എന്ത് സംഭവിച്ചു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഒരു കുട്ടി അപകടത്തിൽപ്പെട്ടപ്പോൾ സഹായിക്കാനായി മറ്റു പെൺകുട്ടികൾ ഇറങ്ങിത്തിരിച്ചോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. ഇവർ അപകടത്തിൽപ്പെടുന്നത് കണ്ടവർ ആരും പൊലീസിൽ വിവരവും നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ എന്താണ് കുട്ടികൾക്ക് സംഭവിച്ചത് എന്ന കാര്യത്തിലാണ് പൊലീസ് ചുഴിഞ്ഞു നോക്കുന്നത്. ഇവർ ആത്മഹത്യ ചെയ്‌തോ എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കുട്ടികളുടെ വീട്ടുകാർ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു ആവശ്യമായ വിവരങ്ങൾ നൽകിയിട്ടില്ല. കൂടുതൽ കാര്യങ്ങൾ പൊലീസ് തിരക്കിയിട്ടുമില്ല. മരണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അന്വേഷിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന വിഴിഞ്ഞം പൊലീസ് മറുനാടനോട് പറഞ്ഞു.

ഒരു ആൺ സുഹൃത്തിനെ വിളിച്ച് ബീച്ചിലേക്ക് പോകുന്ന വിവരം പെൺകുട്ടികൾ പറഞ്ഞിരുന്നു. ഇത് പൊലീസ് അന്വേഷണ വിഷയത്തിൽ ഉൾപ്പെടുത്തിയുണ്ട്. എങ്ങിനെയാണ് ഇവർ അപകടത്തിൽപ്പെട്ടത് എന്ന് ആർക്കുമറിയില്ല. വിജനമായ ബീച്ചിന്റെ വശത്തേക്ക് കുട്ടികൾ തനിച്ച് എന്തിനു പോയി എന്ന കാര്യം പൊലീസ് അന്വേഷണ വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസിനു ലഭിച്ച ഫോൺ കോളിൽ നിന്നാണ് നാടിനെ ഞെട്ടിച്ച ദുരന്തത്തിന്റെ തുമ്പു ലഭിക്കുന്നത്. അടിമലത്തുറ ഭാഗത്തെ കടലിൽ പെൺകുട്ടിയുടേതെന്നു തോന്നുന്ന മൃതദേഹം ഒഴുകി നടക്കുന്നുവെന്നായിരുന്നു വിഴിഞ്ഞം പൊലീസിനു ലഭിച്ച വിവരം.

തുടർന്നാണ് കോസ്റ്റൽ പൊലീസ് രാത്രി തന്നെ തിരച്ചിനു ഇറങ്ങിയത്. നിഷയുടെ മൃതദേഹമാണ് കോസ്റ്റൽ പൊലീസ് കണ്ടെടുത്തത്. മൂന്നു വർഷം മുൻപ് നിഷയുടെ അച്ഛൻ സുരേന്ദ്രൻ മരിച്ചിരുന്നു. അതിനു ശേസ്മുള്ള ആഘാതമായി നിഷയുടെ അകാലത്തിലെ വേർപാട്. നേരത്തെ ബാലരാമപുരത്ത് താമസമായിരുന്ന നിഷയുടെ കുടുംബം പിതാവിന്റെ മരണത്തോടെയാണ് ഉച്ചക്കട ഇടിവിഴുന്ന വിള ക്ഷേത്രത്തിനു സമീപത്തേക്കു മാറിയത്. ലാറ്റെക്‌സ് ജീവനക്കാരിയാണ് നിഷയുടെ മാതാവ്. വർഷയാണ് സഹോദരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP