Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ് : എം.എം അക്‌ബർ

ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ് : എം.എം അക്‌ബർ

സ്വന്തം ലേഖകൻ

ജിദ്ദ; ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയാണെന്നും ബഹുസ്വരതയാണ് രാഷ്ട്രത്തെ ഒരുമിപ്പിച്ചു നിർത്തുന്നതെന്നും 'നിച്ച് ഓഫ് ട്രൂത്ത്' ഡയറക്ടർ എം.എം അക്‌ബർ പറഞ്ഞു. ഇന്ത്യയിൽ ലോകത്തുള്ള പല മതങ്ങളും ഉണ്ട്, ലോകത്തിലില്ലാത്ത പല മതങ്ങളും ഉണ്ട്. എന്നാൽ നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ സാംസ്‌കാരിക തനിമയാണെന്നും അതിന്മേലാണ് പൗരത്വ ഭേദഗതി നിയമം കോടാലി വെച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് പുതു തലമുറ തുടക്കം കുറിക്കുകയും രാജ്യം മുഴുവൻ അതേറ്റു പിടിക്കുകയും ചെയ്തു.

എന്നാൽ ഭരണം നടത്തുന്നവർ മാത്രം ഉണരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷറഫിയ്യ ഇമ്പാല ഗാർഡനിൽ ഇന്ത്യൻ ഇസ്ലാഹി സെന്റര് സംഘടിപ്പിച്ച 'എന്റേതുമല്ല, നിന്റേതുമല്ല, ഇന്ത്യ നമ്മുടേതാണ്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുഗൾ ഭരണം രാഷ്ട്രീയമായി ഇന്ത്യയെ ഏകീകരിക്കുകയായിരുന്നു. ഒരു നൂറ്റാണ്ടോളം മുസ്ലിംകൾ ഇന്ത്യ ഭരിച്ചിട്ടും മുസ്ലിംകൾ ഭൂരിപക്ഷം ആയില്ല. ബ്രിട്ടീഷ് ചരിത്രകാരന്മാർ വളരെ മോശമായി ചിത്രീകരിക്കപ്പെട്ട മുഗൾ ചക്രവർത്തി ഔരംഗസീബിന്റെ ഭരണ കാലത്ത് ഇന്ത്യയുടെ ജി.ഡി.പി. 24.6 ശതമാനായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.

മുഹമ്മദ് നബിക്കു മുമ്പ് തന്നെ അറബികൾക്ക് മലബാറുമായി കച്ചവട ബന്ധം ഉണ്ടായിരുന്നു. അന്ന് നാട് ഭരിച്ചിരുന്ന സാമൂതിരിയെ മുസ്ലിംകൾ സഹായിച്ചിരുന്നു. സമുദ്ര യാത്ര സാമൂതിരിക്കു വിലക്കപ്പെട്ടതായിരുന്നതിനാൽ സാമൂതിരിക്കു വേണ്ടി മുസ്ലിംകൾ കടലിൽ പ്രതിരോധമായി നിലനിന്നിരുന്നതായി ചരിത്രം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

സൈനുദ്ധീൻ മഖ്ദൂം 'തുഹ്ഫത്തുൽ മുജാഹിദീൻ' എന്ന ഗ്രന്ഥത്തിലൂടെ വിദേശ ശക്തികൾക്കെതിരെ പോരാടാനും സാമൂതിരിയെ സഹായിക്കാനും മുസ്ലിംകളോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. മുസ്ലിമായി ജീവിക്കാൻ സ്വാതന്ത്ര്യം നൽകിയ സാമൂതിരിയെ സഹായിക്കാൻ മുസ്ലിം പണ്ഡിതർ ആഹ്വാനം ചെയ്തത് നാടിന്റെ ബഹുസ്വരതയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ശിപായി ലഹളയിൽ ലിയാഖത് അലി ഖാൻ ഉൾപ്പെടയുള്ള മുസ്ലിം പണ്ഡിതന്മാർ പ്രചോദനം നൽകിയിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിക്കും നെഹ്റു വിനുമൊപ്പം അബുൽ കലാം ആസാദിനെപ്പോലുള്ള പണ്ഡിതന്മാർ മുൻ നിരയിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ജ്വാല രാജ്യം മുഴുവൻ പടർത്തിയതിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ സാധാരണക്കാരെ പ്രചോദിപ്പിച്ചത് മുസ്ലിം പണ്ഡിതന്മാരായിരുന്നുവെന്നും അവരെ ബ്രിട്ടീഷുകാർ ആന്തമാനിലേക്കു നാട് കടത്തിയതായും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം നേടാൻ മുസ്ലിംകൾ ധാരാളം സമ്പത്തും ഒരുപാട് പേരുടെ ജീവനും നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ വളർന്നു വരുന്ന ഫാസിസം ഏറ്റവും അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഫാസിസം ഒരു പ്രത്യേക മനസികാവസ്ഥവയാണ്. നാട് തകർന്നാലും അധികാരം നിലനിർത്താലാണ് ഫാസിസത്തിന്റെ ലക്ഷ്യം.ഫാസിസത്തെ നേരിടേണ്ടത് സ്‌നേഹം, കാരുണ്യം സഹകരണം എന്നിവയിലൂടെയാണ്. ഇന്ത്യൻ മനസ്സ് മതനിരപേക്ഷമാണ്. ഇസ്ലാമിന്റെ സ്‌നേഹ സന്ദേശങ്ങളിലൂടെയും ജനാധിപത്യ മാര്ഗങ്ങളിലൂടെയും ഫാസിസത്തെ തടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംകൾക്ക് പരീക്ഷണം പുതുമയല്ലെന്നും പരീക്ഷണങ്ങളെ സധൈര്യം നേരിട്ട് ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പിന്നീട സദസ്യരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.ഇന്ത്യൻ ഇസ്ലാഹി സെന്റര് പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.

നിച്ച് ഓഫ് ട്രൂത്ത് കൺവീനർ അബ്ദുൽ അസീസ് സ്വലാഹി, ശിഹാബ് സലഫി എടക്കര, അമീൻ പരപ്പനങ്ങാടി, സൈദലവി അരിപ്ര, ഉസാമ മുഹമ്മദ്, ഡോ. ഇസ്മായിൽ മരിതേരി തുടങ്ങിയവർ സംബന്ധിച്ചു.ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ബാബു നഹ്ദി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP