Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളെ നേരിടാൻ കോവിഡിനെ മറയാക്കുന്നുവെന്ന് രമേശ് ചെന്നിത്തല; സഭാനടപടികൾ നിർത്തി സർക്കാർ ഒളിച്ചോടുകയാണെന്നും വിമർശനം; ചോദ്യങ്ങളോട് ആരോഗ്യ മന്ത്രി വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല; രോഗിയെ നിരീക്ഷിക്കുന്നതിൽ തിരുവനന്തപുരത്ത് വീഴ്ചയുണ്ടായി; നിരീക്ഷണത്തിലുള്ളയാളെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയും പിന്നീട് പരിശോധന ഫലം വന്നപ്പോൾ അദ്ദേഹത്തെ അന്വേഷിച്ച് കണ്ടുപിടിക്കുകയും ചെയ്‌തെന്ന് എം കെ മുനീർ; കെ കെ ഷൈലജക്കെതിരെ പ്രതിപക്ഷം

സർക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളെ നേരിടാൻ കോവിഡിനെ മറയാക്കുന്നുവെന്ന് രമേശ് ചെന്നിത്തല; സഭാനടപടികൾ നിർത്തി സർക്കാർ ഒളിച്ചോടുകയാണെന്നും വിമർശനം; ചോദ്യങ്ങളോട് ആരോഗ്യ മന്ത്രി വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല; രോഗിയെ നിരീക്ഷിക്കുന്നതിൽ തിരുവനന്തപുരത്ത് വീഴ്ചയുണ്ടായി; നിരീക്ഷണത്തിലുള്ളയാളെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയും പിന്നീട് പരിശോധന ഫലം വന്നപ്പോൾ അദ്ദേഹത്തെ അന്വേഷിച്ച് കണ്ടുപിടിക്കുകയും ചെയ്‌തെന്ന് എം കെ മുനീർ; കെ കെ ഷൈലജക്കെതിരെ പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ച്ച ആരോപിച്ചു സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാന സർക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളെ നേരിടാൻ കോവിഡ് 19നെ മറയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോവിഡ് 19ന്റെ മറവിൽ സഭാനടപടികൾ നിർത്തി സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് 19 പടരുന്നതിനാൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ വിമർശനം.

സർക്കാറിന്റെ അഴിമതികളും സ്വജനപക്ഷപാതവും ഇനിയും പുറത്തുവരാതിരിക്കാനുള്ള തന്ത്രമാണ് സഭ നിർത്തിവെക്കുന്നത്. ഈ സഭാസമ്മേളനം നടന്നതോടെ സർക്കാർ പ്രതിക്കൂട്ടിലായി. പ്രളയഫണ്ട് തട്ടിപ്പ്, ഹോർട്ടികോർപ് അഴിമതി, അരി തട്ടിപ്പ്, വിദ്യാഭ്യാസ വകുപ്പിലെ അഴിമതി തുടങ്ങിയവ ഉയരുമെന്ന ഭയത്താലാണ് കോവിഡ് 19ന്റെ പേരിൽ സഭാനടപടികൾ നിർത്തിവെച്ച് സർക്കാർ ഒളിച്ചോടിയത് -ചെന്നിത്തല പറഞ്ഞു. സഭ നിർത്തിവെച്ച് കോവിഡ് സാഹചര്യം ചർച്ചചെയ്യുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ചർച്ചയേ വേണ്ട എന്ന നിലപാട് ശരിയല്ല. 2013ൽ അന്നത്തെ പ്രതിപക്ഷം നിയമസഭയിൽ അതിക്രമം കാട്ടിയതിന്റെ അഞ്ചാം വാർഷികമാണ് ഇന്നെന്നും ചെന്നിത്തല ഓർമിപ്പിച്ചു.

അതേസമയം കോവിഡ് 19 വൈറസ് ബാധയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ചർച്ചയിൽ എം കെ മുനീറും ആരോഗ്യ വകുപ്പിനെതിരെ വിമർശനം ഉന്നയിച്ചു. മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ. എം.കെ മുനീറാണ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സർക്കാറിന് വിഴ്ച പറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. വൈറസ് ബാധയെ കുറിച്ചുള്ള കേന്ദ്ര സർക്കാറിന്റെ മുന്നറിയിപ്പ് സംസ്ഥാന സർക്കാർ ഗൗരവമായി എടുത്തില്ലെന്ന് എം.കെ മുനീർ പറഞ്ഞു. ആരോഗ്യ മന്ത്രി വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല. വിഷയത്തിൽ ചോദ്യങ്ങൾ ഉയരുന്നത് സ്വഭാവികമാണ്. അതിനോടും വൈകാരികമായി പ്രതികരിക്കരുത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ യോഗം സർക്കാർ വിളിക്കേണ്ടതായിരുന്നുവെന്നും മുനീർ ചൂണ്ടിക്കാട്ടി.

രോഗിയെ നിരീക്ഷിക്കുന്നതിൽ തിരുവനന്തപുരത്ത് വീഴ്ചയുണ്ടായി. നിരീക്ഷണത്തിലുള്ളയാളെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയും പിന്നീട് പരിശോധന ഫലം വന്നപ്പോൾ അദ്ദേഹത്തെ അന്വേഷിച്ച് കണ്ടുപിടിക്കുകയും ചെയ്തു. ഇതാണ് സംസ്ഥാനത്തെ അവസ്ഥ. താഴേത്തട്ടിലുള്ള ഡോക്ടർമാരെ വെച്ചല്ല ഇനി കാര്യങ്ങൾ നടത്തേണ്ടതെന്നും വിദഗ്ദരുടെ പ്രത്യേക പാനൽ തയാറാക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.

സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സർക്കാറിന് മംഗളപത്രം എഴുതുകയല്ല പ്രതിപക്ഷ ധർമം. സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിറവേറ്റും. എല്ലാ ദിവസവും ആരോഗ്യ മന്ത്രി വാർത്താസമ്മേളനം ഭീതി ഉണ്ടാകും. ജനങ്ങൾ അറിയേണ്ട കാര്യം അറിയിച്ചാൽ മതി. ജനത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, നിയമസഭയെ ആരോഗ്യ മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് കെ.കെ. ശൈലജക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടിസ് നൽകിയത്. കോവിഡ്-19 വൈറസ് ബാധയിൽ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പി.ടി തോമസ് ആണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യം മുൻനിർത്തിയാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. സമ്മേളനം ഇന്ന് അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP