Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ, മന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബിൽഡിംഗും അവസാനിപ്പിക്കണം; പ്രതിച്ഛായ വളർത്താനാണ് മന്ത്രിയുടെ ശ്രമം; എല്ലാ ദിവസവും നാലു വാർത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നത്; എപ്പോഴും വാർത്താസമ്മേളനം നടത്തേണ്ടതില്ല, വാർത്താക്കുറിപ്പ് ഇറക്കിയാലും മതി'; കെ കെ ഷൈലജക്കെതിരെ വിമർശനവുമായി പ്രതിക്ഷ നേതാവ്; ചെന്നിത്തല രംഗത്തെത്തിയത് പ്രതിപക്ഷം കടമ മറക്കുന്നെന്നും നിലവാരമില്ലാത്ത നിലപാട് എന്നുമുള്ള ഷൈലജയുടെ വിമർശനങ്ങൾക്ക് പിന്നാലെ

'ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ, മന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബിൽഡിംഗും അവസാനിപ്പിക്കണം; പ്രതിച്ഛായ വളർത്താനാണ് മന്ത്രിയുടെ ശ്രമം; എല്ലാ ദിവസവും നാലു വാർത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നത്; എപ്പോഴും വാർത്താസമ്മേളനം നടത്തേണ്ടതില്ല, വാർത്താക്കുറിപ്പ് ഇറക്കിയാലും മതി'; കെ കെ ഷൈലജക്കെതിരെ വിമർശനവുമായി പ്രതിക്ഷ നേതാവ്; ചെന്നിത്തല രംഗത്തെത്തിയത് പ്രതിപക്ഷം കടമ മറക്കുന്നെന്നും നിലവാരമില്ലാത്ത നിലപാട് എന്നുമുള്ള ഷൈലജയുടെ വിമർശനങ്ങൾക്ക് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ ഭീതിയെ നേരിടാൻ കേരള സർക്കാർ കൈക്കൊള്ളുന്ന നിലപാടുകളും തീരുമാനങ്ങളും സോഷ്യൽ മീഡിയയുടെ കൈയടി ഏറെ നേടുന്നതാണ്. ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ പ്രതിച്ഛായയും ഇതിലൂടെ വർദ്ധിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമുള്ള കാര്യമാണ്. എന്നാൽ, ഇന്നലെ ദുരന്ത മുഖത്തും സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ സംസാരിച്ചത്. ഇതിന് ഷൈലജ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷം ഉത്തരവാദിത്തതോടെ പെരുമാറണം എന്നതുമായിരുന്നു ആരോഗ്യമന്ത്രി നൽകിയ മറുപടി. ഈ മറുപടി പ്രതിപക്ഷത്തിന് ക്ഷീണമാകുകയും ചെയ്തു.

ഇതിന ശേഷം ഇന്ന് ആരോഗ്യ മന്ത്രിയെ വിമർശിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഇമേജ് ബിൽഡിംഗിന് ശ്രമിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കൊറോണ പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയിൽ സർക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. ആരോഗ്യമന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബിൽഡിംഗും അവസാനിപ്പിക്കണം. പ്രതിച്ഛായ വളർത്താനാണ് മന്ത്രിയുടെ ശ്രമം. എല്ലാ ദിവസവും നാലു വാർത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നത്.', ചെന്നിത്തല പറഞ്ഞു.

എപ്പോഴും വാർത്താസമ്മേളനം നടത്തേണ്ടതില്ലെന്നും വാർത്താക്കുറിപ്പ് ഇറക്കിയാലും മതിയെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയിലെ കാര്യങ്ങൾ തനിക്ക് അനുകൂലമായി മന്ത്രി പ്രചരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ സഭ നിർത്തിവെക്കുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ഇത് അനാവശ്യ ഭീതി ജനങ്ങൾക്കിടയിൽ ഉണ്ടാകാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയോ മറ്റ് സംസ്ഥാന നിയമസഭ സമ്മേളനങ്ങളോ കൊറോണ ഭീതിയുടെ പേരിൽ നിർത്തിവെക്കുന്നില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സർക്കാർ നടപടികളിൽ ഏതെങ്കിലും തരത്തിൽ വീഴ്ച ഉണ്ടായാൽ ചൂണ്ടിക്കാട്ടാനുള്ള ഏക വേദിയാണ് നിയമസഭ. ഇതാണ് പ്രതിപക്ഷം കഴിഞ്ഞദിവസം സഭയിൽ ഉന്നയിച്ചത്. എന്നാൽ ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ വളരെ മോശമായ പ്രചാരണമാണ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങൾ ഞങ്ങളോട് പറയുന്ന ആശങ്കകളാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. സംസ്ഥാനത്ത് ആവശ്യത്തിന് മാസ്‌കുകളില്ല, വേണ്ടത്ര സൗകര്യങ്ങളില്ല, ഡോക്ടർമാരുടെ കുറവുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. എയർപോർട്ടുകളിൽ ഇപ്പോഴും വേണ്ടത്ര പരിശോധന നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവാരമില്ലാത്ത നിലപാടുകളാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ഷൈലജ കുറ്റപ്പെടുത്തിയിരുന്നു. രോഗ പ്രതിരോധത്തിൽ കൈമെയ് മറന്ന് ജനങ്ങളും സർക്കാരും കൈകോർത്ത് പ്രവർത്തിക്കുമ്പോൾ, അതിനെ തുരങ്കംവയ്ക്കുകയാണ് പ്രതിപക്ഷമെന്നായിരുന്നു അവർ കുറ്റപ്പെടുത്തിയത്. അതിസാഹസികമായ നടപടികളാണ് സർക്കാർ ഏറ്റെടുക്കുന്നത്. ആരോഗ്യപ്രവർത്തകരും ജില്ലാ ഭരണാധികാരികളുമുൾപ്പെടെ രാത്രിപകലെന്യേ അത്യധ്വാനത്തിലാണ്. ഇതിനിടയിലാണ് കടമ മറന്നുള്ള പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ.

എല്ലാത്തിലും ദോഷൈകദൃക്കുകളാകുന്ന പ്രതിപക്ഷം, കോവിഡിന്റെ പ്രതിരോധപ്രവർത്തനങ്ങളിലെങ്കിലും ഈ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിച്ചു. പ്രതിപക്ഷനേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ പോലും ഇതേ നിലപാട് പ്രതിഫലിക്കുന്നു. ഇത് ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് ഓർക്കണം. ഇത്തരം വിലകുറഞ്ഞ നിലപാടുകൾ സ്വീകരിക്കുന്നതിൽനിന്ന് പിന്മാറണം. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ്, സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാൻ പ്രതിപക്ഷം തയ്യാറാകണം- ഷൈലജ പറഞ്ഞു.

ഇറ്റലിയിൽ നിന്നെത്തിയവരെ വിമാനത്താവളത്തിൽ തടയുന്നതിൽ വീഴ്ച വരുത്തിയെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. ഇതിനാണ് കെ കെ ഷൈലജ മറുപടി നൽകിയത്. ഇറ്റലിയിൽനിന്നെത്തിയ മൂന്നംഗ കുടുംബത്തിൽ ജീവനഷ്ടം ഒഴിവാക്കുകയാണ് സർക്കാരിനുമുന്നിലുള്ള പ്രധാന ഉത്തരവാദിത്തം. മറ്റ് കാര്യങ്ങളിലൊന്നും സർക്കാർ ശ്രദ്ധ നൽകുന്നില്ല. ഈ കുടുംബം സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്. ഇവർ ഇന്ത്യയിലേക്ക് എത്തിയ വിമാനത്തിൽ കോവിഡ് സംബന്ധിച്ച അറിയിപ്പുണ്ടായി. വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചു. ഈ കുടുംബം മാത്രം ഇതൊന്നും ചെവിക്കൊണ്ടിട്ടില്ല. ഇവർക്കൊപ്പംവന്ന യാത്രക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിൽ ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്താനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാനാകില്ല.

കോവിഡ് ബാധയിൽ മരണം ഒഴിവാക്കാനുള്ള കഠിനമായ ശ്രമമാണ് സർക്കാർ ജനങ്ങളുടെ സഹായത്തോടെ ഏറ്റെടുക്കുന്നത്. ഇതിൽ പൂർണവിജയം കൈവരിക്കാനാകുമെന്ന് ഇപ്പോഴും ഉറപ്പില്ല. മുൻ മാതൃകകളോ മാർഗനിർദ്ദേശങ്ങളോ ഇല്ലാത്ത, സാഹസികനടപടികളാണ് കൈക്കൊള്ളുന്നത്. നമ്മുടെ നടപടികളെ മാതൃകയാക്കാൻ കേന്ദ്രസർക്കാർ മറ്റ് സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുന്നു. ആരുടെയും അഭിനന്ദനം പ്രതീക്ഷിച്ചല്ല സർക്കാർ ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. ജനപ്രതിനിധികളും ഒറ്റക്കെട്ടായി സർക്കാർ പ്രവർത്തനങ്ങൾക്കൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP