Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മദ്യവിൽപനശാലകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി എം. സുധീരന്റെ കത്ത്; മദ്യവിൽപന കേന്ദ്രങ്ങളും ബാറുകളും നിർബാധം പ്രവർത്തിക്കുന്നതിന് കളമൊരുക്കുന്ന സർക്കാരിന്റെ നയസമീപനം പ്രതിഷേധാർഹമെന്ന് സുധീരൻ

മദ്യവിൽപനശാലകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി എം. സുധീരന്റെ കത്ത്; മദ്യവിൽപന കേന്ദ്രങ്ങളും ബാറുകളും നിർബാധം പ്രവർത്തിക്കുന്നതിന് കളമൊരുക്കുന്ന സർക്കാരിന്റെ നയസമീപനം പ്രതിഷേധാർഹമെന്ന് സുധീരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധ നടപടികളുടെ ഭാഗമായി മദ്യവിൽപനശാലകൾ അടച്ചുപൂട്ടണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. വളരെയേറെ ആളുകൾ കൂടുന്ന മദ്യവിൽപന കേന്ദ്രങ്ങളും ബാറുകളും നിർബാധം പ്രവർത്തിക്കുന്നതിന് കളമൊരുക്കുന്ന സർക്കാരിന്റെ നയസമീപനം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സുധീരൻ പറഞ്ഞു.

സംസ്ഥാന നിയമസഭാസമ്മേളനം ചേരുന്നതുപോലും ഉപേക്ഷിക്കുന്നതരത്തിലുള്ള കടുത്ത നടപടി സ്വീകരിച്ച ബഹു. മുഖ്യമന്ത്രി മദ്യശാലകളും മദ്യവില്പന കേന്ദ്രങ്ങളും സർവ്വതന്ത്ര സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൽ അപകടം കാണാതെ പോകുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഇതര മേഖലകളിൽ സ്വീകരിച്ച നടപടികൾ നിർബന്ധമായും മദ്യമേഖലയ്ക്കും ബാധകമാക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെടുന്നു.

ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി എന്നിവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.

കത്തിന്റെ പൂർണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആൾക്കൂട്ടങ്ങൾ ഉണ്ടാകാനിടയുള്ള മേഖലകളിൽ നിയന്ത്രണവും മറ്റ് നടപടികളും ഏർപ്പെടുത്തിയത് ഏറ്റവും ഉചിതമായി.

വിദ്യാലയങ്ങൾ, കലാലയങ്ങൾ, സിനിമാശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചതും സർക്കാർ-സർക്കാരിതര പൊതുപരിപാടികൾ, പി.എസ്.സി. പരീക്ഷകളുൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ നിശ്ചയിക്കപ്പെട്ട പരീക്ഷകൾ, സെക്രട്ടറിയറ്റ്, പി.എസ്.സി., പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പഞ്ചിങ്ങ് ഇതെല്ലാം ഒഴിവാക്കിയതും, മതപരമായ ആചാരങ്ങൾക്കും ചടങ്ങുകൾക്കും, ആരാധനാലയങ്ങളിലെത്തുന്ന ഭക്തജനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയതും അനിവാര്യമായ നടപടി തന്നെയാണ്.

എന്നാൽ വളരെയേറെ ആളുകൾ കൂടുന്നതായിട്ടുള്ള മദ്യശാലകളും, മദ്യവില്പന കേന്ദ്രങ്ങളും ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നടപടികളുടെ പരിധിയിൽ വരുന്നില്ലെന്നത് എന്തുകൊണ്ട് എന്ന ചോദ്യം സാർവ്വത്രികമായി ഉയർന്നിരിക്കയാണ്.

സംസ്ഥാന നിയമസഭാസമ്മേളനം ചേരുന്നതുപോലും ഉപേക്ഷിക്കുന്നതരത്തിലുള്ള കടുത്ത നടപടി സ്വീകരിച്ച ബഹു. മുഖ്യമന്ത്രി മദ്യശാലകളും മദ്യവില്പന കേന്ദ്രങ്ങളും സർവ്വതന്ത്ര സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൽ അപകടം കാണാതെ പോകുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഇത്രയും അപകടകരമായ കൊറോണയുടെ പശ്ചാത്തലത്തിൽപോലും മദ്യമേഖലയെ നിർബാധം പ്രവർത്തിക്കുന്നതിന് കളമൊരുക്കുന്ന സർക്കാരിന്റെ നയസമീപനം പ്രതിഷേധാർഹമാണ്. ജനങ്ങളോടുള്ള അനീതിയുമാണ്.

ജനങ്ങളുടെ ജീവൻ വെച്ച് പന്താടാനാകില്ലല്ലോ. എത്രയും വേഗത്തിൽത്തന്നെ തെറ്റുതിരുത്തണം. ഇതര മേഖലകളിൽ സ്വീകരിച്ച നടപടികൾ നിർബന്ധമായും മദ്യമേഖലയ്ക്കും ബാധകമാക്കണം.

മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഭാഗമായി മദ്യശാലകളും മദ്യവില്പനകേന്ദ്രങ്ങളും അടച്ചുപൂട്ടാൻ സർക്കാർ തയ്യാറാകണം. പഴുതടച്ചുകൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി നമുക്ക് മുന്നോട്ടുപോയേ മതിയാകൂ. ഇക്കാര്യത്തിൽ വേണ്ടതെല്ലാം അടിയന്തിരമായി ചെയ്യണമെന്ന് താൽപര്യപ്പെടുന്നു.

സ്‌നേഹപൂർവ്വം

വി എം.സുധീരൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP