Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനരോഷം പതച്ചപ്പോൾ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ആൾക്കൂട്ടം എത്തുന്ന സകല പരിപാടികളും നിരോധിച്ചു; നിയന്ത്രണങ്ങൾ ലംഘിച്ചാൽ അറസ്റ്റ്; ലണ്ടൻ മാരത്തോണിനും പ്രീമിയർ ലീഗിനും പിന്നാലെ ഗ്ലാസ്റ്റൻബറി ഫെസ്റ്റും വിംബിൾഡണും അടക്കം സകല പരിപാടികളും റദ്ദ് ചെയ്യും; ബ്രിട്ടനും അടിയന്തിരാവസ്ഥയിലേക്ക്

ജനരോഷം പതച്ചപ്പോൾ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ആൾക്കൂട്ടം എത്തുന്ന സകല പരിപാടികളും നിരോധിച്ചു; നിയന്ത്രണങ്ങൾ ലംഘിച്ചാൽ അറസ്റ്റ്; ലണ്ടൻ മാരത്തോണിനും പ്രീമിയർ ലീഗിനും പിന്നാലെ ഗ്ലാസ്റ്റൻബറി ഫെസ്റ്റും വിംബിൾഡണും അടക്കം സകല പരിപാടികളും റദ്ദ് ചെയ്യും; ബ്രിട്ടനും അടിയന്തിരാവസ്ഥയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

യുകെയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 800ന് അടുത്തെത്തുകയും മരിച്ചവരുടെ എണ്ണം 11 ആയിത്തീരുകയും ചെയ്തതോടെ വൈറസ് പടരുന്നത് പിടിച്ച് കെട്ടുന്നതിനായി കടുത്ത നടപടികളുമായി ബോറിസ് ജോൺസൻ സർക്കാർ രംഗത്തെത്തി. കൊലയാളി വൈറസിനെ നിയന്ത്രിക്കുന്നതിന് പര്യാപ്തമായ നടപടികൾ സർക്കാർ സ്വീകരിക്കാത്തതിലുള്ള ജനരോഷം ഇരമ്പിയപ്പോഴാണ് സർക്കാർ കടുത്ത നീക്കങ്ങൾക്ക് നിർബന്ധിതമായിരിക്കുന്നത്.ഇതിന്റെ ഭാഗമായി അടുത്ത വീക്കെൻഡ് മുതൽ ആൾക്കൂട്ടം എത്തുന്ന സകല പരിപാടികളും നിരോധിക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പ്രധാനപ്പെട്ട സമ്മർ ഇവന്റുകളായ വിഇ ഡേ കോമെമൊറേഷൻസ്, ചെൽസിയ ഫ്ലവർ ഷോ, ഗ്രാൻഡ് നാഷണൽ ആൻഡ് റോയൽ അസ്‌കൗട്ട് തുടങ്ങിയവും റദ്ദാക്കുമെന്നാണ് ആശങ്ക.

ഈ വക നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഉടനടി അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ലണ്ടൻ മാരത്തോണിനും പ്രീമിയർ ലീഗിനും പിന്നാലെ ഗ്ലാസ്റ്റൻബറി ഫെസ്റ്റും വിംബിൾഡണും അടക്കം സകല പരിപാടികളും റദ്ദ് ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ കൊറോണ സംഹാതാണ്ഡമാടിയ ഇറ്റലിയെ പോലെ തന്നെ ബ്രിട്ടനും അടിയന്തിരാവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മില്യൺ കണക്കിന് പേരെ വീടുകളിൽ നിന്നും ജോലി ചെയ്യുന്നതിനുള്ള സാഹചര്യവും സഹായവും നൽകണമെന്ന് ഗവൺമെന്റ് നിരവധി സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ആളുകൾ ജോലിക്ക് പോവുകയും വരുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഇടപഴകലിലൂടെ കൊറോണ പടരുന്ന സാഹചര്യമൊഴിവാക്കുന്നതിന് വേണ്ടിയാണിത്.

ഇത്തരത്തിൽ നടപ്പിലാക്കുന്ന കൊറോണ സംബന്ധിയായ പുതിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ്ചെയ്യാൻ പൊലീസിന് ഒരു നിശ്ചിത കാലത്തേക്ക് അധികാരം നൽകുന്നതായിരിക്കും. അതായത് വൈറസ് പടരുന്നത് തടയുന്നതിന് അത്യാവശ്യമാണെങ്കിൽ അറസ്റ്റ് പോലുള്ള നീക്കം വരെ പൊലീസിന് നടത്താൻ സാധിക്കുമെന്നർത്ഥം.മറ്റൊരു വിധത്തിൽ പറഞ്ഞാൽ വൈറസ് പടർത്താൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന രോഗികളെ അറസ്റ്റ്ചെയ്ത് ഐസൊലേഷനിലാക്കാനുള്ള അധികാരം പൊലീസിന് കൈമാറാൻ നീക്കം ശക്തമാണ്.പ്രായമായ തങ്ങളുടെ അന്തേവാസികൾക്ക് നിലവിലെ രീതിയിലുള്ള കെയർ പ്രദാനം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ കൗൺസിൽ കെയർ ഹോമുകൾക്ക് അതിനനുസരിച്ചുള്ള നീക്ക് പോക്കുകൾ നടത്താനും അനുവാദം നൽകുന്നതാണ്.

കൊറോണക്കെതിരെ മറ്റ് രാജ്യങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കുമ്പോഴും സ്വന്തം രാജ്യത്തെ ജനങ്ങളെ കൊലയാളി വൈറസിൽ നിന്നും കാത്ത് രക്ഷിക്കുന്നതിന് ബോറിസ് യാതൊന്നും ചെയ്യുന്നില്ലെന്ന വിമർശനം പബ്ലിക്ക് ഹെൽത്ത് എക്സ്പർട്ടുകളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും പെരുകിയതിനെ തുടർന്നാണ് ബോറിസ് ജോൺസൻ വിട്ട് വീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിന് ഗവൺമെന്റിന് പ്രത്യേക അധികാരങ്ങളേകുന്ന എമർജൻസി ലെസിജ്സ്ലേഷൻ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി വളരെയധികം ആളുകൾ ഒന്നിച്ച് ചേരുന്ന വലിയ പരിപാടികൾ റദ്ദാക്കുന്നതിനും സംഘടനകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുമുള്ള അധികാരം സർക്കാരിനേകുന്ന നീക്കങ്ങളും ഇതിലുൾപ്പെടുന്നുവെന്നുമാണ് ഒരു വൈറ്റ്ഹാൾ ഉറവിടം സ്ഥിരീകരിച്ചിരിക്കുന്നത്.

വലിയ പരിപാടികൾ റദ്ദാക്കാൻ നീക്കമുണ്ടെങ്കിലും രാജ്യത്തെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നാണ് എഡ്യുക്കേഷൻ സെക്രട്ടറിയായ ഗാവിൻ വില്യംസൻ പറയുന്നത്. കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചാൽ അവരെ പരിപാലിക്കാൻ മാതാപിതാക്കൾ അവധിയെടുത്ത് വീട്ടിലിരിക്കേണ്ടുന്ന പ്രതിസന്ധിയുണ്ടാക്കുമെന്നും അത് എൻഎച്ച്എസ് പോലുള്ള അവശ്യ സർവീസുകളിൽ ജീവനക്കാരുടെ ക്ഷാമമുണ്ടാക്കുമെന്നും അത് ഈ കൊറോണക്കാലത്ത് വലിയ പ്രശ്നമാകുമെന്നും വില്യംസൻ മുന്നറിയിപ്പേകുന്നു. കൊറോണ വൈറസ് ഇനിയും പടർന്ന് കാര്യങ്ങൾ ഗുരുതരമായാൽ മറ്റ് സീരിയസ് രോഗികളെ ചിത്സിക്കുന്നത് ഒഴിവാക്കി കൊറോണ രോഗികളെ മാത്രം ചികിത്സിക്കാനുള്ള കടുത്ത നിർദ്ദേശം ഹോസ്പിറ്റലുകൾക്ക് നൽകിയേക്കുമെന്ന ആശങ്കയും ശക്തമാണ്.

മാസ് ഗാദറിംഗുകൾ ഒഴിവാക്കാൻ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങുന്ന സർക്കാർ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയതും കടുത്തതുമായ ചുവട് വയ്പുകൾ നടത്താനൊരുങ്ങുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഏതൊക്കെ ഇവന്റുകളെയാണിത് ബാധിക്കുകയെന്നും എത്ര പേർ പങ്കെടുക്കുന്ന പരിപാടിയെയാണ് മാസ് ഗാദറിങ് എന്ന കാറ്റഗറിയിൽ പെടുത്തി നിരോധിക്കുകയെന്ന കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല. എന്നാൽ 500 പേർ മാത്രം പങ്കെടുക്കുന്ന പരിപാടികൾ മാത്രം നടത്താനാണ് സ്‌കോട്ട്ലൻഡ് നിലവിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. യുകെയിലാകമാനം ഈ നിയന്ത്രണം നടപ്പിലാക്കാനായിരിക്കും ബോറിസും ശ്രമിക്കുകയെന്ന സൂചനയുണ്ട്.

ഇതിനിടെ യുകെയിൽ കൊറോണ കൂടുതൽ ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ ശക്തമാണ്. ഇംഗ്ലണ്ടിലെ ഒരു നവജാതശിശുവിന് കൊറോണ സ്ഥിരീകരിച്ചതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ രോഗിയായി ഈ ശിശു മാറിയിരിക്കുകയാണ്. ഹോസ്പിറ്റലുകൾ തങ്ങളുടെ ഇന്റൻസീവ് കെയർ കപ്പാസിറ്റി ത്വരിത ഗതിയിൽ വർധിപ്പിച്ചിട്ടുണ്ട്. രോഗികൾ തിങ്ങി നിറഞ്ഞിരിക്കുന്നതിനാൽ വാർഡുകൾ നേരത്തെ തന്നെ യുദ്ധമേഖല പോലെയായിത്തീർന്നിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എലിസബത്ത് രാജ്ഞി തന്റെ പൊതു പരിപാടികളെല്ലാം മുൻകരുതലിന്റെ ഭാഗമായി റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്.

കൊറോണ പടരുന്ന സാഹചര്യത്തിൽ എല്ലാ അണ്ടർഗ്രാജ്വേറ്റുകളെയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വീടുകളിലേക്ക് അയച്ചിട്ടുണ്ട്. ചില പ്രൈമറി സ്‌കൂളുകളിൽ ഗേറ്റിൽ വച്ച് തന്നെ ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷം മാത്രമേ വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.ഇതിനായി പ്രത്യേക ടെംപറേച്ചർ സ്‌ക്രീനിങ് സംവിധാനങ്ങളാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.സ്‌കൂളുകൾ അടച്ച് പൂട്ടുന്നതുകൊണ്ട് കാര്യമായ ഫലമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ആ വഴിക്ക് നീങ്ങാത്തതെന്നാണ് യുകെ ഗവൺമെന്റ് പറയുന്നത്. എന്നാൽ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത യുകെയിലെ ചില സ്‌കൂളുകൾ അടഞ്ഞ് കിടക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP