Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഭാ മേലധികാരികളുടെ അഴിമതിക്കെതിരെ പ്രതികരിച്ചപ്പോൾ നോട്ടപ്പുള്ളിയാക്കി; എയിഡ്‌സ് രോഗികളെ ശുശ്രൂഷിക്കാനുള്ള ആശുപത്രിക്ക് വരുമാനം ഉണ്ടാക്കാൻ തുടങ്ങിയ സ്‌കൂളിന്റെ ലാഭത്തിൽ കണ്ണുവെച്ചപ്പോൾ പ്രതികരിച്ചു; നിയമവിരുദ്ധ ഉത്തരവ് വത്തിക്കാൻ റദ്ദാക്കിയപ്പോൾ സസ്‌പെൻഷൻ കാലയളവിനെ ഒളിച്ചോട്ടമാക്കി ചിത്രീകരിച്ചു പിരിച്ചുവിട്ടു; അനുസരണക്കേടെന്ന് പറഞ്ഞിട്ടും സാമ്പത്തിക ക്രമക്കേടെന്ന് പ്രചരിപ്പിച്ചു; മറുനാടൻ എഡിറ്ററുടെ സഹോദരനെ വൈദികവൃത്തിയിൽ നിന്നും പുറത്താക്കിയ വാർത്തയിലെ സത്യം ഇങ്ങനെ

സഭാ മേലധികാരികളുടെ അഴിമതിക്കെതിരെ പ്രതികരിച്ചപ്പോൾ നോട്ടപ്പുള്ളിയാക്കി; എയിഡ്‌സ് രോഗികളെ ശുശ്രൂഷിക്കാനുള്ള ആശുപത്രിക്ക് വരുമാനം ഉണ്ടാക്കാൻ തുടങ്ങിയ സ്‌കൂളിന്റെ ലാഭത്തിൽ കണ്ണുവെച്ചപ്പോൾ പ്രതികരിച്ചു; നിയമവിരുദ്ധ ഉത്തരവ് വത്തിക്കാൻ റദ്ദാക്കിയപ്പോൾ സസ്‌പെൻഷൻ കാലയളവിനെ ഒളിച്ചോട്ടമാക്കി ചിത്രീകരിച്ചു പിരിച്ചുവിട്ടു; അനുസരണക്കേടെന്ന് പറഞ്ഞിട്ടും സാമ്പത്തിക ക്രമക്കേടെന്ന് പ്രചരിപ്പിച്ചു; മറുനാടൻ എഡിറ്ററുടെ സഹോദരനെ വൈദികവൃത്തിയിൽ നിന്നും പുറത്താക്കിയ വാർത്തയിലെ സത്യം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഭാ നേതൃത്വത്തിന്റെ അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തിയ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്തു സഭ. നടപടിക്ക് വിധേയനായ വൈദികൻ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ സഹോദരനായതു കൊണ്ടു ആരോപണത്തിലോ കുറ്റപത്രത്തിലോ പോലും ഇല്ലാത്ത സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചു വ്യാജവാർത്ത പ്രചരിപ്പിക്കുന്നതും സഭാനേതൃത്വത്തിന്റെ പിന്തുണയോടെ. വൈദിക വൃത്തിയിൽ നിന്നോ കത്തോലിക്കാ സഭയിൽ നിന്നോ പുറത്താക്കിയില്ലെങ്കിലും അങ്ങനെയാണ് നടപടിയെന്ന് പ്രചരിപ്പിക്കാൻ ചിലർ രംഗത്തിറങ്ങിയതിനെതിരെ സഭയ്ക്കുള്ളിൽ നിന്നു തന്നെ പ്രതിഷേധം ശക്തമാണ്. മഹാരാഷ്ട്രയിലെ പഞ്ചഗണിയിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള എയിഡ്‌സ് രോഗികളെ ശുശ്രൂഷിക്കുന്ന ആശുപത്രിയും നഴ്‌സിങ് കോളേജും നടത്തുകയാണ് ചെയ്യുന്ന ഫാദർ ടോമി കരിയിലക്കുളത്തിന് എതിരെയുള്ളതാണ് സഭാ നേതൃത്വത്തിന്റെ ഒത്താശയോടെ സൈബർ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

എംസിബിഎസ് സന്യാസ സഭയുടെ കീഴിൽ മഹാരാഷ്ട്രയിലുള്ള പഞ്ചഗണിയിലെ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു ടോമി കരിയലക്കുളം. വത്തിക്കാനെ വരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ നടപടി കൈക്കൊണ്ടിരിക്കുന്നത്. സഭാ മേലധികാരിയുടെ അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ഫാദർ ടോമിക്കെതിരെ ആക്ഷേപങ്ങളുമായി എത്തിയതും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതും. ഇക്കഴിഞ്ഞ ഫെബ്രുവരി 17ാം തീയതി വൈദികനെതിരെ വത്തിക്കാൻ നടപടി സ്വീകരിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തിൽ സസ്‌പെൻഷൻ നടപടി നേരിട്ട അദ്ദേഹത്തിനെതിരായ നടപടിയുടെ കാലയളവിനെ ഒളിച്ചോട്ടമാക്കി ചിത്രീകരിച്ചു കൊണ്ടാണ് ഇപ്പോൾ പിരിച്ചുവിടൽ നടപടി വന്നിരിക്കുന്നത്. മാർച്ച് 7ാം തീയതി വൈദികനെ എംസിബിഎസ് സഭയിൽ നിന്നും പുറത്താക്കിയതായി വത്തിക്കാനിൽ നിന്നും അറിയിപ്പ് ലഭിച്ചു.

നടപടിക്കെതിരെ വൈദികന് അപ്പോസ്തോലിക വിഭാഗത്തെ സമീപിക്കാമെന്നും പുറത്താക്കി കൊണ്ടുള്ള കത്തിൽ വിശദമാക്കുന്നുണ്ട്. ഇത് പ്രകാരം ഫാദർ ടോമി വത്തിക്കാന് അപ്പീൽ നൽകുകയും ചെയ്തു. ഇതിനിടെയാണ് സഭയിലെ ഒരു വിഭാഗം വൈദികർ ഫാദർ ടോമിക്കെതിരെ വ്യാജ ആരോപണങ്ങൾ സഹിതം ചാനലുകൾ കയറി ഇറങ്ങിയത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് വാർത്തകളിൽ പറയുന്നത്. എന്നാൽ, അത്തരമൊരു ആരോപണം അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നില്ല. അച്ചടക്ക ലംഘനത്തിനെതിരായ നടപടി മാത്രമാണ് ഉണ്ടായത്. എന്നാൽ, മറുനാടൻ മലയാളി എഡിറ്ററുടെ സഹോദരൻ ആണെന്ന കാരണത്താൽ സഭയിലെ ഉന്നതർ തന്നെ ഈ വിഷയത്തിൽ ഇടപെടൽ നടത്തുകയായിരുന്നു.

മഹാരാഷ്ട്രയിലെ പഞ്ചഗണിയിലെ ബെൽ എയർ ആശുപത്രിയെ വളർത്തി വലുതാക്കിയതിലെ പ്രധാനി ഫാദർ ടോമി കരിയിലക്കുളമാണ്. 1993 മുതൽ അദ്ദേഹം ഇവിടെ പ്രവർത്തിച്ചു വരുന്നു. അന്ന് ജനറളായിരുന്ന കോട്ടേരിയച്ചനാണ് പഞ്ചഗണിയിലേക്ക് ടോമിെയ നിയമിക്കുന്നത്. ഇവിടെ ബെൽ എയർ ആശുപത്രി ഏറ്റെടുത്തു വിപുലപ്പെടുത്തുകയും ചെയ്തു അദ്ദേഹം. ഇതിനായി റെഡ്‌ക്രോസിന്റെ സഹായവും തേടി. 94ൽ ഫാദർ ടോമി ഒപ്പിട്ട ഈ കരാർ പ്രകാരം റെഡ്‌ക്രോസുമായി സഹകരിക്കുന്ന ആശുപത്രിയുടെ ചുമതലക്കാരനാക്കി ഫാദർ ടോമിയെ നിയമിച്ചു. ഫാദർ ടോമിയെ മാറ്റി മറ്റൊരാളെ നിയമിക്കണം എങ്കിൽ പിൻഗാമിയെ പരിശീലിപ്പിച്ച് റെഡ് ക്രോസിന് കൂടി സ്വീകാര്യമായി രീതിയിലേ സ്ഥലം മാറ്റാവൂ എന്നും കൃത്യമായി അന്നത്തെ കരാറിൽ കുറിച്ചിരുന്നു. ഈ കരാർ ലംഘിച്ച് ഫാദർ ടോമിയെ മാറ്റാനുള്ള ശ്രമമാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്. ഈ കരാറുമായുള്ള തർക്കങ്ങളുടെ ഭാഗമായി മൂന്ന് വർഷമായി കോടതിയിൽ കേസും വത്തിക്കാനിൽ നടപടികളും നടക്കുന്നുണ്ട്.

ഇന്ന് മഹാരാഷ്ട്രയിൽ എച്ച്‌ഐവി ബാധിതരെ പരിചരിക്കുന്ന പ്രശസ്തമായ ആശുപത്രിയാണ് ബെൽ എയർ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര ഗവർണറും അടക്കമുള്ള പ്രമുഖർ അടുത്തിടെ ആശുപത്രി സന്ദർശിക്കുകയും സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്ന ഫാ. ടോമിയുടെ നേതൃമികവിനെ പുകഴ്‌ത്തുകയും ചെയ്തിരുന്നു. ഇതിനിടെ എച്ച്‌ഐവി ബാധിതരെ ശുശ്രൂഷിക്കുന്ന ആശുപത്രിക്ക് സാമ്പത്തികം കണ്ടെത്താനായി സ്‌കൂളും നഴ്‌സിങ് സ്‌കൂളും തുടങ്ങിയിരുന്നു. സ്‌കൂളിൽ നിന്നുള്ള വരുമാനം ആതുരസേവനത്തിനായി ഉപയോഗിക്കുക എന്നതായിരുന്നു ഫാ. ടോമിയുടെ മാതൃക. ഈ മോഡൽ വലിയ വിജയമായതോടെ സഭാ നേതാക്കളിൽ ചിലർ സാമ്പത്തികം ലക്ഷ്യമിട്ട് കണ്ണുവെച്ചു. ഇതോടെയാണ് എയിഡ്‌സ് രോഗികൾക്ക് ആശ്വാസം പകരുന്ന വൈദികനെതിരെ കരുക്കൾ നീക്കിത്തുടങ്ങിയത്.

പഞ്ചഗണിയിലെ അന്താരാഷ്ട്ര സ്‌കൂൾ സാമ്പത്തികമായി ലാഭമായതോടെയാണ് സഭയിലെ ഉന്നതർ ഫാ. ടോമിക്കെതിരെ കരുക്കൾ നീക്കിയത്. ഇക്കൂട്ടർ ബെൽ എയർ ആശുപത്രിയിൽ നിന്നും ഫാദർ കരിയിലക്കുളത്തെ സ്ഥലം മാറ്റുകയായിരുന്നു. ഈ സ്ഥലം മാറ്റം സ്വീകരിച്ചില്ല എന്നതു മാത്രമാണ് ഫാദർ ടോമിക്കെതിരായ ഏക ആരോപണം. എന്നാൽ ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബെൽ എയർ ആശുപത്രിയുടെ ചുമതലക്കാരനായ ടോമിയെ മാറ്റണമെങ്കിൽ റെഡ്‌ക്രോസ് സൊസൈറ്റിക്ക് സമ്മതമാകണം. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നു. ഇങ്ങനെ സഭയും റെഡ്‌ക്രോസും തമ്മിലുള്ള തർക്കത്തെ തുടർന്ന് തന്നെ ബലിയാടാക്കുകയാണ് എന്നാണ് ടോമി പറയുന്നത്.

തനിക്കെതിരെ സഭ എടുത്ത നടപടി ക്രമങ്ങളിൽ രണ്ട് തവണ വത്തിക്കാനിൽ നിന്നും സ്റ്റേ ലഭിച്ചിരുന്നതായും ഫാദർ ടോമി കരിയിലക്കുളം പറയുന്നു. ഇതിനിടെയാണ് സഭയിൽ നിന്നും വിട്ടു പോകാനുള്ള ആഗ്രഹത്തോടെ സഭയിൽ നിന്നും ആറുമാസം പുറത്തു താമസിക്കുന്ന ഒരാളെ പുറത്താക്കാനുള്ള വകുപ്പ് ഉപയോഗിച്ചു ദുഷ്ടലാക്കോടെയാണ് പുറത്താക്കൽ ഓർഡർ പുറത്തിറക്കിയിരിക്കുന്നത്. ഈ ഉത്തരവിനെതിരെ അപ്പീൽ നൽകിയതിനാൽ ഇപ്പോൾ നടപടി മരവിപ്പിച്ച നിലയിലുമാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ തനിക്കെതിരെ പ്രചരണം നടത്തുന്നത്. സാമ്പത്തിക ക്രമക്കേടുകൾ എന്നത് തീർത്തും അടിസ്ഥാന രഹിതമാണ്. ഈ രണ്ട് മൂന്ന് വർഷമായി റെഡ്‌ക്രോസുമായുള്ള തർക്കം വത്തിക്കാന്റെ പരിഗണനയിൽ ഇരിക്കവേയാണ് നടപടി. ഈ ഇപ്പോഴത്ത ഭരണസമിതി ഏപ്രിൽ 13ന് കാലാവധി അവസാനിക്കാൻ ഇരിക്കവേ വ്യക്തിവൈരാഗ്യം തീർക്കാൻ മാത്രമായി തിരിക്കിട്ട് നടത്തുന്ന ഒരു പ്രചരണം മാത്രമാണിത്- ഫാദർ ടോമി വ്യക്തമാക്കി.

ളോഹ ഊരി എന്നത് പച്ചക്കള്ളം

ഫാദർ ടോമി കരിയിലക്കുളത്തെ എംസിബിഎസ് സഭാംഗത്വത്തിൽ നിന്നു മാത്രമാണ് പുറത്താക്കിയത്. എന്നാൽ, ഇതോടെ അദ്ദേഹം ളോഹയൂരി എന്നത് അടക്കമുള്ള വാർത്തകൾ പച്ചക്കള്ളമാണ്. കത്തോലിക്കാ സഭയിൽ നിന്നും വൈദികവൃത്തിയിൽ നിന്നും പുറത്താക്കിയിട്ടില്ലെങ്കിലും അത്തരം പ്രചരണമാണ് ഒരു വിഭാഗം സഭാംഗങ്ങൾ നടത്തുന്നത്. ഇത് തീർത്തും തെറ്റാണ്. മറ്റൊരു ഇടവകയിൽ പ്രവർത്തിക്കാൻ ഫാദർ ടോമിക്ക് യാതൊരു തടസ്സവും നിലവിൽ ഇല്ല. വത്തിക്കാൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മിഷിണറി കൺഗ്രഗേഷൻ ഓഫ് ബ്ലസ്സ്ഡ് സാക്രമെന്റ് മാർച്ച് എട്ടാം തീയ്യതി സുപ്പീരിയർ ജനറൽ ഫാദർ ജോസഫ് മേലേപ്പറമ്പിൽ പുറത്തിറക്കിയ കുറിപ്പിൽ ഒരിടത്തും സാമ്പത്തിക ക്രമക്കേട് കാരണമാണ് ഫാദർ ടോമിയെ പുറത്താക്കിയതെന്ന് പറയുന്നില്ല. ഇതിൽ മാർച്ച് ഏഴിന്് വത്തിക്കാനിൽ നിന്നും ഫാദർ ടോമിയെ പുറത്താക്കിയെന്ന അറിയിപ്പ് ലഭിച്ചെന്നു വ്യക്തമാക്കുന്നു. ഫാ. ടോമിക്ക് ഡിസ്മിസലിനെതിരെ അപ്പീൽ ചെയ്യാൻ 15 ദിവസം അനുവദിച്ചിട്ടുണ്ടെന്നും ജനറളച്ചന്റെ കത്തിൽ പറയുന്നുണ്ട്. 15 ദിവസത്തെ അപ്പീൽ കാലഘട്ടത്തിലും, അപ്പീൽ ചെയ്താൽ അതിനു ശേഷവും ഡിസ്മിസൽ ഡിക്രി സസ്‌പെൻഡ് ഇല്ലെന്നാണ്.

ഡിക്രി കൈപ്പറ്റിയ മാർച്ച് 9-ന് ഫാ. ടോമി എഴുതി ഒപ്പിട്ടു കൊടുത്ത 'അക്നോളഡ്ജ്മെന്റിൽ അപ്പീലിനുള്ള തന്റെ അവകാശം അദ്ദേഹം ഉപയോഗിക്കുമെന്നും, സഭാനിയമാനുസൃതമുള്ള കാലയളവ് തനിക്ക് ലഭിക്കണമെന്നും വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതോടെ മാർച്ച് പത്താം തീയ്യതി ഫാ. ടോമിക്ക് റോമിൽ അപ്പീൽ ചെയ്യുകയും ചെയ്തു. ഇതോടെ അദ്ദേഹത്തെ പുറത്താക്കിയ നടപടി ഫലത്തിൽ മരവിപ്പിക്കപ്പെട്ടു. ഇതിനിടെയാണ് ഫാദർ ടോമി ളോഹ ഊരിയെന്ന് വിധത്തിൽ പച്ചക്കള്ളം സഭയിലെ ഒരു വിഭാഗം പ്രചരിപ്പിച്ചത്. ഇപ്പോഴും കുർബ്ബാന അർപ്പിക്കുന്നതിന് അടക്കം യാതൊരു തടസ്സങ്ങളും ഫാദർ ടോമി കരിയിലക്കുളത്തിന് ഇല്ലെന്നതാണ് മറ്റൊരു വസ്തുത.

സാമ്പത്തിക ക്രമക്കേട് ആരോപണം തെറ്റ്, പുറത്താക്കാൻ ഉപയോഗിച്ചത് ഒളിച്ചോടുന്നവർക്കായുള്ള വകുപ്പ്

ഫാദർ. ടോമി കരിയിലക്കുളത്തിനെ പുറത്താക്കിയത് സാമ്പത്തിക ക്രമക്കേടിനാണ് എന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇത് തീർത്തും അവാസ്തവമാണ്. 600 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ ഉന്നയിച്ച ആരോപണം. എന്നാൽ, അദ്ദേഹത്തിനെതിരെ ഇന്ത്യയിൽ എവിടെയും സാമ്പത്തിക തട്ടിപ്പിന് കേസില്ലെന്നതാണ് വസ്തുത. സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതി പോലും സഭയ്ക്കുള്ളിൽ നിന്നും ഉയർന്നിരുന്നില്ല. വത്തിക്കാൻ പുറപ്പെടുവിച്ച ഇത്തരവിലോ ഇതനുസരിച്ച് എംസിബിഎസ് പുറത്തിറക്കിയ കുറിപ്പിലോ ഫാ. ടോമി സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന് പററയുന്നില്ല. ഇതിൽ നിന്നും തന്നെ അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾ പൊള്ളയാണെന്ന് ബോധ്യമാകും. മാധ്യമങ്ങളിൽ എത്തിച്ചു നൽകിയ കുറിപ്പിൽ പോലും പറയാത്ത കാര്യങ്ങളാണ് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതും. മറുനാടൻ മലയാളി തുടർച്ചയായി സഭാ വിഷയങ്ങളിൽ വാർത്ത നൽകിയതിന് പ്രതികാരം എന്നോണമാണ് മറുനാടൻ എഡിറ്ററുടെ സഹോദരൻ സാമ്പത്തിക തട്ടിപ്പിന് പുറത്തായെന്ന് പ്രചരിപ്പിക്കുന്നത്.

30 വർഷത്തെ വൈദിക സന്യാസ ജീവിതത്തിന് ഉടമയാണ് ഫാ. ടോമി കരിയിലക്കുളം. എംസിബിഎസ് സഭയിലെ അംഗമായ അദ്ദേഹം 25 വർഷത്തോളമായി മഹാരാഷ്ട്രയി പഞ്ചഗണി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇവിടെ ബെൽ എയർ ആശുപത്രി വഴി പാവപ്പെട്ട എച്ച്‌ഐവി രോഗികൾക്ക് ശുശ്രൂഷ നൽകുകയാണ് വൈദികൻ ചെയ്യുന്നത്. ഇത് കൂടാതെ ഒരു നഴ്‌സിങ് കോളേജ് തുടങ്ങുകയും ഇന്റർനാഷണൽ സ്‌കൂൾ തുടങ്ങുകയും ചെയ്തു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേർന്നാണ് ഇതിന്റെയെല്ലാം പ്രവർത്തനം. സ്‌കൂൾ ലാഭകരമായതോടെ സഭാ തലവൻ അതിൽ കണ്ണുവെച്ചു. ഇത് ലാഭകരമായതോടെ സ്‌കൂളിനെ സഭയ്ക്ക് കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ, ഈ നീക്കത്തിന് ഫാദർ ടോമി സമ്മതം അറിയിച്ചില്ല. സ്‌കൂളിന്റെ ലാഭം കൊണ്ടു എച്ച്‌ഐവി രോഗികൾക്ക് സഹായം എത്തിക്കുകയാണ് ചെയ്തത്. ഇത് സഭയ്ക്ക് ലാഭകരമാക്കി മാറ്റാനുള്ള നീക്കത്തിന് കൂട്ടു നില്ക്കാത്തതു കൊണ്ടാണ് അദ്ദേഹത്തിനെതിരെ കരുനീക്കം ഉണ്ടായത്.

ഇതിനിടെ ഫാ. ടോമി കരിയിലക്കുളത്തെ സഭ സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ റെഡ്‌ക്രോസുമായുള്ള കരാർ പ്രകാരം അദ്ദേഹം സ്ഥലം മാറ്റത്തെ അംഗീകരിച്ചില്ല. ഇതോടെ ഫാ. ടോമിക്കെതിരെ അനുസരണക്കേട് എന്ന കുറ്റം ആരോപിച്ചാണ് വത്തിക്കാനിൽ പരാതി പോയത്. ഈ പരാതി അനുസരിച്ചാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായത്. അനുസരണക്കേട് അടങ്ങുന്ന വകുപ്പ് സാധാരണ ഉപയോഗിക്കുന്നത് സഭയിൽ നിന്നും ഒളിച്ചോടുന്ന അച്ചന്മാർക്കെതിരെ പ്രയോഗിക്കുന്നതാണ്. ഇതാണ് ഫാ. ടോമിക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ സാമ്പത്തിക ക്രമക്കേടിന്റെ പേരിലല്ല.

ഫാ. ടോമിയും സഭയും തമ്മിലുള്ള തർക്കം എന്താണ്?

കാൽ നൂറ്റാണ്ടായി പഞ്ചഗണി കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തിയ ഫാദർ ടോമി കരിയിലക്കുളവും എംസിബിസി സഭയും തമ്മിലുള്ള തർക്കം തുടങ്ങിയത് 2017 മുതലാണ്. ബെൽ എയർ ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രിക്കുള്ള അവാർഡ് അടക്കം നേടിക്കൊടുക്കാൻ ഈ വൈദികന് സാധിച്ചു. ഇതിനിടെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചത്. ഫാ. ഡൊമിനിക് മുണ്ടാട്ടായിരുന്നു ഈ നീക്കത്തിന് പിന്നിൽ. പ്രൊവിൻഷ്യൽ അച്ചനായ മുണ്ടാട്ട് സ്ഥാനമേറ്റ ഉടൻ മിഷൻ മൈനർ സെമിനാരി അടച്ചു പൂട്ടാനും സേവ്യേഴ്‌സ് സ്‌കൾ റീജന്റേതല്ല പ്രൊവിൻസിന്റേതാണെന്നും സ്ഥാപിക്കാൻ ശ്രമം നടത്തി. ഈ നീക്കങ്ങളെ ഫാദർ ടോമി എതിർത്തുകയാണ് ഉണ്ടായത്.

ഇതോടെയാണ് ഫാദർ ടോമിക്ക് സ്ഥലം മാറ്റം ഉണ്ടായത്. കടുവാക്കുളത്തേക്കായിരുന്നും പ്രൊവിൻഷ്യൽ അച്ചൻ സ്ഥലം മാറ്റിയത്. പ്രൊവിഷൻഷ്യൽ കൗൺസിൽ അംഗീകരിച്ച ചാപ്ടർ കമ്മിറ്റി നിർദ്ദേശത്തിന് എതിരായ ട്രാനസ്ഫർ അനുസരിക്കില്ലെന്നതായിരുന്നു അദ്ദേഹത്തിന് എതിരായ കുറ്റം. ഇതിന്റെ പേരിൽ കുർബാന ചെയ്യാൻ അനുവദിക്കാത്ത അവസ്ഥയ ഉണ്ടായതോടെ വത്തിക്കാനിൽ അപ്പീൽ കൊടുത്തു. ഇത് അംഗീകരിച്ചത് പഞ്ചഗണിയിൽ തുടരാൻ ഫാ. ടോമിയെ അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷവും ഫാദർ ടോമി കരിയിലക്കുളത്തിനെതിരെ നീക്കങ്ങൾ നടന്നു. ടോമി കരിയിലക്കുളവും സഭയും തമ്മിലുള്ള തർക്കങ്ങൾ ബോംബെ ഹൈക്കോടതി പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടു പുറത്താക്കൽ ഉത്തരവ് വാങ്ങിയത്. വത്തിക്കാൻ ആദ്യം ഫാദർ ടോമിയുടെ ഭാഗം കേട്ട് അദ്ദേഹത്തിന് അനുകൂലമായി നിലപാട് കൈകൊണ്ടു. ഇതിനെ മറികടക്കാൻ വളഞ്ഞ വഴിയാണ് എംസിബിഎസിലെ ഉന്നതർ സ്വീകരിച്ചത്.

സഭയ്ക്കുള്ളിലും പ്രതിഷേധം, മൗനം പാപമെന്ന് ഫാ. ജേക്കബ് നാലുപറയിൽ

എംസിബിഎസ് സഭയ്ക്ക് സൽപ്പേരു മാത്രം സമ്മാനിച്ച വൈദികനെ പുറത്താക്കിയ നീക്കത്തിൽ സഭയ്ക്കുള്ളിൽ നിന്നും എതിർപ്പുകൾ ഉയരുന്നുണ്ട്. പത്ര ഓഫീസുകളിൽ വാർത്ത എത്തിച്ചു നൽകിയതിന് പിന്നിൽ അടക്കം കൃത്യമായ ഇടപെടൽ നടന്നെന്ന ആരോപണമാണ് ഉയരുന്നത്. സഭാ നേതൃത്വം തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്ന് വ്യക്തമാണ്. ഫാ. ഡൊമിനിക് മുണ്ടാട്ടാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. ഇദ്ദേഹത്തിന്റെ പ്രതികാരബുദ്ധി കാരണം അച്ചന്മാർ സഭവിട്ടു പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സഭക്കുള്ളിൽ നിരവധി പേർക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നപ്പോഴും ഉടനടി നടപടി ഉണ്ടായിട്ടില്ല. പീഡന വീരനായ റോബിൻ അച്ചനെ അടുത്തിടെ മാത്രമാണ് സഭ പുറത്താക്കിയത്. ഇങ്ങനെയിരിക്കെയാണ് ഫാദർ ടോമിക്കെതിരെ കൃത്യമായ കരുനീക്കം നടന്നത്.

ഈ നീക്കത്തിൽ ശക്തമായ പ്രതിഷേധം സഭയ്ക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്. മൗനം പാപമാണ് എന്നു പറഞ്ഞുകൊണ്ട് വസ്തുകകൾ അക്കമിട്ട് നിരത്തി ഫാ. ജേക്കബ് നാലുപറയിൽ വിശദീകരണവുമായി രംഗത്തിറങ്ങുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടെന്ന ഇല്ലാത്ത ആരോപണം അഴിച്ചു വിട്ടവർക്കെതിരെയാണ് നാലുപറയച്ചൻ വിമർശനം ഉന്നയിക്കുന്നത്. സഭയിലെ ചിലരുടെ ഈഗോപ്രശ്‌നമാണ് എല്ലാ വിവാദങ്ങൾക്കും കാരണമെന്നും ഫാ. ജേക്കബ് ആരോപിക്കുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

മൗനം പാപമാണ്

മുകളിൽ പറഞ്ഞ വാചകം ഞാൻ ഏറെ മാസങ്ങൾക്ക് മുൻപ് കേരളത്തിലെ പൊതു സമൂഹത്തോട് പറഞ്ഞതാണ്. ഞാൻ ഇപ്പോൾ അതേ വാചകം എന്നോടും, എന്റെ സഹോദരങ്ങളോടും പറയുന്നു: മൗനം പാപമാണ് - നമ്മുടെ വീട്ടിനുള്ളിൽ കൊലപാതകം (വ്യക്തിഹത്യ)നടക്കുമ്പോൾ.

ചുരുക്കി പറയാം:

1) ജനറാളച്ചൻ മാർച്ച് 9-ന് നമുക്ക് അയച്ച ഡിസ്മിസൽ സർക്കുലറിന്റെ അവസാനത്തെ വാചകത്തിൽ പറയുന്നു, ഫാ. ടോമിക്ക് ഡിസ്മിസലിനെതിരെ അപ്പീൽ ചെയ്യാൻ 15 ദിവസം അനുവദിച്ചിട്ടുണ്ടെന്ന്. പതിമൂന്ന് പേജിന്റെ ഡിസ്മിസൽ ഡിക്രിയിൽ ഈ ജനറാളച്ചൻ തന്നെ എഴുതിയിട്ടുണ്ട്, 15 ദിവസത്തെ അപ്പീൽ കാലഘട്ടത്തിലും, അപ്പീൽ ചെയ്താൽ അതിനു ശേഷവും ഡിസ്മിസൽ ഡിക്രി സസ്‌പെൻസില്ലാണെന്ന്. ഡിക്രി കൈപ്പറ്റിയ മാർച്ച് 9-ന് ഉച്ച നേരത്ത് ഫാ. ടോമി എഴുതി ഒപ്പിട്ടു കൊടുത്ത 'അക്നോളഡ്ജ്മെന്റിൽ അപ്പീലിനുള്ള തന്റെ അവകാശം അദ്ദേഹം ഉപയോഗിക്കുമെന്നും, സഭാനിയമാനുസൃതമുള്ള 'suspensive effect' തനിക്ക് ലഭിക്കണമെന്നും വ്യക്തമായി എഴുതി ഒപ്പിട്ടിട്ടുണ്ട്. ഇതേ 'അക്നോളഡ്ജ്മെന്റെ' കത്തിന്റെ ബലത്തിലാണ് 'ഡിക്രി' പ്രൊവിൻഷ്യൽ കൈമാറിയെന്ന് ജനറാളച്ചൻ സർക്കുലറിൽ നമുക്ക് എഴുതിയിരിക്കുന്നത്. അങ്ങനെയെങ്കിൽ ഡിസ്മിസൽ ഡിക്രി യഥാർത്ഥത്തിൽ ഇപ്പോൾ സസ്പെൻഡഡ് ആണല്ലോ? അതിനും പുറമെ, പിറ്റേ ദിവസം തന്നെ (മാർച്ച് 10) ഫാ. ടോമിക്ക് റോമിൽ അപ്പീൽ ചെയ്യുകയും ചെയ്തു. അങ്ങനെയെങ്കിൽ സസ്‌പെൻസിലിരിക്കുന്ന ഡിസ്മിസൽ ഡിക്രി എന്തിനാണ് ജനറാളച്ചൻ ഒരു സർക്കുലറിലൂടെ പരസ്യപ്പെടുത്തിയത്? അത് നിയമവിരുദ്ധവും, അധാർമികവും, അക്രൈസ്തവുമല്ലേ? വ്യക്തിഹത്യ തന്നെയല്ലേ ജനറലച്ചൻ ഇതിലൂടെ ലക്ഷ്യമിട്ടത്?

2) ആരാണ് ഈ വാർത്തയും ഫാ. ടോമിയുടെ ഫോട്ടോയും ന്യൂസ് 24 ചാനലിന് കൊടുത്തത്? അവർ വാർത്തയിൽ പറയുന്നത് ആലുവായിലെ എംസിബിഎസ് ജനറലേറ്റാണ് വാർത്തയുടെ ഉറവിടമെന്നാണ്. അങ്ങനെയെങ്കിൽ ഈ വാർത്ത മൂലം എംസിബിഎസ് സഭാസമൂഹത്തിന് ഉണ്ടായ മാനഹാനിക്കും തീരാനഷ്ടത്തിനും ജനറളച്ചൻ ഉത്തരവാദിയല്ലേ? ആരാണ്, മംഗളം, മാതൃഭൂമി മുതലായ പത്രങ്ങളുടെ ഡെസ്‌കിൽ ഈ വാർത്ത എത്തിച്ചത്? ഈ വാർത്ത ദീപികയിൽ വരാൻ നിർബന്ധം പിടിച്ചതിന്റെ പിറകിൽ ആരാണ് പ്രവർത്തിച്ചത്? സാമൂഹ്യമാധ്യമങ്ങളിൽ ഈ വാർത്ത പ്രചരിപ്പിക്കാൻ കഠിനാധ്വാനം ചെയ്ത നമ്മുടെ സഭാഗം ആരാണ്? അങ്ങനെയെങ്കിൽ ഈ വാർത്ത മൂലം എംസിബിഎസ് സഭാസമൂഹത്തിന് ഉണ്ടായ മാനഹാനിക്കും നഷ്ടത്തിനും ജനറളച്ചനെ കൂടാതെ ആരൊക്കെയാണ് ഉത്തരവാദികൾ?

3) ഇന്നലത്തെ വാർത്തകളിൽ ഡിസ്മിസലിന് കാരണമായ ഫാ. ടോമിയുടെ കുറ്റം 'സാമ്പത്തിക തിരിമറികൾ' ആയിരുന്നു. പതിമൂന്ന് പേജുള്ള ജനറാളച്ചന്റെ ഡിസ്മിസൽ ഡിക്രിയിൽ ഒരിടത്തു പോലും പറയാത്ത ഈ കുറ്റം മീഡിയയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചത് ആരാണ്? ഡിസ്മിസൽ ഡിക്രിയിൽ പറഞ്ഞിരിക്കുന്ന ഒരേ ഒരു കുറ്റം - 'illegal absence from the house of the Congregation with the intention of withdrawing from the power of the Superiors'- ആണ്. ഇതല്ലലോ മീഡിയാ പറയുന്നതും ഇപ്പോൾ ചർച്ച ചെയ്യുന്നതും? നമ്മുടെ ഏത് സഭാ അധികാരിയാണ് ഈ തിരിമറിയുടെ പിൻപിൽ പ്രവർത്തിച്ചത്? ഈ കള്ളസാക്ഷ്യത്തിന് അധികാരികൾ ഉത്തരം പറയേണ്ടേ?

4) 'സാമ്പത്തിക തിരിമറികൾ' ആരോപിച്ചുകൊണ്ട് പാഞ്ചഗണിയിലേ നേഴ്സിങ് കോളേജ് ഫാ. ടോമിയുടെ അനുജനായ മറുനാടൻ ഷാജന്റെ പേരിലാണെന്ന വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്നതിന്റെ പിറകിൽ ആരാണ്? അതിലൂടെ 'മറുനാടൻ ഷാജനെയും' കരിയിലക്കുളം കുടുംബത്തെയും ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചത് ആരാണ്?

5) ഇതിലൂടെ എംസിബിഎസ് സഭാസമൂഹത്തിന് ഉണ്ടാകുന്ന മാനഹാനിക്കും നഷ്ടത്തിനും ആരൊക്കെയാണ് ഉത്തരവാദികൾ? വൊക്കേഷൻ പ്രൊമോഷന് ഇറങ്ങി തിരിക്കുന്നവർക്ക് ഇതിന്റെ ബുദ്ധിമുട്ടുണ്ടാവില്ലേ? നമ്മുടെ സന്യാസസമൂഹത്തിനുള്ളിലും കത്തോലിക്കാ സഭയ്ക്കകത്തും തീരേണ്ടിയിരുന്ന ഈ പ്രശ്‌നത്തെ പൊതു സമൂഹത്തിന്റെ മുന്പിലേക്കിട്ട് വിഴുപ്പലക്കി എംസിബിഎസ്സിനെ നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഇപ്പോഴത്തെ അധികാരികൾക്കല്ലാതെ മറ്റാർക്കാണ്?

6) അവസാനമായി, 90 വയസ്സ് കഴിഞ്ഞ ടോമിച്ചന്റെ അപ്പനും, 88 കഴിഞ്ഞ അമ്മയും സ്വന്തം മകനെ പുരോഹിതവൃത്തിയിൽ നിന്നും പിരിച്ചുവിട്ടിരിക്കുന്നുവെന്ന വാർത്ത (ഡിസ്മിസൽ 'സന്യാസസമൂഹത്തിൽ' നിന്നാണെങ്കിലും, മാധ്യമക്കാരോട് ഇവർ പറഞ്ഞുകൊടുത്തത് പുരോഹിതവൃത്തിയിൽ നിന്നും പിരിച്ചുവിട്ടിരിക്കുന്നുവെന്നാണ്) ടിവിയിലൂടെ കേൾക്കുമ്പോഴുള്ള അവസ്ഥ? നമ്മുടെ മാതാപിതാക്കളെ മനസ്സിൽ ഓർത്താൽ പോരെ?

എന്റെ മനസാക്ഷിയോട് ഞാൻ ചോദിച്ച ഈ ചോദ്യങ്ങൾ എന്റെ സഹോദരരുടെ മനസാക്ഷിയുടെ മുൻപിൽ ഞാൻ സമർപ്പിക്കുന്നു.
നിങ്ങളുടെ സഹോദരൻ ജേക്കബ് നാലുപറയിൽ എംസിബിഎസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP