Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് കളത്തിലിറക്കുക ലിജുവിനെ എന്ന് മനസ്സിലായതോടെ പീതാംബരൻ മാസ്റ്റർക്കും ശശീന്ദ്രനും അന്ത്യശാസനം നൽകി സിപിഎം; സ്ഥാനാർത്ഥിയായി തോമസ് ചാണ്ടിയുടെ സഹോദരൻ മതിയെന്ന് തീരുമാനിച്ചത് പിണറായി വിജയൻ; സീറ്റ് ഏറ്റെടുക്കുമെന്ന ഭയത്തിൽ സലിം പി മാത്യുവിന്റെ പേര് വെട്ടി എൻസിപി ദേശീയ നേതൃത്വം; കുട്ടനാട്ടിൽ ഇടതുപക്ഷത്തിനായി മത്സരിക്കുക തോമസ് കെ തോമസ് തന്നെ; നിർണ്ണായകമായത് തോമസ് ചാണ്ടിയുടെ ഭാര്യയുടെ കത്ത്

കോൺഗ്രസ് കളത്തിലിറക്കുക ലിജുവിനെ എന്ന് മനസ്സിലായതോടെ പീതാംബരൻ മാസ്റ്റർക്കും ശശീന്ദ്രനും അന്ത്യശാസനം നൽകി സിപിഎം; സ്ഥാനാർത്ഥിയായി തോമസ് ചാണ്ടിയുടെ സഹോദരൻ മതിയെന്ന് തീരുമാനിച്ചത് പിണറായി വിജയൻ; സീറ്റ് ഏറ്റെടുക്കുമെന്ന ഭയത്തിൽ സലിം പി മാത്യുവിന്റെ പേര് വെട്ടി എൻസിപി ദേശീയ നേതൃത്വം; കുട്ടനാട്ടിൽ ഇടതുപക്ഷത്തിനായി മത്സരിക്കുക തോമസ് കെ തോമസ് തന്നെ; നിർണ്ണായകമായത് തോമസ് ചാണ്ടിയുടെ ഭാര്യയുടെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുട്ടനാട് സീറ്റിൽ ഇടതുസ്ഥാനാർത്ഥിയായി എൻ.സി.പി. തോമസ് കെ. തോമസിനെ മത്സരിപ്പിക്കണമെന്ന് എൻസിപി നേതൃത്വത്തിന് സിപിഎമ്മിന്റെ അന്ത്യശാസനം. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സാണ് ഇതിൽ പ്രതിഫലിച്ചത്. ഇതോടെ കുട്ടനാട്ടിൽ തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. കുട്ടനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി എം ലിജു എത്തുമെന്ന സൂചന പുറത്തു വന്നതോടെയാണ് സിപിഎം കർശന നിർദ്ദേശം എൻസിപിക്ക് കൊടുത്തത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കമുണ്ടായാൽ സിപിഎം സീറ്റ് ഏറ്റെടുക്കുമെന്നും അറിയിച്ചു. ഇതോടെ ദേശീയ നേതൃത്വത്തെ കൊണ്ട് തോമസ് കെ തോമസിന് അനുകൂലമായ തീരുമാനം എടുപ്പിക്കുകയായിരുന്നു.

സിപിഎമ്മിന്റെ മനസ്സ് മനസ്സിലാക്കി എൻ.സി.പി. കേന്ദ്രനേതൃത്വം തോമസിനെ സ്ഥാനാർത്ഥിയാക്കാനാണ് താത്പര്യം കാട്ടിയത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായ സലിം പി. മാത്യുവിന്റെയും തോമസ് കെ. തോമസിന്റെയും പേരുകളാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാബരൻ മാസ്റ്റർ കഴിഞ്ഞദിവസം ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിനെ കണ്ടത്. കുട്ടനാട് സീറ്റ് തോമസിന് കൊടുക്കാൻ ഏകപക്ഷീയമായി നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണം എൻ.സി.പി.യിൽ ഉണ്ടായിരുന്നു. പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായി. അഞ്ച് പേരുകൾ സ്ഥാനാർത്ഥിത്വത്തിലേക്ക് ഉയർന്നുവന്നു. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്ററും മന്ത്രി എ.കെ. ശശീന്ദ്രനും മാണി സി. കാപ്പൻ എംഎ‍ൽഎ.യും അടങ്ങുന്ന സമിതിയാണ് സ്ഥാനാർത്ഥികളുടെ പാനലിന് അന്തിമരൂപം നൽകിയത്. ഇതിൽ അന്തിമ തീരുമാനത്തെ സ്വാധീനിച്ചത് സിപിഎമ്മിന്റെ നിലപാടാണ്.

സീറ്റിനുവേണ്ടി സിറ്റിങ് എംഎ‍ൽഎ.യും എൻ.സി.പി. സംസ്ഥാന പ്രസിഡന്റുമായിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ കുടുംബം നേരത്തേതന്നെ രംഗത്തുവന്നിരുന്നു. തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വത്തിനും കത്തു നൽകി. ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിന് സീറ്റ് നൽകണമെന്നായിരുന്നു അഭ്യർത്ഥന. തോമസ് കെ. തോമസ് പാർട്ടി പ്രവർത്തകനല്ലെന്ന പരാതിയാണ് അദ്ദേഹത്തെ എതിർക്കുന്നവർ ഉന്നയിച്ചത്. പാർട്ടിക്കുവേണ്ടി വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സലിം പി. മാത്യുവിന് അവസരം നൽകണമെന്നായിരുന്നു മറുചേരിയുടെ ആവശ്യം. എന്നാൽ സലിം പി മാത്യുവിന് വിജയ സാധ്യത തീരെ ഇല്ലെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ വിലയിരുത്തൽ. തോമസ് ചാണ്ടിയുടെ കുടുംബവുമായി പിണറായിക്ക് വ്യക്തിബന്ധവും ഉണ്ട്. ഇതോടെ കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹാതാപ തരംഗം ചർച്ചയാക്കാൻ സഹോദരനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നിർദ്ദേശിക്കുകയായിരുന്നു.

തോമസ് കെ. തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കുട്ടനാട് നിലനിർത്താൻ കഴിയുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. തോമസ് ചാണ്ടിയുടെ സഹോദരൻ എന്നനിലയിൽ തോമസ് മണ്ഡലത്തിൽ സുപരിചിതനാണെന്നും അവർ പറയുന്നു. തോമസ് ചാണ്ടി കുവൈറ്റിൽ ബിസിനസ്സുമായി പോകുമ്പോൾ മണ്ഡലത്തിൽ ഇടപെടൽ നടത്തിയത് സഹോദരനായിരുന്നു. ഇതെല്ലാം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. കുട്ടനാട്ട് സീറ്റ് യുഡിഎഫിൽ കേരളാ കോൺഗ്രസ് മാണിക്കാണ്. എന്നാൽ മാണി വിഭാഗത്തിലെ ഭിന്നത കാരണം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. അങ്ങനെ വന്നാൽ ജനകീയ മുഖമായ ഡിസിസി അധ്യക്ഷൻ എം ലിജു കുട്ടനാട്ടിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകും. ഇത് മനസ്സിലാക്കിയാണ് എൻസിപിയിൽ ഭിന്നത വേണ്ടെന്ന് സിപിഎം നിർദ്ദേശം.

ലിജു മികച്ച സ്ഥാനാർത്ഥിയാകുമെന്ന് ഇടതു പക്ഷം കരുതുന്നു. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണ്ണയം പ്രശ്‌നങ്ങളിലേക്ക് കടക്കുന്നത് ഒട്ടും ഗുണകരമാകില്ലെന്ന് സിപിഎം വിലയിരുത്തുന്നു. കുട്ടനാട്ടിൽ ജയിക്കേണ്ടത് ഭരണ തുടർച്ചയ്ക്ക് സിപിഎമ്മിന് അനിവാര്യതയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ മായ്ക്കാൻ കൂടി അത് സഹായകകരമാകും. അതുകൊണ്ട് തന്നെ കരുതലോടെയാണ് സിപിഎം നീക്കങ്ങൾ. പ്രചരണവും ഉടൻ തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP