Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂച്ചാക്കലിൽ കാർ അപകടത്തിൽപ്പെട്ട ആ നാലു വിദ്യാർത്ഥിനികൾക്കും ഇനിയുള്ള പരീക്ഷ എഴുതാൻ കഴിയില്ല; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാലു പേർക്കും ഇനി ആശ്രയം സേ പരീക്ഷ: വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച കാർ ഓടിച്ചിരുന്ന അസം സ്വദേശി അറസ്റ്റിൽ

പൂച്ചാക്കലിൽ കാർ അപകടത്തിൽപ്പെട്ട ആ നാലു വിദ്യാർത്ഥിനികൾക്കും ഇനിയുള്ള പരീക്ഷ എഴുതാൻ കഴിയില്ല; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാലു പേർക്കും ഇനി ആശ്രയം സേ പരീക്ഷ: വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച കാർ ഓടിച്ചിരുന്ന അസം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ

പൂച്ചാക്കൽ: പൂച്ചാക്കലിൽ കാർ അപകടത്തിൽപ്പെട്ട ആ നാലു വിദ്യാർത്ഥിനികൾക്കും ഇനിയുള്ള പരീക്ഷ എഴുതാൻ കഴിയില്ല. എസ്എസ്എൽസി വിദ്യാർത്ഥിനികളായ നാലു പേരും നിലവിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് പരീക്ഷയാണ് ഇവർക്കുള്ളത്. എന്നാൽ സാരമായ പരിക്കുള്ളതിനാൽ ഇവർക്ക് നാലു പേർക്കും പരീക്ഷ എഴുതാൻ കഴിയില്ല. ശ്രീകണ്‌ഠേശ്വരം എച്ച്എസ്എസിലെ വിദ്യാർത്ഥിനികളായ അനഘയ്ക്കും ചന്ദനയ്ക്കും സാഗിക്കും പൂച്ചാക്കലിലെ സ്വകാര്യ ട്യൂഷൻ സെന്റർ വിദ്യാർത്ഥിനി അർച്ചനയ്ക്കും ഇനി 5 പരീക്ഷകൾ ബാക്കിയുണ്ട്.

എങ്കിലും പൊതുപരീക്ഷയുടെ ഫലംവരുന്ന മെയ്‌ മാസത്തിൽ തന്നെ സേ പരീക്ഷയെഴുതാനുള്ള അവസരമുണ്ട്. സാധാരണ മൂന്നു വിഷയങ്ങളാണ് സേ പരീക്ഷയായി എഴുതാനാകുകു. അപകടങ്ങളും മറ്റും സംഭവിക്കുകയാണെങ്കിൽ ഇളവുണ്ട്. ഇന്നലെ രണ്ടാംഭാഷ പരീക്ഷയാണ് വിദ്യാർത്ഥിനികൾ എഴുതിയത്. അതേസമയം കാർ ഓടിച്ചിരുന്ന അസം സ്വദേശിയ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ബിൻസുക്കിയ വിമൂർഗുഡ് മുഡോയ്ഗാവ് സ്വദേശി ആനന്ദ മുഡോയ് (29) ആണ് അറസ്റ്റിലായത്. താനാണു കാർ ഓടിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇയാൾക്കു ഡ്രൈവിങ് ലൈസൻസില്ല. അപകട സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസിനോട് കുറ്റ സമ്മതം നടത്തി.

പരിക്കേറ്റ് കാട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ആശുപത്രിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സാരമായ പരുക്കില്ലാത്തതിനാൽ ഇന്നലെതന്നെ ഇയാളെ ആശുപത്രിയിൽനിന്നു വിട്ടയച്ചിരുന്നു. കൊലപാതക ശ്രമം, മദ്യപിച്ചു വാഹനം ഓടിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്.

പൂച്ചാക്കൽ സ്റ്റേഷനിലെത്തിച്ചാണ് ആനന്ദയെ ചോദ്യം ചെയ്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അസ്‌ലം എന്നാണ് ഇയാൾ പേരു പറഞ്ഞത്. രേഖകൾ പൊലീസ് പരിശോധിച്ചപ്പോഴാണു പേരും വിലാസവും വ്യക്തമായത്. അരൂർ പള്ളിക്കു സമീപം താമസിക്കുന്ന ആനന്ദ 3 മാസമായി പൂച്ചാക്കലിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

കാറിൽ ആനന്ദയ്‌ക്കൊപ്പം ഉണ്ടായിരുന്ന പാണാവള്ളി 13ാം വാർഡ് ഇടവഴീക്കൽ മനോജ് തലയ്ക്കു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചകിത്സയിലാണ്. മനോജിനെതിരെ കൊലപാതക ശ്രമത്തിനും മദ്യപിച്ചു വാഹനത്തിൽ സഞ്ചരിച്ചു കൊലപാതകത്തിനു പ്രേരിപ്പിച്ചതിനും കേസെടുത്തു. അപകടമുണ്ടായ ചൊവ്വാഴ്ച രാവിലെ അരൂരിൽ നിന്നു സുഹൃത്തിനൊപ്പം പൂച്ചാക്കലിലെത്തി. മനോജ് ജോലി നൽകാമെന്നു പറഞ്ഞതിനുസരിച്ചാണു മദ്യപിക്കാൻ ഒപ്പം കൂടിയതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആനന്ദ പറഞ്ഞു.

കാർ ഇടിച്ചു തെറിപ്പിച്ച അനഘ, അർച്ചന, സാഗി, ചന്ദന എന്നീ വിദ്യാർത്ഥിനികൾ സാരമായ പരുക്കുകളോടെ കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കാർ ആദ്യം ഇടിച്ച അനീഷിന്റെ കൈയൊടിഞ്ഞു. മകൻ വേദവിന്റെ തലയ്ക്കു പരുക്കേറ്റു. വിദ്യാർത്ഥിനികളെ ഇടിച്ച ശേഷം മരത്തിലിടിച്ചാണു കാർ നിന്നത്.

അപകടകാരണം അശ്രദ്ധമായി വാഹനം ഓടിച്ചതെന്ന് മോട്ടർ വാഹനവകുപ്പ് വ്യക്തമാക്കി. ഇന്നലെ പൂച്ചാക്കൽ പള്ളിവെളി റോഡിൽ വിദ്യാർത്ഥിനികളെയും മറ്റും ഇടിച്ചുതെറിപ്പിച്ച കാർ ജോയിന്റ് ആർടിഒ ജയരാജിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ പരിശോധിച്ചു. അപകടവിവരം അറിഞ്ഞതോടെ ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ ചേർത്തല ജോയിന്റ് ആർടിഒയെ വിളിച്ച് വാഹനം പരിശോധിക്കാൻ നിർദ്ദേശം നൽകി.

തുടർന്ന് ചേർത്തല ജോയിന്റ് ആർടിഒ ഡി.ജയരാജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി വാഹനം പരിശോധിച്ചു.വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതു മൂലമുള്ള അപകടമാണെന്നും കെഎൽ 32 ഡി 8268 എന്ന നമ്പരിലുള്ള ഈ വാഹനം പാണാവള്ളി കാരവേലിൽ അബ്ദുൽ മനാഫിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ജോ.ആർടിഒ പറഞ്ഞു.
നിലവിളി... പിന്നെ പെൺകുട്ടികൾ തെറിച്ചു വീണു

വീടിനു പുറത്ത് നിലവിളിയും വലിയ ശബ്ദവും കേട്ടാണ് വെളിയിലേക്ക് ഇറങ്ങിയതെന്ന്, അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ച റിട്ട.എസ്‌ഐ എസ്.സോമൻ പറയുന്നു. അപകടം സ്ഥലത്തിനു സമീപത്തുള്ള വീടാണ് സോമന്റേത്. കാർ ഇടിച്ച് അനഘയും സാഗിയും തെറിച്ചുവീണത് സോമന്റെ മതിൽക്കെട്ടിന് ഉള്ളിലാണ്. ഒരാളെ ആദ്യം വന്ന വാഹനത്തിൽ കയറ്റി സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ പിന്നാലെയെത്തിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP