Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോമിയോ മരുന്ന് കഴിച്ചാൽ കോവിഡിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് ആരോഗ്യമന്ത്രി വെളിപ്പെടുത്തണം; വാസ്തവമാണെങ്കിൽ ലോക രാജ്യങ്ങൾക്ക് മൊത്തം ഉപകാരപ്രദമായ കാര്യമാണ്; തെളിവില്ലാത്തതിനാൽ പല രാജ്യങ്ങളും ചികിത്സാരീതി എന്ന നിലയിൽ ഉപേക്ഷിച്ചതാണ് ഹോമിയോ; വളരെ തെറ്റായ ഒരു സന്ദേശമാണ് ശൈലജ ടീച്ചർ കൈമാറുന്നത്.ഡോ ജിനേഷ് പി എസ് എഴുതുന്നു

ഡോ ജിനേഷ് പി എസ്

'ഹോമിയോ, ആയുർവ്വേദം നല്ല പ്രതിരോധശേഷിയുള്ള ധാരാളം മെഡിസിൻസുണ്ട്. ഒരു മുൻകരുതൽ എന്ന നിലയിൽ നമ്മൾ എല്ലാവരും ആയുഷ് ഡിപ്പാർട്ട്മെന്റ് അടക്കം തീരുമാനിച്ചത്, നമ്മുടെ പോസിറ്റീവ് ആയിട്ടുള്ള കൊറോണ കേസുകൾ, പിന്നെ കോൺടാക്ട് ലിസ്റ്റിൽ ഐസ് ലേഷനിലുള്ളവർ എന്നിവിടങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ മരുന്ന് കൊണ്ടുപോയി കൊടുക്കണ്ട (വീഡിയോയിൽ ഈ ഭാഗത്ത് വ്യക്തത കുറവുണ്ട്). കാരണം അവർക്ക് അവിടെ പോയി വാങ്ങാൻ പറ്റില്ലല്ലോ. ബാക്കി അയൽപക്കത്തുള്ള ആൾക്കാരെല്ലാം പ്രതിരോധശേഷി വർധിപ്പിച്ചാൽ നമുക്ക് ഗുണമാണ്. പ്രതിരോധ ശേഷിയുള്ള ആൾക്കാർക്ക് വൈറസ് ബാധിച്ചാൽ തന്നെ വേഗം സുഖമാവും. അതുകൊണ്ട് ഹോമിയോ-ആയുർവേദ മരുന്നുകൾ ജനങ്ങൾ ഉപയോഗിക്കണം. കൊറോണ കേസുകൾക്ക് അലോപ്പതിയിലും കാര്യമായ മരുന്നൊന്നും ഇല്ല. നിരീക്ഷിക്കുക, രോഗലക്ഷണങ്ങൾക്ക് ചികിത്സ കൊടുക്കുക എന്നത് മാത്രമേ ഉള്ളൂ.'-കേരളത്തിലെ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞതാണ്.

പ്രതിരോധ ശക്തി നൽകും എന്നതിന് തെളിവ് കൂടി നൽകാൻ മന്ത്രി തയാറാവണം.

ഹോമിയോ മരുന്ന് കഴിച്ചാൽ കോവിഡിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് ആരോഗ്യമന്ത്രി വെളിപ്പെടുത്തണം. വാസ്തവമാണെങ്കിൽ ലോക രാജ്യങ്ങൾക്ക് മൊത്തം ഉപകാരപ്രദമായ കാര്യമാണ്. തെളിവില്ലാത്തതിനാൽ പല രാജ്യങ്ങളും ചികിത്സാരീതി എന്ന നിലയിൽ ഉപേക്ഷിച്ചതാണ് ഹോമിയോ.

ഹോമിയോ കഴിച്ചാൽ പ്രതിരോധം ലഭിക്കുമെങ്കിൽ എന്തിനാണ് ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ഡോക്ടർമാരും നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത് എന്ന് മനസ്സിലാവുന്നില്ല.

അലോപ്പതിയിൽ കാര്യമായ മരുന്നൊന്നും ഇല്ലെന്ന്. അലോപ്പതിയുടെ കാര്യം അറിയില്ല. ആധുനിക വൈദ്യശാസ്ത്രത്തിൽ കൊറോണ വൈറസിനെതിരെ സ്പെസിഫിക് ആന്റിവൈറൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നത് ശരിയാണ്. വാക്സിനും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കുറച്ചു നാളുകൾ കൊണ്ട് രണ്ടും കണ്ടുപിടിക്കും എന്ന കാര്യത്തിൽ സംശയവും ഇല്ല. പക്ഷേ, ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയുണ്ട്. രോഗലക്ഷണങ്ങൾ അനുസരിച്ച് പല മരുന്നുകളും നൽകുകയും ചെയ്യും.

ലോകത്ത് ഇതുവരെ എഴുപതിനായിരത്തിലധികം പേർ കൊറോണ രോഗവിമുക്തി നേടിയത് ആധുനിക വൈദ്യശാസ്ത്ര ചികിത്സ കൊണ്ടാണ്. പലവിധ മരുന്നുകളും വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങളും നൽകിയതുകൊണ്ടാണ്. ചികിത്സ സ്വീകരിക്കാതെ വീട്ടിലിരുന്നെങ്കിൽ ഇതിൽ നല്ലൊരു സംഖ്യ മരണമടഞ്ഞേനേ. ഹോമിയോ അല്ലെങ്കിൽ ആയുർവേദം ചികിത്സാരീതിയായി സ്വീകരിച്ചിരുന്നെങ്കിലോ ???

വളരെ തെറ്റായ ഒരു സന്ദേശമാണ് ആരോഗ്യമന്ത്രി കൈമാറുന്നത്. താരതമ്യേന പുതിയ ഒരു വൈറസാണ്. ആ വൈറസ് ഇന്ത്യയിൽ കാണുന്നതിനു മുൻപ് തന്നെ അവകാശവാദമുന്നയിച്ചവരാണ് ആയുഷ് വകുപ്പ്, ഹോമിയോ-സിദ്ധ പ്രതിരോധ മരുന്ന് ഉണ്ട് എന്ന് പറഞ്ഞ്. എന്താണ് അസുഖം എന്നുപോലും മനസ്സിലാവാതെ അവകാശവാദമുന്നയിച്ചവർ. അതൊക്കെ വിശ്വസിച്ച് ജനങ്ങൾ ശാസ്ത്രീയമായ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാതിരുന്നാൽ ! പത്തനംതിട്ട കേസ് റിപ്പോർട്ട് ചെയ്ത സമയത്ത് കോൺടാക്റ്റുകൾ കണ്ടുപിടിക്കാതെ പൊങ്കാല നടത്തിയവരാണ് നമ്മൾ. അതുകൊണ്ട് ജാഗ്രതയെക്കുറിച്ച് അധികം പറയാതിരിക്കുകയാണ് നല്ലത്.

എഴുപതിനായിരത്തിൽ അധികം പേരെ രക്ഷപ്പെടുത്തിയത് ആധുനിക വൈദ്യശാസ്ത്ര ചികിത്സയിലൂടെയാണ് എന്നെങ്കിലും ആരോഗ്യമന്ത്രി ഓർക്കണമായിരുന്നു. കേരളത്തിലെ കൊറോണ രോഗികൾക്കുവേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നത് ശാസ്ത്രീയത ഉറപ്പുവരുത്തിയ ചികിത്സരീതി പരിശീലിക്കുന്നവരാണ് എന്നെങ്കിലും ഓർക്കണമായിരുന്നു.

കേന്ദ്ര സർക്കാരും ആയുഷ് വകുപ്പും കൊറോണ പ്രതിരോധ സംബന്ധമായി ഹോമിയോ-സിദ്ധ പ്രതിരോധത്തെ കുറിച്ച് അശാസ്ത്രീയത പ്രചരിപ്പിച്ചപ്പോൾ ഉള്ള നിലപാട് തന്നെയാണ് ഇവിടെയും. അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് ആരായാലും എതിർക്കുക തന്നെ ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP