Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അമ്മ'യിൽ രണ്ട് കൊല്ലത്തിൽ ഭാരവാഹികൾ മാറും; കാലാവധി തീർന്നപ്പോൾ സ്ഥാനം ഒഴിഞ്ഞു; അതിന് ശേഷം ഒരാൾ ട്രഷറർ ആകുന്നത് പ്രതികാരമാകില്ല; ഹൗ ഓർഡ് ആർ യുവിൽ അഭിനയിക്കുന്നത് അറിഞ്ഞ് വിളിച്ചിരുന്നുവെന്നത് ശരി; എന്നാൽ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടില്ല; അപ്പോൾ ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായിരുന്നില്ലെന്നും വക്കീൽ ബുദ്ധി; നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോയും ദിലീപിനെ കൈവിട്ടില്ലെന്ന് സിനിമാ ലോകത്തെ ചർച്ചകൾ; പ്രോസിക്യൂഷനെ രാമൻപിള്ള വക്കീൽ പ്രതിരോധത്തിലാക്കുന്നുവോ?

'അമ്മ'യിൽ രണ്ട് കൊല്ലത്തിൽ ഭാരവാഹികൾ മാറും; കാലാവധി തീർന്നപ്പോൾ സ്ഥാനം ഒഴിഞ്ഞു; അതിന് ശേഷം ഒരാൾ ട്രഷറർ ആകുന്നത് പ്രതികാരമാകില്ല; ഹൗ ഓർഡ് ആർ യുവിൽ അഭിനയിക്കുന്നത് അറിഞ്ഞ് വിളിച്ചിരുന്നുവെന്നത് ശരി; എന്നാൽ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടില്ല; അപ്പോൾ ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായിരുന്നില്ലെന്നും വക്കീൽ ബുദ്ധി; നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോയും ദിലീപിനെ കൈവിട്ടില്ലെന്ന് സിനിമാ ലോകത്തെ ചർച്ചകൾ; പ്രോസിക്യൂഷനെ രാമൻപിള്ള വക്കീൽ പ്രതിരോധത്തിലാക്കുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുഞ്ചാക്കോ ബോബന്റെ മൊഴി ദിലീപിന് എതിരാണെന്ന വാർത്തകളാണ് പുറത്തു വന്നത്. എന്നാൽ ദിലീപിനെതിരെ കുഞ്ചാക്കോ ഒരു വരി പോലും പറഞ്ഞിട്ടില്ലെന്നതാണ് സിനിമാ ലോകത്തെ ചർച്ച. അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്ന് വ്യക്തിവിരോധം കൊണ്ട് ദിലീപ് മാറ്റിയതാണെന്ന വാദവും കോടതിയിൽ കുഞ്ചാക്കോ തള്ളി പറഞ്ഞതായാണ് സൂചന. കേസിൽ എല്ലാം ദിലീപിന് അനുകൂലമാണെന്ന തരത്തിലാണ് സിനിമാ ലോകം പങ്കുവയ്ക്കുന്ന പ്രതീക്ഷ. ഇനി സിനിമാ ലോകത്ത് നിന്ന് മൊഴി കൊടുക്കാനെത്തുന്നവരും പ്രോസിക്യൂഷനെ തള്ളി പറയുമെന്നാണ് ഉയരുന്ന നിരീക്ഷണങ്ങൾ.

താര സംഘടനയായ അമ്മയുടെ ട്രഷറർ ആയിരുന്നു കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് ദിലീപ് ആ സ്ഥാനത്ത് എത്തിയത്. ഇതിന് പിന്നിൽ ദിലീപിന്റെ വൈരാഗ്യമെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. മഞ്ജു വാര്യർക്കൊപ്പം ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ കുഞ്ചാക്കോ നായകനായതിന്റെ പ്രതികാരമെന്നായിരുന്നു ആക്ഷേപം. ഇത് കോടതിയിൽ കുഞ്ചാക്കോ നിഷേധിച്ചുവെന്നാണ് സിനിമാക്കാർക്കിടയിലെ ചർച്ച. ദിലീപ് പ്രതികാര ബുദ്ധിയില്ലാത്ത വ്യക്തിയാണെന്ന് തെളിയിക്കാൻ കുഞ്ചാക്കോയുടെ മൊഴി രാമൻ പിള്ള വക്കീലിനെ സഹായിക്കുമെന്നും അവർ പറയുന്നു. നടിയെ ആക്രമിച്ച പൾസർ സുനിക്കും മറ്റും അർഹിച്ച ശിക്ഷ ഉറപ്പാക്കിയാണ് രാമൻ പിള്ള വക്കീൽ ദിലീപിന് വേണ്ടി വാദമുയർത്തുന്നതെന്നും അവർ പറയുന്നു.

ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ നായകനാകുന്നത് അറിഞ്ഞ് തന്നെ ദിലീപ് വിളിച്ചിരുന്നുവെന്ന് കോടതിയിൽ കുഞ്ചാക്കോ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഈ സിനിമയിൽ അഭിനയിക്കരുതെന്ന് പറയാനായിരുന്നില്ല. കാര്യങ്ങൾ ചോദിച്ചു. ഈ സമയം താൻ വേണമെങ്കിൽ അഭിനയിക്കാതിരിക്കാമെന്ന് അങ്ങോട്ട് ദിലീപിനോട് പറഞ്ഞു. എന്നാൽ അത് കുഴപ്പമില്ലെന്നായിരുന്നു ദിലീപ് തന്നോട് പറഞ്ഞതെന്നാണ് കുഞ്ചാക്കോ കോടതിയെ അറിയിച്ചതെന്നാണ് സിനിമാ ലോകത്തെ ചർച്ച. ദിലീപ്-മഞ്ജുവാര്യർ വിവാഹ മോചനത്തെ കുറിച്ച് അറിയാമായിരുന്നതിനാലാണ് താൻ വേണമെങ്കിൽ അഭിനയിക്കാതിരിക്കാമെന്ന നിർദ്ദേശം മുമ്പോട്ട് വച്ചതെന്നും കുഞ്ചാക്കോ പറഞ്ഞുവത്രേ. ഈ സമയം ഹൗ ഓൾഡ് ആർയുവിൽ അഭിനയിക്കുമ്പോൾ ദിലീപ്-മഞ്ജു വാര്യർ വിവാഹ മോചനം നടന്നിട്ടില്ലെന്ന വാദവും ചർച്ചയായെന്നും സിനിമാക്കാർ പറയുന്നു.

ട്രഷറർ സ്ഥാനവുമായി ബണ്ഡപ്പെട്ട ആരോപണവും കുഞ്ചാക്കോ നിഷേധിച്ചുവെന്നാണ് സിനിമാക്കാർ പറയുന്നത്. താര സംഘടനയിൽ രണ്ട് കൊല്ലത്തിൽ ഒരിക്കലാണ് തെരഞ്ഞെടുപ്പ്. താൻ കാലാവധി പൂർത്തിയായപ്പോൾ തെരഞ്ഞെടുപ്പ് വന്നു. അപ്പോൾ പല ഭാരവാഹികളും സ്ഥാനം വിട്ടു. അക്കൂട്ടത്തിൽ താനും ഒഴിഞ്ഞു. ഈ സമയം ഇലക്ഷനിലൂടെ ദിലീപ് ട്രഷററായി. ഇത് താര സംഘടനയിലെ സ്വാഭാവിക നടപടിയാണ്. ഇതിന് പിന്നിൽ ആരുടേയും പ്രതികാരമില്ലെന്നും കുഞ്ചാക്കോ കോടതിയെ അറിയിച്ചത്രേ. അങ്ങനെ തീർത്തും കാര്യങ്ങൾ ദിലീപിന് അനുകൂലമായി. ഭാമയെ സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചെന്നും കഥകളുണ്ട്. പ്രോസിക്യൂഷൻ സാക്ഷിയായി ഭാമ പറയുന്ന സത്യവും ദിലീപിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. സിദ്ദിഖും മുകേഷും പറയുന്നതും ഗൂഢാലോചനാ വാദത്തെ പൊളിക്കുമെന്ന് പറയുന്നവരുണ്ട്. അങ്ങനെ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ പ്രതിരോധത്തിലാണെന്നാണ് സിനിമാക്കാർക്കിടയിലെ ചർച്ച.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ ബിന്ദു പണിക്കർ മൊഴി മാറ്റി. പൊലീസിന് മുൻപ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കർ കോടതിയിൽ മാറ്റി പറഞ്ഞത്. പ്രോസിക്യൂഷൻ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു, തുടർന്ന് മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷൻ തന്നെ ക്രോസ് വിസ്താരവും നടത്തി. നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ താരം കുഞ്ചാക്കോ ബോബന്റെ വിസ്താരം നടന്നു. കലൂർ സിബിഐ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിൽ നടിക്ക് അനുകൂലമായാണ് കുഞ്ചാക്കോ ബോബൻ മൊഴി നൽകിയത്. മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന രീതിയിൽ ദിലീപ് തന്നോട് സംസാരിച്ചതായി കുഞ്ചാക്കോ ബോബൻ നേരത്തെ മൊഴി നൽകിയിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ മൊഴി. ഇതാണ് ഭാഗികമായി കുഞ്ചാക്കോ തള്ളി പറഞ്ഢത്.

അമ്മയുടെ ട്രഷറർ ആയിരുന്ന തന്നെ മാറ്റിയാണ് ദിലീപ് ട്രഷറർ ആയതെന്നും അത് അപ്രതീക്ഷിത നീക്കമായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ നേരത്തെയുള്ള പ്രോസിക്യൂഷൻ മൊഴിയിൽ പറഞ്ഞിരുന്നു. മഞ്ജു വാര്യർ നീണ്ട ഇടവേളക്ക് ശേഷം അഭിനയിച്ച സിനിമയാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ 'ഹൗ ഓൾഡ് ആർയു'. ആ സിനിമയിൽ താൻ അഭിനയിക്കരുതെന്ന് ദിലീപ് തന്നോട് സംസാരിച്ചിരുന്നതായും ആക്രമിക്കപ്പെട്ട നടിയെ താൻ അഭിനിയിച്ച കസിൻസ് എന്ന ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ മൊഴിയിൽ പറഞ്ഞിരുന്നു. ഇതെല്ലാം ദിലീപ് നിഷേധിച്ചുവെന്നാണ് സിനിമാക്കാർ പറയുന്നത്.

കേസിൽ ഇതുവരെ ഒട്ടേറെ താരങ്ങളെ വിസ്തരിച്ചിട്ടുണ്ട്. ഇതിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും ബിന്ദു പണിക്കരും കൂറുമാറി. റിമി ടോമിയുടെ മൊഴിയും ദിലീപിനെ തുണയ്ക്കുന്നതാണ്. നടിയെ ആക്രമിച്ച കേസിൽ പൊലീസിന് മുമ്പ് നൽകിയ മൊഴി പൂർണമായി തള്ളിപ്പറഞ്ഞായിരുന്നു ഇടവേള ബാബുവിന്റെ കൂറുമാറ്റം. കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്റെ സിനിമാ ആവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞു എന്നായിരുന്നു ബാബുവിന്റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നു എന്നും മൊഴിയിലുണ്ടായിരുന്നു.

താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്‌സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു . എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു ഇത് തള്ളിപ്പറയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP