Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോക്കുകൾ പിടികൂടിയ സംഭവം: ഉന്നതതല അന്വേഷണം വേണമെന്ന് പോപുലർ ഫ്രണ്ട്

തോക്കുകൾ പിടികൂടിയ സംഭവം: ഉന്നതതല അന്വേഷണം വേണമെന്ന് പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ

കോഴിക്കോട്: കോട്ടയം ജില്ലയിലെ പള്ളിക്കത്തോടുനിന്ന് തോക്കുകളും റിവോൾവറുകളും വെടിയുണ്ടകളുമായി ബിജെപി നേതാവുൾപ്പെടെ അറസ്റ്റിലായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആർഎസ്എസ്സിന്റെ ശക്തികേന്ദ്രത്തിലാണ് തോക്കും തോക്ക് നിർമ്മാണസാമഗ്രികളുമുൾപ്പെടെ വൻ ആയുധശേഖരം കണ്ടെത്തിയതെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

അറസ്റ്റിലായ പ്രതികളിലൊരാളായ കെ എൻ വിജയൻ ആർഎസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുൻ അദ്ധ്യാപകനും നിലവിലെ ബോർഡംഗവുമാണ്. ഇയാൾ ബിജെപി ആർഎസ്എസ് ഉന്നതനേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ നിരന്തരമായി സ്‌കൂൾ സന്ദർശിക്കാറുണ്ട്. മുൻ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ ബിജെപിയുടെ നിരവധി ഉന്നതനേതാക്കൾ പ്രദേശവാസികളാണ്. ആയുധനിർമ്മാണത്തിലും വിതരണത്തിലും ഇവരുടെ പങ്കും അന്വേഷണവിധേയമാക്കണം. കേസ് അട്ടിമറിക്കാൻ ബിജെപി നേതൃത്വം ഇടപെടുന്നുവെന്ന ആക്ഷേപങ്ങളും ഗൗരവമായി കാണണം.

പള്ളിക്കത്തോട് മന്ദിരം കവലയിലെ ആല കേന്ദ്രീകരിച്ചാണ് തോക്കുനിർമ്മാണം നടത്തിവന്നിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. വർഷങ്ങളായി തോക്കുനിർമ്മാണം നടത്തിയിട്ടും അറിഞ്ഞിരുന്നില്ല എന്നത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലഘുലേഖ കൈവശംവച്ചതിന്റെ പേരിൽ കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾക്കെതിരേ യുഎപിഎ ചുമത്തിയ പൊലീസ്, തോക്കുൾപ്പടെ വൻതോതിലുള്ള ആയുധശേഖരം കണ്ടെടുത്തിട്ടും പ്രതികൾക്കെതിരേ ഗൗരവമായ വകുപ്പുകൾ ചുമത്താത്തത് സംശയങ്ങൾക്കിടയാക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കാൻ തയ്യാറാവണം. അറസ്റ്റിലായവർ കഴിഞ്ഞ 12 വർഷമായി തോക്ക് നിർമ്മിച്ച് രാജ്യത്തുടനീളം വിതരണം ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഈ തോക്കുകൾ കണ്ടെത്തുന്നതിന് ഇതരസംസ്ഥാനങ്ങളിലുൾപ്പെടെ സംഘപരിവാര കേന്ദ്രങ്ങളും സംഘപരിവാരപ്രവർത്തകരുടെ വീടുകളും സ്ഥാപനങ്ങളും റെയ്ഡുചെയ്യാൻ പൊലീസ് തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഡൽഹി വംശഹത്യയിലുൾപ്പെടെ സംഘപരിവാരം ഏറ്റവുമധികം പ്രയോഗിച്ച ആയുധം തോക്കായിരുന്നു. പൗരത്വപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട കേസിൽ അറസ്റ്റിലായ അട്ടപ്പാടി സ്വദേശിയായ ആർഎസ്എസ്സുകാരൻ തോക്കുകളുമായി നിൽക്കുന്ന ഫോട്ടോകൾ ഫേസ്‌ബുക്കിൽ പ്രചരിച്ചിരുന്നു. കൊല്ലം കുളത്തൂപ്പുഴയിൽനിന്ന് വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് അടുത്തിടെയാണ്. സംഘപരിവാർ രാജ്യത്ത് കലാപങ്ങൾ അഴിച്ചുവിടുന്നതിന് വൻതോതിൽ ആയുധനിർമ്മാണം നടത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. തോക്കുനിർമ്മാണസാമഗ്രികൾ എവിടെ നിന്നാണ് ലഭിച്ചതെന്നും പ്രതികളുടെ അന്തർസംസ്ഥാന ബന്ധവും അന്വേഷിക്കണം. കൂടാതെ തോക്കുകൾ നിർമ്മിച്ചുനൽകി ഇവർ സമ്പാദിച്ച കോടികളുടെ സാമ്പത്തികനേട്ടത്തെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്നും എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP